സീനായിപർവതത്തിൽവെച്ചു യഹോവ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേൽമക്കളോടു സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങൾക്കു നൽകാൻപോകുന്ന ദേശത്തു നിങ്ങൾ പ്രവേശിക്കുമ്പോൾ ആ ദേശം യഹോവയ്ക്ക് ഒരു ശബ്ബത്ത് ആചരിക്കണം. ആറുവർഷം നിങ്ങളുടെ നിലങ്ങൾ വിതയ്ക്കുക, ആറുവർഷം നിങ്ങളുടെ മുന്തിരിത്തോപ്പുകൾ വെട്ടിയൊരുക്കി അവയുടെ ഫലം ശേഖരിക്കുക. എന്നാൽ ഏഴാംവർഷം ദേശത്തിനു വിശ്രമത്തിന്റെ ശബ്ബത്ത്, യഹോവയ്ക്ക് ഒരു ശബ്ബത്ത് ആയിരിക്കണം. നിങ്ങളുടെ നിലം വിതയ്ക്കുകയോ മുന്തിരിത്തോപ്പു വെട്ടിയൊരുക്കുകയോ ചെയ്യരുത്. താനേ വളരുന്നതു കൊയ്യുകയോ പരിപാലിക്കാത്ത മുന്തിരിവള്ളിയിൽനിന്ന് മുന്തിരിങ്ങ ശേഖരിക്കുകയോ ചെയ്യരുത്. ദേശത്തിനു വിശ്രമത്തിന്റെ ഒരുവർഷം ഉണ്ടായിരിക്കണം. ശബ്ബത്തുവർഷം ദേശം നൽകുന്ന വിളവെന്താണോ അതു നിങ്ങൾക്ക് ആഹാരമായിരിക്കും. നിങ്ങൾക്കും നിങ്ങളുടെ ദാസന്മാർക്കും ദാസികൾക്കും കൂലിക്കാർക്കും നിങ്ങളുടെ ഇടയിൽ താൽക്കാലികമായി പാർക്കുന്നവർക്കും, നിങ്ങളുടെ കന്നുകാലികൾക്കും കാട്ടുമൃഗങ്ങൾക്കുംതന്നെ. ദേശം എന്തുൽപ്പാദിപ്പിക്കുന്നോ അതു ഭക്ഷിക്കാം. “ ‘ഏഴു ശബ്ബത്തുവർഷമായി ഏഴുപ്രാവശ്യം ഏഴുവർഷം എണ്ണുക; ഏഴു ശബ്ബത്തുവർഷം നാൽപ്പത്തൊൻപതു വർഷമാണ്. ഏഴാംമാസം പത്താംതീയതി എല്ലായിടവും കാഹളം ധ്വനിപ്പിക്കണം—നിങ്ങളുടെ ദേശത്തെല്ലായിടത്തും പാപപരിഹാരദിനത്തിൽ കാഹളം ധ്വനിപ്പിക്കണം. അൻപതാംവർഷം വിശുദ്ധമായി വേർതിരിച്ചു ദേശത്തിലങ്ങോളമിങ്ങോളം സകലനിവാസികൾക്കും സ്വാതന്ത്ര്യം വിളംബരംചെയ്യുക. അതു നിങ്ങൾക്ക് അൻപതാംവാർഷികോത്സവം ആയിരിക്കും; നിങ്ങളോരോരുത്തരും തങ്ങളുടെ അവകാശത്തിലേക്കും തങ്ങളുടെ ഗോത്രത്തിലേക്കും മടങ്ങിപ്പോകണം. അൻപതാംവർഷം നിങ്ങൾക്ക് വാർഷികോത്സവം ആയിരിക്കും; വിതയ്ക്കുകയോ താനേ വളരുന്നതു കൊയ്യുകയോ പരിചരിക്കാത്ത മുന്തിരിയിൽനിന്ന് ഫലം ശേഖരിക്കുകയോ ചെയ്യരുത്. കാരണം അത് അൻപതാംവാർഷികോത്സവമാണ്; അതു നിങ്ങൾക്കു വിശുദ്ധമായിരിക്കണം; വയലിൽനിന്ന് നേരിട്ട് എടുക്കുന്നതുമാത്രം ഭക്ഷിക്കുക. “ ‘ഈ അൻപതാംവാർഷികോത്സവത്തിൽ ഓരോരുത്തരും അവരവരുടെ അവകാശത്തിലേക്കു മടങ്ങിപ്പോകേണ്ടതാണ്. “ ‘നിങ്ങൾ കൂട്ടുകാരിൽ ആർക്കെങ്കിലും നിലം വിൽക്കുകയോ അവരിൽനിന്നു വാങ്ങുകയോ ചെയ്യുമ്പോൾ പരസ്പരം കബളിപ്പിക്കരുത്. അൻപതാംവാർഷികോത്സവത്തിനുശേഷമുള്ള വർഷങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ കൂട്ടുകാരിൽനിന്നു വാങ്ങണം. അയാൾ വിളക്കൊയ്ത്തിനു ശേഷിച്ചിട്ടുള്ള വർഷങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്കു വിൽക്കണം. വർഷം കൂടിയിരുന്നാൽ നിങ്ങൾ വില കൂട്ടണം, വർഷം കുറവായിരുന്നാൽ വില കുറയ്ക്കണം; കാരണം ഓരോരുത്തരും വാസ്തവത്തിൽ വിൽക്കുന്നതു വിളവുകളാണ്. പരസ്പരം കബളിപ്പിക്കരുത്; ദൈവത്തെ ഭയപ്പെടുക. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. “ ‘എന്റെ ഉത്തരവുകൾ പ്രമാണിച്ച് എന്റെ നിയമങ്ങൾ അനുസരിക്കാൻ ശ്രദ്ധിക്കുക, അങ്ങനെയായാൽ നിങ്ങൾക്കു ദേശത്തു സുരക്ഷിതരായി ജീവിക്കാൻ സാധിക്കും. അപ്പോൾ ഭൂമി അതിന്റെ ഫലംതരും; നിങ്ങൾ സുഭിക്ഷമായി ഭക്ഷിച്ചു സുരക്ഷിതരായി അവിടെ ജീവിക്കാനും കഴിയും. “നടാതെയും കൊയ്യാതെയുമിരുന്നാൽ ഏഴാംവർഷം ഞങ്ങൾ എന്തു ഭക്ഷിക്കും?” എന്നു നിങ്ങൾ ചോദിച്ചേക്കാം. മൂന്നുവർഷത്തേക്കു മതിയായതു ഭൂമിയിൽനിന്ന് കിട്ടത്തക്കവിധം ഞാൻ ആറാംവർഷം ഒരു അനുഗ്രഹം അയയ്ക്കും. എട്ടാംവർഷം നിങ്ങൾ നടുമ്പോഴും തുടർന്നുള്ള ഒൻപതാംവർഷത്തെ വിളവെടുപ്പുവരെയും നിങ്ങൾ പഴയ വിളവുകൊണ്ട് ഉപജീവനംകഴിക്കും. “ ‘ഭൂമി എന്റേതാണ്, നിങ്ങൾ അന്യരും കുടികിടപ്പുകാരുമായി ദേശത്തുതാമസിക്കുന്നതുകൊണ്ടു ഭൂമി എന്നെന്നേക്കുമായി വിൽക്കരുത്.
ലേവ്യ 25 വായിക്കുക
കേൾക്കുക ലേവ്യ 25
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ലേവ്യ 25:1-23
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ