ഇയ്യോ. 33:13-29

ഇയ്യോ. 33:13-29 IRVMAL

നീ ദൈവത്തോട് എന്തിന് വാദിക്കുന്നു? തന്‍റെ കാര്യങ്ങളിൽ ഒന്നിനും അവിടുന്ന് ഉത്തരം പറയുന്നില്ലല്ലോ. ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യൻ അത് കൂട്ടാക്കുന്നില്ലതാനും. ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ, അവർ കിടക്കമേൽ നിദ്രകൊള്ളുമ്പോൾ, സ്വപ്നത്തിൽ, രാത്രിദർശനത്തിൽ തന്നെ, അവിടുന്ന് മനുഷ്യരുടെ ചെവി തുറക്കുന്നു; അവരെ മുന്നറിയിപ്പുകൾ കൊണ്ടു ഭയപ്പെടുത്തുന്നു. മനുഷ്യനെ അവന്‍റെ ദുഷ്കർമ്മത്തിൽനിന്ന് അകറ്റുവാനും പുരുഷനെ ഗർവ്വത്തിൽനിന്ന് രക്ഷിക്കുവാനും തന്നെ. അവിടുന്ന് കുഴിയിൽനിന്ന് അവന്‍റെ പ്രാണനെയും വാളാൽ നശിക്കാതെ അവന്‍റെ ജീവനെയും രക്ഷിക്കുന്നു. “തന്‍റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു; അവന്‍റെ അസ്ഥികളിൽ ഇടവിടാതെ യാതന ഉണ്ട്. അതുകൊണ്ട് അവന്‍റെ ജീവൻ അപ്പവും അവന്‍റെ പ്രാണൻ സ്വാദുഭോജനവും വെറുക്കുന്നു. അവന്‍റെ മാംസം ക്ഷയിച്ച് കാണാനില്ലാതെയായിരിക്കുന്നു; കാണാനില്ലാതിരുന്ന അവന്‍റെ അസ്ഥികൾ പൊങ്ങിനില്‍ക്കുന്നു. അവന്‍റെ പ്രാണൻ ശവക്കുഴിക്കും അവന്‍റെ ജീവൻ നാശകന്മാർക്കും അടുത്തിരിക്കുന്നു. “മനുഷ്യനോട് അവന്‍റെ ധർമ്മം അറിയിക്കേണ്ടതിന് ആയിരത്തിൽ ഒരുവനായി മദ്ധ്യസ്ഥനായ ഒരു ദൂതൻ അവനുവേണ്ടി ഉണ്ടെങ്കിൽ ദൂതൻ അവനിൽ കൃപ തോന്നി: ‘കുഴിയിൽ ഇറങ്ങാത്തവിധം ഇവനെ രക്ഷിക്കേണമേ; ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു’ എന്നു പറയും അപ്പോൾ അവന്‍റെ ദേഹം യൗവ്വനചൈതന്യത്താൽ പുഷ്ടിവയ്ക്കും; അവൻ ബാല്യപ്രായത്തിലേക്ക് തിരിച്ചുവരും. അവൻ ദൈവത്തോട് പ്രാർത്ഥിക്കും; അവിടുന്ന് അവനിൽ പ്രസാദിക്കും; തിരുമുഖത്തെ അവൻ സന്തോഷത്തോടെ കാണും; ദൈവം മനുഷ്യന് അവന്‍റെ വിജയം പകരം കൊടുക്കും. അവൻ മനുഷ്യരുടെ മുമ്പിൽ പാടി പറയുന്നത്: ‘ഞാൻ പാപംചെയ്ത് നേരായുള്ളത് മറിച്ചുകളഞ്ഞു; അതിന് എന്നോട് പകരം ചെയ്തിട്ടില്ല. ദൈവം എന്‍റെ പ്രാണനെ കുഴിയിൽ ഇറങ്ങാത്തവിധം രക്ഷിച്ചു; എന്‍റെ ജീവൻ പ്രകാശം കണ്ടു സന്തോഷിക്കുന്നു. “ഇതാ, ദൈവം രണ്ടു മൂന്നുപ്രാവശ്യം ഇവയെല്ലം മനുഷ്യനോട് ചെയ്യുന്നു.