ഇയ്യോബ് 33:13-29

ഇയ്യോബ് 33:13-29 വേദപുസ്തകം

നീ അവനോടു എന്തിന്നു വാദിക്കുന്നു? തന്റെ കാര്യങ്ങളിൽ ഒന്നിന്നും അവൻ കാരണം പറയുന്നില്ലല്ലോ. ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യൻ അതു കൂട്ടാക്കുന്നില്ലതാനും. ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ, അവർ ശയ്യമേൽ നിദ്രകൊള്ളുമ്പോൾ, സ്വപ്നത്തിൽ, രാത്രിദർശനത്തിൽ തന്നേ, അവൻ മനുഷ്യരുടെ ചെവി തുറക്കുന്നു; അവരോടുള്ള പ്രബോധനെക്കു മുദ്രയിടുന്നു. മനുഷ്യനെ അവന്റെ ദുഷ്കർമ്മത്തിൽനിന്നു അകറ്റുവാനും പുരുഷനെ ഗർവ്വത്തിൽനിന്നു രക്ഷിപ്പാനും തന്നേ. അവൻ കുഴിയിൽനിന്നു അവന്റെ പ്രാണനെയും വാളാൽ നശിക്കാതവണ്ണം അവന്റെ ജീവനെയും കാക്കുന്നു. തന്റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു; അവന്റെ അസ്ഥികളിൽ ഇടവിടാതെ പോരാട്ടം ഉണ്ടു. അതുകൊണ്ടു അവന്റെ ജീവൻ അപ്പവും അവന്റെ പ്രാണൻ സ്വാദുഭോജനവും വെറുക്കുന്നു. അവന്റെ മാംസം ക്ഷയിച്ചു കാണ്മാനില്ലാതെയായിരിക്കുന്നു; കാണ്മാനില്ലാതിരുന്ന അവന്റെ അസ്ഥികൾ പൊങ്ങിനില്ക്കുന്നു. അവന്റെ പ്രാണൻ ശവക്കുഴിക്കും അവന്റെ ജീവൻ നാശകന്മാർക്കും അടുത്തിരിക്കുന്നു. മനുഷ്യനോടു അവന്റെ ധർമ്മം അറിയിക്കേണ്ടതിന്നു ആയിരത്തിൽ ഒരുത്തനായി മദ്ധ്യസ്ഥനായോരു ദൂതൻ അവന്നു വേണ്ടി ഉണ്ടെന്നുവരികിൽ അവൻ അവങ്കൽ കൃപ വിചാരിച്ചു: കുഴിയിൽ ഇറങ്ങാതവണ്ണം ഇവനെ രക്ഷിക്കേണമേ; ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു എന്നു പറയും അപ്പോൾ അവന്റെ ദേഹം യൗവനചൈതന്യത്താൽ പുഷ്ടിവെക്കും; അവൻ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും. അവൻ ദൈവത്തോടു പ്രാർത്ഥിക്കും; അവൻ അവങ്കൽ പ്രസാദിക്കും; തിരുമുഖത്തെ അവൻ സന്തോഷത്തോടെ കാണും; അവൻ മനുഷ്യന്നു അവന്റെ നീതിയെ പകരം കൊടുക്കും. അവൻ മനുഷ്യരുടെ മുമ്പിൽ പാടി പറയുന്നതു: ഞാൻ പാപം ചെയ്തു നേരായുള്ളതു മറിച്ചുകളഞ്ഞു; അതിന്നു എന്നോടു പകരം ചെയ്തിട്ടില്ല. അവൻ എന്റെ പ്രാണനെ കുഴിയിൽ ഇറങ്ങാതവണ്ണം രക്ഷിച്ചു; എന്റെ ജീവൻ പ്രകാശത്തെ കണ്ടു സന്തോഷിക്കുന്നു. ഇതാ, ദൈവം രണ്ടു മൂന്നു പ്രാവശ്യം ഇവയൊക്കെയും മനുഷ്യനോടു ചെയ്യുന്നു.