ലേവ്യ. 7:1-10

ലേവ്യ. 7:1-10 IRVMAL

“‘അകൃത്യയാഗത്തിന്‍റെ പ്രമാണമാണിത്: അത് അതിവിശുദ്ധം. ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ച് അകൃത്യയാഗമൃഗത്തെയും അറുക്കേണം; അതിന്‍റെ രക്തം പുരോഹിതൻ യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം. അതിന്‍റെ സകലമേദസ്സും തടിച്ചവാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും വൃക്ക രണ്ടും അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കകളോടുകൂടി കരളിന്മേലുള്ള കൊഴുപ്പും എടുത്ത് പുരോഹിതൻ യാഗപീഠത്തിന്മേൽ യഹോവയ്ക്കു ദഹനയാഗമായി ദഹിപ്പിക്കേണം; അത് അകൃത്യയാഗം. പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അത് തിന്നേണം; ഒരു വിശുദ്ധസ്ഥലത്തുവച്ചു അത് തിന്നേണം; അത് അതിവിശുദ്ധം. പാപയാഗംപോലെ തന്നെ അകൃത്യയാഗവും ആകുന്നു; അവയ്ക്കു പ്രമാണവും ഒന്ന് തന്നെ; അത് പ്രായശ്ചിത്തം കഴിക്കുന്ന പുരോഹിതനുള്ളതായിരിക്കേണം. പുരോഹിതൻ ഒരുവന്‍റെ ഹോമയാഗം അർപ്പിക്കുമ്പോൾ അർപ്പിച്ച ഹോമയാഗമൃഗത്തിൻ്റെ തോല്‍ പുരോഹിതനുള്ളതായിരിക്കേണം. അടുപ്പത്തുവച്ചു ചുടുന്ന ഭോജനയാഗം ഒക്കെയും ഉരുളിയിലും ചട്ടിയിലും ഉണ്ടാക്കുന്നതൊക്കെയും അത് അർപ്പിക്കുന്ന പുരോഹിതനുള്ളതായിരിക്കേണം. എണ്ണ ചേർത്തതോ ചേർക്കാത്തതോ ആയ സകലഭോജനയാഗവും അഹരോന്‍റെ സകലപുത്രന്മാർക്കും തുല്യമായിരിക്കേണം.