യോഹ. 12
12
യേശുവിനെ തൈലാഭിഷേകം നടത്തുന്നു
1യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ലാസർ പാർത്ത ബേഥാന്യയിലേക്കു പെസഹയ്ക്ക് ആറു ദിവസം മുമ്പെ യേശു വന്നു. 2അവിടെ അവർ അവനു ഒരു അത്താഴം ഒരുക്കി; ലാസർ യേശുവിനോടുകൂടെ പന്തിയിൽ ഇരുന്നവരിൽ ഒരുവൻ ആയിരുന്നു, മാർത്ത വിളമ്പി കൊടുക്കുകയായിരുന്നു. 3അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തൽ എടുത്തു യേശുവിന്‍റെ കാലിൽ പൂശി തന്‍റെ തലമുടികൊണ്ട് കാൽ തുവർത്തി; തൈലത്തിന്‍റെ സൌരഭ്യംകൊണ്ട് വീട് നിറഞ്ഞു. 4എന്നാൽ അവന്‍റെ ശിഷ്യന്മാരിൽ ഒരുവനായി അവനെ കാണിച്ചുകൊടുക്കുവാനുള്ള യൂദാ ഈസ്കര്യോത്താവ്: 5“ഈ തൈലം മുന്നൂറു വെള്ളിക്കാശിന് വിറ്റ് ദരിദ്രന്മാർക്ക് കൊടുക്കാഞ്ഞത് എന്ത്?“ എന്നു പറഞ്ഞു. 6ഇതു ദരിദ്രന്മാരെക്കുറിച്ച് വിചാരം ഉണ്ടായിട്ടല്ല, അവൻ കള്ളൻ ആകകൊണ്ടും പണസഞ്ചി തന്‍റെ പക്കൽ ഏൽപ്പിച്ചിരിക്കയാൽ അതിൽ ഉള്ളതിൽനിന്ന് അവൻ എടുത്തിരുന്നതുകൊണ്ടും അത്രേ പറഞ്ഞത്.
7യേശു: അവളെ അസഹ്യപ്പെടുത്തേണ്ട; എന്‍റെ ശവസംസ്ക്കാര ദിവസത്തിനായി അവൾ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ. 8ദരിദ്രന്മാർ നിങ്ങൾക്ക് എല്ലായ്‌പ്പോഴും അടുക്കെ ഉണ്ടല്ലോ; ഞാൻ എല്ലായ്‌പ്പോഴും അടുക്കെ ഇല്ലതാനും എന്നു പറഞ്ഞു.
9അവൻ അവിടെ ഉണ്ടെന്ന് അറിഞ്ഞിട്ട് യെഹൂദന്മാരുടെ ഒരു വലിയ പുരുഷാരം യേശുവിന്‍റെ നിമിത്തം മാത്രമല്ല, അവൻ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ലാസറെ കാണ്മാനായിട്ടുംകൂടെ വന്നു. 10അതുകൊണ്ട് ലാസറിനേയും കൊല്ലേണം എന്നു മുഖ്യപുരോഹിതന്മാർ ആലോചിച്ചു. 11കാരണം, അവൻ നിമിത്തം അനേകം യെഹൂദന്മാർ യേശുവിൽ വിശ്വസിക്കയും ചെയ്തുകൊണ്ടിരുന്നു.
യേശുവിന്‍റെ രാജകീയപ്രവേശനം
12അടുത്ത ദിവസം പെരുന്നാൾക്ക് വലിയ പുരുഷാരം വന്നു. യേശു യെരൂശലേമിലേക്കു വരുന്നു എന്നു അവർ കേട്ടപ്പോൾ 13ഈന്തപ്പനയുടെ ചില്ലകൾ എടുത്തുംകൊണ്ട് അവനെ എതിരേൽക്കുവാൻ ചെന്നു:
“ഹോശന്നാ,
യിസ്രായേലിന്‍റെ രാജാവായി
കർത്താവിന്‍റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ“ എന്നു ആർത്തു.
14യേശു ഒരു കഴുതക്കുട്ടിയെ കണ്ടിട്ട് അതിന്മേൽ കയറി ഇരുന്നു.
15“സീയോൻപുത്രി, ഭയപ്പെടേണ്ടാ;
ഇതാ നിന്‍റെ രാജാവ് കഴുതക്കുട്ടിപ്പുറത്ത് കയറിവരുന്നു”
എന്നു എഴുതിയിരിക്കുന്നതുപോലെ തന്നെ.
16ഇതു അവന്‍റെ ശിഷ്യന്മാർ ആദിയിൽ ഗ്രഹിച്ചില്ല; എന്നാൽ യേശുവിന് തേജസ്കരണം വന്നശേഷം അവനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും അവർ അവനു ഇങ്ങനെ ചെയ്തു എന്നും അവർക്ക് ഓർമ്മ വന്നു.
17അവൻ ലാസറെ കല്ലറയിൽനിന്ന് വിളിച്ചു മരിച്ചവരിൽ നിന്നു എഴുന്നേല്പിച്ചപ്പോൾ അവനോടുകൂടെ ഉണ്ടായിരുന്ന പുരുഷാരം മറ്റുള്ളവരോടു സാക്ഷ്യം പറഞ്ഞു. 18അവൻ ഈ അടയാളം ചെയ്തു എന്നു കേട്ടതുകൊണ്ടുകൂടിയാണ് പുരുഷാരം അവനെ എതിരേറ്റുചെന്നത്. 19ആകയാൽ പരീശന്മാർ തമ്മിൽതമ്മിൽ: “നോക്കൂ നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ സാധിക്കുന്നില്ല; ഇതാ ലോകം അവന്‍റെ പിന്നാലെ ആയിപ്പോയി“ എന്നു പറഞ്ഞു.
20പെരുന്നാളിൽ ആരാധിപ്പാൻ വന്നവരിൽ ചില യവനന്മാർ ഉണ്ടായിരുന്നു. 21ഇവർ ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്‍റെ അടുക്കൽ ചെന്നു അവനോട്: “യജമാനനേ, ഞങ്ങൾക്കു യേശുവിനെ കാണ്മാൻ താല്പര്യമുണ്ട്“ എന്നു അപേക്ഷിച്ചു. 22ഫിലിപ്പൊസ് ചെന്നു അന്ത്രെയാസിനോട് പറഞ്ഞു. അന്ത്രെയാസും ഫിലിപ്പൊസും കൂടെ ചെന്നു യേശുവിനോടു പറഞ്ഞു
23യേശു അവരോട് ഉത്തരം പറഞ്ഞത്: മനുഷ്യപുത്രൻ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു. 24ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: കോതമ്പുമണി നിലത്തുവീണു ചാകുന്നില്ല എങ്കിൽ അത് തനിയേ ഇരിക്കും; ചത്തു എങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും. 25തന്‍റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും; എന്നാൽ ഇഹലോകത്തിൽ തന്‍റെ ജീവനെ വെറുക്കുന്നവൻ അതിനെ നിത്യജീവനായി സൂക്ഷിക്കും. 26എനിക്ക് ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ; ഞാൻ ഇരിക്കുന്നിടത്ത് എന്‍റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്ക് ശുശ്രൂഷ ചെയ്യുന്നവനെ പിതാവ് മാനിയ്ക്കും. 27ഇപ്പോൾ എന്‍റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാൻ എന്ത് പറയേണ്ടു? പിതാവേ, ഈ നാഴികയിൽനിന്ന് എന്നെ രക്ഷിക്കേണമേ; എങ്കിലും ഇതു നിമിത്തം ഞാൻ ഈ നാഴികയിലേക്ക് വന്നിരിക്കുന്നു. 28പിതാവേ, നിന്‍റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗ്ഗത്തിൽനിന്ന്: “ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും” എന്നൊരു ശബ്ദം ഉണ്ടായി. 29അത് കേട്ടിട്ടു അരികെ നില്ക്കുന്ന പുരുഷാരം: “ഇടി ഉണ്ടായി“ എന്നു പറഞ്ഞു; മറ്റുചിലർ: “ഒരു ദൈവദൂതൻ അവനോട് സംസാരിച്ചു“ എന്നു പറഞ്ഞു.
30അതിന് യേശു: ഈ ശബ്ദം എന്‍റെ നിമിത്തമല്ല, നിങ്ങളുടെ നിമിത്തം അത്രേ ഉണ്ടായത്. 31ഇപ്പോൾ ഈ ലോകത്തിന്‍റെ ന്യായവിധി ആകുന്നു; ഇപ്പോൾ ഈ ലോകത്തിന്‍റെ പ്രഭുവിനെ പുറത്തു തള്ളിക്കളയും. 32ഞാനോ ഭൂമിയിൽനിന്നു ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്ക് ആകർഷിക്കും എന്നു ഉത്തരം പറഞ്ഞു. 33ഇതു താൻ മരിക്കുവാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞതത്രേ.
34പുരുഷാരം അവനോട്: “ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടിയിരിക്കുന്നു എന്നു നീ പറയുന്നത് എങ്ങനെ? ഈ മനുഷ്യപുത്രൻ ആർ?“ എന്നു ചോദിച്ചു.
35അതിന് യേശു അവരോട്: ഇനി കുറച്ചുകാലം മാത്രം വെളിച്ചം നിങ്ങളുടെ ഇടയിൽ ഇരിക്കും; ഇരുൾ നിങ്ങളെ പിടിക്കാതിരിപ്പാൻ നിങ്ങൾക്ക് വെളിച്ചം ഉള്ളിടത്തോളം നടന്നുകൊൾവിൻ. ഇരുളിൽ നടക്കുന്നവൻ താൻ എവിടെ പോകുന്നു എന്നു അറിയുന്നില്ലല്ലോ. 36നിങ്ങൾ വെളിച്ചത്തിൻ്റെ മക്കൾ ആകേണ്ടതിന് വെളിച്ചം ഉള്ളിടത്തോളം വെളിച്ചത്തിൽ വിശ്വസിപ്പിൻ എന്നു പറഞ്ഞു.
37ഇതു സംസാരിച്ചിട്ട് യേശു അവരെ വിട്ടു മാറിപ്പോയി. അവർ കാൺകെ അവൻ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവർ അവനിൽ വിശ്വസിച്ചില്ല.
38“കർത്താവേ, ഞങ്ങൾ കേൾപ്പിച്ചത് ആർ വിശ്വസിച്ചിരിക്കുന്നു?
കർത്താവിന്‍റെ ഭുജം ആർക്ക് വെളിപ്പെട്ടിരിക്കുന്നു?”
എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു. 39അവർക്ക് വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്‍റെ കാരണം യെശയ്യാവു വീണ്ടും പറയുന്നത്:
40“അവർ കണ്ണുകൊണ്ട് കാണുകയോ
ഹൃദയംകൊണ്ട് ഗ്രഹിക്കയോ
മനം തിരികയോ താൻ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്
അവരുടെ കണ്ണ് അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു.”
41യെശയ്യാവു യേശുവിന്‍റെ തേജസ്സ് കണ്ടു അവനെക്കുറിച്ച് സംസാരിച്ചത് കൊണ്ടാകുന്നു ഇതു പറഞ്ഞത്. 42എന്നിട്ടും അധികാരികളിൽപ്പോലും അനേകർ അവനിൽ വിശ്വസിച്ചു; എന്നാൽ പള്ളിയിൽനിന്ന് പുറത്താക്കപ്പെടാതിരിപ്പാൻ പരീശന്മാർ നിമിത്തം ഏറ്റുപറഞ്ഞില്ലതാനും. 43അവർ ദൈവത്താലുള്ള മാനത്തേക്കാൾ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു.
44യേശു ഉറക്കെ വിളിച്ചുപറഞ്ഞത്:എന്നിൽ വിശ്വസിക്കുന്നവൻ എന്നിൽ മാത്രമല്ല എന്നെ അയച്ചവനിലും വിശ്വസിക്കുന്നു. 45എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു. 46എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിക്കുവാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു. 47എന്‍റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാൻ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല, ലോകത്തെ രക്ഷിയ്ക്കുവാനത്രേ ഞാൻ വന്നിരിക്കുന്നത്. 48എന്‍റെ വചനങ്ങൾ കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ട്; ഞാൻ സംസാരിച്ച വചനങ്ങൾ തന്നെ അവസാന നാളിൽ അവനെ ന്യായംവിധിക്കും. 49ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവ് തന്നെ ഞാൻ ഇന്നത് പറയേണം എന്നും എങ്ങനെ സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. 50അവന്‍റെ കല്പന നിത്യജീവൻ എന്നു ഞാൻ അറിയുന്നു; ആകയാൽ ഞാൻ സംസാരിക്കുന്നത് പിതാവ് എന്നോട് അരുളിച്ചെയ്തതുപോലെ തന്നെ അവരോട് സംസാരിക്കുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യോഹ. 12: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.