ലേവ്യാപുസ്തകം 13:1-8

ലേവ്യാപുസ്തകം 13:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത് എന്തെന്നാൽ: ഒരു മനുഷ്യന്റെ ത്വക്കിന്മേൽ തിണർപ്പോ ചുണങ്ങോ വെളുത്ത പുള്ളിയോ ഇങ്ങനെ കുഷ്ഠത്തിന്റെ വടു കണ്ടാൽ അവനെ പുരോഹിതനായ അഹരോന്റെ അടുക്കലോ പുരോഹിതന്മാരായ അവന്റെ പുത്രന്മാരിൽ ഒരുത്തന്റെ അടുക്കലോ കൊണ്ടുവരേണം. പുരോഹിതൻ ത്വക്കിന്മേൽ ഉള്ള വടു നോക്കേണം; വടുവിനകത്തുള്ള രോമം വെളുത്തതും വടു ത്വക്കിനെക്കാൾ കുഴിഞ്ഞതും ആയി കണ്ടാൽ അതു കുഷ്ഠലക്ഷണം; പുരോഹിതൻ അവനെ നോക്കി അശുദ്ധനെന്നു വിധിക്കേണം. അവന്റെ ത്വക്കിന്മേൽ പുള്ളി വെളുത്തതും ത്വക്കിനെക്കാളും കുഴിഞ്ഞിരിക്കാത്തതും അതിനകത്തുള്ള രോമം വെളുത്തിരിക്കാത്തതും ആയി കണ്ടാൽ പുരോഹിതൻ ആ ലക്ഷണമുള്ളവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം. ഏഴാം ദിവസം പുരോഹിതൻ അവനെ നോക്കേണം; വടു ത്വക്കിന്മേൽ പരക്കാതെ, കണ്ട സ്ഥിതിയിൽ നില്ക്കുന്നു എങ്കിൽ പുരോഹിതൻ രണ്ടാം പ്രാവശ്യം അവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം. ഏഴാം ദിവസം പുരോഹിതൻ അവനെ വീണ്ടും നോക്കേണം; വടു മങ്ങിയതായും ത്വക്കിന്മേൽ പരക്കാതെയും കണ്ടാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവൻ എന്നു വിധിക്കേണം; അതു ചുണങ്ങത്രേ. അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം. അവൻ ശുദ്ധീകരണത്തിനായി തന്നെത്താൻ പുരോഹിതനെ കാണിച്ചശേഷം ചുണങ്ങ് ത്വക്കിന്മേൽ അധികമായി പരന്നാൽ അവൻ പിന്നെയും തന്നെത്താൻ പുരോഹിതനെ കാണിക്കേണം. ചുണങ്ങു ത്വക്കിന്മേൽ പരക്കുന്നു എന്നു പുരോഹിതൻ കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠം തന്നെ.

ലേവ്യാപുസ്തകം 13:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “നിങ്ങൾ ആരുടെയെങ്കിലും ശരീരത്തിൽ കുഷ്ഠരോഗ ലക്ഷണം പോലെയുള്ള വീക്കമോ, തടിപ്പോ, വെളുത്ത പുള്ളിയോ കണ്ടാൽ അവനെ പുരോഹിതനായ അഹരോന്റെയോ അയാളുടെ പുത്രന്മാരായ പുരോഹിതന്മാരിൽ ആരുടെയെങ്കിലുമോ അടുക്കൽ കൊണ്ടുവരണം. പുരോഹിതൻ രോഗലക്ഷണം കണ്ട ഭാഗം പരിശോധിക്കണം. അവിടെയുള്ള രോമം വെളുത്തും ചുറ്റുമുള്ള ഭാഗത്തെക്കാൾ അവിടം കുഴിഞ്ഞും കണ്ടാൽ രോഗം കുഷ്ഠമാണ്. പരിശോധനയ്‍ക്കുശേഷം പുരോഹിതൻ അയാളെ അശുദ്ധനായി പ്രഖ്യാപിക്കണം. ആ ഭാഗം വെളുത്തതെങ്കിലും പാട് കുഴിയാതെയും രോമം വെളുക്കാതെയും കണ്ടാൽ പുരോഹിതൻ അയാളെ ഏഴു ദിവസത്തേക്കു മാറ്റി പാർപ്പിക്കണം. ഏഴാം ദിവസം പുരോഹിതൻ അയാളെ വീണ്ടും പരിശോധിക്കണം. രോഗം ത്വക്കിൽ വ്യാപിക്കാതെ പൂർവസ്ഥിതിയിൽ നില്‌ക്കുന്നു എന്നു ബോധ്യമായാൽ ഏഴു ദിവസത്തേക്കുകൂടി അയാളെ മാറ്റി പാർപ്പിക്കണം. എന്നാൽ ഏഴാം ദിവസം അയാളെ വീണ്ടും പരിശോധിക്കുമ്പോൾ പാണ്ട് ത്വക്കിൽ വ്യാപിക്കാതെ മങ്ങിയിരിക്കുന്നതായി കണ്ടാൽ അയാൾ ശുദ്ധിയുള്ളവനെന്നു പുരോഹിതൻ പ്രഖ്യാപിക്കണം. അത് ഒരു തടിപ്പു മാത്രമാണ്. അയാൾ വസ്ത്രം അലക്കി ശുദ്ധി പ്രാപിക്കണം. പരിശോധനയിൽ ശുദ്ധിയുള്ളവനെന്നു കണ്ടശേഷം തടിപ്പ് ത്വക്കിൽ വ്യാപിച്ചാൽ അയാൾ വീണ്ടും പുരോഹിതനെ സമീപിക്കണം. പരിശോധനയിൽ തടിപ്പ് ത്വക്കിൽ വ്യാപിച്ചിരിക്കുന്നതായി കണ്ടാൽ പുരോഹിതൻ അയാളെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു കുഷ്ഠംതന്നെ.

ലേവ്യാപുസ്തകം 13:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത് എന്തെന്നാൽ: “ഒരു മനുഷ്യന്‍റെ ത്വക്കിന്മേൽ തിണർപ്പോ ചുണങ്ങോ വെളുത്ത പുള്ളിയോ ഇങ്ങനെ കുഷ്ഠത്തിൻ്റെ വടു കണ്ടാൽ അവനെ പുരോഹിതനായ അഹരോന്‍റെ അടുക്കലോ പുരോഹിതന്മാരായ അവന്‍റെ പുത്രന്മാരിൽ ഒരുവന്‍റെ അടുക്കലോ കൊണ്ടുവരേണം. പുരോഹിതൻ ത്വക്കിന്മേൽ ഉള്ള വടു പരിശോധിക്കേണം; വടുവിനകത്തുള്ള രോമം വെളുത്തതും വടു ത്വക്കിനെക്കാൾ കുഴിഞ്ഞതും ആയി കണ്ടാൽ അത് കുഷ്ഠലക്ഷണം; പുരോഹിതൻ അവനെ പരിശോധിച്ച് അശുദ്ധനെന്നു വിധിക്കേണം. “അവന്‍റെ ത്വക്കിന്മേൽ ഉള്ള പുള്ളി വെളുത്തതും ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാത്തതും അതിനകത്തുള്ള രോമം വെളുത്തിരിക്കാത്തതും ആയി കണ്ടാൽ പുരോഹിതൻ ആ ലക്ഷണമുള്ളവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം. ഏഴാം ദിവസം പുരോഹിതൻ അവനെ പരിശോധിക്കേണം. വടു ത്വക്കിന്മേൽ പരക്കാതെ, കണ്ട സ്ഥിതിയിൽ നില്ക്കുന്നു എങ്കിൽ പുരോഹിതൻ രണ്ടാം പ്രാവശ്യം അവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം. ഏഴാം ദിവസം പുരോഹിതൻ അവനെ വീണ്ടും പരിശോധിക്കേണം; വടു മങ്ങിയതായും ത്വക്കിന്മേൽ പരക്കാതെയും കണ്ടാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവൻ എന്നു വിധിക്കേണം; അത് ചുണങ്ങത്രേ. അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കണം. അവൻ ശുദ്ധീകരണത്തിനായി തന്നെത്താൻ പുരോഹിതനെ കാണിച്ചശേഷം ചുണങ്ങ് ത്വക്കിന്മേൽ അധികമായി പരന്നാൽ അവൻ പിന്നെയും സ്വയം പുരോഹിതനെ കാണിക്കേണം. ചുണങ്ങു ത്വക്കിന്മേൽ പരക്കുന്നു എന്നു പുരോഹിതൻ കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അത് കുഷ്ഠം തന്നെ.

ലേവ്യാപുസ്തകം 13:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു എന്തെന്നാൽ: ഒരു മനുഷ്യന്റെ ത്വക്കിന്മേൽ തിണർപ്പോ ചുണങ്ങോ വെളുത്ത പുള്ളിയോ ഇങ്ങനെ കുഷ്ഠത്തിന്റെ വടു കണ്ടാൽ അവനെ പുരോഹിതനായ അഹരോന്റെ അടുക്കലോ പുരോഹിതന്മാരായ അവന്റെ പുത്രന്മാരിൽ ഒരുത്തന്റെ അടുക്കലോ കൊണ്ടുവരേണം. പുരോഹിതൻ ത്വക്കിന്മേൽ ഉള്ള വടു നോക്കേണം; വടുവിന്നകത്തുള്ള രോമം വെളുത്തതും വടു ത്വക്കിനെക്കാൾ കുഴിഞ്ഞതും ആയി കണ്ടാൽ അതു കുഷ്ഠലക്ഷണം; പുരോഹിതൻ അവനെ നോക്കി അശുദ്ധനെന്നു വിധിക്കേണം. അവന്റെ ത്വക്കിന്മേൽ പുള്ളി വെളുത്തതും ത്വക്കിനെക്കാളും കുഴിഞ്ഞിരിക്കാത്തതും അതിന്നകത്തുള്ള രോമം വെളുത്തിരിക്കാത്തതും ആയി കണ്ടാൽ പുരോഹിതൻ ആ ലക്ഷണമുള്ളവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടക്കേണം. ഏഴാം ദിവസം പുരോഹിതൻ അവനെ നോക്കേണം. വടു ത്വക്കിന്മേൽ പരക്കാതെ, കണ്ട സ്ഥിതിയിൽ നില്ക്കുന്നു എങ്കിൽ പുരോഹിതൻ രണ്ടാം പ്രാവശ്യം അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം. ഏഴാം ദിവസം പുരോഹിതൻ അവനെ വീണ്ടും നോക്കേണം; വടു മങ്ങിയതായും ത്വക്കിന്മേൽ പരക്കാതെയും കണ്ടാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവൻ എന്നു വിധിക്കേണം; അതു ചുണങ്ങത്രേ. അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം. അവൻ ശുദ്ധീകരണത്തിന്നായി തന്നെത്താൻ പുരോഹിതനെ കാണിച്ചശേഷം ചുണങ്ങു ത്വക്കിന്മേൽ അധികമായി പരന്നാൽ അവൻ പിന്നെയും തന്നെത്താൻ പുരോഹിതനെ കാണിക്കേണം. ചുണങ്ങു ത്വക്കിന്മേൽ പരക്കുന്നു എന്നു പുരോഹിതൻ കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠം തന്നേ.

ലേവ്യാപുസ്തകം 13:1-8 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ആരുടെയെങ്കിലും ത്വക്കിൽ ഗുരുതരമായ കുഷ്ഠമാകാവുന്ന വീക്കമോ ചുണങ്ങോ തെളിഞ്ഞപുള്ളിയോ ഉണ്ടെങ്കിൽ അയാളെ പുരോഹിതനായ അഹരോന്റെയോ അദ്ദേഹത്തിന്റെ പുത്രന്മാരിൽ ഒരു പുരോഹിതന്റെയോ അടുക്കൽ കൊണ്ടുപോകണം. പുരോഹിതൻ അയാളുടെ ത്വക്കിന്മേലുള്ള വടു പരിശോധിക്കണം, വടുവിന്മേലുള്ള രോമം വെളുപ്പായി കാണുകയും വടു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കയും ചെയ്താൽ അതു കുഷ്ഠലക്ഷണം. പുരോഹിതൻ പരിശോധിച്ച് ആ വ്യക്തിയെ ആചാരപരമായി അശുദ്ധമെന്നു വിധിക്കണം. അയാളുടെ ത്വക്കിലെ വടു വെളുത്തതും ത്വക്കിനെക്കാൾ കുഴിഞ്ഞല്ലാതെയും അതിനുള്ളിലെ രോമം വെളുത്തല്ലാതെയും കണ്ടാൽ പുരോഹിതൻ ആ വ്യക്തിയെ ഏഴുദിവസം തനിച്ചു പാർപ്പിക്കണം. ഏഴാംദിവസം പുരോഹിതൻ അയാളെ പരിശോധിക്കണം. വടു ത്വക്കിൽ പടരാതെയും മാറ്റമില്ലാതെയുമിരിക്കുന്നെങ്കിൽ അദ്ദേഹം അയാളെ ഏഴുദിവസത്തേക്കുകൂടെ തനിച്ചു പാർപ്പിക്കണം. ഏഴാംദിവസം പുരോഹിതൻ ആ മനുഷ്യനെ വീണ്ടും പരിശോധിക്കണം. വടു മങ്ങിയതായും ത്വക്കിൽ പടരാതിരിക്കുന്നതായും കണ്ടാൽ, പുരോഹിതൻ അയാളെ ശുദ്ധമെന്നു പ്രഖ്യാപിക്കണം. അതു വെറും ചുണങ്ങ് അത്രേ, ആ മനുഷ്യൻ തന്റെ വസ്ത്രം കഴുകണം, അയാൾ ശുദ്ധനാവും. ശുദ്ധീകരണത്തിനായി അയാൾ പുരോഹിതനു തന്നെത്തന്നെ കാണിച്ചശേഷം ചുണങ്ങ് വീണ്ടും അയാളുടെ ത്വക്കിൽ പടർന്നാൽ ആ വ്യക്തി വീണ്ടും പുരോഹിതന്റെ മുമ്പാകെ വരണം. പുരോഹിതൻ അയാളെ പരിശോധിക്കണം, ചുണങ്ങ് ത്വക്കിൽ പടർന്നിട്ടുണ്ടെങ്കിൽ അദ്ദേഹം അയാളെ അശുദ്ധനെന്നു വിധിക്കണം, അതു കുഷ്ഠംതന്നെ.