യോഹന്നാൻ 12:1-26

യോഹന്നാൻ 12:1-26 MCV

പെസഹയ്ക്ക് ആറുദിവസം മുമ്പ് യേശു ബെഥാന്യയിൽ എത്തി. അവിടെയാണ് മരിച്ചവരിൽനിന്ന് യേശു ഉയിർപ്പിച്ച ലാസർ താമസിച്ചിരുന്നത്. അവിടെ യേശുവിനുവേണ്ടി ഒരു അത്താഴവിരുന്ന് ഒരുക്കിയിരുന്നു. മാർത്ത ആതിഥ്യശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു. ലാസറും അദ്ദേഹത്തോടൊപ്പം പന്തിയിൽ ഇരിക്കുകയായിരുന്നു. അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാഞ്ചിതൈലം അരലിറ്ററോളം എടുത്ത് യേശുവിന്റെ പാദങ്ങളിൽ പകർന്നിട്ട് അവളുടെ തലമുടികൊണ്ടു തുടയ്ക്കാൻ തുടങ്ങി. തൈലത്തിന്റെ സൗരഭ്യം വീടുമുഴുവൻ നിറഞ്ഞു. യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളും പിന്നീട് അദ്ദേഹത്തെ ഒറ്റിക്കൊടുത്തവനുമായ യൂദാ ഈസ്കര്യോത്ത് ഇതിൽ നീരസം പ്രകടിപ്പിച്ചുകൊണ്ട്, “മുന്നൂറുദിനാർ വിലമതിക്കുന്ന ഈ സുഗന്ധതൈലം വിറ്റ് ആ പണം ദരിദ്രർക്കു കൊടുക്കാമായിരുന്നില്ലേ?” എന്നു പറഞ്ഞു. ദരിദ്രരെക്കുറിച്ചുള്ള കരുതൽകൊണ്ടല്ല, അവൻ കള്ളനായിരുന്നതുകൊണ്ടാണ് അതു പറഞ്ഞത്; പണസഞ്ചിസൂക്ഷിപ്പുകാരനായിരുന്ന അവൻ അതിൽനിന്ന് പണം സ്വന്തം ഉപയോഗത്തിന് എടുത്തുവന്നിരുന്നു. അതിനു മറുപടിയായി യേശു പറഞ്ഞു: “അവളെ വെറുതേവിടുക, എന്റെ ശവസംസ്കാരദിവസത്തിനായി അവൾ ഈ സുഗന്ധതൈലം സൂക്ഷിച്ചുവെച്ചിരുന്നു എന്നു കരുതിയാൽമതി. ദരിദ്രർ എപ്പോഴും നിങ്ങളുടെ കൂടെത്തന്നെ ഉണ്ടല്ലോ; ഞാനോ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കുകയില്ല.” യേശു ഉണ്ടെന്നറിഞ്ഞ് യെഹൂദരുടെ ഒരു വലിയകൂട്ടം അവിടെ എത്തി. യേശുവിനെമാത്രമല്ല, അദ്ദേഹം മരിച്ചവരിൽനിന്നുയിർപ്പിച്ച ലാസറിനെയുംകൂടി കാണുന്നതിനാണ് അവർ വന്നത്. അതുകൊണ്ട് പുരോഹിതമുഖ്യന്മാർ യേശുവിനോടൊപ്പം ലാസറിനെയും വധിക്കാൻ ആലോചിച്ചു. കാരണം, അയാൾനിമിത്തം അനേകം യെഹൂദർ അവരെ ഉപേക്ഷിച്ച് യേശുവിന്റെ അനുയായികളാകുകയും അദ്ദേഹത്തിൽ വിശ്വസിക്കുകയും ചെയ്തുകൊണ്ടിരുന്നു. പിറ്റേദിവസം, പെരുന്നാളിനു വന്നിരുന്ന വലിയ ജനക്കൂട്ടം, യേശു ജെറുശലേമിലേക്കു വരുന്നു എന്നുള്ള വാർത്ത കേട്ടു. അവർ ഈന്തപ്പനയുടെ കുരുത്തോലകൾ എടുത്തുകൊണ്ട്: “ഹോശന്നാ!” “കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ!” “ഇസ്രായേലിന്റെ രാജാവു വാഴ്ത്തപ്പെട്ടവൻ!” എന്ന് ആർത്തുവിളിച്ചുകൊണ്ട് അദ്ദേഹത്തെ എതിരേൽക്കാൻ പുറപ്പെട്ടു. യേശു ഒരു കഴുതക്കുട്ടിയെ കണ്ട് അതിന്റെ പുറത്തുകയറി ഇരുന്നു. “സീയോൻപുത്രീ, ഭയപ്പെടേണ്ട, ഇതാ നിന്റെ രാജാവ് കഴുതക്കുട്ടിമേൽ കയറിവരുന്നു,” എന്ന് എഴുതിയിരിക്കുന്നതുപോലെ തന്നെ. ഈ സംഭവിച്ചതെല്ലാറ്റിന്റെയും അർഥം ശിഷ്യന്മാർക്ക് ആദ്യം മനസ്സിലായില്ല. ഈ പ്രവചനം അദ്ദേഹത്തെക്കുറിച്ചാണ് എഴുതപ്പെട്ടിരിക്കുന്നതെന്നും അതിനനുസൃതമായിട്ടാണ് അവർ ഈ ചെയ്തതെല്ലാമെന്നും യേശുവിന്റെ മഹത്ത്വീകരണത്തിനു ശേഷംമാത്രമേ അവർ ഗ്രഹിച്ചുള്ളൂ. മരിച്ചവനായിരുന്ന ലാസറിനെ, യേശുകർത്താവ് തന്റെ വാക്കാൽ, മരണത്തിൽനിന്നുയിർപ്പിച്ച്, കല്ലറയ്ക്കു പുറത്തു വരുത്തിയതിന് സാക്ഷികളായിരുന്ന ജനം ആ വാർത്ത പ്രചരിപ്പിച്ചുകൊണ്ടേയിരുന്നു. അദ്ദേഹം ചെയ്ത ഈ മഹാത്ഭുതത്തെക്കുറിച്ചു കേട്ടിരുന്നതുകൊണ്ട് ഒരു വലിയ ജനാവലിതന്നെ അദ്ദേഹത്തെ എതിരേൽക്കാൻ വന്നുചേർന്നു. അപ്പോൾ, “നോക്കൂ, നമ്മുടെ പരിശ്രമങ്ങളെല്ലാം വിഫലമാകുകയാണല്ലോ; ലോകം മുഴുവൻ അയാളുടെ അനുഗാമികളായിരിക്കുന്നു!” എന്നു പരീശന്മാർ പരസ്പരം പറഞ്ഞു. പെസഹാപ്പെരുന്നാളിന് ആരാധനയ്ക്കായി ജെറുശലേമിൽ വന്നവരിൽ ചില ഗ്രീക്കുകാരും ഉണ്ടായിരുന്നു. അവർ ഒരു അഭ്യർഥനയുമായി ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കൽ ചെന്നു പറഞ്ഞു, “യജമാനനേ, ഞങ്ങൾക്ക് യേശുവിനെ കാണണമെന്ന് ആഗ്രഹമുണ്ട്.” ഫിലിപ്പൊസ് ചെന്ന് ഇക്കാര്യം അന്ത്രയോസിനോടു പറഞ്ഞു. അന്ത്രയോസും ഫിലിപ്പൊസുംകൂടി യേശുവിനെ വിവരം അറിയിച്ചു. അപ്പോൾ യേശു പറഞ്ഞു: “മനുഷ്യപുത്രൻ മഹത്ത്വീകരിക്കപ്പെടാനുള്ള സമയം വന്നുചേർന്നിരിക്കുന്നു. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: ഗോതമ്പുമണി നിലത്തുവീണു ചാകുന്നില്ലെങ്കിൽ അത് ഒരു ഗോതമ്പുമണിയായിത്തന്നെ ഇരിക്കും; അത് ചാകുന്നെങ്കിലോ, ധാരാളം വിളവുണ്ടാകും. സ്വന്തം ജീവനെ സ്നേഹിക്കുന്നയാൾ അതിനെ നഷ്ടപ്പെടുത്തും; ഈ ലോകത്തിൽ സ്വന്തം ജീവനെ വെറുക്കുന്നയാൾ നിത്യജീവനുവേണ്ടി അതിനെ സംരക്ഷിക്കുന്നു. എന്നെ സേവിക്കുന്നയാൾ എന്നെ അനുഗമിക്കണം. ഞാൻ ആയിരിക്കുന്നിടത്തുതന്നെ എന്നെ സേവിക്കുന്നയാളും ആയിരിക്കും. എന്നെ സേവിക്കുന്നയാളിനെ എന്റെ പിതാവും ആദരിക്കും.