ഇയ്യോബ് 33:13-29

ഇയ്യോബ് 33:13-29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നീ അവനോട് എന്തിനു വാദിക്കുന്നു? തന്റെ കാര്യങ്ങളിൽ ഒന്നിനും അവൻ കാരണം പറയുന്നില്ലല്ലോ. ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യൻ അതു കൂട്ടാക്കുന്നില്ലതാനും. ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ, അവർ ശയ്യമേൽ നിദ്രകൊള്ളുമ്പോൾ, സ്വപ്നത്തിൽ, രാത്രിദർശനത്തിൽത്തന്നെ, അവൻ മനുഷ്യരുടെ ചെവി തുറക്കുന്നു; അവരോടുള്ള പ്രബോധനയ്ക്കു മുദ്രയിടുന്നു. മനുഷ്യനെ അവന്റെ ദുഷ്കർമത്തിൽനിന്ന് അകറ്റുവാനും പുരുഷനെ ഗർവത്തിൽനിന്നു രക്ഷിപ്പാനും തന്നെ. അവൻ കുഴിയിൽനിന്ന് അവന്റെ പ്രാണനെയും വാളാൽ നശിക്കാതവണ്ണം അവന്റെ ജീവനെയും കാക്കുന്നു. തന്റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു; അവന്റെ അസ്ഥികളിൽ ഇടവിടാതെ പോരാട്ടം ഉണ്ട്. അതുകൊണ്ട് അവന്റെ ജീവൻ അപ്പവും അവന്റെ പ്രാണൻ സ്വാദുഭോജനവും വെറുക്കുന്നു. അവന്റെ മാംസം ക്ഷയിച്ച് കാൺമാനില്ലാതെയായിരിക്കുന്നു; കാൺമാനില്ലാതിരുന്ന അവന്റെ അസ്ഥികൾ പൊങ്ങിനില്ക്കുന്നു. അവന്റെ പ്രാണൻ ശവക്കുഴിക്കും അവന്റെ ജീവൻ നാശകന്മാർക്കും അടുത്തിരിക്കുന്നു. മനുഷ്യനോട് അവന്റെ ധർമം അറിയിക്കേണ്ടതിന് ആയിരത്തിൽ ഒരുത്തനായി മധ്യസ്ഥനായൊരു ദൂതൻ അവനുവേണ്ടി ഉണ്ടെന്നുവരികിൽ അവൻ അവങ്കൽ കൃപ വിചാരിച്ചു: കുഴിയിൽ ഇറങ്ങാതവണ്ണം ഇവനെ രക്ഷിക്കേണമേ; ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു എന്നു പറയും. അപ്പോൾ അവന്റെ ദേഹം യൗവന ചൈതന്യത്താൽ പുഷ്‍ടിവയ്ക്കും; അവൻ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും. അവൻ ദൈവത്തോടു പ്രാർഥിക്കും; അവൻ അവങ്കൽ പ്രസാദിക്കും; തിരുമുഖത്തെ അവൻ സന്തോഷത്തോടെ കാണും; അവൻ മനുഷ്യന് അവന്റെ നീതിയെ പകരം കൊടുക്കും. അവൻ മനുഷ്യരുടെ മുമ്പിൽ പാടിപ്പറയുന്നത്: ഞാൻ പാപം ചെയ്തു നേരായുള്ളതു മറിച്ചുകളഞ്ഞു; അതിന് എന്നോടു പകരം ചെയ്തിട്ടില്ല. അവൻ എന്റെ പ്രാണനെ കുഴിയിൽ ഇറങ്ങാതവണ്ണം രക്ഷിച്ചു; എന്റെ ജീവൻ പ്രകാശത്തെ കണ്ടു സന്തോഷിക്കുന്നു. ഇതാ, ദൈവം രണ്ടു മൂന്നു പ്രാവശ്യം ഇവയൊക്കെയും മനുഷ്യനോടു ചെയ്യുന്നു.

ഇയ്യോബ് 33:13-29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

‘അവിടുന്ന് എന്റെ വാക്കുകൾക്ക് ഒന്നിനും മറുപടി തരുന്നില്ല.’ എന്നു പറഞ്ഞുകൊണ്ട് എന്തിനു ദൈവത്തോടു വാദിക്കുന്നു? ദൈവം പലപല വഴികളിൽ സംസാരിക്കുന്നെങ്കിലും, മനുഷ്യൻ ഗ്രഹിക്കുന്നില്ല. മനുഷ്യൻ നിദ്രയിൽ അമരുമ്പോൾ, അവൻ തന്റെ കിടക്കയിൽ മയങ്ങുമ്പോൾ സ്വപ്നത്തിൽ, നിശാദർശനത്തിൽ, അവിടുന്ന് അവന്റെ കാതുകൾ തുറന്നു താക്കീതുകൾ കൊണ്ട് അവനെ ഭയചകിതനാക്കുന്നു. മനുഷ്യൻ ദുഷ്കർമത്തിൽനിന്ന് പിൻതിരിയാനും ഗർവം കൈവെടിയാനും വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. പാതാളത്തിൽനിന്ന് അവന്റെ ആത്മാവിനെയും വാളിൽനിന്ന് അവന്റെ ജീവനെയും അവിടുന്നു രക്ഷിക്കുന്നു. മനുഷ്യനെ അവന്റെ രോഗശയ്യയിൽ വേദനകൊണ്ടും നിരന്തരമായ അസ്ഥികടച്ചിൽ കൊണ്ടും ശിക്ഷണം നല്‌കുന്നു. അങ്ങനെ അവനു ഭക്ഷണത്തോടും സ്വാദിഷ്ഠമായ വിഭവങ്ങളോടും വെറുപ്പു തോന്നുന്നു. അവന്റെ ശരീരം ക്ഷയിച്ച് അസ്ഥികൾ ഉന്തിവരുന്നു. അവന്റെ പ്രാണൻ പാതാളത്തെയും ജീവൻ മരണദൂതന്മാരെയും സമീപിച്ചിരിക്കുന്നു. ദൈവത്തിന്റെ ആയിരക്കണക്കിന് ദൂതന്മാരിൽ ഒരാൾ മനുഷ്യനു മധ്യസ്ഥനായി, അവനു ധർമം ഉപദേശിക്കാൻ ഉണ്ടായിരുന്നെങ്കിൽ, ആ ദൂതൻ അവനോടു കരുണ തോന്നി അവിടുത്തോടു പറയുമായിരുന്നു. “പാതാളത്തിൽ പതിക്കാത്തവിധം ഇവനെ രക്ഷിക്കണേ, ഇവനുവേണ്ടിയുള്ള മോചനദ്രവ്യം ഞാൻ കണ്ടിരിക്കുന്നു;” അങ്ങനെ അവനു യുവചൈതന്യം തിരിച്ചുകിട്ടട്ടെ. യൗവനകാലത്തെക്കാൾ അധികം പുഷ്‍ടി ഉണ്ടാകട്ടെ. അപ്പോൾ ആ മനുഷ്യൻ ദൈവത്തോടു പ്രാർഥിക്കുകയും അവിടുന്ന് അവനെ സ്വീകരിക്കുകയും ചെയ്യും. അവൻ ആനന്ദത്തോടെ തിരുസന്നിധിയിൽ വരും. അവൻ തന്റെ രക്ഷയെക്കുറിച്ച് മനുഷ്യരോട് ആവർത്തിച്ചു പറയും. മനുഷ്യരുടെ മുമ്പിൽ അവർ ഇങ്ങനെ പാടി ഘോഷിക്കും. ‘ഞാൻ പാപം ചെയ്തു; നീതിയെ തകിടം മറിച്ചു. എന്നാൽ ദൈവം അതിന് എന്നെ ശിക്ഷിച്ചില്ല. ഞാൻ പാതാളത്തിലേക്കിറങ്ങാതെ അവിടുന്ന് എന്നെ രക്ഷിച്ചു; ഞാൻ ജീവന്റെ പ്രകാശം കാണും. ഇതാ ദൈവം വീണ്ടും വീണ്ടും ഇപ്രകാരം മനുഷ്യനോടു ചെയ്യുന്നു.’

ഇയ്യോബ് 33:13-29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

നീ ദൈവത്തോട് എന്തിന് വാദിക്കുന്നു? തന്‍റെ കാര്യങ്ങളിൽ ഒന്നിനും അവിടുന്ന് ഉത്തരം പറയുന്നില്ലല്ലോ. ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യൻ അത് കൂട്ടാക്കുന്നില്ലതാനും. ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ, അവർ കിടക്കമേൽ നിദ്രകൊള്ളുമ്പോൾ, സ്വപ്നത്തിൽ, രാത്രിദർശനത്തിൽ തന്നെ, അവിടുന്ന് മനുഷ്യരുടെ ചെവി തുറക്കുന്നു; അവരെ മുന്നറിയിപ്പുകൾ കൊണ്ടു ഭയപ്പെടുത്തുന്നു. മനുഷ്യനെ അവന്‍റെ ദുഷ്കർമ്മത്തിൽനിന്ന് അകറ്റുവാനും പുരുഷനെ ഗർവ്വത്തിൽനിന്ന് രക്ഷിക്കുവാനും തന്നെ. അവിടുന്ന് കുഴിയിൽനിന്ന് അവന്‍റെ പ്രാണനെയും വാളാൽ നശിക്കാതെ അവന്‍റെ ജീവനെയും രക്ഷിക്കുന്നു. “തന്‍റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു; അവന്‍റെ അസ്ഥികളിൽ ഇടവിടാതെ യാതന ഉണ്ട്. അതുകൊണ്ട് അവന്‍റെ ജീവൻ അപ്പവും അവന്‍റെ പ്രാണൻ സ്വാദുഭോജനവും വെറുക്കുന്നു. അവന്‍റെ മാംസം ക്ഷയിച്ച് കാണാനില്ലാതെയായിരിക്കുന്നു; കാണാനില്ലാതിരുന്ന അവന്‍റെ അസ്ഥികൾ പൊങ്ങിനില്‍ക്കുന്നു. അവന്‍റെ പ്രാണൻ ശവക്കുഴിക്കും അവന്‍റെ ജീവൻ നാശകന്മാർക്കും അടുത്തിരിക്കുന്നു. “മനുഷ്യനോട് അവന്‍റെ ധർമ്മം അറിയിക്കേണ്ടതിന് ആയിരത്തിൽ ഒരുവനായി മദ്ധ്യസ്ഥനായ ഒരു ദൂതൻ അവനുവേണ്ടി ഉണ്ടെങ്കിൽ ദൂതൻ അവനിൽ കൃപ തോന്നി: ‘കുഴിയിൽ ഇറങ്ങാത്തവിധം ഇവനെ രക്ഷിക്കേണമേ; ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു’ എന്നു പറയും അപ്പോൾ അവന്‍റെ ദേഹം യൗവ്വനചൈതന്യത്താൽ പുഷ്ടിവയ്ക്കും; അവൻ ബാല്യപ്രായത്തിലേക്ക് തിരിച്ചുവരും. അവൻ ദൈവത്തോട് പ്രാർത്ഥിക്കും; അവിടുന്ന് അവനിൽ പ്രസാദിക്കും; തിരുമുഖത്തെ അവൻ സന്തോഷത്തോടെ കാണും; ദൈവം മനുഷ്യന് അവന്‍റെ വിജയം പകരം കൊടുക്കും. അവൻ മനുഷ്യരുടെ മുമ്പിൽ പാടി പറയുന്നത്: ‘ഞാൻ പാപംചെയ്ത് നേരായുള്ളത് മറിച്ചുകളഞ്ഞു; അതിന് എന്നോട് പകരം ചെയ്തിട്ടില്ല. ദൈവം എന്‍റെ പ്രാണനെ കുഴിയിൽ ഇറങ്ങാത്തവിധം രക്ഷിച്ചു; എന്‍റെ ജീവൻ പ്രകാശം കണ്ടു സന്തോഷിക്കുന്നു. “ഇതാ, ദൈവം രണ്ടു മൂന്നുപ്രാവശ്യം ഇവയെല്ലം മനുഷ്യനോട് ചെയ്യുന്നു.

ഇയ്യോബ് 33:13-29 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നീ അവനോടു എന്തിന്നു വാദിക്കുന്നു? തന്റെ കാര്യങ്ങളിൽ ഒന്നിന്നും അവൻ കാരണം പറയുന്നില്ലല്ലോ. ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യൻ അതു കൂട്ടാക്കുന്നില്ലതാനും. ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ, അവർ ശയ്യമേൽ നിദ്രകൊള്ളുമ്പോൾ, സ്വപ്നത്തിൽ, രാത്രിദർശനത്തിൽ തന്നേ, അവൻ മനുഷ്യരുടെ ചെവി തുറക്കുന്നു; അവരോടുള്ള പ്രബോധനെക്കു മുദ്രയിടുന്നു. മനുഷ്യനെ അവന്റെ ദുഷ്കർമ്മത്തിൽനിന്നു അകറ്റുവാനും പുരുഷനെ ഗർവ്വത്തിൽനിന്നു രക്ഷിപ്പാനും തന്നേ. അവൻ കുഴിയിൽനിന്നു അവന്റെ പ്രാണനെയും വാളാൽ നശിക്കാതവണ്ണം അവന്റെ ജീവനെയും കാക്കുന്നു. തന്റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു; അവന്റെ അസ്ഥികളിൽ ഇടവിടാതെ പോരാട്ടം ഉണ്ടു. അതുകൊണ്ടു അവന്റെ ജീവൻ അപ്പവും അവന്റെ പ്രാണൻ സ്വാദുഭോജനവും വെറുക്കുന്നു. അവന്റെ മാംസം ക്ഷയിച്ചു കാണ്മാനില്ലാതെയായിരിക്കുന്നു; കാണ്മാനില്ലാതിരുന്ന അവന്റെ അസ്ഥികൾ പൊങ്ങിനില്ക്കുന്നു. അവന്റെ പ്രാണൻ ശവക്കുഴിക്കും അവന്റെ ജീവൻ നാശകന്മാർക്കും അടുത്തിരിക്കുന്നു. മനുഷ്യനോടു അവന്റെ ധർമ്മം അറിയിക്കേണ്ടതിന്നു ആയിരത്തിൽ ഒരുത്തനായി മദ്ധ്യസ്ഥനായോരു ദൂതൻ അവന്നു വേണ്ടി ഉണ്ടെന്നുവരികിൽ അവൻ അവങ്കൽ കൃപ വിചാരിച്ചു: കുഴിയിൽ ഇറങ്ങാതവണ്ണം ഇവനെ രക്ഷിക്കേണമേ; ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു എന്നു പറയും അപ്പോൾ അവന്റെ ദേഹം യൗവനചൈതന്യത്താൽ പുഷ്ടിവെക്കും; അവൻ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും. അവൻ ദൈവത്തോടു പ്രാർത്ഥിക്കും; അവൻ അവങ്കൽ പ്രസാദിക്കും; തിരുമുഖത്തെ അവൻ സന്തോഷത്തോടെ കാണും; അവൻ മനുഷ്യന്നു അവന്റെ നീതിയെ പകരം കൊടുക്കും. അവൻ മനുഷ്യരുടെ മുമ്പിൽ പാടി പറയുന്നതു: ഞാൻ പാപം ചെയ്തു നേരായുള്ളതു മറിച്ചുകളഞ്ഞു; അതിന്നു എന്നോടു പകരം ചെയ്തിട്ടില്ല. അവൻ എന്റെ പ്രാണനെ കുഴിയിൽ ഇറങ്ങാതവണ്ണം രക്ഷിച്ചു; എന്റെ ജീവൻ പ്രകാശത്തെ കണ്ടു സന്തോഷിക്കുന്നു. ഇതാ, ദൈവം രണ്ടു മൂന്നു പ്രാവശ്യം ഇവയൊക്കെയും മനുഷ്യനോടു ചെയ്യുന്നു.

ഇയ്യോബ് 33:13-30 സമകാലിക മലയാളവിവർത്തനം (MCV)

അവിടന്ന് ആരുടെയും വാക്കുകൾക്ക് പ്രതികരിക്കുന്നില്ല, എന്നു താങ്കളെന്തിന് ദൈവത്തോടു പരാതിപ്പെടണം? ദൈവം ഇപ്പോൾ ഒരുവിധത്തിലും പിന്നീട് മറ്റൊരുവിധത്തിലും സംസാരിക്കുന്നു; മനുഷ്യർ അതു തിരിച്ചറിയുന്നില്ലതാനും. സ്വപ്നത്തിൽ, രാത്രി ദർശനത്തിൽ മനുഷ്യർ ഗാഢനിദ്രയിൽ ലയിച്ചിരിക്കെ, അവർ തന്റെ കിടക്കയിൽ ഉറങ്ങിക്കിടക്കുമ്പോൾത്തന്നെ, അവിടന്ന് അവരുടെ കാതുകളിൽ മന്ത്രിക്കുകയും ഭീതിജനകമായ മുന്നറിയിപ്പുകൾ നൽകുകയുംചെയ്യുന്നു. മനുഷ്യരെ അവരുടെ തെറ്റിൽനിന്നു പിന്തിരിപ്പിക്കുന്നതിനും അവരെ തങ്ങളുടെ അഹന്തയിൽനിന്ന് അകറ്റിനിർത്തുന്നതിനും അവരുടെ പ്രാണനെ കുഴിയിൽനിന്നു സംരക്ഷിക്കുന്നതിനും അവരുടെ ജീവനെ വാളിന്റെ വായ്ത്തലയിൽ നശിക്കുന്നതിൽനിന്നുംതന്നെ. “തങ്ങളുടെ കിടക്കമേൽ വേദനയാലും തങ്ങളുടെ അസ്ഥികളുടെ നിരന്തരമായ വ്യഥയാലും മനുഷ്യർ നന്മയ്ക്കായി ശിക്ഷിക്കപ്പെടുന്നു. അവരുടെ ശരീരം ആഹാരത്തെയും പ്രാണൻ രുചികരമായ ഭക്ഷണത്തെയും വെറുക്കുന്നു. അവരുടെ മാംസം ക്ഷയിച്ച് ഇല്ലാതാകുന്നു, മറഞ്ഞിരുന്ന അസ്ഥികൾ ഇപ്പോൾ പുറത്തേക്കു തള്ളിവരുന്നു. അവർ ശവക്കുഴിയിലേക്കും അവരുടെ ജീവൻ മരണദൂതന്മാരോടും സമീപിക്കുന്നു. അവരുടെ സമീപത്ത് ഒരു ദൂതൻ ഉണ്ടായിരുന്നെങ്കിൽ, പരസഹസ്രം ദൂതന്മാരിൽ ഒരാളെ മനുഷ്യർ പരമാർഥിയാകുന്നത് എങ്ങനെ എന്നറിയിക്കാൻ അയച്ചിരുന്നെങ്കിൽ, ആ ദൂതൻ മനുഷ്യരോടു കരുണ തോന്നിയിട്ട്, ‘ഇതാ ഞാൻ ഒരു മറുവില കണ്ടെത്തിയിരിക്കുന്നു; കുഴിയിലിറങ്ങാതെ അവനെ സംരക്ഷിക്കണമേ. അവർ യൗവനത്തിലെപ്പോലെ വീണ്ടും ആയിത്തീരട്ടെ; അവരുടെ ശരീരം ഒരു ശിശുവിന്റെ ശരീരംപോലെ നവ്യമായിത്തീരട്ടെ,’ എന്ന് അവൻ പറയട്ടെ. അപ്പോൾ അവർ ദൈവത്തോടു പ്രാർഥിക്കുകയും അവിടന്ന് അവരെ സ്വീകരിക്കുകയും ചെയ്യും. അവർ ദൈവത്തിന്റെ മുഖം കാണുകയും ആനന്ദത്താൽ ആർപ്പിടുകയും ചെയ്യും; അവിടന്ന് അവരെ ആരോഗ്യപൂർണരായി പുനഃസ്ഥാപിക്കും. അപ്പോൾ അവർ മറ്റുള്ളവരുടെമുമ്പിൽ പാട്ടുപാടിക്കൊണ്ട് ഇപ്രകാരം പറയും: ‘ഞാൻ പാപംചെയ്തു നീതിയെ തകിടംമറിച്ചു, എന്നാൽ എനിക്ക് അർഹമായ ശിക്ഷ ലഭിച്ചില്ല. ദൈവം എന്നെ ശവക്കുഴിയിലേക്കു പോകുന്നതിൽനിന്ന് വിടുവിച്ചു; ജീവന്റെ പ്രകാശം ആസ്വദിക്കുന്നതിനു ഞാൻ ജീവിച്ചിരിക്കും.’ “മനുഷ്യരെ ശവക്കുഴിയിൽനിന്ന് മടക്കിവരുത്താനും അവരിൽ ജീവന്റെ പ്രകാശം ശോഭിക്കുന്നതിനുംവേണ്ടി ദൈവം രണ്ടോ മൂന്നോ പ്രാവശ്യം ഇതെല്ലാം അവരോടു പ്രവർത്തിക്കുന്നു.