ലേവ്യ 13:1-8

ലേവ്യ 13:1-8 MCV

യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ആരുടെയെങ്കിലും ത്വക്കിൽ ഗുരുതരമായ കുഷ്ഠമാകാവുന്ന വീക്കമോ ചുണങ്ങോ തെളിഞ്ഞപുള്ളിയോ ഉണ്ടെങ്കിൽ അയാളെ പുരോഹിതനായ അഹരോന്റെയോ അദ്ദേഹത്തിന്റെ പുത്രന്മാരിൽ ഒരു പുരോഹിതന്റെയോ അടുക്കൽ കൊണ്ടുപോകണം. പുരോഹിതൻ അയാളുടെ ത്വക്കിന്മേലുള്ള വടു പരിശോധിക്കണം, വടുവിന്മേലുള്ള രോമം വെളുപ്പായി കാണുകയും വടു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കയും ചെയ്താൽ അതു കുഷ്ഠലക്ഷണം. പുരോഹിതൻ പരിശോധിച്ച് ആ വ്യക്തിയെ ആചാരപരമായി അശുദ്ധമെന്നു വിധിക്കണം. അയാളുടെ ത്വക്കിലെ വടു വെളുത്തതും ത്വക്കിനെക്കാൾ കുഴിഞ്ഞല്ലാതെയും അതിനുള്ളിലെ രോമം വെളുത്തല്ലാതെയും കണ്ടാൽ പുരോഹിതൻ ആ വ്യക്തിയെ ഏഴുദിവസം തനിച്ചു പാർപ്പിക്കണം. ഏഴാംദിവസം പുരോഹിതൻ അയാളെ പരിശോധിക്കണം. വടു ത്വക്കിൽ പടരാതെയും മാറ്റമില്ലാതെയുമിരിക്കുന്നെങ്കിൽ അദ്ദേഹം അയാളെ ഏഴുദിവസത്തേക്കുകൂടെ തനിച്ചു പാർപ്പിക്കണം. ഏഴാംദിവസം പുരോഹിതൻ ആ മനുഷ്യനെ വീണ്ടും പരിശോധിക്കണം. വടു മങ്ങിയതായും ത്വക്കിൽ പടരാതിരിക്കുന്നതായും കണ്ടാൽ, പുരോഹിതൻ അയാളെ ശുദ്ധമെന്നു പ്രഖ്യാപിക്കണം. അതു വെറും ചുണങ്ങ് അത്രേ, ആ മനുഷ്യൻ തന്റെ വസ്ത്രം കഴുകണം, അയാൾ ശുദ്ധനാവും. ശുദ്ധീകരണത്തിനായി അയാൾ പുരോഹിതനു തന്നെത്തന്നെ കാണിച്ചശേഷം ചുണങ്ങ് വീണ്ടും അയാളുടെ ത്വക്കിൽ പടർന്നാൽ ആ വ്യക്തി വീണ്ടും പുരോഹിതന്റെ മുമ്പാകെ വരണം. പുരോഹിതൻ അയാളെ പരിശോധിക്കണം, ചുണങ്ങ് ത്വക്കിൽ പടർന്നിട്ടുണ്ടെങ്കിൽ അദ്ദേഹം അയാളെ അശുദ്ധനെന്നു വിധിക്കണം, അതു കുഷ്ഠംതന്നെ.