കരഞ്ഞു കരഞ്ഞ് എന്റെ കണ്ണുനീർ വറ്റി, എന്റെ ഉള്ളിൽ ഞാൻ അസഹ്യവേദന അനുഭവിക്കുന്നു; എന്റെ ഹൃദയം നിലത്തേക്ക് ഒഴുകിപ്പോയി, എന്റെ ജനം നശിപ്പിക്കപ്പെട്ടിരിക്കുന്നല്ലോ, ബാലരും ശിശുക്കളും നഗരവീഥികളിൽ തളർന്നുവീഴുകയും ചെയ്യുന്നു. അവർ മുറിവേറ്റവരെപ്പോലെ നഗരവീഥികളിൽ തളർന്നുവീഴവേ, അവരുടെ അമ്മമാരുടെ കരങ്ങളിൽ കിടന്ന് ജീവൻ വെടിയവേ, “അപ്പവും വീഞ്ഞും എവിടെ?” എന്ന് അവർ അവരുടെ അമ്മമാരോട് ചോദിക്കുന്നു. ഇനി ഞാൻ നിന്നെക്കുറിച്ച് എന്താണു പറയേണ്ടത്? അല്ലയോ, ജെറുശലേംപുത്രീ, നിന്നെ എന്തിനോട് ഞാൻ സാദൃശ്യപ്പെടുത്തും? സീയോന്റെ കന്യാപുത്രി, നിന്നെ എന്തിനോട് ഉപമിച്ചാൽ എനിക്കു നിന്നെ ആശ്വസിപ്പിക്കാൻ കഴിയും? നിന്റെ മുറിവ് ആഴിപോലെ ആഴമേറിയത്, നിന്നെ സൗഖ്യമാക്കാൻ ആർക്കു കഴിയും? നിന്റെ പ്രവാചകന്മാരുടെ ദർശനങ്ങൾ വ്യാജവും വ്യർഥവും ആയിരുന്നു; നിന്റെ പ്രവാസത്തെ ഒഴിവാക്കേണ്ടതിന് അവർ നിന്റെ പാപം തുറന്നുകാട്ടിയില്ല. അവർ നിനക്കു നൽകിയ വെളിപ്പാടുകൾ വ്യാജവും വഴിതെറ്റിക്കുന്നതും ആയിരുന്നു. നിന്റെ വഴിയിലൂടെ പോകുന്നവർ നിന്നെ നോക്കി കൈകൊട്ടുന്നു; ജെറുശലേം പുത്രിയെ അവർ അപഹസിച്ച് അവരുടെ തലകുലുക്കുന്നു. “സൗന്ദര്യത്തിന്റെ പൂർണത എന്നും, സർവഭൂമിയുടെയും ആനന്ദം എന്നും വിളിക്കപ്പെട്ടിരുന്ന നഗരമോ ഇത്?” നിന്റെ ശത്രുക്കളെല്ലാം നിനക്കെതിരേ മലർക്കെ വായ് തുറക്കുന്നു; അവർ അപഹസിക്കുകയും പല്ലുകടിക്കുകയും ചെയ്തുകൊണ്ട് പറയുന്നു, “ഞങ്ങൾ അവളെ വിഴുങ്ങിക്കഴിഞ്ഞു. ഇതാണ് ഞങ്ങൾ കാത്തിരുന്ന ദിവസം; ഇതാ ആ ദിവസം വന്നെത്തിയിരിക്കുന്നു.” യഹോവ നിർണയിച്ചത് ചെയ്തിരിക്കുന്നു; അവിടന്ന് തന്റെ വചനം നിവർത്തിച്ചു, പണ്ടേ അരുളിച്ചെയ്ത വചനംതന്നെ. ദയകൂടാതെ അവിടന്ന് നിന്നെ മറിച്ചിട്ടു, അവിടന്ന് ശത്രുവിനെ നിന്നെച്ചൊല്ലി സന്തോഷിക്കുമാറാക്കി, നിന്റെ വൈരികളുടെ കൊമ്പ് ഉയർത്തുകയും ചെയ്തു. ജനഹൃദയങ്ങൾ കർത്താവിനെ നോക്കി കരയുന്നു. സീയോൻപുത്രിയുടെ മതിലേ, നിന്റെ കണ്ണുനീർ രാവും പകലും നദിപോലെ ഒഴുകട്ടെ; നിനക്ക് യാതൊരു ആശ്വാസവും നിന്റെ കണ്ണുകൾക്ക് വിശ്രമവും നൽകാതിരിക്കുക. രാത്രിയാമങ്ങളുടെ ആരംഭത്തിൽത്തന്നെ എഴുന്നേറ്റ് നിലവിളിക്കുക; കർത്തൃസന്നിധിയിൽ നിന്റെ ഹൃദയം വെള്ളംപോലെ പകരുക. എല്ലാ ചത്വരങ്ങളിലും വിശന്നു തളരുന്ന നിന്റെ മക്കളുടെ ജീവനായി അവിടത്തെ സന്നിധിയിലേക്ക് നീ കരങ്ങൾ ഉയർത്തുക.
വിലാപങ്ങൾ 2 വായിക്കുക
കേൾക്കുക വിലാപങ്ങൾ 2
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: വിലാപങ്ങൾ 2:11-19
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ