സർവേശ്വരൻ മോശയോട് സീനായ് പർവതത്തിൽ വച്ച് അരുളിച്ചെയ്തു: “നീ ഇസ്രായേൽജനത്തോടു പറയുക: ഞാൻ നല്‌കുന്ന ദേശത്ത് നിങ്ങൾ പ്രവേശിച്ചുകഴിഞ്ഞാൽ ആ ദേശവും ശബത്ത് ആചരിക്കണം. ആറു വർഷം നിലം വിതച്ചും മുന്തിരിത്തല മുറിച്ചൊരുക്കിയും നിങ്ങൾ വിളവെടുത്തുകൊള്ളുക. ഏഴാം വർഷം ഭൂമിക്ക് പൂർണവിശ്രമം ലഭിക്കേണ്ട ശബത്താണ്; സർവേശ്വരന്റെ ശബത്തു തന്നെ. നിലം കൃഷി ചെയ്യുകയോ, മുന്തിരിത്തല മുറിക്കുകയോ അരുത്; നിലത്തിൽ താനേ വിളയുന്നവപോലും കൊയ്യരുത്; വള്ളിത്തല മുറിക്കാത്ത മുന്തിരിച്ചെടിയുടെ ഫലം ശേഖരിക്കുകയുമരുത്. ആ വർഷം നിലത്തിനു പൂർണവിശ്രമം നല്‌കണം. വിശ്രമവർഷമാണെങ്കിലും, നിങ്ങൾക്കും നിങ്ങളുടെ ദാസീദാസന്മാർക്കും കൂലിക്കാർക്കും നിങ്ങളുടെ ഇടയിൽ നിവസിക്കുന്ന പരദേശികൾക്കും നിങ്ങളുടെ നാട്ടുമൃഗങ്ങൾക്കും കാട്ടുമൃഗങ്ങൾക്കുമുള്ള ഭക്ഷണം നിങ്ങളുടെ നിലം ഉൽപാദിപ്പിച്ചുകൊള്ളും. ഏഴു സംവത്സരത്തേക്ക് ഒരു ശബത്ത് എന്ന കണക്കിൽ ഏഴു തവണ കഴിയുമ്പോൾ നാല്പത്തിഒമ്പതു വർഷമാകും. അതുകഴിഞ്ഞ് പാപപരിഹാരദിവസമായ ഏഴാം മാസം പത്താം ദിവസം ദേശത്തെല്ലായിടത്തും അത്യുച്ചത്തിൽ കാഹളം മുഴക്കണം. അമ്പതാം വർഷത്തെ വിശുദ്ധീകരിക്കണം. ദേശനിവാസികൾക്കെല്ലാം സ്വാതന്ത്ര്യം പ്രഖ്യാപിക്കണം. ഓരോരുത്തനും സ്വന്തം അവകാശഭൂമിയിലേക്കും സ്വന്തംകുടുംബത്തിലേക്കും തിരിച്ചു പോകുന്ന നിങ്ങളുടെ ജൂബിലിവർഷമാകുന്നു. ഓരോ അമ്പതാം വർഷവും നിങ്ങൾക്കു ജൂബിലിവർഷമാണ്. ആ വർഷം നിങ്ങൾ വിതയ്‍ക്കരുത്; താനേ വിളയുന്നതു കൊയ്യുകയോ, വള്ളിത്തല മുറിക്കാത്ത മുന്തിരിയുടെ ഫലം ശേഖരിക്കുകയോ അരുത്. കാരണം അതു ജൂബിലിവർഷമാണ്. അതു നിങ്ങൾക്കു വിശുദ്ധമായിരിക്കണം. നിങ്ങളുടെ ഭക്ഷണത്തിനു വേണ്ടതു ഭൂമിയിൽനിന്നു ലഭിച്ചുകൊള്ളും. ഈ ജൂബിലിവർഷം നിങ്ങൾ ഓരോരുത്തരും അവനവന്റെ അവകാശഭൂമിയിലേക്കു തിരിച്ചുവരണം. അയൽക്കാരനുമായുള്ള വ്യാപാരബന്ധത്തിൽ അന്യായമായി ഒന്നും ഉണ്ടാകരുത്. അടുത്ത ജൂബിലിവരെയുള്ള വർഷങ്ങൾ കണക്കാക്കി വില നിശ്ചയിച്ചു വാങ്ങുകയും വിളവെടുക്കാവുന്ന വർഷങ്ങൾക്കനുസരിച്ചു വിൽക്കുകയും ചെയ്യണം. കൂടുതൽ വർഷങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ വില കൊടുക്കണം; കുറവാണെങ്കിൽ വിലയും കുറയ്‍ക്കണം. എടുക്കാവുന്ന വിളവുകളുടെ എണ്ണമനുസരിച്ചു വില നിശ്ചയിക്കണം. നിങ്ങളുടെ ഇടപാടുകളിൽ അനീതി കടന്നുകൂടരുത്. നിന്റെ ദൈവത്തെ ഭയപ്പെടുക; ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു. അതുകൊണ്ട് എന്റെ ചട്ടങ്ങളും വിധികളും പാലിക്കുക. അങ്ങനെ ചെയ്താൽ നിങ്ങൾ ദേശത്തു സുരക്ഷിതരായിരിക്കും. ഭൂമി ഫലം തരും; നിങ്ങൾ ഭക്ഷിച്ചു തൃപ്തരാകും. നിങ്ങൾ സുരക്ഷിതരായി വസിക്കുകയും ചെയ്യും. ഏഴാം വർഷം വിതയോ കൊയ്ത്തോ ഇല്ലാതെ എന്തു ഭക്ഷിക്കും എന്നു നിങ്ങൾ ചോദിച്ചേക്കാം. ആറാം വർഷം ഞാൻ നിങ്ങളുടെമേൽ അനുഗ്രഹം അയയ്‍ക്കും; മൂന്നു വർഷത്തേക്കു വേണ്ട വിളവു നിങ്ങൾക്കു ലഭിക്കും. എട്ടാം വർഷം വിതയ്‍ക്കുമ്പോഴും പഴയ വിളവിൽനിന്നു നിങ്ങൾക്കു ഭക്ഷിക്കാം; ഒൻപതാം വർഷം പുതിയ വിളവ് ആകുന്നതുവരെ അതു നിങ്ങൾക്കു മതിയാകും. നിലത്തിന്റെ ജന്മാവകാശം വിൽക്കരുത്. കാരണം ഭൂമി എൻറേതാണ്. നിങ്ങൾ എന്റെ അടുക്കൽ വന്നു പാർക്കുന്ന അന്യരും പരദേശികളുമാകുന്നു.
LEVITICUS 25 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: LEVITICUS 25:1-23
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ