യോഹന്നാൻ 12
12
യേശുവിന് തൈലാഭിഷേകം നടത്തുന്നു
1പെസഹയ്ക്ക് ആറുദിവസം മുമ്പ് യേശു ബെഥാന്യയിൽ എത്തി. അവിടെയാണ് മരിച്ചവരിൽനിന്ന് യേശു ഉയിർപ്പിച്ച ലാസർ താമസിച്ചിരുന്നത്. 2അവിടെ യേശുവിനുവേണ്ടി ഒരു അത്താഴവിരുന്ന് ഒരുക്കിയിരുന്നു. മാർത്ത ആതിഥ്യശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു. ലാസറും അദ്ദേഹത്തോടൊപ്പം പന്തിയിൽ ഇരിക്കുകയായിരുന്നു. 3അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാഞ്ചിതൈലം അരലിറ്ററോളം#12:3 മൂ.ഭാ. ഒരുറാത്തൽ എടുത്ത് യേശുവിന്റെ പാദങ്ങളിൽ പകർന്നിട്ട് അവളുടെ തലമുടികൊണ്ടു തുടയ്ക്കാൻ തുടങ്ങി. തൈലത്തിന്റെ സൗരഭ്യം വീടുമുഴുവൻ നിറഞ്ഞു.
4യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളും പിന്നീട് അദ്ദേഹത്തെ ഒറ്റിക്കൊടുത്തവനുമായ യൂദാ ഈസ്കര്യോത്ത് ഇതിൽ നീരസം പ്രകടിപ്പിച്ചുകൊണ്ട്, 5“മുന്നൂറുദിനാർ വിലമതിക്കുന്ന ഈ സുഗന്ധതൈലം വിറ്റ് ആ പണം ദരിദ്രർക്കു കൊടുക്കാമായിരുന്നില്ലേ?” എന്നു പറഞ്ഞു. 6ദരിദ്രരെക്കുറിച്ചുള്ള കരുതൽകൊണ്ടല്ല, അവൻ കള്ളനായിരുന്നതുകൊണ്ടാണ് അതു പറഞ്ഞത്; പണസഞ്ചിസൂക്ഷിപ്പുകാരനായിരുന്ന അവൻ അതിൽനിന്ന് പണം സ്വന്തം ഉപയോഗത്തിന് എടുത്തുവന്നിരുന്നു.
7അതിനു മറുപടിയായി യേശു പറഞ്ഞു: “അവളെ വെറുതേവിടുക, എന്റെ ശവസംസ്കാരദിവസത്തിനായി അവൾ ഈ സുഗന്ധതൈലം സൂക്ഷിച്ചുവെച്ചിരുന്നു എന്നു കരുതിയാൽമതി. 8ദരിദ്രർ എപ്പോഴും നിങ്ങളുടെ കൂടെത്തന്നെ ഉണ്ടല്ലോ;#12:8 ആവ. 15:11 ഞാനോ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കുകയില്ല.”
9യേശു ഉണ്ടെന്നറിഞ്ഞ് യെഹൂദരുടെ ഒരു വലിയകൂട്ടം അവിടെ എത്തി. യേശുവിനെമാത്രമല്ല, അദ്ദേഹം മരിച്ചവരിൽനിന്നുയിർപ്പിച്ച ലാസറിനെയുംകൂടി കാണുന്നതിനാണ് അവർ വന്നത്. 10അതുകൊണ്ട് പുരോഹിതമുഖ്യന്മാർ യേശുവിനോടൊപ്പം ലാസറിനെയും വധിക്കാൻ ആലോചിച്ചു. 11കാരണം, അയാൾനിമിത്തം അനേകം യെഹൂദർ അവരെ ഉപേക്ഷിച്ച് യേശുവിന്റെ അനുയായികളാകുകയും അദ്ദേഹത്തിൽ വിശ്വസിക്കുകയും ചെയ്തുകൊണ്ടിരുന്നു.
രാജകീയ പ്രവേശനം
12പിറ്റേദിവസം, പെരുന്നാളിനു വന്നിരുന്ന വലിയ ജനക്കൂട്ടം, യേശു ജെറുശലേമിലേക്കു വരുന്നു എന്നുള്ള വാർത്ത കേട്ടു. 13അവർ ഈന്തപ്പനയുടെ കുരുത്തോലകൾ എടുത്തുകൊണ്ട്:
“ഹോശന്നാ!”#12:13 എബ്രായപദം: രക്ഷിക്കുക എന്നർഥം; ഒരു സ്തോത്രഘോഷണമായി ഇത് ഉപയോഗിക്കപ്പെടുന്നു.
“കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ!”
“ഇസ്രായേലിന്റെ രാജാവു വാഴ്ത്തപ്പെട്ടവൻ!”#12:13 സങ്കീ. 118:25,26
എന്ന് ആർത്തുവിളിച്ചുകൊണ്ട് അദ്ദേഹത്തെ എതിരേൽക്കാൻ പുറപ്പെട്ടു. 14യേശു ഒരു കഴുതക്കുട്ടിയെ കണ്ട് അതിന്റെ പുറത്തുകയറി ഇരുന്നു.
15“സീയോൻപുത്രീ,#12:15 അതായത്, ജെറുശലേംനിവാസികൾ ഭയപ്പെടേണ്ട,
ഇതാ നിന്റെ രാജാവ്
കഴുതക്കുട്ടിമേൽ കയറിവരുന്നു,”#12:15 സെഖ. 9:9
എന്ന് എഴുതിയിരിക്കുന്നതുപോലെ#12:15 ഈ പ്രയോഗം പഴയനിയമഗ്രന്ഥത്തിൽനിന്നുള്ള ഉദ്ധരണിയെ സൂചിപ്പിക്കുന്നു. തന്നെ.
16ഈ സംഭവിച്ചതെല്ലാറ്റിന്റെയും അർഥം ശിഷ്യന്മാർക്ക് ആദ്യം മനസ്സിലായില്ല. ഈ പ്രവചനം അദ്ദേഹത്തെക്കുറിച്ചാണ് എഴുതപ്പെട്ടിരിക്കുന്നതെന്നും അതിനനുസൃതമായിട്ടാണ് അവർ ഈ ചെയ്തതെല്ലാമെന്നും യേശുവിന്റെ മഹത്ത്വീകരണത്തിനു ശേഷംമാത്രമേ അവർ ഗ്രഹിച്ചുള്ളൂ.
17മരിച്ചവനായിരുന്ന ലാസറിനെ, യേശുകർത്താവ് തന്റെ വാക്കാൽ, മരണത്തിൽനിന്നുയിർപ്പിച്ച്, കല്ലറയ്ക്കു പുറത്തു വരുത്തിയതിന് സാക്ഷികളായിരുന്ന ജനം ആ വാർത്ത പ്രചരിപ്പിച്ചുകൊണ്ടേയിരുന്നു. 18അദ്ദേഹം ചെയ്ത ഈ മഹാത്ഭുതത്തെക്കുറിച്ചു കേട്ടിരുന്നതുകൊണ്ട് ഒരു വലിയ ജനാവലിതന്നെ അദ്ദേഹത്തെ എതിരേൽക്കാൻ വന്നുചേർന്നു. 19അപ്പോൾ, “നോക്കൂ, നമ്മുടെ പരിശ്രമങ്ങളെല്ലാം വിഫലമാകുകയാണല്ലോ; ലോകം മുഴുവൻ അയാളുടെ അനുഗാമികളായിരിക്കുന്നു!” എന്നു പരീശന്മാർ പരസ്പരം പറഞ്ഞു.
യേശു തന്റെ മരണത്തെക്കുറിച്ചു പ്രവചിക്കുന്നു
20പെസഹാപ്പെരുന്നാളിന് ആരാധനയ്ക്കായി ജെറുശലേമിൽ വന്നവരിൽ ചില ഗ്രീക്കുകാരും ഉണ്ടായിരുന്നു. 21അവർ ഒരു അഭ്യർഥനയുമായി ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കൽ ചെന്നു പറഞ്ഞു, “യജമാനനേ, ഞങ്ങൾക്ക് യേശുവിനെ കാണണമെന്ന് ആഗ്രഹമുണ്ട്.” 22ഫിലിപ്പൊസ് ചെന്ന് ഇക്കാര്യം അന്ത്രയോസിനോടു പറഞ്ഞു. അന്ത്രയോസും ഫിലിപ്പൊസുംകൂടി യേശുവിനെ വിവരം അറിയിച്ചു.
23അപ്പോൾ യേശു പറഞ്ഞു: “മനുഷ്യപുത്രൻ മഹത്ത്വീകരിക്കപ്പെടാനുള്ള സമയം വന്നുചേർന്നിരിക്കുന്നു. 24സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: ഗോതമ്പുമണി നിലത്തുവീണു ചാകുന്നില്ലെങ്കിൽ അത് ഒരു ഗോതമ്പുമണിയായിത്തന്നെ ഇരിക്കും; അത് ചാകുന്നെങ്കിലോ, ധാരാളം വിളവുണ്ടാകും. 25സ്വന്തം ജീവനെ സ്നേഹിക്കുന്നയാൾ അതിനെ നഷ്ടപ്പെടുത്തും; ഈ ലോകത്തിൽ സ്വന്തം ജീവനെ വെറുക്കുന്നയാൾ നിത്യജീവനുവേണ്ടി അതിനെ സംരക്ഷിക്കുന്നു. 26എന്നെ സേവിക്കുന്നയാൾ എന്നെ അനുഗമിക്കണം. ഞാൻ ആയിരിക്കുന്നിടത്തുതന്നെ എന്നെ സേവിക്കുന്നയാളും ആയിരിക്കും. എന്നെ സേവിക്കുന്നയാളിനെ എന്റെ പിതാവും ആദരിക്കും.
27“ഇപ്പോൾ എന്റെ ഹൃദയം കലങ്ങിയിരിക്കുന്നു; ഞാൻ എന്താണു പറയേണ്ടത്? ‘പിതാവേ, ഈ മണിക്കൂറുകളിൽനിന്ന് എന്നെ രക്ഷിച്ചാലും’ എന്നോ? അല്ല, ഇതിനുവേണ്ടിത്തന്നെയാണല്ലോ ഞാൻ ഈ മണിക്കൂറിൽ എത്തിയിരിക്കുന്നത്. 28പിതാവേ, അവിടത്തെ നാമം മഹത്ത്വപ്പെടുത്തണമേ!”
അപ്പോൾ സ്വർഗത്തിൽനിന്ന്, “ഞാൻ മഹത്ത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്ത്വപ്പെടുത്തും” എന്നൊരു അശരീരിയുണ്ടായി. 29അവിടെ ഉണ്ടായിരുന്ന ജനസമൂഹത്തിൽ ചിലർ ആ ശബ്ദം കേട്ടിട്ട് “ഒരു ഇടിമുഴക്കമുണ്ടായി,” എന്നും മറ്റുചിലർ “ഒരു ദൈവദൂതൻ അദ്ദേഹത്തോടു സംസാരിച്ചു,” എന്നും പറഞ്ഞു.
30എന്നാൽ, യേശു പറഞ്ഞു: “ഈ ശബ്ദമുണ്ടായത് എനിക്കുവേണ്ടിയല്ല, നിങ്ങൾക്കുവേണ്ടിയാണ്. 31ഇപ്പോൾ ഈ ലോകത്തിന്മേൽ ന്യായവിധിനടത്താനുള്ള സമയമായിരിക്കുന്നു; ഈ ലോകത്തിന്റെ അധിപതി നിഷ്കാസിതനാകും. 32ഞാൻ ഭൂമിയിൽനിന്ന് ഉയർത്തപ്പെടുമ്പോൾ സകലമനുഷ്യരെയും എന്നിലേക്ക് ആകർഷിക്കും.” 33തന്റെ മരണവിധത്തെക്കുറിച്ച് സൂചന നൽകുന്നതിനായിരുന്നു യേശു ഇതു പറഞ്ഞത്.
34ഇതു കേട്ട ജനക്കൂട്ടം, “ക്രിസ്തു എന്നേക്കും ജീവിക്കുമെന്നാണല്ലോ ന്യായപ്രമാണത്തിൽനിന്നു കേട്ടിട്ടുള്ളത്. അങ്ങനെയെങ്കിൽ, ‘മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടതാണെന്ന് അങ്ങു പറയുന്നതെങ്ങനെ?’ ആരാണ് ഈ മനുഷ്യപുത്രൻ?” എന്നു ചോദിച്ചു.
35അപ്പോൾ യേശു അവരോടു പറഞ്ഞു: “ഇനി അൽപ്പകാലംകൂടിമാത്രമേ പ്രകാശം നിങ്ങളുടെ മധ്യേ ഉണ്ടായിരിക്കുകയുള്ളൂ. പ്രകാശം ഉള്ളേടത്തോളംകാലം, അന്ധകാരം നിങ്ങളെ കീഴടക്കുന്നതിനുമുമ്പ്, പ്രകാശത്തിൽത്തന്നെ നടക്കുക; അന്ധകാരത്തിൽ നടക്കുന്നയാൾക്ക് ഒരു ദിശാബോധവും ഉണ്ടായിരിക്കുകയില്ല. 36പ്രകാശം നിങ്ങൾക്കു സമീപം ഉള്ളപ്പോൾ അതിൽ വിശ്വസിച്ചാൽ, നിങ്ങൾക്ക് പ്രകാശത്തിന്റെ മക്കളായിത്തീരാൻ കഴിയും.” ഇതു പറഞ്ഞശേഷം യേശു അവരെ വിട്ടുപോയി.
യെഹൂദരുടെ അവിശ്വാസം
37യെഹൂദരുടെ സാന്നിധ്യത്തിൽ യേശു ഇത്രയേറെ അത്ഭുതചിഹ്നങ്ങൾ ചെയ്തിട്ടും അവർ അദ്ദേഹത്തിൽ വിശ്വസിച്ചില്ല;
38“കർത്താവേ, ഞങ്ങളുടെ സന്ദേശം ആർ വിശ്വസിച്ചിരിക്കുന്നു?
കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?”#12:38 യെശ. 53:1
എന്ന് യെശയ്യാപ്രവാചകൻ പ്രവചിച്ചത് നിവൃത്തിയായി.
39അവർക്ക് വിശ്വസിക്കാൻ കഴിയാതിരുന്നതിനെക്കുറിച്ച് യെശയ്യാവ് മറ്റൊരിടത്ത് ഇപ്രകാരം പറയുന്നു:
40“കണ്ണുകൊണ്ടു കാണുകയോ
ഹൃദയംകൊണ്ടു ഗ്രഹിക്കുകയോ
എന്നിലേക്കുതിരിഞ്ഞ് സൗഖ്യംപ്രാപിക്കാൻ ഇടവരികയോ ചെയ്യാത്തവിധം
അവിടന്ന് അവരുടെ കണ്ണുകൾ അന്ധമാക്കുകയും
ഹൃദയം കഠിനമാക്കുകയും ചെയ്തിരിക്കുന്നു.”#12:40 യെശ. 6:10
41യേശുവിന്റെ മഹത്ത്വം കണ്ട് അവിടത്തെപ്പറ്റി വർണിച്ചുകൊണ്ടാണ് യെശയ്യാവ് ഇങ്ങനെ പ്രസ്താവിച്ചത്.
42അതേസമയം, ഉദ്യോഗസ്ഥഗണത്തിൽ ഉൾപ്പെട്ട പലരും അദ്ദേഹത്തിൽ വിശ്വസിച്ചെങ്കിലും യെഹൂദപ്പള്ളിയിൽനിന്ന് പരീശന്മാർ തങ്ങൾക്കു ഭ്രഷ്ട് കൽപ്പിക്കും എന്നു ഭയന്ന് അവർ പരസ്യമായി തങ്ങളുടെ വിശ്വാസം ഏറ്റുപറഞ്ഞില്ല. 43കാരണം, അവർ ദൈവത്തിൽനിന്നുള്ള ആദരവിനെക്കാൾ മനുഷ്യരിൽനിന്നുള്ള ആദരവ് ഇഷ്ടപ്പെട്ടു.
44യേശു വിളിച്ചുപറഞ്ഞു: “എന്നിൽ വിശ്വസിക്കുന്നയാൾ എന്നിൽമാത്രമല്ല, എന്നെ അയച്ച പിതാവിലും വിശ്വസിക്കുന്നു. 45എന്നെ കാണുന്നയാൾ എന്നെ അയച്ച പിതാവിനെയും കാണുന്നു. 46എന്നിൽ വിശ്വസിക്കുന്ന ആരും അന്ധകാരത്തിൽ വസിക്കാതിരിക്കേണ്ടതിനു ഞാൻ പ്രകാശമായി ലോകത്തിൽ വന്നിരിക്കുന്നു.
47“എന്റെ വചനം കേട്ടിട്ടും അത് അനുസരിക്കാത്തയാളെ ഞാനല്ല ന്യായം വിധിക്കുന്നത്; ലോകത്തെ വിധിക്കാനല്ല, രക്ഷിക്കാനാണ് ഞാൻ വന്നത്. 48എന്നെ തിരസ്കരിക്കുകയും എന്റെ വാക്കുകൾ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവനെ വിധിക്കുന്ന ഒരു വിധികർത്താവുണ്ട്; ഞാൻ സംസാരിച്ച എന്റെ വചനംതന്നെ അന്തിമന്യായവിധിനാളിൽ അയാളെ വിധിക്കും. 49ഞാൻ സ്വന്തം ഇഷ്ടപ്രകാരം സംസാരിച്ചിട്ടില്ല; ഞാൻ എന്തു പറയണമെന്നും എങ്ങനെ പറയണമെന്നും എന്നെ അയച്ച പിതാവു കൽപ്പിച്ചിരിക്കുന്നു. 50അവിടത്തെ കൽപ്പന നിത്യജീവനിലേക്ക് എന്നു ഞാൻ അറിയുന്നു. അതുകൊണ്ടു ഞാൻ സംസാരിക്കുന്നത് പിതാവ് എന്നോട് ആജ്ഞാപിച്ചിട്ടുള്ളതുമാത്രമാണ്.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യോഹന്നാൻ 12: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.