വിലാപങ്ങൾ 2:11-19
വിലാപങ്ങൾ 2:11-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ജനത്തിൻപുത്രിയുടെ നാശംനിമിത്തം ഞാൻ കണ്ണുനീർ വാർത്ത് കണ്ണു മങ്ങിപ്പോകുന്നു; എന്റെ ഉള്ളം കലങ്ങി കരൾ നിലത്തു ചൊരിഞ്ഞുവീഴുന്നു; പൈതങ്ങളും ശിശുക്കളും നഗരവീഥികളിൽ തളർന്നുകിടക്കുന്നു. അവർ നിഹതന്മാരെപ്പോലെ നഗരവീഥികളിൽ തളർന്നുകിടക്കുമ്പോഴും അമ്മമാരുടെ മാർവിൽവച്ച് പ്രാണൻ വിടുമ്പോഴും ആഹാരവും വീഞ്ഞും എവിടെ എന്ന് അമ്മമാരോടു ചോദിക്കുന്നു. യെരൂശലേംപുത്രിയേ, ഞാൻ നിന്നോട് എന്തു സാക്ഷീകരിക്കേണ്ടൂ? എന്തൊന്നിനെ നിന്നോടു സദൃശമാക്കേണ്ടൂ? സീയോൻപുത്രിയായ കന്യകേ, ഞാൻ നിന്നെ ആശ്വസിപ്പിപ്പാൻ എന്തൊന്ന് നിന്നോടുപമിക്കേണ്ടൂ? നിന്റെ മുറിവ് സമുദ്രംപോലെ വലുതായിരിക്കുന്നു; ആർ നിനക്കു സൗഖ്യം വരുത്തും? നിന്റെ പ്രവാചകന്മാർ നിനക്കു ഭോഷത്തവും വ്യാജവും ദർശിച്ചിരിക്കുന്നു; അവർ നിന്റെ പ്രവാസം മാറ്റുവാൻ തക്കവണ്ണം നിന്റെ അകൃത്യം വെളിപ്പെടുത്താതെ വ്യാജവും പ്രവാസകാരണവുമായ പ്രവാചകം ദർശിച്ചിരിക്കുന്നു. കടന്നുപോകുന്ന ഏവരും നിന്നെ നോക്കി കൈ കൊട്ടുന്നു; അവർ യെരൂശലേംപുത്രിയെച്ചൊല്ലി ചൂളകുത്തി തലകുലുക്കി: സൗന്ദര്യപൂർത്തി എന്നും സർവമഹീതലമോദം എന്നും വിളിച്ചുവന്ന നഗരം ഇതു തന്നെയോ എന്നു ചോദിക്കുന്നു. നിന്റെ ശത്രുക്കളൊക്കെയും നിന്റെ നേരേ വായ് പിളർക്കുന്നു; അവർ ചൂളകുത്തി, പല്ലുകടിച്ചു: നാം അവളെ വിഴുങ്ങിക്കളഞ്ഞു. നാം കാത്തിരുന്ന ദിവസം ഇതു തന്നെ, നമുക്കു സാധ്യമായി നാം കണ്ടു രസിപ്പാൻ ഇടയായല്ലോ എന്നു പറയുന്നു. യഹോവ നിർണയിച്ചത് അനുഷ്ഠിച്ചിരിക്കുന്നു; പുരാതനകാലത്ത് അരുളിച്ചെയ്തതു നിവർത്തിച്ചിരിക്കുന്നു. കരുണകൂടാതെ അവൻ ഇടിച്ചുകളഞ്ഞു; അവൻ ശത്രുവിനെ നിന്നെച്ചൊല്ലി സന്തോഷിപ്പിച്ചു വൈരികളുടെ കൊമ്പ് ഉയർത്തിയിരിക്കുന്നു. അവരുടെ ഹൃദയം കർത്താവിനോടു നിലവിളിച്ചു; സീയോൻപുത്രിയുടെ മതിലേ, രാവും പകലും ഓലോല കണ്ണുനീരൊഴുക്കുക; നിനക്കു തന്നെ സ്വസ്ഥത നല്കരുത്; നിന്റെ കൺമണി വിശ്രമിക്കയുമരുത്. രാത്രിയിൽ, യാമാരംഭത്തിങ്കൽ എഴുന്നേറ്റു നിലവിളിക്ക; നിന്റെ ഹൃദയത്തെ വെള്ളംപോലെ കർത്തൃസന്നിധിയിൽ പകരുക; വീഥികളുടെ തലയ്ക്കലൊക്കെയും വിശപ്പുകൊണ്ടു തളർന്നുകിടക്കുന്ന നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷയ്ക്കായി അവങ്കലേക്കു കൈ മലർത്തുക.
വിലാപങ്ങൾ 2:11-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ കണ്ണു കരഞ്ഞു കരഞ്ഞു താണിരിക്കുന്നു; എന്റെ അന്തരംഗം അസ്വസ്ഥമായിരിക്കുന്നു; എന്റെ ജനത്തിന്റെ നാശവും നഗരവീഥികളിൽ കുഞ്ഞുകുട്ടികൾ വാടിത്തളർന്നു കിടക്കുന്നതും എന്റെ ഹൃദയത്തെ തളർത്തുന്നു. ക്ഷതമേറ്റവരെപ്പോലെ നഗരവീഥികളിൽ തളർന്നു വീഴുമ്പോഴും മാതാക്കളുടെ മടിയിൽക്കിടന്ന് ഇഞ്ചിഞ്ചായി മരിക്കുമ്പോഴും അവർ അമ്മമാരോട് അപ്പവും വീഞ്ഞും ചോദിക്കുന്നു. യെരൂശലേമേ, നിന്നോടു ഞാൻ എന്തു പറയും? എന്തിനോടു നിന്നെ തുലനം ചെയ്യും? നിന്നെ ആശ്വസിപ്പിക്കാൻ ഞാൻ ഏതൊന്നിനോടു നിന്നെ സാമ്യപ്പെടുത്തും? നിന്റെ മുറിവു സമുദ്രംപോലെ ആഴമേറിയത്. നിന്നെ സുഖപ്പെടുത്താൻ ആർക്കു കഴിയും? നിന്റെ പ്രവാചകന്മാരുടെ ദർശനം വ്യാജവും ഭോഷത്തവുമായിരുന്നു. നിന്റെ പ്രവാസം ഒഴിവാക്കത്തക്കവിധം അവർ നിന്റെ അകൃത്യം വെളിപ്പെടുത്തിയില്ല. അവരുടെ അരുളപ്പാടുകൾ വ്യാജവും വഞ്ചനാപരവുമായിരുന്നു. കടന്നുപോകുന്നവരെല്ലാം നിന്നെ നോക്കി കൈ കൊട്ടുന്നു; അവർ യെരൂശലേമിനെ നോക്കി നിന്ദിച്ചു തല കുലുക്കുന്നു. സൗന്ദര്യപരിപൂർത്തിയുടെ സാക്ഷാത്കാരമെന്നും സർവലോകത്തിന്റെയും ആനന്ദമെന്നും വിളിക്കപ്പെട്ടിരുന്ന നഗരം ഇതു തന്നെയോ? നിന്റെ ശത്രുക്കളെല്ലാം നിന്നെ പരിഹസിച്ചു നിന്ദയോടെ നോക്കുന്നു; നാം അവളെ നശിപ്പിച്ചു; നാം കാത്തിരുന്ന ദിവസം ഇതുതന്നെ, ഇതു കാണാൻ നമുക്കു സാധിച്ചല്ലോ എന്നവർ പറയുന്നു. സർവേശ്വരൻ നിശ്ചയിച്ചതു നടപ്പാക്കിയിരിക്കുന്നു. പണ്ട് അവിടുന്ന് അരുളിച്ചെയ്തതു നിറവേറ്റിയിരിക്കുന്നു. അവിടുന്നു നിഷ്ക്കരുണം നിന്നെ നശിപ്പിച്ചു; ശത്രു നിന്നെ ചൊല്ലി രസിക്കാൻ ഇടയാക്കി. അവിടുന്നു ശത്രുവിന്റെ ശക്തി വർധിപ്പിച്ചു. യെരൂശലേമേ, സർവേശ്വരനോട് ഉച്ചത്തിൽ വിളിച്ചപേക്ഷിക്കുക; നിന്റെ അശ്രുധാര രാപകൽ നദിപോലെ ഒഴുകട്ടെ. നീ സ്വസ്ഥയായിരിക്കരുത്; കണ്ണുകൾക്ക് വിശ്രമം നല്‌കുകയുമരുത്. രാത്രിയിലെ യാമങ്ങൾതോറും എഴുന്നേറ്റു നിലവിളിക്കുക; നിന്റെ ഹൃദയം ദൈവസന്നിധിയിൽ വെള്ളംപോലെ പകരുക; തെരുവീഥികളുടെ തലയ്‍ക്കലെല്ലാം വിശന്നു തളർന്നു കിടക്കുന്ന നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷയ്‍ക്കായി സർവേശ്വരനിലേക്ക് കൈകൾ ഉയർത്തുക.
വിലാപങ്ങൾ 2:11-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്‍റെ ജനത്തിൻപുത്രിയുടെ നാശംനിമിത്തം ഞാൻ കണ്ണുനീർ വാർത്ത് കണ്ണ് മങ്ങിപ്പോകുന്നു; എന്റെ ഉള്ളം കലങ്ങി കരൾ നിലത്ത് ഒഴുകിവീഴുന്നു; പൈതങ്ങളും ശിശുക്കളും നഗരവീഥികളിൽ തളർന്നുകിടക്കുന്നു. അവർ മുറിവേറ്റവരെപ്പോലെ നഗരവീഥികളിൽ തളർന്നുകിടക്കുമ്പോഴും അമ്മമാരുടെ മാർവ്വിൽവച്ച് പ്രാണൻ വിടുമ്പോഴും ആഹാരവും വീഞ്ഞും എവിടെ എന്നു അമ്മമാരോട് ചോദിക്കുന്നു. യെരൂശലേം പുത്രിയേ, ഞാൻ നിന്നോട് എന്ത് സാക്ഷീകരിക്കണം? എന്തിനോട് നിന്നെ സദൃശമാക്കണം? സീയോൻപുത്രിയായ കന്യകേ, ഞാൻ നിന്നെ ആശ്വസിപ്പിപ്പാൻ എന്തിനോട് നിന്നെ സദൃശമാക്കണം? നിന്‍റെ മുറിവ് സമുദ്രംപോലെ വലുതായിരിക്കുന്നു; ആർ നിനക്കു സൗഖ്യം വരുത്തും? നിന്റെ പ്രവാചകന്മാർ നിനക്കു ഭോഷത്വവും വ്യാജവും ദർശിച്ചിരിക്കുന്നു; അവർ നിന്റെ പ്രവാസം മാറ്റുവാൻ തക്കവണ്ണം നിന്റെ അകൃത്യം വെളിപ്പെടുത്താതെ വ്യാജവും പ്രവാസകാരണവുമായ പ്രവാചകം ദർശിച്ചിരിക്കുന്നു. കടന്നുപോകുന്ന ഏവരും നിന്നെ നോക്കി കൈ കൊട്ടുന്നു; അവർ യെരൂശലേംപുത്രിയെച്ചൊല്ലി ചൂളയിട്ട് തലകുലുക്കി: “സൗന്ദര്യപൂർത്തി എന്നും സർവ്വമഹീതലമോദം എന്നും വിളിച്ചുവന്ന നഗരം ഇത് തന്നെയോ” എന്നു ചോദിക്കുന്നു. നിന്റെ ശത്രുക്കളൊക്കെയും നിന്റെ നേരെ വായ് പിളർക്കുന്നു; അവർ പരിഹസിച്ച്, പല്ലുകടിച്ചു: “നാം അവളെ വിഴുങ്ങിക്കളഞ്ഞു, നാം കാത്തിരുന്ന ദിവസം ഇതുതന്നെ, നമുക്ക് സാദ്ധ്യമായി നാം കണ്ടു രസിപ്പാൻ ഇടയായല്ലോ” എന്നു പറയുന്നു. യഹോവ നിർണ്ണയിച്ചത് അനുഷ്ഠിച്ചിരിക്കുന്നു; പുരാതനകാലത്ത് അരുളിച്ചെയ്തത് നിവർത്തിച്ചിരിക്കുന്നു. അവിടുന്ന് കരുണ കൂടാതെ ഇടിച്ചുകളഞ്ഞ് ശത്രുവിന് നിന്നെച്ചൊല്ലി സന്തോഷിക്കാൻ ഇടവരുത്തി വൈരികളുടെ കൊമ്പ് ഉയർത്തിയിരിക്കുന്നു. അവരുടെ ഹൃദയം കർത്താവിനോട് നിലവിളിച്ചു; സീയോൻപുത്രിയുടെ മതിലേ, രാവും പകലും നദിപോലെ കണ്ണുനീരൊഴുക്കുക; നിനക്കു സ്വസ്ഥതയും നിന്‍റെ കണ്ണുകൾക്ക് വിശ്രമവും നൽകരുത്. രാത്രിയിൽ, യാമാരംഭത്തിങ്കൽ എഴുന്നേറ്റു നിലവിളിക്ക; നിന്‍റെ ഹൃദയം വെള്ളംപോലെ കർത്തൃസന്നിധിയിൽ പകരുക; വീഥികളുടെ തലയ്ക്കൽ വിശപ്പുകൊണ്ട് തളർന്നുകിടക്കുന്ന നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷയ്ക്കായി യഹോവയിങ്കലേക്ക് കരങ്ങൾ ഉയർത്തുക
വിലാപങ്ങൾ 2:11-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ ജനത്തിൻ പുത്രിയുടെ നാശംനിമിത്തം ഞാൻ കണ്ണുനീർ വാർത്തു കണ്ണു മങ്ങിപ്പോകുന്നു; എന്റെ ഉള്ളം കലങ്ങി കരൾ നിലത്തു ചൊരിഞ്ഞുവീഴുന്നു; പൈതങ്ങളും ശിശുക്കളും നഗരവീഥികളിൽ തളർന്നുകിടക്കുന്നു. അവർ നിഹതന്മാരെപ്പോലെ നഗരവീഥികളിൽ തളർന്നുകിടക്കുമ്പോഴും അമ്മമാരുടെ മാർവ്വിൽവെച്ചു പ്രാണൻ വിടുമ്പോഴും ആഹാരവും വീഞ്ഞും എവിടെ എന്നു അമ്മമാരോടു ചോദിക്കുന്നു. യെരൂശലേംപുത്രിയേ, ഞാൻ നിന്നോടു എന്തു സാക്ഷീകരിക്കേണ്ടു? എന്തൊന്നിനെ നിന്നോടു സദൃശമാക്കേണ്ടു? സീയോൻ പുത്രിയായ കന്യകേ, ഞാൻ നിന്നെ ആശ്വസിപ്പിപ്പാൻ എന്തൊന്നു നിന്നോടുപമിക്കേണ്ടു? നിന്റെ മുറിവു സമുദ്രംപോലെ വലുതായിരിക്കുന്നു; ആർ നിനക്കു സൗഖ്യം വരുത്തും? നിന്റെ പ്രവാചകന്മാർ നിനക്കു ഭോഷത്വവും വ്യാജവും ദർശിച്ചിരിക്കുന്നു; അവർ നിന്റെ പ്രവാസം മാറ്റുവാൻ തക്കവണ്ണം നിന്റെ അകൃത്യം വെളിപ്പെടുത്താതെ വ്യാജവും പ്രവാസകാരണവുമായ പ്രവാചകം ദർശിച്ചിരിക്കുന്നു. കടന്നുപോകുന്ന ഏവരും നിന്നെ നോക്കി കൈ കൊട്ടുന്നു; അവർ യെരൂശലേംപുത്രിയെച്ചൊല്ലി ചൂളകുത്തി തലകുലുക്കി: സൗന്ദര്യപൂർത്തി എന്നും സർവ്വമഹീതലമോദം എന്നും വിളിച്ചുവന്ന നഗരം ഇതു തന്നേയോ എന്നു ചോദിക്കുന്നു. നിന്റെ ശത്രുക്കളൊക്കെയും നിന്റെ നേരെ വായ്പിളർക്കുന്നു; അവർ ചൂളകുത്തി, പല്ലുകടിച്ചു: നാം അവളെ വിഴുങ്ങിക്കളഞ്ഞു, നാം കാത്തിരുന്ന ദിവസം ഇതുതന്നേ, നമുക്കു സാദ്ധ്യമായി നാം കണ്ടു രസിപ്പാൻ ഇടയായല്ലോ എന്നു പറയുന്നു. യഹോവ നിർണ്ണയിച്ചതു അനുഷ്ടിച്ചിരിക്കുന്നു; പുരാതനകാലത്തു അരുളിച്ചെയ്തതു നിവർത്തിച്ചിരിക്കുന്നു. കരുണകൂടാതെ അവൻ ഇടിച്ചുകളഞ്ഞു; അവൻ ശത്രുവിനെ നിന്നെച്ചൊല്ലി സന്തോഷിപ്പിച്ചു വൈരികളുടെ കൊമ്പു ഉയർത്തിയിരിക്കുന്നു. അവരുടെ ഹൃദയം കർത്താവിനോടു നിലവിളിച്ചു; സീയോൻ പുത്രിയുടെ മതിലേ, രാവും പകലും ഓലോല കണ്ണുനീരൊഴുക്കുക; നിനക്കുതന്നേ സ്വസ്ഥത നല്കരുതു; നിന്റെ കണ്മണി വിശ്രമിക്കയുമരുതു. രാത്രിയിൽ, യാമാരംഭത്തിങ്കൽ എഴുന്നേറ്റു നിലവിളിക്ക; നിന്റെ ഹൃദയത്തെ വെള്ളംപോലെ കർത്തൃ സന്നിധിയിൽ പകരുക; വീഥികളുടെ തലെക്കലൊക്കെയും വിശപ്പുകൊണ്ടു തളർന്നുകിടക്കുന്ന നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷെക്കായി അവങ്കലേക്കു കൈ മലർത്തുക.
വിലാപങ്ങൾ 2:11-19 സമകാലിക മലയാളവിവർത്തനം (MCV)
കരഞ്ഞു കരഞ്ഞ് എന്റെ കണ്ണുനീർ വറ്റി, എന്റെ ഉള്ളിൽ ഞാൻ അസഹ്യവേദന അനുഭവിക്കുന്നു; എന്റെ ഹൃദയം നിലത്തേക്ക് ഒഴുകിപ്പോയി, എന്റെ ജനം നശിപ്പിക്കപ്പെട്ടിരിക്കുന്നല്ലോ, ബാലരും ശിശുക്കളും നഗരവീഥികളിൽ തളർന്നുവീഴുകയും ചെയ്യുന്നു. അവർ മുറിവേറ്റവരെപ്പോലെ നഗരവീഥികളിൽ തളർന്നുവീഴവേ, അവരുടെ അമ്മമാരുടെ കരങ്ങളിൽ കിടന്ന് ജീവൻ വെടിയവേ, “അപ്പവും വീഞ്ഞും എവിടെ?” എന്ന് അവർ അവരുടെ അമ്മമാരോട് ചോദിക്കുന്നു. ഇനി ഞാൻ നിന്നെക്കുറിച്ച് എന്താണു പറയേണ്ടത്? അല്ലയോ, ജെറുശലേംപുത്രീ, നിന്നെ എന്തിനോട് ഞാൻ സാദൃശ്യപ്പെടുത്തും? സീയോന്റെ കന്യാപുത്രി, നിന്നെ എന്തിനോട് ഉപമിച്ചാൽ എനിക്കു നിന്നെ ആശ്വസിപ്പിക്കാൻ കഴിയും? നിന്റെ മുറിവ് ആഴിപോലെ ആഴമേറിയത്, നിന്നെ സൗഖ്യമാക്കാൻ ആർക്കു കഴിയും? നിന്റെ പ്രവാചകന്മാരുടെ ദർശനങ്ങൾ വ്യാജവും വ്യർഥവും ആയിരുന്നു; നിന്റെ പ്രവാസത്തെ ഒഴിവാക്കേണ്ടതിന് അവർ നിന്റെ പാപം തുറന്നുകാട്ടിയില്ല. അവർ നിനക്കു നൽകിയ വെളിപ്പാടുകൾ വ്യാജവും വഴിതെറ്റിക്കുന്നതും ആയിരുന്നു. നിന്റെ വഴിയിലൂടെ പോകുന്നവർ നിന്നെ നോക്കി കൈകൊട്ടുന്നു; ജെറുശലേം പുത്രിയെ അവർ അപഹസിച്ച് അവരുടെ തലകുലുക്കുന്നു. “സൗന്ദര്യത്തിന്റെ പൂർണത എന്നും, സർവഭൂമിയുടെയും ആനന്ദം എന്നും വിളിക്കപ്പെട്ടിരുന്ന നഗരമോ ഇത്?” നിന്റെ ശത്രുക്കളെല്ലാം നിനക്കെതിരേ മലർക്കെ വായ് തുറക്കുന്നു; അവർ അപഹസിക്കുകയും പല്ലുകടിക്കുകയും ചെയ്തുകൊണ്ട് പറയുന്നു, “ഞങ്ങൾ അവളെ വിഴുങ്ങിക്കഴിഞ്ഞു. ഇതാണ് ഞങ്ങൾ കാത്തിരുന്ന ദിവസം; ഇതാ ആ ദിവസം വന്നെത്തിയിരിക്കുന്നു.” യഹോവ നിർണയിച്ചത് ചെയ്തിരിക്കുന്നു; അവിടന്ന് തന്റെ വചനം നിവർത്തിച്ചു, പണ്ടേ അരുളിച്ചെയ്ത വചനംതന്നെ. ദയകൂടാതെ അവിടന്ന് നിന്നെ മറിച്ചിട്ടു, അവിടന്ന് ശത്രുവിനെ നിന്നെച്ചൊല്ലി സന്തോഷിക്കുമാറാക്കി, നിന്റെ വൈരികളുടെ കൊമ്പ് ഉയർത്തുകയും ചെയ്തു. ജനഹൃദയങ്ങൾ കർത്താവിനെ നോക്കി കരയുന്നു. സീയോൻപുത്രിയുടെ മതിലേ, നിന്റെ കണ്ണുനീർ രാവും പകലും നദിപോലെ ഒഴുകട്ടെ; നിനക്ക് യാതൊരു ആശ്വാസവും നിന്റെ കണ്ണുകൾക്ക് വിശ്രമവും നൽകാതിരിക്കുക. രാത്രിയാമങ്ങളുടെ ആരംഭത്തിൽത്തന്നെ എഴുന്നേറ്റ് നിലവിളിക്കുക; കർത്തൃസന്നിധിയിൽ നിന്റെ ഹൃദയം വെള്ളംപോലെ പകരുക. എല്ലാ ചത്വരങ്ങളിലും വിശന്നു തളരുന്ന നിന്റെ മക്കളുടെ ജീവനായി അവിടത്തെ സന്നിധിയിലേക്ക് നീ കരങ്ങൾ ഉയർത്തുക.