ലേവ്യ. 13
13
ത്വക്ക് രോഗങ്ങളെ സംബന്ധിച്ച ചട്ടങ്ങൾ
1യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത് എന്തെന്നാൽ: 2“ഒരു മനുഷ്യന്‍റെ ത്വക്കിന്മേൽ തിണർപ്പോ ചുണങ്ങോ വെളുത്ത പുള്ളിയോ ഇങ്ങനെ കുഷ്ഠത്തിൻ്റെ#13:2 കുഷ്ഠത്തിൻ്റെ ഗുരുതരമായ ത്വക്ക് രോഗം വടു കണ്ടാൽ അവനെ പുരോഹിതനായ അഹരോന്‍റെ അടുക്കലോ പുരോഹിതന്മാരായ അവന്‍റെ പുത്രന്മാരിൽ ഒരുവന്‍റെ അടുക്കലോ കൊണ്ടുവരേണം. 3പുരോഹിതൻ ത്വക്കിന്മേൽ ഉള്ള വടു പരിശോധിക്കേണം; വടുവിനകത്തുള്ള രോമം വെളുത്തതും വടു ത്വക്കിനെക്കാൾ കുഴിഞ്ഞതും ആയി കണ്ടാൽ അത് കുഷ്ഠലക്ഷണം; പുരോഹിതൻ അവനെ പരിശോധിച്ച് അശുദ്ധനെന്നു വിധിക്കേണം.
4“അവന്‍റെ ത്വക്കിന്മേൽ ഉള്ള പുള്ളി വെളുത്തതും ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാത്തതും അതിനകത്തുള്ള രോമം വെളുത്തിരിക്കാത്തതും ആയി കണ്ടാൽ പുരോഹിതൻ ആ ലക്ഷണമുള്ളവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം. 5ഏഴാം ദിവസം പുരോഹിതൻ അവനെ പരിശോധിക്കേണം. വടു ത്വക്കിന്മേൽ പരക്കാതെ, കണ്ട സ്ഥിതിയിൽ നില്ക്കുന്നു എങ്കിൽ പുരോഹിതൻ രണ്ടാം പ്രാവശ്യം അവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം. 6ഏഴാം ദിവസം പുരോഹിതൻ അവനെ വീണ്ടും പരിശോധിക്കേണം; വടു മങ്ങിയതായും ത്വക്കിന്മേൽ പരക്കാതെയും#13:6 പരക്കാതെയുംവ്യാപിക്കുക. കണ്ടാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവൻ എന്നു വിധിക്കേണം; അത് ചുണങ്ങത്രേ. അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കണം. 7അവൻ ശുദ്ധീകരണത്തിനായി തന്നെത്താൻ പുരോഹിതനെ കാണിച്ചശേഷം ചുണങ്ങ് ത്വക്കിന്മേൽ അധികമായി പരന്നാൽ അവൻ പിന്നെയും സ്വയം പുരോഹിതനെ കാണിക്കേണം. 8ചുണങ്ങു ത്വക്കിന്മേൽ പരക്കുന്നു എന്നു പുരോഹിതൻ കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അത് കുഷ്ഠം തന്നെ.
9“കുഷ്ഠത്തിൻ്റെ ലക്ഷണം ഒരു മനുഷ്യനിൽ ഉണ്ടായാൽ അവനെ പുരോഹിതന്‍റെ അടുക്കൽ കൊണ്ടുവരേണം. 10പുരോഹിതൻ അവനെ പരിശോധിക്കേണം; ത്വക്കിന്മേൽ വെളുത്ത തിണർപ്പുണ്ടായിരിക്കുകയും#13:10 തിണർപ്പു തടിപ്പ്, ചെറിയമുഴ. അതിലെ രോമം വെളുത്തിരിക്കുകയും തിണർപ്പിൽ പച്ചമാംസത്തിൻ്റെ ലക്ഷണം ഉണ്ടായിരിക്കുകയും ചെയ്താൽ 11അത് അവന്‍റെ ത്വക്കിൽ പഴകിയ കുഷ്ഠം ആകുന്നു; പുരോഹിതൻ അവനെ അശുദ്ധൻ എന്നു വിധിക്കേണം; അവൻ അശുദ്ധനായതുകൊണ്ട് അവനെ അകത്താക്കി അടക്കരുത്.
12കുഷ്ഠം ത്വക്കിൽ അധികമായി പരന്നു രോഗിയുടെ തലതൊട്ടു കാൽവരെ പുരോഹിതൻ കാണുന്നേടത്തൊക്കെയും വടു ത്വക്കിൽ ആസകലം മൂടിയിരിക്കുന്നു എങ്കിൽ പുരോഹിതൻ പരിശോധിക്കേണം; 13കുഷ്ഠം അവന്‍റെ ദേഹത്തെ മുഴുവനും മൂടിയിരുന്നാൽ പുരോഹിതൻ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; ആസകലം വെള്ളയായി തീർന്നു; അവൻ ശുദ്ധിയുള്ളവൻ ആകുന്നു. 14എന്നാൽ പച്ചമാംസം അവനിൽ കണ്ടാൽ അവൻ അശുദ്ധൻ. 15പുരോഹിതൻ പച്ചമാംസം പരിശോധിച്ച് അവനെ അശുദ്ധനെന്നു വിധിക്കേണം. പച്ചമാംസം അശുദ്ധം; അത് കുഷ്ഠം തന്നെ. 16എന്നാൽ പച്ചമാംസം മാറി വീണ്ടും വെള്ളയായി തീർന്നാൽ അവൻ പുരോഹിതന്‍റെ അടുക്കൽ വരേണം. 17പുരോഹിതൻ അവനെ പരിശോധിക്കേണം; വടു വെള്ളയായി തീർന്നു എങ്കിൽ പുരോഹിതൻ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവൻ ശുദ്ധിയുള്ളവൻ തന്നെ.
18“ദേഹത്തിൻ്റെ ത്വക്കിൽ പരുവുണ്ടായിരുന്നിട്ട് 19സൗഖ്യമായശേഷം പരുവിൻ്റെ സ്ഥലത്തു വെളുത്ത തിണർപ്പോ ചുവപ്പോടുകൂടിയ വെളുത്ത പുള്ളിയോ ഉണ്ടായാൽ അത് പുരോഹിതനെ കാണിക്കേണം. 20പുരോഹിതൻ അത് നോക്കണം; അത് ത്വക്കിനെക്കാൾ കുഴിഞ്ഞതും അതിലെ രോമം വെളുത്തതുമായി കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അത് പരുവിൽനിന്നുണ്ടായ കുഷ്ഠരോഗം. 21എന്നാൽ പുരോഹിതൻ അത് പരിശോധിച്ച് അതിൽ വെളുത്തരോമം ഇല്ലാതെയും അത് ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാൽ പുരോഹിതൻ അവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം. 22അത് ത്വക്കിന്മേൽ അധികം പരന്നാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അത് കുഷ്ഠലക്ഷണം തന്നെ. 23എന്നാൽ വെളുത്ത പുള്ളി പരക്കാതെ, കണ്ട നിലയിൽത്തന്നെ നിന്നു എങ്കിൽ അത് പരുവിൻ്റെ വടു അത്രേ. പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം.
24“അല്ലെങ്കിൽ ദേഹത്തിൻ്റെ ത്വക്കിൽ തീപ്പൊള്ളൽ ഉണ്ടായി പൊള്ളലിൻ്റെ വടു ചുവപ്പോടുകൂടി വെളുത്തോ വെളുത്തു തന്നെയോ ഇരിക്കുന്ന പുള്ളിയായിത്തീർന്നാൽ 25പുരോഹിതൻ അത് പരിശോധിക്കേണം; പുള്ളിയിലെ രോമം വെള്ളയായി തീർന്നു ത്വക്കിനെക്കാൾ കുഴിഞ്ഞുകണ്ടാൽ പൊള്ളലിൽ ഉണ്ടായ കുഷ്ഠം; ആകയാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അത് കുഷ്ഠലക്ഷണം തന്നെ. 26എന്നാൽ പുരോഹിതൻ അത് പരിശോധിച്ചിട്ട് പുള്ളിയിൽ വെളുത്തരോമം ഇല്ലാതെയും അത് ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാൽ പുരോഹിതൻ അവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം. 27ഏഴാം ദിവസം പുരോഹിതൻ അവനെ പരിശോധിക്കേണം: അത് ത്വക്കിന്മേൽ പരന്നിരുന്നാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അത് കുഷ്ഠലക്ഷണം തന്നെ. 28എന്നാൽ പുള്ളി ത്വക്കിന്മേൽ പരക്കാതെ, കണ്ട നിലയിൽ തന്നെ നില്‍ക്കുകയും നിറം മങ്ങിയിരിക്കുകയും ചെയ്താൽ അത് തീപ്പൊള്ളലിൻ്റെ തിണർപ്പ് ആകുന്നു; പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അത് തീപ്പൊള്ളലിൻ്റെ തിണർപ്പാകുന്നു.
29“ഒരു പുരുഷനെങ്കിലും ഒരു സ്ത്രീക്കെങ്കിലും തലയിലോ താടിയിലോ ഒരു വടു ഉണ്ടായാൽ പുരോഹിതൻ വടു പരിശോധിക്കേണം. 30അത് ത്വക്കിനെക്കാൾ കുഴിഞ്ഞും അതിൽ പൊൻനിറമായ നേർമ്മയുള്ള രോമം ഉള്ളതായും കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അത് പുറ്റാകുന്നു; തലയിലോ താടിയിലോ ഉള്ള കുഷ്ഠം തന്നെ. 31പുരോഹിതൻ പുറ്റിൻ്റെ വടുവ് പരിശോധിക്കുമ്പോൾ അത് ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും അതിൽ കറുത്ത രോമം ഇല്ലാതെയും കണ്ടാൽ പുരോഹിതൻ പുറ്റുവടുവുള്ളവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം. 32ഏഴാം ദിവസം പുരോഹിതൻ വടുവ് പരിശോധിക്കേണം; പുറ്റു പരക്കാതെയും അതിൽ പൊൻനിറമുള്ള രോമം ഇല്ലാതെയും പുറ്റ് ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും ഇരുന്നാൽ അവൻ ക്ഷൗരം ചെയ്യിക്കേണം; 33എന്നാൽ പുറ്റിൽ ക്ഷൗരം ചെയ്യരുത്; പുരോഹിതൻ പുറ്റുള്ളവനെ പിന്നെയും ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം. 34ഏഴാം ദിവസം പുരോഹിതൻ പുറ്റു പരിശോധിക്കേണം; പുറ്റു ത്വക്കിന്മേൽ പരക്കാതെയും കാഴ്ചക്ക് ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും ഇരുന്നാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കണം. 35എന്നാൽ അവന്‍റെ ശുദ്ധീകരണത്തിന്റെ ശേഷം പുറ്റു ത്വക്കിന്മേൽ പരന്നാൽ 36പുരോഹിതൻ അവനെ പരിശോധിക്കേണം; പുറ്റു ത്വക്കിന്മേൽ വ്യാപിച്ചാൽ പുരോഹിതൻ പൊൻനിറമുള്ള രോമം അന്വേഷിക്കേണ്ടാ; അവൻ അശുദ്ധൻ തന്നെ. 37എന്നാൽ പുറ്റു കണ്ട നിലയിൽ തന്നെ നില്‍ക്കുന്നതായും അതിൽ കറുത്ത രോമം മുളച്ചതായും കണ്ടാൽ പുറ്റു സൗഖ്യമായി; അവൻ ശുദ്ധിയുള്ളവൻ; പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം.
38“ഒരു പുരുഷനോ സ്ത്രീക്കോ ദേഹത്തിൻ്റെ ത്വക്കിൽ വെളുത്ത പുള്ളി ഉണ്ടായാൽ 39പുരോഹിതൻ പരിശോധിക്കേണം; ദേഹത്തിൻ്റെ ത്വക്കിൽ മങ്ങിയ വെള്ളപ്പുള്ളി ഉണ്ടായാൽ അത് ത്വക്കിൽ ഉണ്ടാകുന്ന ചുണങ്ങ്; അവൻ ശുദ്ധിയുള്ളവൻ.
40“തലമുടി കൊഴിഞ്ഞവനോ കഷണ്ടിക്കാരനത്രേ; അവൻ ശുദ്ധിയുള്ളവൻ. 41തലയിൽ മുൻവശത്തെ രോമം കൊഴിഞ്ഞവൻ മുൻകഷണ്ടിക്കാരൻ; അവൻ ശുദ്ധിയുള്ളവൻ. 42പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ചുവപ്പോടുകൂടിയ വെള്ളപ്പുള്ളിയുണ്ടായാൽ അത് അവന്‍റെ പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ഉത്ഭവിക്കുന്ന കുഷ്ഠം. 43പുരോഹിതൻ അത് പരിശോധിക്കേണം; അവന്‍റെ പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ത്വക്കിൽ കുഷ്ഠത്തിൻ്റെ കാഴ്ചപോലെ വടുവിൻ്റെ തിണർപ്പ് ചുവപ്പോടുകൂടി വെളുത്തതായിരുന്നാൽ അവൻ കുഷ്ഠരോഗി; 44അവൻ അശുദ്ധൻ തന്നെ; പുരോഹിതൻ അവനെ അശുദ്ധൻ എന്നു തീർത്തു വിധിക്കേണം; അവനു തലയിൽ കുഷ്ഠരോഗം ഉണ്ട്.
45“വടുവുള്ള കുഷ്ഠരോഗിയുടെ വസ്ത്രം കീറിക്കളയേണം: അവന്‍റെ തല മൂടാതിരിക്കേണം; അവൻ അധരം മൂടിക്കൊണ്ടിരിക്കയും#13:45 അവൻ അധരം മൂടിക്കൊണ്ടിരിക്കയും അവൻ മേൽച്ചുണ്ട് മൂടുകയും എന്നുമാകാം (ന്യൂ കിംഗ് ജെയിംസ് വേർഷൻ). അശുദ്ധൻ അശുദ്ധൻ എന്നു വിളിച്ചുപറയുകയും വേണം. 46അവനു രോഗം ഉള്ള നാൾ ഒക്കെയും അവൻ അശുദ്ധനായിരിക്കേണം; അവൻ അശുദ്ധൻ തന്നെ; അവൻ എകനായി താമസിക്കേണം; അവന്‍റെ താമസം പാളയത്തിനു പുറത്തായിരിക്കേണം.
47“ആട്ടുരോമവസ്ത്രമോ ചണവസ്ത്രമോ ആയ ഏതു വസ്ത്രത്തിലെങ്കിലും 48ചണംകൊണ്ടോ ആട്ടുരോമംകൊണ്ടോ ഉള്ള പാവിൽ എങ്കിലും ഊടയിലെങ്കിലും തോലിലെങ്കിലും തോൽകൊണ്ടു ഉണ്ടാക്കിയ യാതൊരു സാധനത്തിൽ എങ്കിലും 49കുഷ്ഠത്തിൻ്റെ വടുവായി വസ്ത്രത്തിൽ എങ്കിലും തോലിലെങ്കിലും പാവിലെങ്കിലും ഊടയിലെങ്കിലും തോൽകൊണ്ടുള്ള യാതൊരു സാധനത്തിലെങ്കിലും വടു ഇളം പച്ചയോ ഇളം ചുവപ്പോ ആയിരുന്നാൽ അത് കുഷ്ഠലക്ഷണം ആകുന്നു; അത് പുരോഹിതനെ കാണിക്കേണം. 50പുരോഹിതൻ വടു പരിശോധിച്ച് വടുവുള്ളതിനെ ഏഴു ദിവസത്തേക്ക് അകത്തിട്ട് അടയ്ക്കേണം. 51അവൻ ഏഴാം ദിവസം വടു പരിശോധിക്കേണം; വസ്ത്രത്തിലോ പാവിലോ ഊടയിലോ തോലിലോ തോൽകൊണ്ട് ഉണ്ടാക്കിയ യാതൊരു വസ്തുവിലോ വടു വ്യാപിച്ചിട്ടുണ്ടെങ്കിൽ ആ വടു കഠിന കുഷ്ഠം; അത് അശുദ്ധമാകുന്നു. 52വടുവുള്ള സാധനം ആട്ടിൻരോമംകൊണ്ടോ ചണംകൊണ്ടോ ഉള്ള വസ്ത്രമോ പാവോ ഊടയോ തോൽകൊണ്ടുള്ള യാതൊന്നെങ്കിലുമോ ആയിരുന്നാലും അത് ചുട്ടുകളയേണം; അത് കഠിന കുഷ്ഠം; അത് തീയിൽ ഇട്ടു ചുട്ടുകളയേണം. 53എന്നാൽ പുരോഹിതൻ അത് പരിശോധിക്കുമ്പോൾ വടു വസ്ത്രത്തിലോ പാവിലോ ഊടയിലോ തോൽകൊണ്ടുള്ള യാതൊരു സാധനത്തിലോ പരന്നിട്ടില്ല എങ്കിൽ 54പുരോഹിതൻ വടുവുള്ള സാധനം കഴുകുവാൻ കല്പിക്കേണം; അത് പിന്നെയും ഏഴു ദിവസത്തേക്ക് അകത്തിട്ട് അടയ്ക്കേണം. 55കഴുകിയശേഷം പുരോഹിതൻ വടു പരിശോധിക്കേണം: വടു നിറം മാറാതെയും പരക്കാതെയും ഇരുന്നാൽ അത് അശുദ്ധം ആകുന്നു; അത് തീയിൽ ഇട്ടു ചുട്ടുകളയേണം; അത് അതിന്‍റെ അകത്തോ പുറത്തോ തിന്നെടുക്കുന്ന വ്രണം. 56പിന്നെ പുരോഹിതൻ പരിശോധിക്കേണം; കഴുകിയശേഷം വടുവിൻ്റെ നിറം മങ്ങി എങ്കിൽ അവൻ അതിനെ വസ്ത്രത്തിൽനിന്നോ തോലിൽനിന്നോ പാവിൽനിന്നോ ഊടയിൽനിന്നോ കീറിക്കളയേണം. 57അത് വസ്ത്രത്തിലോ പാവിലോ ഊടയിലോ തോൽകൊണ്ടുള്ള യാതൊരു സാധനത്തിലോ കാണുന്നു എങ്കിൽ അത് പടരുന്നതാകുന്നു; വടുവുള്ളതു തീയിൽ ഇട്ടു ചുട്ടുകളയേണം. 58എന്നാൽ വസ്ത്രമോ പാവോ ഊടയോ തോൽകൊണ്ടുള്ള യാതൊരു സാധനമോ കഴുകിയശേഷം വടു അവയിൽ നിന്നു നീങ്ങിപ്പോയി എങ്കിൽ അത് രണ്ടാം പ്രാവശ്യം കഴുകേണം; അപ്പോൾ അത് ശുദ്ധമാകും.
59”ആട്ടുരോമമോ ചണമോ കൊണ്ടുള്ള വസ്ത്രത്തിൽ എങ്കിലും പാവിൽ എങ്കിലും ഊടയിൽ എങ്കിലും തോൽകൊണ്ടുള്ള യാതൊന്നിലെങ്കിലും ഉള്ള കുഷ്ഠത്തിൻ്റെ വടുവിനെക്കുറിച്ച് അത് ശുദ്ധമെന്നോ അശുദ്ധമെന്നോ വിധിക്കുവാനുള്ള പ്രമാണം ഇതുതന്നെ.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ലേവ്യ. 13: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
![None](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Fml.png&w=128&q=75)
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.