യാക്കോബ് 4:4-12

യാക്കോബ് 4:4-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു. അല്ലെങ്കിൽ തിരുവെഴുത്തു വെറുതെ സംസാരിക്കുന്നു എന്നു തോന്നുന്നുവോ? അവൻ നമ്മിൽ വസിക്കുമാറാക്കിയ ആത്മാവ് അസൂയയ്ക്കായി കാംക്ഷിക്കുന്നുവോ? എന്നാൽ അവൻ അധികം കൃപ നല്കുന്നു; അതുകൊണ്ടു “ദൈവം നിഗളികളോട് എതിർത്തുനില്ക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു. ആകയാൽ നിങ്ങൾ ദൈവത്തിനു കീഴടങ്ങുവിൻ; പിശാചിനോട് എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ട് ഓടിപ്പോകും. ദൈവത്തോട് അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട് അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളവരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ; സങ്കടപ്പെട്ടു ദുഃഖിച്ചു കരവിൻ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ. കർത്താവിന്റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും. സഹോദരന്മാരേ, അന്യോന്യം ദുഷിക്കരുത്; തന്റെ സഹോദരനെ ദുഷിക്കയും വിധിക്കയും ചെയ്യുന്നവൻ ന്യായപ്രമാണത്തെ ദുഷിക്കയും ന്യായപ്രമാണത്തെ വിധിക്കയും ചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കിൽ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല, വിധിക്കുന്നവനത്രേ. ന്യായപ്രമാണകർത്താവും ന്യായാധിപതിയും ഒരുവനേയുള്ളൂ: രക്ഷിപ്പാനും നശിപ്പിപ്പാനും ശക്തനായവൻ തന്നെ; കൂട്ടുകാരനെ വിധിപ്പാൻ നീ ആർ?

യാക്കോബ് 4:4-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവിശ്വസ്തരായ ജനമേ! ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങൾക്ക് അറിഞ്ഞുകൂടേ? അതുകൊണ്ട് ലോകത്തിന്റെ മിത്രമാകുവാൻ ആഗ്രഹിക്കുന്ന ഏതൊരുവനും തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു. ‘നമ്മിൽ കുടികൊള്ളുന്ന ആത്മാവ് തീവ്രമായ ആഗ്രഹങ്ങളോടുകൂടിയതാണ്’ എന്ന വേദലിഖിതം വൃഥാകഥനമാണെന്നു വിചാരിക്കുന്നുവോ? ദൈവമാകട്ടെ വളരെയധികം കൃപാവരം നല്‌കുന്നു. അതുകൊണ്ടാണ് ‘ദൈവം അഹങ്കാരികളെ എതിർക്കുകയും എളിയവർക്കു കൃപാവരം അരുളുകയും ചെയ്യുന്നു’ എന്ന് എഴുതിയിരിക്കുന്നത്. അതുകൊണ്ട് നിങ്ങൾ നിങ്ങളെത്തന്നെ ദൈവത്തിനു വിധേയരാക്കുക; പിശാചിനോടു ചെറുത്തു നില്‌ക്കുക; എന്നാൽ അവൻ നിങ്ങളെ വിട്ട് ഓടിപ്പോകും. ദൈവത്തെ സമീപിക്കുക; എന്നാൽ ദൈവവും നിങ്ങളുടെ അടുത്തുവരും. പാപികളേ! നിങ്ങളുടെ കരങ്ങൾ വെടിപ്പാക്കുക; കപടഭക്തരേ! നിങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കുക. നിങ്ങൾ ദുഃഖിച്ചു വിലപിച്ചു കരയുക. നിങ്ങളുടെ ചിരി കരച്ചിലായും, സന്തോഷം വിഷാദമായും തീരട്ടെ. കർത്താവിന്റെ മുമ്പിൽ നിങ്ങൾ താഴുക; എന്നാൽ അവിടുന്നു നിങ്ങളെ ഉയർത്തും. സഹോദരരേ, നിങ്ങൾ അന്യോന്യം ദുഷിക്കരുത്. സഹോദരനെ ദുഷിക്കുകയും വിധിക്കുകയും ചെയ്യുന്നവൻ നിയമസംഹിതയെ ദുഷിക്കുകയും വിധിക്കുകയും ചെയ്യുന്നു. നീ നിയമത്തെ വിധിക്കുന്നവനാണെങ്കിൽ അതിനെ അനുസരിക്കുന്നവനല്ല, പ്രത്യുത വിധികർത്താവാണ്. നിയമകർത്താവും വിധികർത്താവും ആയി നമ്മെ രക്ഷിക്കുവാനും നശിപ്പിക്കുവാനും കഴിവുള്ള ഒരുവനേയുള്ളൂ. നിന്റെ അയൽക്കാരനെ വിധിക്കുവാൻ നീ ആരാണ്?

യാക്കോബ് 4:4-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോട് ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്‍റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവൻ ദൈവത്തിന്‍റെ ശത്രുവായി തന്നത്താൻ ആക്കുന്നു. “അവൻ നമ്മിൽ വസിക്കുമാറാക്കിയ ആത്മാവ് അസൂയയ്ക്കായി കാംക്ഷിക്കുന്നു” എന്നു തിരുവെഴുത്ത് വെറുതെ സംസാരിക്കുന്നു എന്നു തോന്നുന്നുവോ? എന്നാൽ അവൻ അധികം കൃപ നല്കുന്നു; അതുകൊണ്ട് “ദൈവം അഹങ്കാരികളോട് എതിർത്തുനില്ക്കുകയും താഴ്മയുള്ളവർക്ക് കൃപ നല്കുകയും ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ ദൈവത്തിന് കീഴടങ്ങുവിൻ; പിശാചിനോട് എതിർത്തുനിൽക്കുവിൻ; എന്നാൽ അവൻ നിങ്ങളെ വിട്ട് ഓടിപ്പോകും. ദൈവത്തോട് അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട് അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളവരേ, ഹൃദയങ്ങളെ ശുദ്ധീകരിക്കുവിൻ; വിലപിക്കുകയും ദുഃഖിക്കുകയും കരയുകയും ചെയ്യുവിൻ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ. കർത്താവിന്‍റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും. സഹോദരന്മാരേ, അന്യോന്യം കുറ്റപ്പെടുത്തരുത്; തന്‍റെ സഹോദരനെ കുറ്റപ്പെടുത്തുകയോ വിധിക്കുകയോ ചെയ്യുന്നവൻ ന്യായപ്രമാണത്തെ കുറ്റപ്പെടുത്തുകയും വിധിക്കുകയും ചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കിൽ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല, വിധിക്കുന്നവനത്രെ. ന്യായപ്രമാണകർത്താവും ന്യായാധിപതിയും ഒരുവനേയുള്ളു: രക്ഷിയ്ക്കുവാനും നശിപ്പിക്കുവാനും കഴിവുള്ളവൻ തന്നെ; എന്നാൽ അയൽക്കാരനെ വിധിക്കുവാൻ നീ ആർ?

യാക്കോബ് 4:4-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു. അല്ലെങ്കിൽ തിരുവെഴുത്തു വെറുതെ സംസാരിക്കുന്നു എന്നു തോന്നുന്നുവോ? അവൻ നമ്മിൽ വസിക്കുമാറാക്കിയ ആത്മാവു അസൂയെക്കായി കാംക്ഷിക്കുന്നുവോ? എന്നാൽ അവൻ അധികം കൃപ നല്കുന്നു; അതുകൊണ്ടു “ദൈവം നിഗളികളോടു എതിർത്തുനിൽക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു. ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും. ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ; സങ്കടപ്പെട്ടു ദുഃഖിച്ചു കരവിൻ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ. കർത്താവിന്റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും. സഹോദരന്മാരേ, അന്യോന്യം ദുഷിക്കരുതു; തന്റെ സഹോദരനെ ദുഷിക്കയും വിധിക്കയും ചെയ്യുന്നവൻ ന്യായപ്രമാണത്തെ ദുഷിക്കയും ന്യായപ്രമാണത്തെ വിധിക്കയും ചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കിൽ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല, വിധിക്കുന്നവനത്രേ. ന്യായപ്രമാണകർത്താവും ന്യായാധിപതിയും ഒരുവനേയുള്ളു: രക്ഷിപ്പാനും നശിപ്പിപ്പാനും ശക്തനായവൻ തന്നേ; കൂട്ടുകാരനെ വിധിപ്പാൻ നീ ആർ?

യാക്കോബ് 4:4-12 സമകാലിക മലയാളവിവർത്തനം (MCV)

അപഥസഞ്ചാരികളേ, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാകുന്നു എന്നു നിങ്ങൾ അറിയുന്നില്ലേ? അതിനാൽ, ലോകത്തിന്റെ മിത്രമാകാൻ ആഗ്രഹിക്കുന്നവൻ ദൈവത്തിന്റെ ശത്രുവായിത്തീരുന്നു. “നമ്മിൽ വസിക്കാനായി, ദൈവം അയച്ച ആത്മാവ് തന്നോടുള്ള പ്രതിബദ്ധത മറ്റാരുമായും പങ്കുവെക്കാൻ ആഗ്രഹിക്കുന്നില്ല” എന്നു തിരുവെഴുത്തു പറയുന്നത് നിരർഥകമോ? ദൈവം നമുക്ക് കൃപ അധികം നൽകുന്നു; അതുകൊണ്ടാണ്, “ദൈവം അഹങ്കാരികളെ എതിർക്കുന്നു, എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു” എന്നു തിരുവെഴുത്തു പറയുന്നത്. അതുകൊണ്ട്, ദൈവത്തിനു സ്വയം സമർപ്പിക്കുക; പിശാചിനോട് ചെറുത്തുനിൽക്കുക, അപ്പോൾ അവൻ നിങ്ങളിൽനിന്ന് ഓടിയകലും. ദൈവത്തോട് അടുത്തുവരിക; അപ്പോൾ അവിടന്നു നിങ്ങളോട് അടുത്തുവരും. പാപികളേ, നിങ്ങളുടെ കൈകൾ നിർമലമാക്കുക; ഇരുമനസ്സുള്ളവരേ, ഹൃദയം ശുദ്ധമാക്കുക. വിലാപത്തോടെ ദുഃഖിച്ചു കണ്ണുനീരൊഴുക്കുക; നിങ്ങളുടെ ആഹ്ലാദം ദുഃഖമായും ആനന്ദം വിഷാദമായും തീരട്ടെ. കർത്തൃസന്നിധിയിൽ വിനയാന്വിതരായിരിക്കുക, അപ്പോൾ കർത്താവ് നിങ്ങളെ ഉയർത്തും. സഹോദരങ്ങളേ, പരസ്പരം അപവാദം പറയരുത്. സഹോദരങ്ങൾക്കു വിരോധമായി സംസാരിക്കുകയോ അവരെ വിധിക്കുകയോ ചെയ്യുന്ന ആൾ ന്യായപ്രമാണത്തിനു വിരുദ്ധമായി സംസാരിക്കുകയും അതിനെ വിധിക്കുകയുംചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുമ്പോൾ നീ അതിനെ പാലിക്കുകയല്ല, അതിന്റെ വിധികർത്താവായി മാറുകയാണ്. ന്യായപ്രമാണദാതാവും ന്യായകർത്താവും ഒരാൾമാത്രം; രക്ഷിക്കാനും നശിപ്പിക്കാനും ശക്തനായ ദൈവംതന്നെ. അയൽവാസിയെ ന്യായംവിധിക്കാൻ നിനക്ക് എന്ത് അധികാരം?