ലേവ്യ 7:1-10

ലേവ്യ 7:1-10 MCV

“ ‘അതിവിശുദ്ധമായ അകൃത്യയാഗത്തിന്റെ ചട്ടങ്ങൾ ഇവയാണ്: ഹോമയാഗമൃഗത്തെ അറക്കുന്ന സ്ഥലത്ത് അകൃത്യയാഗമൃഗത്തെയും അറക്കണം; അതിന്റെ രക്തം യാഗപീഠത്തിന്മേൽ, ചുറ്റും തളിക്കണം. അതിന്റെ മേദസ്സു മുഴുവനും തടിച്ച വാലും ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മേദസ്സും വൃക്കകൾ രണ്ടും അവയുടെമേൽ അരക്കെട്ടിനടുത്തുള്ള മേദസ്സും വൃക്കകളോടൊപ്പം മാറ്റുന്ന കരളിന്മേലുള്ള കൊഴുപ്പും അർപ്പിക്കണം. പുരോഹിതൻ അവയെ യഹോവയ്ക്കു ദഹനയാഗമായി യാഗപീഠത്തിൽ ദഹിപ്പിക്കണം. അത് അകൃത്യയാഗം. പുരോഹിതന്റെ കുടുംബത്തിലെ ഏതൊരു ആണിനും അതു ഭക്ഷിക്കാം; എന്നാൽ അതു വിശുദ്ധസ്ഥലത്തുവെച്ചു ഭക്ഷിക്കണം; അത് അതിവിശുദ്ധമാണ്. “ ‘പാപശുദ്ധീകരണയാഗത്തിനും അകൃത്യയാഗത്തിനും ഒരേ നിയമം ബാധകമാണ്: അവകൊണ്ടു പ്രായശ്ചിത്തം വരുത്തുന്ന പുരോഹിതനുള്ളതാണ് അത്. ആർക്കെങ്കിലുംവേണ്ടി ഹോമയാഗം അർപ്പിക്കുന്ന പുരോഹിതന് അതിന്റെ തുകൽ എടുക്കാം. അടുപ്പിൽ ചുട്ടതോ ഉരുളിയിലോ അപ്പച്ചട്ടിയിലോ പാകംചെയ്തതോ ആയ ഭോജനയാഗം ഓരോന്നും അത് അർപ്പിക്കുന്ന പുരോഹിതനുള്ളതാണ്. ഒലിവെണ്ണ ചേർത്തതോ ചേർക്കാത്തതോ ആയ ഭോജനയാഗം ഓരോന്നും അഹരോന്റെ എല്ലാ പുത്രന്മാർക്കും തുല്യമായിട്ടുള്ളതാണ്.