വിലാ. 2:11-19

വിലാ. 2:11-19 IRVMAL

എന്‍റെ ജനത്തിൻപുത്രിയുടെ നാശംനിമിത്തം ഞാൻ കണ്ണുനീർ വാർത്ത് കണ്ണ് മങ്ങിപ്പോകുന്നു; എന്‍റെ ഉള്ളം കലങ്ങി കരൾ നിലത്ത് ഒഴുകിവീഴുന്നു; പൈതങ്ങളും ശിശുക്കളും നഗരവീഥികളിൽ തളർന്നുകിടക്കുന്നു. അവർ മുറിവേറ്റവരെപ്പോലെ നഗരവീഥികളിൽ തളർന്നുകിടക്കുമ്പോഴും അമ്മമാരുടെ മാർവ്വിൽവച്ച് പ്രാണൻ വിടുമ്പോഴും ആഹാരവും വീഞ്ഞും എവിടെ എന്നു അമ്മമാരോട് ചോദിക്കുന്നു. യെരൂശലേം പുത്രിയേ, ഞാൻ നിന്നോട് എന്ത് സാക്ഷീകരിക്കണം? എന്തിനോട് നിന്നെ സദൃശമാക്കണം? സീയോൻപുത്രിയായ കന്യകേ, ഞാൻ നിന്നെ ആശ്വസിപ്പിപ്പാൻ എന്തിനോട് നിന്നെ സദൃശമാക്കണം? നിന്‍റെ മുറിവ് സമുദ്രംപോലെ വലുതായിരിക്കുന്നു; ആർ നിനക്കു സൗഖ്യം വരുത്തും? നിന്‍റെ പ്രവാചകന്മാർ നിനക്കു ഭോഷത്വവും വ്യാജവും ദർശിച്ചിരിക്കുന്നു; അവർ നിന്‍റെ പ്രവാസം മാറ്റുവാൻ തക്കവണ്ണം നിന്‍റെ അകൃത്യം വെളിപ്പെടുത്താതെ വ്യാജവും പ്രവാസകാരണവുമായ പ്രവാചകം ദർശിച്ചിരിക്കുന്നു. കടന്നുപോകുന്ന ഏവരും നിന്നെ നോക്കി കൈ കൊട്ടുന്നു; അവർ യെരൂശലേംപുത്രിയെച്ചൊല്ലി ചൂളയിട്ട് തലകുലുക്കി: “സൗന്ദര്യപൂർത്തി എന്നും സർവ്വമഹീതലമോദം എന്നും വിളിച്ചുവന്ന നഗരം ഇത് തന്നെയോ” എന്നു ചോദിക്കുന്നു. നിന്‍റെ ശത്രുക്കളൊക്കെയും നിന്‍റെ നേരെ വായ് പിളർക്കുന്നു; അവർ പരിഹസിച്ച്, പല്ലുകടിച്ചു: “നാം അവളെ വിഴുങ്ങിക്കളഞ്ഞു, നാം കാത്തിരുന്ന ദിവസം ഇതുതന്നെ, നമുക്ക് സാദ്ധ്യമായി നാം കണ്ടു രസിപ്പാൻ ഇടയായല്ലോ” എന്നു പറയുന്നു. യഹോവ നിർണ്ണയിച്ചത് അനുഷ്ഠിച്ചിരിക്കുന്നു; പുരാതനകാലത്ത് അരുളിച്ചെയ്തത് നിവർത്തിച്ചിരിക്കുന്നു. അവിടുന്ന് കരുണ കൂടാതെ ഇടിച്ചുകളഞ്ഞ് ശത്രുവിന് നിന്നെച്ചൊല്ലി സന്തോഷിക്കാൻ ഇടവരുത്തി വൈരികളുടെ കൊമ്പ് ഉയർത്തിയിരിക്കുന്നു. അവരുടെ ഹൃദയം കർത്താവിനോട് നിലവിളിച്ചു; സീയോൻപുത്രിയുടെ മതിലേ, രാവും പകലും നദിപോലെ കണ്ണുനീരൊഴുക്കുക; നിനക്കു സ്വസ്ഥതയും നിന്‍റെ കണ്ണുകൾക്ക് വിശ്രമവും നൽകരുത്. രാത്രിയിൽ, യാമാരംഭത്തിങ്കൽ എഴുന്നേറ്റു നിലവിളിക്ക; നിന്‍റെ ഹൃദയം വെള്ളംപോലെ കർത്തൃസന്നിധിയിൽ പകരുക; വീഥികളുടെ തലയ്ക്കൽ വിശപ്പുകൊണ്ട് തളർന്നുകിടക്കുന്ന നിന്‍റെ കുഞ്ഞുങ്ങളുടെ ജീവരക്ഷയ്ക്കായി യഹോവയിങ്കലേക്ക് കരങ്ങൾ ഉയർത്തുക