ലേവ്യാപുസ്തകം 25:1-23

ലേവ്യാപുസ്തകം 25:1-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ സീനായിപർവതത്തിൽ വച്ചു മോശെയോട് അരുളിച്ചെയ്തത്: നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ഞാൻ നിങ്ങൾക്കു തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം ദേശം യഹോവയ്ക്കു ശബ്ബത്ത് ആചരിക്കേണം. ആറു സംവത്സരം നിന്റെ നിലം വിതയ്ക്കേണം; അവ്വണ്ണം ആറു സംവത്സരം നിന്റെ മുന്തിരിത്തോട്ടം വള്ളിത്തല മുറിച്ച് അനുഭവം എടുക്കേണം. ഏഴാം സംവത്സരത്തിലോ ദേശത്തിനു സ്വസ്ഥതയുള്ള ശബ്ബത്തായ യഹോവയുടെ ശബ്ബത്ത് ആയിരിക്കേണം; നിന്റെ നിലം വിതയ്ക്കയും മുന്തിരിത്തോട്ടം വള്ളിത്തല മുറിക്കയും ചെയ്യരുത്. നിന്റെ കൊയ്ത്തിന്റെ പടുവിളവു കൊയ്യുകയും വള്ളിത്തല മുറിക്കാത്ത മുന്തിരിത്തോട്ടത്തിലെ പഴം പറിക്കയും അരുത്; അതു ദേശത്തിന് ശബ്ബത്താണ്ട് ആകുന്നു. ദേശത്തിന്റെ ശബ്ബത്തിൽ താനേ വിളയുന്നതു നിങ്ങളുടെ ആഹാരമായിരിക്കേണം; നിനക്കും നിന്റെ ദാസനും ദാസിക്കും കൂലിക്കാരനും നിന്നോടുകൂടെ പാർക്കുന്ന പരദേശിക്കും നിന്റെ കന്നുകാലിക്കും കാട്ടുമൃഗത്തിനും അതിന്റെ അനുഭവമൊക്കെയും ആഹാരമായിരിക്കേണം. പിന്നെ ഏഴു ശബ്ബത്താണ്ടായ ഏഴേഴു സംവത്സരം എണ്ണേണം; അങ്ങനെ ഏഴു ശബ്ബത്താണ്ടായ നാൽപ്പത്തൊമ്പതു സംവത്സരം കഴിയേണം. അപ്പോൾ ഏഴാം മാസം പത്താം തീയതി മഹാധ്വനികാഹളം ധ്വനിപ്പിക്കേണം; പാപപരിഹാരദിവസത്തിൽ നിങ്ങൾ നിങ്ങളുടെ ദേശത്ത് എല്ലാടവും കാഹളം ധ്വനിപ്പിക്കേണം. അമ്പതാം സംവത്സരത്തെ ശുദ്ധീകരിച്ചു ദേശത്തെല്ലാടവും സകല നിവാസികൾക്കും സ്വാതന്ത്ര്യം പ്രസിദ്ധമാക്കേണം; അതു നിങ്ങൾക്കു യോബേൽസംവത്സരമായിരിക്കേണം: നിങ്ങൾ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം; ഓരോരുത്തൻ താന്താന്റെ കുടുംബത്തിലേക്കും മടങ്ങിപ്പോകേണം. അമ്പതാം സംവത്സരം നിങ്ങൾക്കു യോബേൽസംവത്സരമായിരിക്കേണം; അതിൽ നിങ്ങൾ വിതയ്ക്കയോ പടുവിളവു കൊയ്കയോ വള്ളിത്തല മുറിക്കാത്ത മുന്തിരിവള്ളിയുടെ പഴം പറിക്കയോ ചെയ്യരുത്. അതു യോബേൽസംവത്സരം ആകുന്നു; അതു നിങ്ങൾക്കു വിശുദ്ധമായിരിക്കേണം; ആയാണ്ടത്തെ അനുഭവം നിങ്ങൾ വയലിൽനിന്നുതന്നെ എടുത്തു തിന്നേണം. ഇങ്ങനെയുള്ള യോബേൽസംവത്സരത്തിൽ നിങ്ങൾ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം. കൂട്ടുകാരന് എന്തെങ്കിലും വില്ക്കയോ കൂട്ടുകാരനോട് എന്തെങ്കിലും വാങ്ങുകയോ ചെയ്താൽ നിങ്ങൾ തമ്മിൽ തമ്മിൽ അന്യായം ചെയ്യരുത്. യോബേൽസംവത്സരത്തിന്റെ പിമ്പുള്ള സംവത്സരങ്ങളുടെ സംഖ്യക്ക് ഒത്തവണ്ണം നിന്റെ കൂട്ടുകാരനോടു വാങ്ങേണം; അനുഭവമുള്ള സംവത്സരങ്ങളുടെ സംഖ്യക്ക് ഒത്തവണ്ണം അവൻ നിനക്കു വില്ക്കേണം. സംവത്സരങ്ങൾ ഏറിയിരുന്നാൽ വില ഉയർത്തേണം; സംവത്സരങ്ങൾ കുറഞ്ഞിരുന്നാൽ വില താഴ്ത്തേണം; അനുഭവത്തിന്റെ കാലസംഖ്യക്ക് ഒത്തവണ്ണം അവൻ നിനക്കു വില്ക്കുന്നു. ആകയാൽ നിങ്ങൾ തമ്മിൽ തമ്മിൽ അന്യായം ചെയ്യരുത്; നിന്റെ ദൈവത്തെ ഭയപ്പെടേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. അതുകൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ച് എന്റെ വിധികൾ പ്രമാണിച്ച് ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും. ഭൂമി അതിന്റെ ഫലം തരും; നിങ്ങൾ തൃപ്തിയായി ഭക്ഷിച്ച് അതിൽ നിർഭയം വസിക്കും. എന്നാൽ ഏഴാം സംവത്സരത്തിൽ ഞങ്ങൾ എന്തു ഭക്ഷിക്കും? ഞങ്ങൾ വിതയ്ക്കയും ഞങ്ങളുടെ അനുഭവമെടുക്കയും ചെയ്യരുതല്ലോ എന്നു നിങ്ങൾ പറയുന്നുവെങ്കിൽ ഞാൻ ആറാം സംവത്സരത്തിൽ നിങ്ങൾക്ക് എന്റെ അനുഗ്രഹം അരുളുകയും അതു മൂന്നു സംവത്സരത്തേക്കുള്ള അനുഭവം തരികയും ചെയ്യും. എട്ടാം സംവത്സരത്തിൽ നിങ്ങൾ വിതയ്ക്കയും ഒമ്പതാം സംവത്സരംവരെ പഴയ അനുഭവംകൊണ്ട് ഉപജീവിക്കയും വേണം; അതിന്റെ അനുഭവം വരുംവരെ പഴയതുകൊണ്ട് ഉപജീവിച്ചുകൊള്ളേണം. നിലം ജന്മം വില്ക്കരുത്; ദേശം എനിക്കുള്ളത് ആകുന്നു; നിങ്ങൾ എന്റെ അടുക്കൽ പരദേശികളും വന്നുപാർക്കുന്നവരും അത്രേ.

ലേവ്യാപുസ്തകം 25:1-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ മോശയോട് സീനായ് പർവതത്തിൽ വച്ച് അരുളിച്ചെയ്തു: “നീ ഇസ്രായേൽജനത്തോടു പറയുക: ഞാൻ നല്‌കുന്ന ദേശത്ത് നിങ്ങൾ പ്രവേശിച്ചുകഴിഞ്ഞാൽ ആ ദേശവും ശബത്ത് ആചരിക്കണം. ആറു വർഷം നിലം വിതച്ചും മുന്തിരിത്തല മുറിച്ചൊരുക്കിയും നിങ്ങൾ വിളവെടുത്തുകൊള്ളുക. ഏഴാം വർഷം ഭൂമിക്ക് പൂർണവിശ്രമം ലഭിക്കേണ്ട ശബത്താണ്; സർവേശ്വരന്റെ ശബത്തു തന്നെ. നിലം കൃഷി ചെയ്യുകയോ, മുന്തിരിത്തല മുറിക്കുകയോ അരുത്; നിലത്തിൽ താനേ വിളയുന്നവപോലും കൊയ്യരുത്; വള്ളിത്തല മുറിക്കാത്ത മുന്തിരിച്ചെടിയുടെ ഫലം ശേഖരിക്കുകയുമരുത്. ആ വർഷം നിലത്തിനു പൂർണവിശ്രമം നല്‌കണം. വിശ്രമവർഷമാണെങ്കിലും, നിങ്ങൾക്കും നിങ്ങളുടെ ദാസീദാസന്മാർക്കും കൂലിക്കാർക്കും നിങ്ങളുടെ ഇടയിൽ നിവസിക്കുന്ന പരദേശികൾക്കും നിങ്ങളുടെ നാട്ടുമൃഗങ്ങൾക്കും കാട്ടുമൃഗങ്ങൾക്കുമുള്ള ഭക്ഷണം നിങ്ങളുടെ നിലം ഉൽപാദിപ്പിച്ചുകൊള്ളും. ഏഴു സംവത്സരത്തേക്ക് ഒരു ശബത്ത് എന്ന കണക്കിൽ ഏഴു തവണ കഴിയുമ്പോൾ നാല്പത്തിഒമ്പതു വർഷമാകും. അതുകഴിഞ്ഞ് പാപപരിഹാരദിവസമായ ഏഴാം മാസം പത്താം ദിവസം ദേശത്തെല്ലായിടത്തും അത്യുച്ചത്തിൽ കാഹളം മുഴക്കണം. അമ്പതാം വർഷത്തെ വിശുദ്ധീകരിക്കണം. ദേശനിവാസികൾക്കെല്ലാം സ്വാതന്ത്ര്യം പ്രഖ്യാപിക്കണം. ഓരോരുത്തനും സ്വന്തം അവകാശഭൂമിയിലേക്കും സ്വന്തംകുടുംബത്തിലേക്കും തിരിച്ചു പോകുന്ന നിങ്ങളുടെ ജൂബിലിവർഷമാകുന്നു. ഓരോ അമ്പതാം വർഷവും നിങ്ങൾക്കു ജൂബിലിവർഷമാണ്. ആ വർഷം നിങ്ങൾ വിതയ്‍ക്കരുത്; താനേ വിളയുന്നതു കൊയ്യുകയോ, വള്ളിത്തല മുറിക്കാത്ത മുന്തിരിയുടെ ഫലം ശേഖരിക്കുകയോ അരുത്. കാരണം അതു ജൂബിലിവർഷമാണ്. അതു നിങ്ങൾക്കു വിശുദ്ധമായിരിക്കണം. നിങ്ങളുടെ ഭക്ഷണത്തിനു വേണ്ടതു ഭൂമിയിൽനിന്നു ലഭിച്ചുകൊള്ളും. ഈ ജൂബിലിവർഷം നിങ്ങൾ ഓരോരുത്തരും അവനവന്റെ അവകാശഭൂമിയിലേക്കു തിരിച്ചുവരണം. അയൽക്കാരനുമായുള്ള വ്യാപാരബന്ധത്തിൽ അന്യായമായി ഒന്നും ഉണ്ടാകരുത്. അടുത്ത ജൂബിലിവരെയുള്ള വർഷങ്ങൾ കണക്കാക്കി വില നിശ്ചയിച്ചു വാങ്ങുകയും വിളവെടുക്കാവുന്ന വർഷങ്ങൾക്കനുസരിച്ചു വിൽക്കുകയും ചെയ്യണം. കൂടുതൽ വർഷങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ വില കൊടുക്കണം; കുറവാണെങ്കിൽ വിലയും കുറയ്‍ക്കണം. എടുക്കാവുന്ന വിളവുകളുടെ എണ്ണമനുസരിച്ചു വില നിശ്ചയിക്കണം. നിങ്ങളുടെ ഇടപാടുകളിൽ അനീതി കടന്നുകൂടരുത്. നിന്റെ ദൈവത്തെ ഭയപ്പെടുക; ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു. അതുകൊണ്ട് എന്റെ ചട്ടങ്ങളും വിധികളും പാലിക്കുക. അങ്ങനെ ചെയ്താൽ നിങ്ങൾ ദേശത്തു സുരക്ഷിതരായിരിക്കും. ഭൂമി ഫലം തരും; നിങ്ങൾ ഭക്ഷിച്ചു തൃപ്തരാകും. നിങ്ങൾ സുരക്ഷിതരായി വസിക്കുകയും ചെയ്യും. ഏഴാം വർഷം വിതയോ കൊയ്ത്തോ ഇല്ലാതെ എന്തു ഭക്ഷിക്കും എന്നു നിങ്ങൾ ചോദിച്ചേക്കാം. ആറാം വർഷം ഞാൻ നിങ്ങളുടെമേൽ അനുഗ്രഹം അയയ്‍ക്കും; മൂന്നു വർഷത്തേക്കു വേണ്ട വിളവു നിങ്ങൾക്കു ലഭിക്കും. എട്ടാം വർഷം വിതയ്‍ക്കുമ്പോഴും പഴയ വിളവിൽനിന്നു നിങ്ങൾക്കു ഭക്ഷിക്കാം; ഒൻപതാം വർഷം പുതിയ വിളവ് ആകുന്നതുവരെ അതു നിങ്ങൾക്കു മതിയാകും. നിലത്തിന്റെ ജന്മാവകാശം വിൽക്കരുത്. കാരണം ഭൂമി എൻറേതാണ്. നിങ്ങൾ എന്റെ അടുക്കൽ വന്നു പാർക്കുന്ന അന്യരും പരദേശികളുമാകുന്നു.

ലേവ്യാപുസ്തകം 25:1-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവ സീനായിപർവ്വതത്തിൽവച്ചു മോശെയോട് അരുളിച്ചെയ്തത്: “നീ യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഞാൻ നിങ്ങൾക്ക് തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം ദേശം യഹോവയ്ക്കു ശബ്ബത്ത് ആചരിക്കേണം. ആറു വർഷം നിന്‍റെ നിലം വിതയ്ക്കണം; അപ്രകാരം ആറു വർഷം നിന്‍റെ മുന്തിരിത്തോട്ടം വള്ളിത്തല മുറിച്ച് അനുഭവം എടുക്കേണം. ഏഴാം വർഷത്തിൽ ദേശത്തിന് സ്വസ്ഥതയുള്ള ശബ്ബത്തായ യഹോവയുടെ ശബ്ബത്ത് ആയിരിക്കേണം; നിന്‍റെ നിലം വിതയ്ക്കുകയും മുന്തിരിത്തോട്ടം വള്ളിത്തല മുറിക്കുകയും ചെയ്യരുത്. നിന്‍റെ കൊയ്ത്തിന്‍റെ പടു വിളവു കൊയ്യുകയും വള്ളിത്തല മുറിക്കാത്ത മുന്തിരിത്തോട്ടത്തിലെ പഴം പറിക്കുകയും അരുത്; അത് ദേശത്തിന് ശബ്ബത്ത് വർഷം ആകുന്നു. ദേശത്തിന്‍റെ ശബ്ബത്തിൽ തനിയെ വിളയുന്നതു നിങ്ങളുടെ ആഹാരമായിരിക്കണം; നിനക്കും നിന്‍റെ ദാസനും ദാസിക്കും കൂലിക്കാരനും നിന്നോടുകൂടെ പാർക്കുന്ന പരദേശിക്കും നിന്‍റെ കന്നുകാലിക്കും നിന്‍റെ ദേശത്തിലെ കാട്ടുമൃഗത്തിനും അതിന്‍റെ അനുഭവം ഒക്കെയും ആഹാരമായിരിക്കണം. “പിന്നെ ഏഴു ശബ്ബത്തുവർഷമായ ഏഴേഴുവർഷം എണ്ണേണം; അങ്ങനെ ഏഴു ശബ്ബത്തുവർഷമായ നാല്പത്തൊമ്പതു വർഷം കഴിയണം. അപ്പോൾ ഏഴാം മാസം പത്താം തീയതി മഹാധ്വനികാഹളം ധ്വനിപ്പിക്കേണം; പാപപരിഹാരദിവസത്തിൽ നിങ്ങൾ നിങ്ങളുടെ ദേശത്ത് എല്ലായിടവും കാഹളം ധ്വനിപ്പിക്കേണം. അമ്പതാം വർഷത്തെ ശുദ്ധീകരിച്ചു ദേശത്തെല്ലായിടവും സകലനിവാസികൾക്കും സ്വാതന്ത്ര്യം പ്രസിദ്ധമാക്കേണം; അത് നിങ്ങൾക്ക് യോബേൽ വർഷമായിരിക്കേണം: നിങ്ങൾ താന്താന്‍റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം; ഓരോരുത്തൻ താന്താന്‍റെ കുടുംബത്തിലേക്കും മടങ്ങിപ്പോകേണം. അമ്പതാം വർഷം നിങ്ങൾക്ക് യോബേൽ വർഷമായിരിക്കേണം; അതിൽ നിങ്ങൾ വിതയ്ക്കുകയോ തനിയെ മുളച്ചുവന്ന വിളവ് കൊയ്യുകയോ വള്ളിത്തല മുറിക്കാത്ത മുന്തിരിവള്ളിയുടെ പഴം പറിക്കുകയോ ചെയ്യരുത്. അത് യോബേൽവർഷം ആകുന്നു; അത് നിങ്ങൾക്ക് വിശുദ്ധമായിരിക്കേണം; ആ വർഷത്തെ അനുഭവം നിങ്ങൾ വയലിൽ നിന്നുതന്നെ എടുത്തു ഭക്ഷിക്കേണം. ഇങ്ങനെയുള്ള യോബേൽ വർഷത്തിൽ നിങ്ങൾ താന്താന്‍റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം. കൂട്ടുകാരന് എന്തെങ്കിലും വില്ക്കുകയോ കൂട്ടുകാരനോട് എന്തെങ്കിലും വാങ്ങുകയോ ചെയ്താൽ നിങ്ങൾ തമ്മിൽതമ്മിൽ അന്യായം ചെയ്യരുത്. യോബേൽ വർഷത്തിൻ്റെ ശേഷമുള്ള വർഷങ്ങളുടെ സംഖ്യക്ക് ഒത്തവണ്ണം നിന്‍റെ കൂട്ടുകാരനോട് വാങ്ങേണം; അനുഭവമുള്ള വർഷങ്ങളുടെ സംഖ്യക്ക് ഒത്തവണ്ണം അവൻ നിനക്കു വില്‍ക്കണം. വർഷങ്ങൾ ഏറിയിരുന്നാൽ വില ഉയർത്തണം; വർഷങ്ങൾ കുറഞ്ഞിരുന്നാൽ വില താഴ്ത്തണം; അനുഭവത്തിന്‍റെ കാലസംഖ്യക്ക് ഒത്തവണ്ണം അവൻ നിനക്കു വില്ക്കുന്നു. ആകയാൽ നിങ്ങൾ തമ്മിൽതമ്മിൽ അന്യായം ചെയ്യരുത്; നിന്‍റെ ദൈവത്തെ ഭയപ്പെടേണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. അതുകൊണ്ട് നിങ്ങൾ എന്‍റെ കല്പനകൾ അനുസരിച്ച് എന്‍റെ വിധികൾ പ്രമാണിച്ച് ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും. ഭൂമി അതിന്‍റെ ഫലം തരും; നിങ്ങൾ തൃപ്തിയായി ഭക്ഷിച്ച് അതിൽ നിർഭയം വസിക്കും. എന്നാൽ “ഏഴാം വർഷത്തിൽ ഞങ്ങൾ എന്ത് ഭക്ഷിക്കും? ഞങ്ങൾ വിതയ്ക്കുകയും ഞങ്ങളുടെ അനുഭവമെടുക്കുകയും ചെയ്യരുതല്ലോ” എന്നു നിങ്ങൾ പറയുന്നുവെങ്കിൽ ഞാൻ ആറാം വർഷത്തിൽ നിങ്ങൾക്ക് എന്‍റെ അനുഗ്രഹം അരുളുകയും അത് മൂന്നു വർഷത്തേക്കുള്ള അനുഭവം തരുകയും ചെയ്യും. എട്ടാം വർഷത്തിൽ നിങ്ങൾ വിതയ്ക്കുകയും ഒമ്പതാം വർഷംവരെ പഴയ അനുഭവംകൊണ്ട് ഉപജീവിക്കുകയും വേണം; അതിന്‍റെ അനുഭവം വരുന്നത് വരെ പഴയതുകൊണ്ട് ഉപജീവിച്ചുകൊള്ളണം. നിലം എന്നേക്കുമായി വില്‍ക്കരുത്; ദേശം എനിക്കുള്ളത് ആകുന്നു; നിങ്ങൾ എന്‍റെ അടുക്കൽ പരദേശികളും വന്നു പാർക്കുന്നവരും അത്രേ.

ലേവ്യാപുസ്തകം 25:1-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ സീനായിപർവ്വതത്തിൽവെച്ചു മോശെയോടു അരുളിച്ചെയ്തതതു: നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ നിങ്ങൾക്കു തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം ദേശം യഹോവെക്കു ശബ്ബത്തു ആചരിക്കേണം. ആറു സംവത്സരം നിന്റെ നിലം വിതെക്കേണം; അവ്വണ്ണം ആറു സംവത്സരം നിന്റെ മുന്തിരിത്തോട്ടം വള്ളിത്തല മുറിച്ചു അനുഭവം എടുക്കേണം. ഏഴാം സംവത്സരത്തിലോ ദേശത്തിന്നു സ്വസ്ഥതയുള്ള ശബ്ബത്തായ യഹോവയുടെ ശബ്ബത്ത് ആയിരിക്കേണം; നിന്റെ നിലം വിതെക്കയും മുന്തിരിത്തോട്ടം വള്ളിത്തല മുറിക്കയും ചെയ്യരുതു. നിന്റെ കൊയ്ത്തിന്റെ പടുവിളവു കൊയ്യുകയും വള്ളിത്തല മുറിക്കാത്ത മുന്തിരിത്തോട്ടത്തിലെ പഴം പറിക്കയും അരുതു; അതു ദേശത്തിന്നു ശബ്ബത്താണ്ടു ആകുന്നു. ദേശത്തിന്റെ ശബ്ബത്തിൽ താനേ വിളയുന്നതു നിങ്ങളുടെ ആഹാരമായിരിക്കേണം; നിനക്കും നിന്റെ ദാസന്നും ദാസിക്കും കൂലിക്കാരന്നും നിന്നോടുകൂടെ പാർക്കുന്ന പരദേശിക്കും നിന്റെ കന്നുകാലിക്കും കാട്ടുമൃഗത്തിന്നും അതിന്റെ അനുഭവം ഒക്കെയും ആഹാരമായിരിക്കേണം. പിന്നെ ഏഴു ശബ്ബത്താണ്ടായ ഏഴേഴുസംവത്സരം എണ്ണേണം; അങ്ങനെ ഏഴു ശബ്ബത്താണ്ടായ നാല്പത്തൊമ്പതു സംവത്സരം കഴിയേണം. അപ്പോൾ ഏഴാം മാസം പത്താം തിയ്യതി മഹാധ്വനികാഹളം ധ്വനിപ്പിക്കേണം; പാപപരിഹാരദിവസത്തിൽ നിങ്ങൾ നിങ്ങളുടെ ദേശത്തു എല്ലാടവും കാഹളം ധ്വനിപ്പിക്കേണം. അമ്പതാം സംവത്സരത്തെ ശുദ്ധീകരിച്ചു ദേശത്തെല്ലാടവും സകലനിവാസികൾക്കും സ്വാതന്ത്ര്യം പ്രസിദ്ധമാക്കേണം; അതു നിങ്ങൾക്കു യോബേൽസംവത്സരമായിരിക്കേണം: നിങ്ങൾ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം; ഓരോരുത്തൻ താന്താന്റെ കുടുംബത്തിലേക്കും മടങ്ങിപ്പോകേണം. അമ്പതാം സംവത്സരം നിങ്ങൾക്കു യോബേൽ സംവത്സരമായിരിക്കേണം; അതിൽ നിങ്ങൾ വിതെക്കയോ പടുവിളവു കൊയ്കയോ വള്ളിത്തല മുറിക്കാത്ത മുന്തിരിവള്ളിയുടെ പഴം പറിക്കയോ ചെയ്യരുതു. അതു യോബേൽസംവത്സരം ആകുന്നു; അതു നിങ്ങൾക്കു വിശുദ്ധമായിരിക്കേണം; ആയാണ്ടത്തെ അനുഭവം നിങ്ങൾ വയലിൽ നിന്നുതന്നേ എടുത്തു തിന്നേണം. ഇങ്ങനെയുള്ള യോബേൽ സംവത്സരത്തിൽ നിങ്ങൾ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം. കൂട്ടുകാരന്നു എന്തെങ്കിലും വിൽക്കയോ കൂട്ടുകാരനോടു എന്തെങ്കിലും വാങ്ങുകയോ ചെയ്താൽ നിങ്ങൾ തമ്മിൽ തമ്മിൽ അന്യായം ചെയ്യരുതു. യോബേൽസംവത്സരത്തിന്റെ പിമ്പുള്ള സംവത്സരങ്ങളുടെ സംഖ്യക്കു ഒത്തവണ്ണം നിന്റെ കൂട്ടുകാരനോടു വാങ്ങേണം; അനുഭവമുള്ള സംവത്സരങ്ങളുടെ സംഖ്യെക്കു ഒത്തവണ്ണം അവൻ നിനക്കു വിൽക്കേണം. സംവത്സരങ്ങൾ ഏറിയിരുന്നാൽ വില ഉയർത്തേണം; സംവത്സരങ്ങൾ കുറഞ്ഞിരുന്നാൽ വില താഴ്ത്തേണം; അനുഭവത്തിന്റെ കാലസംഖ്യെക്കു ഒത്തവണ്ണം അവൻ നിനക്കു വില്ക്കുന്നു. ആകയാൽ നിങ്ങൾ തമ്മിൽ തമ്മിൽ അന്യായം ചെയ്യരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും. ഭൂമി അതിന്റെ ഫലം തരും; നിങ്ങൾ തൃപ്തിയായി ഭക്ഷിച്ചു അതിൽ നിർഭയം വസിക്കും. എന്നാൽ ഏഴാം സംവത്സരത്തിൽ ഞങ്ങൾ എന്തു ഭക്ഷിക്കും? ഞങ്ങൾ വിതെക്കയും ഞങ്ങളുടെ അനുഭവമെടുക്കയും ചെയ്യരുതല്ലോ എന്നു നിങ്ങൾ പറയുന്നുവെങ്കിൽ ഞാൻ ആറാം സംവത്സരത്തിൽ നിങ്ങൾക്കു എന്റെ അനുഗ്രഹം അരുളുകയും അതു മൂന്നു സംവത്സരത്തേക്കുള്ള അനുഭവം തരികയും ചെയ്യും. എട്ടാം സംവത്സരത്തിൽ നിങ്ങൾ വിതെക്കയും ഒമ്പതാം സംവത്സരംവരെ പഴയ അനുഭവംകൊണ്ടു ഉപജീവിക്കയും വേണം; അതിന്റെ അനുഭവം വരുംവരെ പഴയതുകൊണ്ടു ഉപജീവിച്ചുകൊള്ളേണം. നിലം ജന്മം വിൽക്കരുതു; ദേശം എനിക്കുള്ളതു ആകുന്നു; നിങ്ങൾ എന്റെ അടുക്കൽ പരദേശികളും വന്നു പാർക്കുന്നവരും അത്രേ.

ലേവ്യാപുസ്തകം 25:1-23 സമകാലിക മലയാളവിവർത്തനം (MCV)

സീനായിപർവതത്തിൽവെച്ചു യഹോവ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേൽമക്കളോടു സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങൾക്കു നൽകാൻപോകുന്ന ദേശത്തു നിങ്ങൾ പ്രവേശിക്കുമ്പോൾ ആ ദേശം യഹോവയ്ക്ക് ഒരു ശബ്ബത്ത് ആചരിക്കണം. ആറുവർഷം നിങ്ങളുടെ നിലങ്ങൾ വിതയ്ക്കുക, ആറുവർഷം നിങ്ങളുടെ മുന്തിരിത്തോപ്പുകൾ വെട്ടിയൊരുക്കി അവയുടെ ഫലം ശേഖരിക്കുക. എന്നാൽ ഏഴാംവർഷം ദേശത്തിനു വിശ്രമത്തിന്റെ ശബ്ബത്ത്, യഹോവയ്ക്ക് ഒരു ശബ്ബത്ത് ആയിരിക്കണം. നിങ്ങളുടെ നിലം വിതയ്ക്കുകയോ മുന്തിരിത്തോപ്പു വെട്ടിയൊരുക്കുകയോ ചെയ്യരുത്. താനേ വളരുന്നതു കൊയ്യുകയോ പരിപാലിക്കാത്ത മുന്തിരിവള്ളിയിൽനിന്ന് മുന്തിരിങ്ങ ശേഖരിക്കുകയോ ചെയ്യരുത്. ദേശത്തിനു വിശ്രമത്തിന്റെ ഒരുവർഷം ഉണ്ടായിരിക്കണം. ശബ്ബത്തുവർഷം ദേശം നൽകുന്ന വിളവെന്താണോ അതു നിങ്ങൾക്ക് ആഹാരമായിരിക്കും. നിങ്ങൾക്കും നിങ്ങളുടെ ദാസന്മാർക്കും ദാസികൾക്കും കൂലിക്കാർക്കും നിങ്ങളുടെ ഇടയിൽ താൽക്കാലികമായി പാർക്കുന്നവർക്കും, നിങ്ങളുടെ കന്നുകാലികൾക്കും കാട്ടുമൃഗങ്ങൾക്കുംതന്നെ. ദേശം എന്തുൽപ്പാദിപ്പിക്കുന്നോ അതു ഭക്ഷിക്കാം. “ ‘ഏഴു ശബ്ബത്തുവർഷമായി ഏഴുപ്രാവശ്യം ഏഴുവർഷം എണ്ണുക; ഏഴു ശബ്ബത്തുവർഷം നാൽപ്പത്തൊൻപതു വർഷമാണ്. ഏഴാംമാസം പത്താംതീയതി എല്ലായിടവും കാഹളം ധ്വനിപ്പിക്കണം—നിങ്ങളുടെ ദേശത്തെല്ലായിടത്തും പാപപരിഹാരദിനത്തിൽ കാഹളം ധ്വനിപ്പിക്കണം. അൻപതാംവർഷം വിശുദ്ധമായി വേർതിരിച്ചു ദേശത്തിലങ്ങോളമിങ്ങോളം സകലനിവാസികൾക്കും സ്വാതന്ത്ര്യം വിളംബരംചെയ്യുക. അതു നിങ്ങൾക്ക് അൻപതാംവാർഷികോത്സവം ആയിരിക്കും; നിങ്ങളോരോരുത്തരും തങ്ങളുടെ അവകാശത്തിലേക്കും തങ്ങളുടെ ഗോത്രത്തിലേക്കും മടങ്ങിപ്പോകണം. അൻപതാംവർഷം നിങ്ങൾക്ക് വാർഷികോത്സവം ആയിരിക്കും; വിതയ്ക്കുകയോ താനേ വളരുന്നതു കൊയ്യുകയോ പരിചരിക്കാത്ത മുന്തിരിയിൽനിന്ന് ഫലം ശേഖരിക്കുകയോ ചെയ്യരുത്. കാരണം അത് അൻപതാംവാർഷികോത്സവമാണ്; അതു നിങ്ങൾക്കു വിശുദ്ധമായിരിക്കണം; വയലിൽനിന്ന് നേരിട്ട് എടുക്കുന്നതുമാത്രം ഭക്ഷിക്കുക. “ ‘ഈ അൻപതാംവാർഷികോത്സവത്തിൽ ഓരോരുത്തരും അവരവരുടെ അവകാശത്തിലേക്കു മടങ്ങിപ്പോകേണ്ടതാണ്. “ ‘നിങ്ങൾ കൂട്ടുകാരിൽ ആർക്കെങ്കിലും നിലം വിൽക്കുകയോ അവരിൽനിന്നു വാങ്ങുകയോ ചെയ്യുമ്പോൾ പരസ്പരം കബളിപ്പിക്കരുത്. അൻപതാംവാർഷികോത്സവത്തിനുശേഷമുള്ള വർഷങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ കൂട്ടുകാരിൽനിന്നു വാങ്ങണം. അയാൾ വിളക്കൊയ്ത്തിനു ശേഷിച്ചിട്ടുള്ള വർഷങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്കു വിൽക്കണം. വർഷം കൂടിയിരുന്നാൽ നിങ്ങൾ വില കൂട്ടണം, വർഷം കുറവായിരുന്നാൽ വില കുറയ്ക്കണം; കാരണം ഓരോരുത്തരും വാസ്തവത്തിൽ വിൽക്കുന്നതു വിളവുകളാണ്. പരസ്പരം കബളിപ്പിക്കരുത്; ദൈവത്തെ ഭയപ്പെടുക. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. “ ‘എന്റെ ഉത്തരവുകൾ പ്രമാണിച്ച് എന്റെ നിയമങ്ങൾ അനുസരിക്കാൻ ശ്രദ്ധിക്കുക, അങ്ങനെയായാൽ നിങ്ങൾക്കു ദേശത്തു സുരക്ഷിതരായി ജീവിക്കാൻ സാധിക്കും. അപ്പോൾ ഭൂമി അതിന്റെ ഫലംതരും; നിങ്ങൾ സുഭിക്ഷമായി ഭക്ഷിച്ചു സുരക്ഷിതരായി അവിടെ ജീവിക്കാനും കഴിയും. “നടാതെയും കൊയ്യാതെയുമിരുന്നാൽ ഏഴാംവർഷം ഞങ്ങൾ എന്തു ഭക്ഷിക്കും?” എന്നു നിങ്ങൾ ചോദിച്ചേക്കാം. മൂന്നുവർഷത്തേക്കു മതിയായതു ഭൂമിയിൽനിന്ന് കിട്ടത്തക്കവിധം ഞാൻ ആറാംവർഷം ഒരു അനുഗ്രഹം അയയ്ക്കും. എട്ടാംവർഷം നിങ്ങൾ നടുമ്പോഴും തുടർന്നുള്ള ഒൻപതാംവർഷത്തെ വിളവെടുപ്പുവരെയും നിങ്ങൾ പഴയ വിളവുകൊണ്ട് ഉപജീവനംകഴിക്കും. “ ‘ഭൂമി എന്റേതാണ്, നിങ്ങൾ അന്യരും കുടികിടപ്പുകാരുമായി ദേശത്തുതാമസിക്കുന്നതുകൊണ്ടു ഭൂമി എന്നെന്നേക്കുമായി വിൽക്കരുത്.