യോഹന്നാൻ 12:1-26

യോഹന്നാൻ 12:1-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ലാസർ പാർത്ത ബേഥാന്യയിലേക്ക് യേശു പെസഹയ്ക്ക് ആറു ദിവസം മുമ്പേ വന്നു. അവിടെ അവർ അവന് ഒരു അത്താഴം ഒരുക്കി; മാർത്ത ശുശ്രൂഷ ചെയ്തു, ലാസറോ അവനോടുകൂടെ പന്തിയിൽ ഇരുന്നവരിൽ ഒരുവൻ ആയിരുന്നു. അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തൽ എടുത്തു യേശുവിന്റെ കാലിൽ പൂശി തന്റെ തലമുടികൊണ്ടു കാൽ തുവർത്തി; തൈലത്തിന്റെ സൗരഭ്യംകൊണ്ടു വീടു നിറഞ്ഞു. എന്നാൽ അവന്റെ ശിഷ്യന്മാരിൽ ഒരുത്തനായി അവനെ കാണിച്ചുകൊടുപ്പാനുള്ള യൂദാ ഈസ്കര്യോത്താവ്; ഈ തൈലം മുന്നൂറു വെള്ളിക്കാശിനു വിറ്റു ദരിദ്രന്മാർക്കു കൊടുക്കാഞ്ഞത് എന്ത് എന്നു പറഞ്ഞു. ഇത് ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവൻ കള്ളൻ ആകകൊണ്ടും പണസ്സഞ്ചി തന്റെ പക്കൽ ആകയാൽ അതിൽ ഇട്ടത് എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞത്. യേശുവോ: അവളെ വിടുക; എന്റെ ശവസംസ്കാരദിവസത്തിനായി അവൾ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ. ദരിദ്രന്മാർ നിങ്ങൾക്ക് എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഞാൻ എല്ലായ്പോഴും അടുക്കെ ഇല്ലതാനും എന്നു പറഞ്ഞു. അവൻ അവിടെ ഉണ്ടെന്ന് അറിഞ്ഞിട്ടു യെഹൂദന്മാരുടെ ഒരു വലിയ പുരുഷാരം യേശുവിന്റെ നിമിത്തം മാത്രമല്ല അവൻ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ലാസറെ കാൺമാനായിട്ടുംകൂടെ വന്നു. അവൻ ഹേതുവായി അനേകം യെഹൂദന്മാർ ചെന്ന് യേശുവിൽ വിശ്വസിക്കയാൽ ലാസറെയും കൊല്ലേണം എന്നു മഹാപുരോഹിതന്മാർ ആലോചിച്ചു. പിറ്റേന്നു പെരുന്നാൾക്കു വന്നൊരു വലിയ പുരുഷാരം യേശു യെരൂശലേമിലേക്കു വരുന്നു എന്നു കേട്ടിട്ട് ഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ട് അവനെ എതിരേല്പാൻ ചെന്നു: ഹോശന്നാ, യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്ന് ആർത്തു. യേശു ഒരു ചെറിയ കഴുതയെ കണ്ടിട്ട് അതിന്മേൽ കയറി. “സീയോൻപുത്രീ, ഭയപ്പെടേണ്ടാ; ഇതാ, നിന്റെ രാജാവ് കഴുതക്കുട്ടിപ്പുറത്തു കയറിവരുന്നു” എന്ന് എഴുതിയിരിക്കുന്നതുപോലെതന്നെ. ഇത് അവന്റെ ശിഷ്യന്മാർ ആദിയിൽ ഗ്രഹിച്ചില്ല; യേശുവിനു തേജസ്കരണം വന്നശേഷം അവനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും തങ്ങൾ അവനെ ഇങ്ങനെ ചെയ്തു എന്നും അവർക്ക് ഓർമ വന്നു. അവൻ ലാസറെ കല്ലറയിൽനിന്നു വിളിച്ചു മരിച്ചവരിൽനിന്ന് എഴുന്നേല്പിച്ചപ്പോൾ അവനോടുകൂടെ ഉണ്ടായിരുന്ന പുരുഷാരം സാക്ഷ്യം പറഞ്ഞു. അവൻ ഈ അടയാളം ചെയ്തപ്രകാരം പുരുഷാരം കേട്ടിട്ട് അവനെ എതിരേറ്റുചെന്നു. ആകയാൽ പരീശന്മാർ തമ്മിൽ തമ്മിൽ: നമുക്ക് ഒന്നും സാധിക്കുന്നില്ലല്ലോ; ലോകം അവന്റെ പിന്നാലെ ആയിപ്പോയി എന്നു പറഞ്ഞു. പെരുന്നാളിൽ നമസ്കരിപ്പാൻ വന്നവരിൽ ചില യവനന്മാർ ഉണ്ടായിരുന്നു. ഇവർ ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കൽ ചെന്ന് അവനോട്: യജമാനനേ, ഞങ്ങൾക്കു യേശുവിനെ കാൺമാൻ താൽപര്യമുണ്ട് എന്ന് അപേക്ഷിച്ചു. ഫിലിപ്പൊസ് ചെന്ന് അന്ത്രെയാസിനോടു പറഞ്ഞു. അന്ത്രെയാസും ഫിലിപ്പൊസുംകൂടെ ചെന്നു യേശുവിനോട് പറഞ്ഞു. യേശു അവരോട് ഉത്തരം പറഞ്ഞത്: മനുഷ്യപുത്രൻ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോട് പറയുന്നു: കോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കിൽ അത് തനിയേ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും. തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും; ഇഹലോകത്തിൽ തന്റെ ജീവനെ പകയ്ക്കുന്നവൻ അതിനെ നിത്യജീവനായി സൂക്ഷിക്കും. എനിക്കു ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ; ഞാൻ ഇരിക്കുന്നേടത്ത് എന്റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്കു ശുശ്രൂഷ ചെയ്യുന്നവനെ പിതാവു മാനിക്കും.

യോഹന്നാൻ 12:1-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പെസഹായ്‍ക്ക് ആറു ദിവസം മുമ്പ് യേശു ബേഥാന്യയിലെത്തി. അവിടെവച്ചായിരുന്നല്ലോ അവിടുന്ന് ലാസറിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചത്. അവിടെ തനിക്ക് ഒരു വിരുന്നൊരുക്കി; മാർത്ത അതിഥികളെ പരിചരിച്ചു. യേശുവിനോടൊപ്പം ഭക്ഷണത്തിനിരുന്നവരിൽ ലാസറുമുണ്ടായിരുന്നു. വിലയേറിയതും ശുദ്ധവുമായ ഏകദേശം നാനൂറു ഗ്രാം നറുദീൻ തൈലം കൊണ്ടുവന്ന് മറിയം യേശുവിന്റെ പാദങ്ങളിൽ പൂശി, തന്റെ മുടികൊണ്ട് അതു തുടച്ചു. വീടു മുഴുവൻ തൈലത്തിന്റെ സൗരഭ്യംകൊണ്ടു നിറഞ്ഞു. എന്നാൽ യേശുവിന്റെ ശിഷ്യന്മാരിൽ ഒരുവനും, തന്നെ ഒറ്റിക്കൊടുക്കുവാനിരുന്നവനുമായ യൂദാസ് ഈസ്കര്യോത്ത്, “ഈ പരിമളതൈലം മുന്നൂറു ദിനാറിനു വിറ്റ് ആ പണം ദരിദ്രർക്കു കൊടുക്കാമായിരുന്നില്ലേ?” എന്നു ചോദിച്ചു. ദരിദ്രരെക്കുറിച്ചുള്ള കരുതൽ കൊണ്ടല്ല അയാൾ ഇങ്ങനെ പറഞ്ഞത്; പിന്നെയോ, കള്ളനായതുകൊണ്ടത്രേ. പണസഞ്ചി അയാളുടെ കൈയിലായിരുന്നതിനാൽ അതിലിടുന്ന പണം അയാൾ എടുത്തുവന്നിരുന്നു. യേശു പറഞ്ഞു: “അവളെ ശല്യപ്പെടുത്താതിരിക്കൂ; എന്റെ ശവസംസ്കാരത്തിനുവേണ്ടി അവൾ അതു സൂക്ഷിച്ചിരുന്നതായി കരുതുക. ദരിദ്രർ എപ്പോഴും നിങ്ങളോടുകൂടിയുണ്ടല്ലോ; ഞാനാകട്ടെ, എപ്പോഴും നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല.” യേശു അവിടെയുണ്ടെന്നു കേട്ട് യെഹൂദന്മാരുടെ ഒരു വലിയ സമൂഹം അവിടെയെത്തി. യേശുവിനെ ഉദ്ദേശിച്ചു മാത്രമല്ല അവിടുന്നു മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ലാസറിനെ കാണുന്നതിനുംകൂടിയാണ് അവർ വന്നത്. ലാസർ ഹേതുവായി അനേകം യെഹൂദന്മാർ തങ്ങളെ ഉപേക്ഷിച്ച് യേശുവിൽ വിശ്വസിക്കുവാൻ തുടങ്ങിയതിനാൽ ലാസറിനെയും വധിക്കുവാൻ മുഖ്യപുരോഹിതന്മാർ ആലോചിച്ചു. പിറ്റേദിവസം യേശു യെരൂശലേമിൽ വരുന്നുണ്ടെന്ന് ഉത്സവത്തിനു വന്ന ജനക്കൂട്ടം അറിഞ്ഞു. അവർ ഈത്തപ്പനയുടെ കുരുത്തോലയുമായി അവിടുത്തെ എതിരേല്‌ക്കുവാൻ ചെന്നു. “ഹോശന്നാ! സർവേശ്വരന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ! ഇസ്രായേലിന്റെ രാജാവ് വാഴ്ത്തപ്പെട്ടവൻ!” എന്ന് അവർ ജയഘോഷം മുഴക്കിക്കൊണ്ടിരുന്നു. യേശു ഒരു കഴുതക്കുട്ടിയെ കണ്ട് അതിന്റെ പുറത്ത് ഉപവിഷ്ടനായി. “സീയോൻപുത്രീ, ഭയപ്പെടേണ്ടാ!; ഇതാ നിന്റെ രാജാവു വരുന്നു കഴുതക്കുട്ടിയുടെ പുറത്തു കയറി വരുന്നു.” എന്ന് എഴുതപ്പെട്ടിരിക്കുന്നതുപോലെ തന്നെ. യേശുവിന്റെ ശിഷ്യന്മാർക്ക് ആദ്യം ഇതിന്റെ പൊരുൾ മനസ്സിലായില്ല. എന്നാൽ യേശുവിന്റെ മഹത്ത്വീകരണത്തിനു ശേഷം അവിടുത്തെക്കുറിച്ച് ഇപ്രകാരം എഴുതിയിട്ടുള്ളതും ജനങ്ങൾ അവിടുത്തേക്കുവേണ്ടി ചെയ്തതും അവർ അനുസ്മരിച്ചു. ലാസറിനെ കല്ലറയിൽനിന്നു വിളിച്ച് മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചപ്പോൾ യേശുവിന്റെ കൂടെയുണ്ടായിരുന്ന ജനക്കൂട്ടം ആ സംഭവത്തിനു സാക്ഷ്യം വഹിച്ചിരുന്നു. യേശുവിന്റെ ഈ അടയാളപ്രവൃത്തിയെക്കുറിച്ചു കേട്ടിരുന്നതുകൊണ്ടാണ് ജനങ്ങൾ അവിടുത്തെ എതിരേല്‌ക്കുവാൻ ചെന്നത്. പരീശന്മാർ ഇതുകണ്ട് അന്യോന്യം പറഞ്ഞു: “നമ്മുടെ പരിശ്രമം ഒന്നും ഫലിക്കുന്നില്ലല്ലോ! നോക്കുക, ലോകം മുഴുവൻ അയാളുടെ പിന്നാലെ പോയിക്കഴിഞ്ഞു.” ഉത്സവത്തിന് ആരാധിക്കുവാൻ വന്നവരുടെ കൂട്ടത്തിൽ ഏതാനും ഗ്രീക്കുകാരുമുണ്ടായിരുന്നു. അവർ ഗലീലയിലെ ബെത്‍സെയ്ദക്കാരനായ ഫീലിപ്പോസിനെ സമീപിച്ച്, “യേശുവിനെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു. ഫീലിപ്പോസ് ഈ വിവരം അന്ത്രയാസിനെ അറിയിച്ചു. അവർ രണ്ടുപേരുംകൂടി ചെന്ന് യേശുവിനോട് ഇക്കാര്യം പറഞ്ഞു. അപ്പോൾ യേശു അരുൾചെയ്തു: “മനുഷ്യപുത്രൻ മഹത്ത്വപ്പെടുന്നതിനുള്ള സമയം ഇതാ വന്നിരിക്കുന്നു. ഞാൻ ഉറപ്പിച്ചുപറയുന്നു: കോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് ഒരേ ഒരു മണിയായിത്തന്നെ ഇരിക്കും. എന്നാൽ അത് അഴിയുന്നെങ്കിൽ സമൃദ്ധമായ വിളവു നല്‌കുന്നു. തന്റെ ജീവനെ സ്നേഹിക്കുന്നവന് അതു നഷ്ടപ്പെടുന്നു. ഈ ലോകത്തിൽവച്ചു തന്റെ ജീവനെ വെറുക്കുന്നവൻ അനശ്വരജീവനുവേണ്ടി അതു സൂക്ഷിക്കുന്നു. എന്നെ സേവിക്കുന്നവൻ എന്നെ അനുഗമിക്കട്ടെ; ഞാൻ എവിടെ ആയിരിക്കുന്നുവോ, അവിടെ ആയിരിക്കും എന്റെ സേവകനും. എന്നെ സേവിക്കുന്നവനെ എന്റെ പിതാവ് ആദരിക്കും.

യോഹന്നാൻ 12:1-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ലാസർ പാർത്ത ബേഥാന്യയിലേക്കു പെസഹയ്ക്ക് ആറു ദിവസം മുമ്പെ യേശു വന്നു. അവിടെ അവർ അവനു ഒരു അത്താഴം ഒരുക്കി; ലാസർ യേശുവിനോടുകൂടെ പന്തിയിൽ ഇരുന്നവരിൽ ഒരുവൻ ആയിരുന്നു, മാർത്ത വിളമ്പി കൊടുക്കുകയായിരുന്നു. അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തൽ എടുത്തു യേശുവിന്‍റെ കാലിൽ പൂശി തന്‍റെ തലമുടികൊണ്ട് കാൽ തുവർത്തി; തൈലത്തിന്‍റെ സൌരഭ്യംകൊണ്ട് വീട് നിറഞ്ഞു. എന്നാൽ അവന്‍റെ ശിഷ്യന്മാരിൽ ഒരുവനായി അവനെ കാണിച്ചുകൊടുക്കുവാനുള്ള യൂദാ ഈസ്കര്യോത്താവ്: “ഈ തൈലം മുന്നൂറു വെള്ളിക്കാശിന് വിറ്റ് ദരിദ്രന്മാർക്ക് കൊടുക്കാഞ്ഞത് എന്ത്?“ എന്നു പറഞ്ഞു. ഇതു ദരിദ്രന്മാരെക്കുറിച്ച് വിചാരം ഉണ്ടായിട്ടല്ല, അവൻ കള്ളൻ ആകകൊണ്ടും പണസഞ്ചി തന്‍റെ പക്കൽ ഏൽപ്പിച്ചിരിക്കയാൽ അതിൽ ഉള്ളതിൽനിന്ന് അവൻ എടുത്തിരുന്നതുകൊണ്ടും അത്രേ പറഞ്ഞത്. യേശു: അവളെ അസഹ്യപ്പെടുത്തേണ്ട; എന്‍റെ ശവസംസ്ക്കാര ദിവസത്തിനായി അവൾ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ. ദരിദ്രന്മാർ നിങ്ങൾക്ക് എല്ലായ്‌പ്പോഴും അടുക്കെ ഉണ്ടല്ലോ; ഞാൻ എല്ലായ്‌പ്പോഴും അടുക്കെ ഇല്ലതാനും എന്നു പറഞ്ഞു. അവൻ അവിടെ ഉണ്ടെന്ന് അറിഞ്ഞിട്ട് യെഹൂദന്മാരുടെ ഒരു വലിയ പുരുഷാരം യേശുവിന്‍റെ നിമിത്തം മാത്രമല്ല, അവൻ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ലാസറെ കാണ്മാനായിട്ടുംകൂടെ വന്നു. അതുകൊണ്ട് ലാസറിനേയും കൊല്ലേണം എന്നു മുഖ്യപുരോഹിതന്മാർ ആലോചിച്ചു. കാരണം, അവൻ നിമിത്തം അനേകം യെഹൂദന്മാർ യേശുവിൽ വിശ്വസിക്കയും ചെയ്തുകൊണ്ടിരുന്നു. അടുത്ത ദിവസം പെരുന്നാൾക്ക് വലിയ പുരുഷാരം വന്നു. യേശു യെരൂശലേമിലേക്കു വരുന്നു എന്നു അവർ കേട്ടപ്പോൾ ഈന്തപ്പനയുടെ ചില്ലകൾ എടുത്തുംകൊണ്ട് അവനെ എതിരേൽക്കുവാൻ ചെന്നു: “ഹോശന്നാ, യിസ്രായേലിന്‍റെ രാജാവായി കർത്താവിന്‍റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ“ എന്നു ആർത്തു. യേശു ഒരു കഴുതക്കുട്ടിയെ കണ്ടിട്ട് അതിന്മേൽ കയറി ഇരുന്നു. “സീയോൻപുത്രി, ഭയപ്പെടേണ്ടാ; ഇതാ നിന്‍റെ രാജാവ് കഴുതക്കുട്ടിപ്പുറത്ത് കയറിവരുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നെ. ഇതു അവന്‍റെ ശിഷ്യന്മാർ ആദിയിൽ ഗ്രഹിച്ചില്ല; എന്നാൽ യേശുവിന് തേജസ്കരണം വന്നശേഷം അവനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും അവർ അവനു ഇങ്ങനെ ചെയ്തു എന്നും അവർക്ക് ഓർമ്മ വന്നു. അവൻ ലാസറെ കല്ലറയിൽനിന്ന് വിളിച്ചു മരിച്ചവരിൽ നിന്നു എഴുന്നേല്പിച്ചപ്പോൾ അവനോടുകൂടെ ഉണ്ടായിരുന്ന പുരുഷാരം മറ്റുള്ളവരോടു സാക്ഷ്യം പറഞ്ഞു. അവൻ ഈ അടയാളം ചെയ്തു എന്നു കേട്ടതുകൊണ്ടുകൂടിയാണ് പുരുഷാരം അവനെ എതിരേറ്റുചെന്നത്. ആകയാൽ പരീശന്മാർ തമ്മിൽതമ്മിൽ: “നോക്കൂ നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ സാധിക്കുന്നില്ല; ഇതാ ലോകം അവന്‍റെ പിന്നാലെ ആയിപ്പോയി“ എന്നു പറഞ്ഞു. പെരുന്നാളിൽ ആരാധിപ്പാൻ വന്നവരിൽ ചില യവനന്മാർ ഉണ്ടായിരുന്നു. ഇവർ ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്‍റെ അടുക്കൽ ചെന്നു അവനോട്: “യജമാനനേ, ഞങ്ങൾക്കു യേശുവിനെ കാണ്മാൻ താല്പര്യമുണ്ട്“ എന്നു അപേക്ഷിച്ചു. ഫിലിപ്പൊസ് ചെന്നു അന്ത്രെയാസിനോട് പറഞ്ഞു. അന്ത്രെയാസും ഫിലിപ്പൊസും കൂടെ ചെന്നു യേശുവിനോടു പറഞ്ഞു യേശു അവരോട് ഉത്തരം പറഞ്ഞത്: മനുഷ്യപുത്രൻ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: കോതമ്പുമണി നിലത്തുവീണു ചാകുന്നില്ല എങ്കിൽ അത് തനിയേ ഇരിക്കും; ചത്തു എങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും. തന്‍റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും; എന്നാൽ ഇഹലോകത്തിൽ തന്‍റെ ജീവനെ വെറുക്കുന്നവൻ അതിനെ നിത്യജീവനായി സൂക്ഷിക്കും. എനിക്ക് ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ; ഞാൻ ഇരിക്കുന്നിടത്ത് എന്‍റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്ക് ശുശ്രൂഷ ചെയ്യുന്നവനെ പിതാവ് മാനിയ്ക്കും.

യോഹന്നാൻ 12:1-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യേശു മരിച്ചവരിൽനിന്നു ഉയിർപ്പിച്ച ലാസർ പാർത്ത ബേഥാന്യയിലേക്കു യേശു പെസഹെക്കു ആറു ദിവസം മുമ്പെ വന്നു. അവിടെ അവർ അവന്നു ഒരു അത്താഴം ഒരുക്കി; മാർത്ത ശുശ്രൂഷ ചെയ്തു, ലാസരോ അവനോടുകൂടെ പന്തിയിൽ ഇരുന്നവരിൽ ഒരുവൻ ആയിരുന്നു. അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തൽ എടുത്തു യേശുവിന്റെ കാലിൽ പൂശി തന്റെ തലമുടികൊണ്ടു കാൽ തുവർത്തി; തൈലത്തിന്റെ സൗരഭ്യംകൊണ്ടു വീടു നിറഞ്ഞു. എന്നാൽ അവന്റെ ശിഷ്യന്മാരിൽ ഒരുത്തനായി അവനെ കാണിച്ചുകൊടുപ്പാനുള്ള യൂദാ ഈസ്കര്യോത്താവു: ഈ തൈലം മുന്നൂറു വെള്ളിക്കാശിന്നു വിറ്റു ദിരിദ്രന്മാർക്കു കൊടുക്കാഞ്ഞതു എന്തു എന്നു പറഞ്ഞു. ഇതു ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവൻ കള്ളൻ ആകകൊണ്ടും പണസ്സഞ്ചി തന്റെ പക്കൽ ആകയാൽ അതിൽ ഇട്ടതു എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞതു. യേശുവോ: അവളെ വിടുക; എന്റെ ശവസംസ്കാരദിവസത്തിന്നായി അവൾ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ. ദരിദ്രന്മാർ നിങ്ങൾക്കു എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഞാൻ എല്ലായ്പോഴും അടുക്കെ ഇല്ലതാനും എന്നു പറഞ്ഞു. അവൻ അവിടെ ഉണ്ടെന്നു അറിഞ്ഞിട്ടു യെഹൂദന്മാരുടെ ഒരു വലിയ പുരുഷാരം യേശുവിന്റെ നിമിത്തം മാത്രമല്ല, അവൻ മരിച്ചവരിൽനിന്നു ഉയിർപ്പിച്ച ലാസരെ കാണ്മാനായിട്ടുംകൂടെ വന്നു. അവൻ ഹേതുവായി അനേകം യെഹൂദന്മാർ ചെന്നു യേശുവിൽ വിശ്വസിക്കയാൽ ലാസരെയും കൊല്ലേണം എന്നു മഹാപുരോഹിതന്മാർ ആലോചിച്ചു. പിറ്റേന്നു പെരുന്നാൾക്കു വന്നോരു വലിയ പുരുഷാരം യേശു യെരൂശലേമിലേക്കു വരുന്നു എന്നു കേട്ടിട്ടു ഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ടു അവനെ എതിരേല്പാൻ ചെന്നു: ഹോശന്നാ, യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്നു ആർത്തു. യേശു ഒരു ചെറിയ കഴുതയെ കണ്ടിട്ടു അതിന്മേൽ കയറി. “സീയോൻ പുത്രി, ഭയപ്പെടേണ്ടാ; ഇതാ നിന്റെ രാജാവു കഴുതക്കുട്ടിപ്പുറത്തു കയറിവരുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ. ഇതു അവന്റെ ശിഷ്യന്മാർ ആദിയിൽ ഗ്രഹിച്ചില്ല; യേശുവിന്നു തേജസ്കരണം വന്നശേഷം അവനെക്കുറിച്ചു ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും തങ്ങൾ അവന്നു ഇങ്ങനെ ചെയ്തു എന്നും അവർക്കു ഓർമ്മവന്നു. അവൻ ലാസരെ കല്ലറയിൽനിന്നു വിളിച്ചു മരിച്ചവരിൽ നിന്നു എഴുന്നേല്പിച്ചപ്പോൾ അവനോടുകൂടെ ഉണ്ടായിരുന്ന പുരുഷാരം സാക്ഷ്യം പറഞ്ഞു. അവൻ ഈ അടയാളം ചെയ്തപ്രകാരം പുരുഷാരം കേട്ടിട്ടു അവനെ എതിരേറ്റുചെന്നു. ആകയാൽ പരീശന്മാർ തമ്മിൽ തമ്മിൽ: നമുക്കു ഒന്നും സാധിക്കുന്നില്ലല്ലോ; ലോകം അവന്റെ പിന്നാലെ ആയിപ്പോയി എന്നു പറഞ്ഞു. പെരുനാളിൽ നമസ്കരിപ്പാൻ വന്നവരിൽ ചില യവനന്മാർ ഉണ്ടായിരുന്നു. ഇവർ ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കൽ ചെന്നു അവനോടു: യജമാനനേ, ഞങ്ങൾക്കു യേശുവിനെ കാണ്മാൻ താല്പര്യമുണ്ടു എന്നു അപേക്ഷിച്ചു. ഫിലിപ്പൊസ് ചെന്നു അന്ത്രെയാസിനോടു പറഞ്ഞു. അന്ത്രെയാസും ഫിലിപ്പൊസും കൂടെ ചെന്നു യേശുവിനോടു പറഞ്ഞു. യേശു അവരോടു ഉത്തരം പറഞ്ഞതു: മനുഷ്യപുത്രൻ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: കോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കിൽ അതു തനിയേ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും. തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും; ഇഹലോകത്തിൽ തന്റെ ജീവനെ പകെക്കുന്നവൻ അതിനെ നിത്യജീവന്നായി സൂക്ഷിക്കും. എനിക്കു ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ; ഞാൻ ഇരിക്കുന്നേടത്തു എന്റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്കു ശുശ്രൂഷ ചെയ്യുന്നവനെ പിതാവു മാനിക്കും.

യോഹന്നാൻ 12:1-26 സമകാലിക മലയാളവിവർത്തനം (MCV)

പെസഹയ്ക്ക് ആറുദിവസം മുമ്പ് യേശു ബെഥാന്യയിൽ എത്തി. അവിടെയാണ് മരിച്ചവരിൽനിന്ന് യേശു ഉയിർപ്പിച്ച ലാസർ താമസിച്ചിരുന്നത്. അവിടെ യേശുവിനുവേണ്ടി ഒരു അത്താഴവിരുന്ന് ഒരുക്കിയിരുന്നു. മാർത്ത ആതിഥ്യശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു. ലാസറും അദ്ദേഹത്തോടൊപ്പം പന്തിയിൽ ഇരിക്കുകയായിരുന്നു. അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാഞ്ചിതൈലം അരലിറ്ററോളം എടുത്ത് യേശുവിന്റെ പാദങ്ങളിൽ പകർന്നിട്ട് അവളുടെ തലമുടികൊണ്ടു തുടയ്ക്കാൻ തുടങ്ങി. തൈലത്തിന്റെ സൗരഭ്യം വീടുമുഴുവൻ നിറഞ്ഞു. യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളും പിന്നീട് അദ്ദേഹത്തെ ഒറ്റിക്കൊടുത്തവനുമായ യൂദാ ഈസ്കര്യോത്ത് ഇതിൽ നീരസം പ്രകടിപ്പിച്ചുകൊണ്ട്, “മുന്നൂറുദിനാർ വിലമതിക്കുന്ന ഈ സുഗന്ധതൈലം വിറ്റ് ആ പണം ദരിദ്രർക്കു കൊടുക്കാമായിരുന്നില്ലേ?” എന്നു പറഞ്ഞു. ദരിദ്രരെക്കുറിച്ചുള്ള കരുതൽകൊണ്ടല്ല, അവൻ കള്ളനായിരുന്നതുകൊണ്ടാണ് അതു പറഞ്ഞത്; പണസഞ്ചിസൂക്ഷിപ്പുകാരനായിരുന്ന അവൻ അതിൽനിന്ന് പണം സ്വന്തം ഉപയോഗത്തിന് എടുത്തുവന്നിരുന്നു. അതിനു മറുപടിയായി യേശു പറഞ്ഞു: “അവളെ വെറുതേവിടുക, എന്റെ ശവസംസ്കാരദിവസത്തിനായി അവൾ ഈ സുഗന്ധതൈലം സൂക്ഷിച്ചുവെച്ചിരുന്നു എന്നു കരുതിയാൽമതി. ദരിദ്രർ എപ്പോഴും നിങ്ങളുടെ കൂടെത്തന്നെ ഉണ്ടല്ലോ; ഞാനോ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കുകയില്ല.” യേശു ഉണ്ടെന്നറിഞ്ഞ് യെഹൂദരുടെ ഒരു വലിയകൂട്ടം അവിടെ എത്തി. യേശുവിനെമാത്രമല്ല, അദ്ദേഹം മരിച്ചവരിൽനിന്നുയിർപ്പിച്ച ലാസറിനെയുംകൂടി കാണുന്നതിനാണ് അവർ വന്നത്. അതുകൊണ്ട് പുരോഹിതമുഖ്യന്മാർ യേശുവിനോടൊപ്പം ലാസറിനെയും വധിക്കാൻ ആലോചിച്ചു. കാരണം, അയാൾനിമിത്തം അനേകം യെഹൂദർ അവരെ ഉപേക്ഷിച്ച് യേശുവിന്റെ അനുയായികളാകുകയും അദ്ദേഹത്തിൽ വിശ്വസിക്കുകയും ചെയ്തുകൊണ്ടിരുന്നു. പിറ്റേദിവസം, പെരുന്നാളിനു വന്നിരുന്ന വലിയ ജനക്കൂട്ടം, യേശു ജെറുശലേമിലേക്കു വരുന്നു എന്നുള്ള വാർത്ത കേട്ടു. അവർ ഈന്തപ്പനയുടെ കുരുത്തോലകൾ എടുത്തുകൊണ്ട്: “ഹോശന്നാ!” “കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ!” “ഇസ്രായേലിന്റെ രാജാവു വാഴ്ത്തപ്പെട്ടവൻ!” എന്ന് ആർത്തുവിളിച്ചുകൊണ്ട് അദ്ദേഹത്തെ എതിരേൽക്കാൻ പുറപ്പെട്ടു. യേശു ഒരു കഴുതക്കുട്ടിയെ കണ്ട് അതിന്റെ പുറത്തുകയറി ഇരുന്നു. “സീയോൻപുത്രീ, ഭയപ്പെടേണ്ട, ഇതാ നിന്റെ രാജാവ് കഴുതക്കുട്ടിമേൽ കയറിവരുന്നു,” എന്ന് എഴുതിയിരിക്കുന്നതുപോലെ തന്നെ. ഈ സംഭവിച്ചതെല്ലാറ്റിന്റെയും അർഥം ശിഷ്യന്മാർക്ക് ആദ്യം മനസ്സിലായില്ല. ഈ പ്രവചനം അദ്ദേഹത്തെക്കുറിച്ചാണ് എഴുതപ്പെട്ടിരിക്കുന്നതെന്നും അതിനനുസൃതമായിട്ടാണ് അവർ ഈ ചെയ്തതെല്ലാമെന്നും യേശുവിന്റെ മഹത്ത്വീകരണത്തിനു ശേഷംമാത്രമേ അവർ ഗ്രഹിച്ചുള്ളൂ. മരിച്ചവനായിരുന്ന ലാസറിനെ, യേശുകർത്താവ് തന്റെ വാക്കാൽ, മരണത്തിൽനിന്നുയിർപ്പിച്ച്, കല്ലറയ്ക്കു പുറത്തു വരുത്തിയതിന് സാക്ഷികളായിരുന്ന ജനം ആ വാർത്ത പ്രചരിപ്പിച്ചുകൊണ്ടേയിരുന്നു. അദ്ദേഹം ചെയ്ത ഈ മഹാത്ഭുതത്തെക്കുറിച്ചു കേട്ടിരുന്നതുകൊണ്ട് ഒരു വലിയ ജനാവലിതന്നെ അദ്ദേഹത്തെ എതിരേൽക്കാൻ വന്നുചേർന്നു. അപ്പോൾ, “നോക്കൂ, നമ്മുടെ പരിശ്രമങ്ങളെല്ലാം വിഫലമാകുകയാണല്ലോ; ലോകം മുഴുവൻ അയാളുടെ അനുഗാമികളായിരിക്കുന്നു!” എന്നു പരീശന്മാർ പരസ്പരം പറഞ്ഞു. പെസഹാപ്പെരുന്നാളിന് ആരാധനയ്ക്കായി ജെറുശലേമിൽ വന്നവരിൽ ചില ഗ്രീക്കുകാരും ഉണ്ടായിരുന്നു. അവർ ഒരു അഭ്യർഥനയുമായി ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കൽ ചെന്നു പറഞ്ഞു, “യജമാനനേ, ഞങ്ങൾക്ക് യേശുവിനെ കാണണമെന്ന് ആഗ്രഹമുണ്ട്.” ഫിലിപ്പൊസ് ചെന്ന് ഇക്കാര്യം അന്ത്രയോസിനോടു പറഞ്ഞു. അന്ത്രയോസും ഫിലിപ്പൊസുംകൂടി യേശുവിനെ വിവരം അറിയിച്ചു. അപ്പോൾ യേശു പറഞ്ഞു: “മനുഷ്യപുത്രൻ മഹത്ത്വീകരിക്കപ്പെടാനുള്ള സമയം വന്നുചേർന്നിരിക്കുന്നു. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: ഗോതമ്പുമണി നിലത്തുവീണു ചാകുന്നില്ലെങ്കിൽ അത് ഒരു ഗോതമ്പുമണിയായിത്തന്നെ ഇരിക്കും; അത് ചാകുന്നെങ്കിലോ, ധാരാളം വിളവുണ്ടാകും. സ്വന്തം ജീവനെ സ്നേഹിക്കുന്നയാൾ അതിനെ നഷ്ടപ്പെടുത്തും; ഈ ലോകത്തിൽ സ്വന്തം ജീവനെ വെറുക്കുന്നയാൾ നിത്യജീവനുവേണ്ടി അതിനെ സംരക്ഷിക്കുന്നു. എന്നെ സേവിക്കുന്നയാൾ എന്നെ അനുഗമിക്കണം. ഞാൻ ആയിരിക്കുന്നിടത്തുതന്നെ എന്നെ സേവിക്കുന്നയാളും ആയിരിക്കും. എന്നെ സേവിക്കുന്നയാളിനെ എന്റെ പിതാവും ആദരിക്കും.