യഹോവ സീനായിപർവ്വതത്തിൽവച്ചു മോശെയോട് അരുളിച്ചെയ്തത്: “നീ യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഞാൻ നിങ്ങൾക്ക് തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം ദേശം യഹോവയ്ക്കു ശബ്ബത്ത് ആചരിക്കേണം. ആറു വർഷം നിന്‍റെ നിലം വിതയ്ക്കണം; അപ്രകാരം ആറു വർഷം നിന്‍റെ മുന്തിരിത്തോട്ടം വള്ളിത്തല മുറിച്ച് അനുഭവം എടുക്കേണം. ഏഴാം വർഷത്തിൽ ദേശത്തിന് സ്വസ്ഥതയുള്ള ശബ്ബത്തായ യഹോവയുടെ ശബ്ബത്ത് ആയിരിക്കേണം; നിന്‍റെ നിലം വിതയ്ക്കുകയും മുന്തിരിത്തോട്ടം വള്ളിത്തല മുറിക്കുകയും ചെയ്യരുത്. നിന്‍റെ കൊയ്ത്തിന്‍റെ പടു വിളവു കൊയ്യുകയും വള്ളിത്തല മുറിക്കാത്ത മുന്തിരിത്തോട്ടത്തിലെ പഴം പറിക്കുകയും അരുത്; അത് ദേശത്തിന് ശബ്ബത്ത് വർഷം ആകുന്നു. ദേശത്തിന്‍റെ ശബ്ബത്തിൽ തനിയെ വിളയുന്നതു നിങ്ങളുടെ ആഹാരമായിരിക്കണം; നിനക്കും നിന്‍റെ ദാസനും ദാസിക്കും കൂലിക്കാരനും നിന്നോടുകൂടെ പാർക്കുന്ന പരദേശിക്കും നിന്‍റെ കന്നുകാലിക്കും നിന്‍റെ ദേശത്തിലെ കാട്ടുമൃഗത്തിനും അതിന്‍റെ അനുഭവം ഒക്കെയും ആഹാരമായിരിക്കണം. “പിന്നെ ഏഴു ശബ്ബത്തുവർഷമായ ഏഴേഴുവർഷം എണ്ണേണം; അങ്ങനെ ഏഴു ശബ്ബത്തുവർഷമായ നാല്പത്തൊമ്പതു വർഷം കഴിയണം. അപ്പോൾ ഏഴാം മാസം പത്താം തീയതി മഹാധ്വനികാഹളം ധ്വനിപ്പിക്കേണം; പാപപരിഹാരദിവസത്തിൽ നിങ്ങൾ നിങ്ങളുടെ ദേശത്ത് എല്ലായിടവും കാഹളം ധ്വനിപ്പിക്കേണം. അമ്പതാം വർഷത്തെ ശുദ്ധീകരിച്ചു ദേശത്തെല്ലായിടവും സകലനിവാസികൾക്കും സ്വാതന്ത്ര്യം പ്രസിദ്ധമാക്കേണം; അത് നിങ്ങൾക്ക് യോബേൽ വർഷമായിരിക്കേണം: നിങ്ങൾ താന്താന്‍റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം; ഓരോരുത്തൻ താന്താന്‍റെ കുടുംബത്തിലേക്കും മടങ്ങിപ്പോകേണം. അമ്പതാം വർഷം നിങ്ങൾക്ക് യോബേൽ വർഷമായിരിക്കേണം; അതിൽ നിങ്ങൾ വിതയ്ക്കുകയോ തനിയെ മുളച്ചുവന്ന വിളവ് കൊയ്യുകയോ വള്ളിത്തല മുറിക്കാത്ത മുന്തിരിവള്ളിയുടെ പഴം പറിക്കുകയോ ചെയ്യരുത്. അത് യോബേൽവർഷം ആകുന്നു; അത് നിങ്ങൾക്ക് വിശുദ്ധമായിരിക്കേണം; ആ വർഷത്തെ അനുഭവം നിങ്ങൾ വയലിൽ നിന്നുതന്നെ എടുത്തു ഭക്ഷിക്കേണം. ഇങ്ങനെയുള്ള യോബേൽ വർഷത്തിൽ നിങ്ങൾ താന്താന്‍റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം. കൂട്ടുകാരന് എന്തെങ്കിലും വില്ക്കുകയോ കൂട്ടുകാരനോട് എന്തെങ്കിലും വാങ്ങുകയോ ചെയ്താൽ നിങ്ങൾ തമ്മിൽതമ്മിൽ അന്യായം ചെയ്യരുത്. യോബേൽ വർഷത്തിൻ്റെ ശേഷമുള്ള വർഷങ്ങളുടെ സംഖ്യക്ക് ഒത്തവണ്ണം നിന്‍റെ കൂട്ടുകാരനോട് വാങ്ങേണം; അനുഭവമുള്ള വർഷങ്ങളുടെ സംഖ്യക്ക് ഒത്തവണ്ണം അവൻ നിനക്കു വില്‍ക്കണം. വർഷങ്ങൾ ഏറിയിരുന്നാൽ വില ഉയർത്തണം; വർഷങ്ങൾ കുറഞ്ഞിരുന്നാൽ വില താഴ്ത്തണം; അനുഭവത്തിന്‍റെ കാലസംഖ്യക്ക് ഒത്തവണ്ണം അവൻ നിനക്കു വില്ക്കുന്നു. ആകയാൽ നിങ്ങൾ തമ്മിൽതമ്മിൽ അന്യായം ചെയ്യരുത്; നിന്‍റെ ദൈവത്തെ ഭയപ്പെടേണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. അതുകൊണ്ട് നിങ്ങൾ എന്‍റെ കല്പനകൾ അനുസരിച്ച് എന്‍റെ വിധികൾ പ്രമാണിച്ച് ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും. ഭൂമി അതിന്‍റെ ഫലം തരും; നിങ്ങൾ തൃപ്തിയായി ഭക്ഷിച്ച് അതിൽ നിർഭയം വസിക്കും. എന്നാൽ “ഏഴാം വർഷത്തിൽ ഞങ്ങൾ എന്ത് ഭക്ഷിക്കും? ഞങ്ങൾ വിതയ്ക്കുകയും ഞങ്ങളുടെ അനുഭവമെടുക്കുകയും ചെയ്യരുതല്ലോ” എന്നു നിങ്ങൾ പറയുന്നുവെങ്കിൽ ഞാൻ ആറാം വർഷത്തിൽ നിങ്ങൾക്ക് എന്‍റെ അനുഗ്രഹം അരുളുകയും അത് മൂന്നു വർഷത്തേക്കുള്ള അനുഭവം തരുകയും ചെയ്യും. എട്ടാം വർഷത്തിൽ നിങ്ങൾ വിതയ്ക്കുകയും ഒമ്പതാം വർഷംവരെ പഴയ അനുഭവംകൊണ്ട് ഉപജീവിക്കുകയും വേണം; അതിന്‍റെ അനുഭവം വരുന്നത് വരെ പഴയതുകൊണ്ട് ഉപജീവിച്ചുകൊള്ളണം. നിലം എന്നേക്കുമായി വില്‍ക്കരുത്; ദേശം എനിക്കുള്ളത് ആകുന്നു; നിങ്ങൾ എന്‍റെ അടുക്കൽ പരദേശികളും വന്നു പാർക്കുന്നവരും അത്രേ.
ലേവ്യ. 25 വായിക്കുക
കേൾക്കുക ലേവ്യ. 25
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ലേവ്യ. 25:1-23
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ