ലൂക്കോസ് 13
13
അനുതപിക്കുക, അല്ലെങ്കിൽ നശിക്കുക
1ദൈവാലയത്തിൽ യാഗം അർപ്പിച്ചുകൊണ്ടിരുന്ന ചില ഗലീലക്കാരെ പീലാത്തോസ് കൊലചെയ്യിച്ച#13:1 മൂ.ഭാ. ഗലീലക്കാരുടെ രക്തം അവരുടെ യാഗങ്ങളിൽ കലർത്തി എന്ന വാർത്ത ഈ സന്ദർഭത്തിൽ അവിടെ ഉണ്ടായിരുന്നവരിൽ ചിലർ യേശുവിനെ അറിയിച്ചു. 2അതുകേട്ട യേശു ഇങ്ങനെ പ്രതിവചിച്ചു: “ഈ ഗലീലക്കാർക്ക് ഇതു സംഭവിച്ചതുകൊണ്ട് ഗലീലയിലെ മറ്റെല്ലാവരെക്കാളും അവർ പാപികളാണെന്നു നിങ്ങൾ ചിന്തിക്കുന്നോ? 3നിശ്ചയമായും അല്ല. മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങളെല്ലാവരും അവരെപ്പോലെതന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 4ശീലോഹാമിലെ ഗോപുരം തകർന്നുവീണപ്പോൾ അതിനടിയിൽപ്പെട്ടു മരിച്ച ആ പതിനെട്ടുപേർ ജെറുശലേമിൽ താമസിച്ചിരുന്ന മറ്റെല്ലാവരെക്കാളും വലിയ കുറ്റവാളികളെന്നു നിങ്ങൾ കരുതുന്നോ? 5നിശ്ചയമായും അല്ല. മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങളെല്ലാവരും അവരെപ്പോലെതന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
6പിന്നെ യേശു ഈ സാദൃശ്യകഥ പറഞ്ഞു: “ഒരു മനുഷ്യൻ തന്റെ മുന്തിരിത്തോപ്പിൽ ഒരു അത്തിവൃക്ഷം നട്ടിരുന്നു. അയാൾ അതിൽ ഫലം അന്വേഷിച്ചുവന്നു; എന്നാൽ ഒന്നും കാണാൻ കഴിഞ്ഞില്ല. 7അയാൾ തോട്ടം സൂക്ഷിപ്പുകാരനോട്, ‘ഇപ്പോൾ, മൂന്നുവർഷമായിട്ട് ഞാൻ ഈ അത്തിവൃക്ഷത്തിൽ ഫലം അന്വേഷിച്ചുവരുന്നു; ഇതേവരെ ഒന്നും കാണാൻ കഴിഞ്ഞില്ല. അതു വെട്ടിക്കളയുക! അതിനായി എന്തിന് സ്ഥലം പാഴാക്കുന്നു?’ എന്നു പറഞ്ഞു.
8“അതിന് അയാൾ, ‘യജമാനനേ, ഒരു വർഷത്തേക്കുകൂടി അങ്ങു ക്ഷമിച്ചാലും; ഞാൻ അതിനുചുറ്റും കിളച്ചു വളമിടാം. 9അടുത്തവർഷം അതു കായ്ക്കുന്നെങ്കിലോ! ഇല്ലെങ്കിൽ വെട്ടിക്കളഞ്ഞുകൊള്ളാം’ എന്ന് ഉത്തരം പറഞ്ഞു.”
ഒരു വികലാംഗയെ ശബ്ബത്തുനാളിൽ സൗഖ്യമാക്കുന്നു
10ഒരു ശബ്ബത്തുനാളിൽ യേശു ഒരു യെഹൂദപ്പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരിക്കുകയായിരുന്നു. 11ഒരു ദുരാത്മാവിന്റെ പീഡയാൽ പതിനെട്ടു വർഷമായി കൂനിയായി തീരെ നിവരാൻ കഴിയാത്ത ഒരു സ്ത്രീ ആ പള്ളിയിൽ ഉണ്ടായിരുന്നു. 12യേശു അവളെ കണ്ട് അടുക്കൽ വിളിച്ച്, “സ്ത്രീയേ, നിന്റെ രോഗബന്ധനത്തിൽനിന്ന് നീ മോചിതയായിരിക്കുന്നു” എന്നു പറഞ്ഞ് 13അവളുടെമേൽ കൈവെച്ചു. ഉടൻതന്നെ അവൾ നിവർന്നുനിന്നു ദൈവത്തെ സ്തുതിക്കാൻ തുടങ്ങി.
14യേശു ആ സ്ത്രീയെ സൗഖ്യമാക്കിയത് ശബ്ബത്തുനാളിൽ ആയിരുന്നതുകൊണ്ട് പള്ളിമുഖ്യൻ കോപം നിറഞ്ഞവനായി ജനങ്ങളോട്, “അധ്വാനിക്കാൻ ആറുദിവസമുണ്ടല്ലോ. ആ ദിവസങ്ങളിൽ വന്നു സൗഖ്യമായിക്കൊള്ളണം; ശബ്ബത്തുനാളിൽ അനുവദനീയമല്ല.”
15അപ്പോൾ കർത്താവ് അയാളുടെ പ്രസ്താവനയ്ക്കു മറുപടിയായി: “കപടഭക്തരേ! ശബ്ബത്തുനാളിൽ നിങ്ങൾ നിങ്ങളുടെ കാളയെയോ കഴുതയെയോ തൊഴുത്തിൽനിന്ന് അഴിച്ച്, വെള്ളം കൊടുക്കാൻ പുറത്തേക്കു കൊണ്ടുപോകുകയില്ലേ? 16അബ്രാഹാമിന്റെ മകളായ ഇവളെ സാത്താൻ പതിനെട്ടു വർഷമായി ബന്ധനത്തിൽ വെച്ചിരുന്നു. ശബ്ബത്തുനാളിൽ അവളെ ബന്ധനത്തിൽനിന്ന് വിടുവിക്കുന്നതിൽ എന്ത് അനൗചിത്യമാണുള്ളത്?”
17യേശുവിന്റെ ഈ പ്രസ്താവനയിൽ അദ്ദേഹത്തിന്റെ എതിരാളികളെല്ലാം ലജ്ജിച്ചു. എന്നാൽ ശേഷം ജനാവലി അദ്ദേഹം ചെയ്തുകൊണ്ടിരുന്ന സകലമഹൽകൃത്യങ്ങളിലും ആനന്ദിച്ചു.
കടുകുമണിയുടെയും പുളിച്ചമാവിന്റെയും സാദൃശ്യകഥകൾ
18പിന്നീടൊരിക്കൽ യേശു, “ദൈവരാജ്യം എന്തിനോടു സദൃശം? ഞാൻ അതിനെ എന്തിനോടാണ് ഉപമിക്കേണ്ടത്? എന്നു ചോദിച്ചു. 19ഒരു മനുഷ്യൻ എടുത്തു തന്റെ തോട്ടത്തിൽ നട്ട കടുകുമണിയോട് അതിനെ ഉപമിക്കാം. അതു വളർന്ന് ഒരു വൃക്ഷമായിത്തീരുകയും ആകാശത്തിലെ പക്ഷികൾ വന്ന് അതിന്റെ ശാഖകളിൽ കൂടുവെക്കുകയും ചെയ്തു.”
20അദ്ദേഹം വീണ്ടും പറഞ്ഞു: “ദൈവരാജ്യത്തെ ഞാൻ എന്തിനോടാണ് ഉപമിക്കേണ്ടത്? 21അത്, മൂന്നുപറ#13:21 മൂ.ഭാ. മൂന്നുസത. ഏക. 22 ലി. മാവ് മുഴുവനും പുളിച്ചുപൊങ്ങാനായി അതിൽ ഒരു സ്ത്രീ ചേർത്തുവെച്ച പുളിപ്പിനു സമാനം.”
ഇടുങ്ങിയ വാതിൽ
22ഇതിനുശേഷം യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉപദേശിച്ചുകൊണ്ട് ജെറുശലേമിലേക്കു യാത്രപോകുകയായിരുന്നു. 23ഒരാൾ യേശുവിനോട്, “കർത്താവേ, തീരെ കുറച്ചുപേർമാത്രമേ രക്ഷിക്കപ്പെടുകയുള്ളോ?” എന്നു ചോദിച്ചു.
അദ്ദേഹം മറുപടിയായി പറഞ്ഞത്, 24“ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ കിണഞ്ഞു പരിശ്രമിക്കുക; അതിന് പരിശ്രമിക്കുന്ന പലർക്കും പ്രവേശനം സാധ്യമാകുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. 25വീട്ടുടമസ്ഥൻ എഴുന്നേറ്റു വാതിൽ അടച്ചുകഴിയുമ്പോൾ, നിങ്ങൾ വെളിയിൽനിന്ന് മുട്ടിക്കൊണ്ട് ‘യജമാനനേ, ഞങ്ങൾക്ക് വാതിൽ തുറന്നുതരണമേ’ എന്ന് കെഞ്ചാൻ തുടങ്ങും.
“എന്നാൽ അദ്ദേഹം, ‘നിങ്ങൾ ആരാണെന്നോ നിങ്ങൾ എവിടെനിന്നു വരുന്നെന്നോ ഞാൻ അറിയുന്നില്ല’ എന്നു നിങ്ങളോടു പറയും.
26“അപ്പോൾ നിങ്ങൾ: ‘ഞങ്ങൾ അങ്ങയുടെകൂടെ ഭക്ഷിക്കുകയും പാനംചെയ്യുകയും അങ്ങു ഞങ്ങളുടെ തെരുവുകളിൽ ഉപദേശിക്കുകയും ചെയ്തിട്ടുണ്ടല്ലോ’ എന്നു പറയും.
27“എന്നാൽ അദ്ദേഹം, ‘നിങ്ങൾ ആരാണെന്നോ നിങ്ങൾ എവിടെനിന്നു വരുന്നെന്നോ ഞാൻ അറിയുന്നില്ല; അധർമം പ്രവർത്തിക്കുന്നവരേ, നിങ്ങൾ എല്ലാവരും എന്നെ വിട്ടുപോകുക’ എന്നു പറയും.
28“അബ്രാഹാമും യിസ്ഹാക്കും യാക്കോബും സകലപ്രവാചകന്മാരും ദൈവരാജ്യത്തിൽ ഇരിക്കുന്നതും നിങ്ങൾമാത്രം പുറന്തള്ളപ്പെട്ടിരിക്കുന്നതും കാണുമ്പോൾ കരച്ചിലും പല്ലുകടിയും ഉണ്ടാകും. 29പൂർവപശ്ചിമരാജ്യങ്ങളിൽനിന്നും ഉത്തരദക്ഷിണരാജ്യങ്ങളിൽനിന്നും അനേകർ വന്ന് ദൈവരാജ്യത്തിൽ വിരുന്നിനിരിക്കും. 30ഏറ്റവും പിന്നിലുള്ളവർ അഗ്രഗാമികളായിത്തീരും; അഗ്രഗാമികളായിരുന്ന പലരും പിന്നിലുള്ളവരുമായിത്തീരും.”
ജെറുശലേമിനെപ്പറ്റി യേശു വിലപിക്കുന്നു
31ഈ സംഭാഷണം നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ ചില പരീശന്മാർ യേശുവിന്റെ അടുക്കൽവന്ന് അദ്ദേഹത്തോട്, “ഈ സ്ഥലം വിട്ടുപോകുക, ഹെരോദാവ് താങ്കളെ വധിക്കാൻ തീരുമാനിച്ചിരിക്കുന്നു” എന്നറിയിച്ചു.
32അതിന് യേശു, “നിങ്ങൾചെന്ന്, ആ കുറുക്കനോട്, ‘ഞാൻ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗസൗഖ്യം നൽകുകയും മൂന്നാംദിവസം ഞാൻ എന്റെ ലക്ഷ്യത്തിലെത്തിച്ചേരുകയും ചെയ്യും’ എന്നു പറയുക. 33എന്തായാലും ശരി, ഇന്നും നാളെയും മറ്റന്നാളും ഞാൻ യാത്രചെയ്യേണ്ടതാകുന്നു. ഒരു പ്രവാചകനും ജെറുശലേമിനു പുറത്തുവെച്ചു മരിക്കുക സാധ്യമല്ലല്ലോ!
34“ജെറുശലേമേ, ജെറുശലേമേ, പ്രവാചകന്മാരെ വധിക്കുകയും നിന്റെ അടുത്തേക്കയയ്ക്കപ്പെട്ട സന്ദേശവാഹകരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർത്തണയ്ക്കുന്നതുപോലെ നിന്റെ മക്കളെ ചേർത്തണയ്ക്കാൻ എത്രതവണ ഞാൻ ആഗ്രഹിച്ചു; നിങ്ങൾക്കോ, അത് ഇഷ്ടമായില്ല. 35ഇതാ, നിങ്ങളുടെ ഭവനം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ‘കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ’#13:35 സങ്കീ. 118:26 എന്നു നിങ്ങൾ പറയുന്നതുവരെ ഇനി നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ലൂക്കോസ് 13: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.