ലേവ്യാപുസ്തകം 7:1-10

ലേവ്യാപുസ്തകം 7:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അകൃത്യയാഗത്തിന്റെ പ്രമാണമാവിത്: അത് അതിവിശുദ്ധം. ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ച് അകൃത്യയാഗമൃഗത്തെയും അറുക്കേണം; അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം. അതിന്റെ സകല മേദസ്സും തടിച്ച വാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും മൂത്രപിണ്ഡം രണ്ടും അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡങ്ങളോടുകൂടെ കരളിന്മേലുള്ള വപയും എടുത്ത് പുരോഹിതൻ യാഗപീഠത്തിന്മേൽ യഹോവയ്ക്കു ദഹനയാഗമായി ദഹിപ്പിക്കേണം; അത് അകൃത്യയാഗം. പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അതു തിന്നേണം; ഒരു വിശുദ്ധസ്ഥലത്തുവച്ച് അതു തിന്നേണം; അത് അതിവിശുദ്ധം. പാപയാഗംപോലെതന്നെ അകൃത്യയാഗവും ആകുന്നു; അവയ്ക്കു പ്രമാണവും ഒന്നുതന്നെ; പ്രായശ്ചിത്തം കഴിക്കുന്ന പുരോഹിതന് അത് ഇരിക്കേണം. പുരോഹിതൻ ഒരുത്തന്റെ ഹോമയാഗം അർപ്പിക്കുമ്പോൾ അർപ്പിച്ച പുരോഹിതനു ഹോമയാഗമൃഗത്തിന്റെ തോൽ ഇരിക്കേണം. അടുപ്പത്തുവച്ചു ചുടുന്ന ഭോജനയാഗമൊക്കെയും ഉരുളിയിലും ചട്ടിയിലും ഉണ്ടാക്കുന്നതൊക്കെയും അർപ്പിക്കുന്ന പുരോഹിതന് ഇരിക്കേണം. എണ്ണ ചേർത്തതോ ചേർക്കാത്തതോ ആയ സകല ഭോജനയാഗവും അഹരോന്റെ സകല പുത്രന്മാർക്കും ഒരുപോലെ ഇരിക്കേണം.

ലേവ്യാപുസ്തകം 7:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അതിവിശുദ്ധമായ പ്രായശ്ചിത്തയാഗത്തിനുള്ള നിയമം ഇതാണ്. ഹോമയാഗമൃഗത്തെ അർപ്പിച്ച സ്ഥലത്തുവച്ചുതന്നെ പ്രായശ്ചിത്തയാഗത്തിനുള്ള മൃഗത്തെയും അർപ്പിക്കണം. അതിന്റെ രക്തം യാഗപീഠത്തിനു ചുറ്റും തളിക്കണം. അതിന്റെ മേദസ്സു മുഴുവൻ ദഹിപ്പിക്കണം; വാലിന്റെ തടിച്ച ഭാഗവും കുടലിന്റെയും വൃക്കകളുടെയും ഇടുപ്പിലെയും മേദസ്സും കരളിന്റെ നെയ്‍വലയും ദഹിപ്പിക്കണം. അവ സർവേശ്വരനു ദഹനയാഗമായി പുരോഹിതൻ യാഗപീഠത്തിൽ ദഹിപ്പിക്കണം. ഇതാണു പ്രായശ്ചിത്തയാഗം. പുരോഹിതവംശത്തിൽപ്പെട്ട ഏതു പുരുഷനും വിശുദ്ധസ്ഥലത്തുവച്ച് അതു ഭക്ഷിക്കാം. അത് അതിവിശുദ്ധമാണ്. പ്രായശ്ചിത്തയാഗത്തിന്റെയും പാപപരിഹാരയാഗത്തിന്റെയും നിയമം ഒന്നു തന്നെ. യാഗമൃഗത്തിന്റെ മാംസം അത് അർപ്പിക്കുന്ന പുരോഹിതനുള്ളതാണ്. ആർക്കെങ്കിലും വേണ്ടി അർപ്പിക്കുന്ന ഹോമയാഗമൃഗത്തിന്റെ തോൽ, അർപ്പിക്കുന്ന പുരോഹിതന് അവകാശപ്പെട്ടതാണ്. അടുപ്പിലോ പാത്രത്തിലോ കല്ലിലോ ചുട്ടെടുത്ത എല്ലാ ധാന്യയാഗവസ്തുക്കളും അവ അർപ്പിക്കുന്ന പുരോഹിതനു ഭക്ഷിക്കാം. എണ്ണ ചേർത്തതോ അല്ലാത്തതോ ആയ ധാന്യയാഗവസ്തുക്കളും അഹരോന്യപുരോഹിതവംശത്തിൽപ്പെട്ട എല്ലാവർക്കും അവകാശപ്പെട്ടതാണ്.

ലേവ്യാപുസ്തകം 7:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

“‘അകൃത്യയാഗത്തിന്‍റെ പ്രമാണമാണിത്: അത് അതിവിശുദ്ധം. ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ച് അകൃത്യയാഗമൃഗത്തെയും അറുക്കേണം; അതിന്‍റെ രക്തം പുരോഹിതൻ യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം. അതിന്‍റെ സകലമേദസ്സും തടിച്ചവാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും വൃക്ക രണ്ടും അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കകളോടുകൂടി കരളിന്മേലുള്ള കൊഴുപ്പും എടുത്ത് പുരോഹിതൻ യാഗപീഠത്തിന്മേൽ യഹോവയ്ക്കു ദഹനയാഗമായി ദഹിപ്പിക്കേണം; അത് അകൃത്യയാഗം. പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അത് തിന്നേണം; ഒരു വിശുദ്ധസ്ഥലത്തുവച്ചു അത് തിന്നേണം; അത് അതിവിശുദ്ധം. പാപയാഗംപോലെ തന്നെ അകൃത്യയാഗവും ആകുന്നു; അവയ്ക്കു പ്രമാണവും ഒന്ന് തന്നെ; അത് പ്രായശ്ചിത്തം കഴിക്കുന്ന പുരോഹിതനുള്ളതായിരിക്കേണം. പുരോഹിതൻ ഒരുവന്‍റെ ഹോമയാഗം അർപ്പിക്കുമ്പോൾ അർപ്പിച്ച ഹോമയാഗമൃഗത്തിൻ്റെ തോല്‍ പുരോഹിതനുള്ളതായിരിക്കേണം. അടുപ്പത്തുവച്ചു ചുടുന്ന ഭോജനയാഗം ഒക്കെയും ഉരുളിയിലും ചട്ടിയിലും ഉണ്ടാക്കുന്നതൊക്കെയും അത് അർപ്പിക്കുന്ന പുരോഹിതനുള്ളതായിരിക്കേണം. എണ്ണ ചേർത്തതോ ചേർക്കാത്തതോ ആയ സകലഭോജനയാഗവും അഹരോന്‍റെ സകലപുത്രന്മാർക്കും തുല്യമായിരിക്കേണം.

ലേവ്യാപുസ്തകം 7:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അകൃത്യയാഗത്തിന്റെ പ്രമാണമാവിതു: അതു അതിവിശുദ്ധം. ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു അകൃത്യയാഗമൃഗത്തെയും അറുക്കേണം; അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം. അതിന്റെ സകലമേദസ്സും തടിച്ചവാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും മൂത്രപിണ്ഡം രണ്ടും അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡങ്ങളോടു കൂടെ കരളിന്മേലുള്ള വപയും എടുത്തു പുരോഹിതൻ യാഗപീഠത്തിന്മേൽ യഹോവെക്കു ദഹനയാഗമായി ദഹിപ്പിക്കേണം; അതു അകൃത്യയാഗം. പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അതു തിന്നേണം; ഒരു വിശുദ്ധസ്ഥലത്തുവെച്ചു അതു തിന്നേണം; അതു അതിവിശുദ്ധം. പാപയാഗംപോലെ തന്നേ അകൃത്യയാഗവും ആകുന്നു; അവെക്കു പ്രമാണവും ഒന്നു തന്നേ; പ്രായശ്ചിത്തം കഴിക്കുന്ന പുരോഹിതന്നു അതു ഇരിക്കേണം. പുരോഹിതൻ ഒരുത്തന്റെ ഹോമയാഗം അർപ്പിക്കുമ്പോൾ അർപ്പിച്ച പുരോഹിതന്നു ഹോമയാഗമൃഗത്തിന്റെ തോൽ ഇരിക്കേണം. അടുപ്പത്തുവെച്ചു ചുടുന്ന ഭോജനയാഗം ഒക്കെയും ഉരുളിയിലും ചട്ടിയിലും ഉണ്ടാക്കുന്നതു ഒക്കെയും അർപ്പിക്കുന്ന പുരോഹിതന്നു ഇരിക്കേണം. എണ്ണ ചേർത്തതോ ചേർക്കാത്തതോ ആയ സകലഭോജനയാഗവും അഹരോന്റെ സകലപുത്രന്മാർക്കും ഒരുപോലെ ഇരിക്കേണം.

ലേവ്യാപുസ്തകം 7:1-10 സമകാലിക മലയാളവിവർത്തനം (MCV)

“ ‘അതിവിശുദ്ധമായ അകൃത്യയാഗത്തിന്റെ ചട്ടങ്ങൾ ഇവയാണ്: ഹോമയാഗമൃഗത്തെ അറക്കുന്ന സ്ഥലത്ത് അകൃത്യയാഗമൃഗത്തെയും അറക്കണം; അതിന്റെ രക്തം യാഗപീഠത്തിന്മേൽ, ചുറ്റും തളിക്കണം. അതിന്റെ മേദസ്സു മുഴുവനും തടിച്ച വാലും ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മേദസ്സും വൃക്കകൾ രണ്ടും അവയുടെമേൽ അരക്കെട്ടിനടുത്തുള്ള മേദസ്സും വൃക്കകളോടൊപ്പം മാറ്റുന്ന കരളിന്മേലുള്ള കൊഴുപ്പും അർപ്പിക്കണം. പുരോഹിതൻ അവയെ യഹോവയ്ക്കു ദഹനയാഗമായി യാഗപീഠത്തിൽ ദഹിപ്പിക്കണം. അത് അകൃത്യയാഗം. പുരോഹിതന്റെ കുടുംബത്തിലെ ഏതൊരു ആണിനും അതു ഭക്ഷിക്കാം; എന്നാൽ അതു വിശുദ്ധസ്ഥലത്തുവെച്ചു ഭക്ഷിക്കണം; അത് അതിവിശുദ്ധമാണ്. “ ‘പാപശുദ്ധീകരണയാഗത്തിനും അകൃത്യയാഗത്തിനും ഒരേ നിയമം ബാധകമാണ്: അവകൊണ്ടു പ്രായശ്ചിത്തം വരുത്തുന്ന പുരോഹിതനുള്ളതാണ് അത്. ആർക്കെങ്കിലുംവേണ്ടി ഹോമയാഗം അർപ്പിക്കുന്ന പുരോഹിതന് അതിന്റെ തുകൽ എടുക്കാം. അടുപ്പിൽ ചുട്ടതോ ഉരുളിയിലോ അപ്പച്ചട്ടിയിലോ പാകംചെയ്തതോ ആയ ഭോജനയാഗം ഓരോന്നും അത് അർപ്പിക്കുന്ന പുരോഹിതനുള്ളതാണ്. ഒലിവെണ്ണ ചേർത്തതോ ചേർക്കാത്തതോ ആയ ഭോജനയാഗം ഓരോന്നും അഹരോന്റെ എല്ലാ പുത്രന്മാർക്കും തുല്യമായിട്ടുള്ളതാണ്.