ലേവ്യ. 13:1-8

ലേവ്യ. 13:1-8 IRVMAL

യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത് എന്തെന്നാൽ: “ഒരു മനുഷ്യന്‍റെ ത്വക്കിന്മേൽ തിണർപ്പോ ചുണങ്ങോ വെളുത്ത പുള്ളിയോ ഇങ്ങനെ കുഷ്ഠത്തിൻ്റെ വടു കണ്ടാൽ അവനെ പുരോഹിതനായ അഹരോന്‍റെ അടുക്കലോ പുരോഹിതന്മാരായ അവന്‍റെ പുത്രന്മാരിൽ ഒരുവന്‍റെ അടുക്കലോ കൊണ്ടുവരേണം. പുരോഹിതൻ ത്വക്കിന്മേൽ ഉള്ള വടു പരിശോധിക്കേണം; വടുവിനകത്തുള്ള രോമം വെളുത്തതും വടു ത്വക്കിനെക്കാൾ കുഴിഞ്ഞതും ആയി കണ്ടാൽ അത് കുഷ്ഠലക്ഷണം; പുരോഹിതൻ അവനെ പരിശോധിച്ച് അശുദ്ധനെന്നു വിധിക്കേണം. “അവന്‍റെ ത്വക്കിന്മേൽ ഉള്ള പുള്ളി വെളുത്തതും ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാത്തതും അതിനകത്തുള്ള രോമം വെളുത്തിരിക്കാത്തതും ആയി കണ്ടാൽ പുരോഹിതൻ ആ ലക്ഷണമുള്ളവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം. ഏഴാം ദിവസം പുരോഹിതൻ അവനെ പരിശോധിക്കേണം. വടു ത്വക്കിന്മേൽ പരക്കാതെ, കണ്ട സ്ഥിതിയിൽ നില്ക്കുന്നു എങ്കിൽ പുരോഹിതൻ രണ്ടാം പ്രാവശ്യം അവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം. ഏഴാം ദിവസം പുരോഹിതൻ അവനെ വീണ്ടും പരിശോധിക്കേണം; വടു മങ്ങിയതായും ത്വക്കിന്മേൽ പരക്കാതെയും കണ്ടാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവൻ എന്നു വിധിക്കേണം; അത് ചുണങ്ങത്രേ. അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കണം. അവൻ ശുദ്ധീകരണത്തിനായി തന്നെത്താൻ പുരോഹിതനെ കാണിച്ചശേഷം ചുണങ്ങ് ത്വക്കിന്മേൽ അധികമായി പരന്നാൽ അവൻ പിന്നെയും സ്വയം പുരോഹിതനെ കാണിക്കേണം. ചുണങ്ങു ത്വക്കിന്മേൽ പരക്കുന്നു എന്നു പുരോഹിതൻ കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അത് കുഷ്ഠം തന്നെ.