എന്റെ കണ്ണു കരഞ്ഞു കരഞ്ഞു താണിരിക്കുന്നു; എന്റെ അന്തരംഗം അസ്വസ്ഥമായിരിക്കുന്നു; എന്റെ ജനത്തിന്റെ നാശവും നഗരവീഥികളിൽ കുഞ്ഞുകുട്ടികൾ വാടിത്തളർന്നു കിടക്കുന്നതും എന്റെ ഹൃദയത്തെ തളർത്തുന്നു. ക്ഷതമേറ്റവരെപ്പോലെ നഗരവീഥികളിൽ തളർന്നു വീഴുമ്പോഴും മാതാക്കളുടെ മടിയിൽക്കിടന്ന് ഇഞ്ചിഞ്ചായി മരിക്കുമ്പോഴും അവർ അമ്മമാരോട് അപ്പവും വീഞ്ഞും ചോദിക്കുന്നു. യെരൂശലേമേ, നിന്നോടു ഞാൻ എന്തു പറയും? എന്തിനോടു നിന്നെ തുലനം ചെയ്യും? നിന്നെ ആശ്വസിപ്പിക്കാൻ ഞാൻ ഏതൊന്നിനോടു നിന്നെ സാമ്യപ്പെടുത്തും? നിന്റെ മുറിവു സമുദ്രംപോലെ ആഴമേറിയത്. നിന്നെ സുഖപ്പെടുത്താൻ ആർക്കു കഴിയും? നിന്റെ പ്രവാചകന്മാരുടെ ദർശനം വ്യാജവും ഭോഷത്തവുമായിരുന്നു. നിന്റെ പ്രവാസം ഒഴിവാക്കത്തക്കവിധം അവർ നിന്റെ അകൃത്യം വെളിപ്പെടുത്തിയില്ല. അവരുടെ അരുളപ്പാടുകൾ വ്യാജവും വഞ്ചനാപരവുമായിരുന്നു. കടന്നുപോകുന്നവരെല്ലാം നിന്നെ നോക്കി കൈ കൊട്ടുന്നു; അവർ യെരൂശലേമിനെ നോക്കി നിന്ദിച്ചു തല കുലുക്കുന്നു. സൗന്ദര്യപരിപൂർത്തിയുടെ സാക്ഷാത്കാരമെന്നും സർവലോകത്തിന്റെയും ആനന്ദമെന്നും വിളിക്കപ്പെട്ടിരുന്ന നഗരം ഇതു തന്നെയോ? നിന്റെ ശത്രുക്കളെല്ലാം നിന്നെ പരിഹസിച്ചു നിന്ദയോടെ നോക്കുന്നു; നാം അവളെ നശിപ്പിച്ചു; നാം കാത്തിരുന്ന ദിവസം ഇതുതന്നെ, ഇതു കാണാൻ നമുക്കു സാധിച്ചല്ലോ എന്നവർ പറയുന്നു. സർവേശ്വരൻ നിശ്ചയിച്ചതു നടപ്പാക്കിയിരിക്കുന്നു. പണ്ട് അവിടുന്ന് അരുളിച്ചെയ്തതു നിറവേറ്റിയിരിക്കുന്നു. അവിടുന്നു നിഷ്ക്കരുണം നിന്നെ നശിപ്പിച്ചു; ശത്രു നിന്നെ ചൊല്ലി രസിക്കാൻ ഇടയാക്കി. അവിടുന്നു ശത്രുവിന്റെ ശക്തി വർധിപ്പിച്ചു. യെരൂശലേമേ, സർവേശ്വരനോട് ഉച്ചത്തിൽ വിളിച്ചപേക്ഷിക്കുക; നിന്റെ അശ്രുധാര രാപകൽ നദിപോലെ ഒഴുകട്ടെ. നീ സ്വസ്ഥയായിരിക്കരുത്; കണ്ണുകൾക്ക് വിശ്രമം നല്‌കുകയുമരുത്. രാത്രിയിലെ യാമങ്ങൾതോറും എഴുന്നേറ്റു നിലവിളിക്കുക; നിന്റെ ഹൃദയം ദൈവസന്നിധിയിൽ വെള്ളംപോലെ പകരുക; തെരുവീഥികളുടെ തലയ്‍ക്കലെല്ലാം വിശന്നു തളർന്നു കിടക്കുന്ന നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷയ്‍ക്കായി സർവേശ്വരനിലേക്ക് കൈകൾ ഉയർത്തുക.
ṬAH HLA 2 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ṬAH HLA 2:11-19
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ