യാക്കോബ് 4:4-12

യാക്കോബ് 4:4-12 വേദപുസ്തകം

വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു. അല്ലെങ്കിൽ തിരുവെഴുത്തു വെറുതെ സംസാരിക്കുന്നു എന്നു തോന്നുന്നുവോ? അവൻ നമ്മിൽ വസിക്കുമാറാക്കിയ ആത്മാവു അസൂയെക്കായി കാംക്ഷിക്കുന്നുവോ? എന്നാൽ അവൻ അധികം കൃപ നല്കുന്നു; അതുകൊണ്ടു “ദൈവം നിഗളികളോടു എതിർത്തുനിൽക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു. ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും. ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ; സങ്കടപ്പെട്ടു ദുഃഖിച്ചു കരവിൻ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ. കർത്താവിന്റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും. സഹോദരന്മാരേ, അന്യോന്യം ദുഷിക്കരുതു; തന്റെ സഹോദരനെ ദുഷിക്കയും വിധിക്കയും ചെയ്യുന്നവൻ ന്യായപ്രമാണത്തെ ദുഷിക്കയും ന്യായപ്രമാണത്തെ വിധിക്കയും ചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കിൽ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല, വിധിക്കുന്നവനത്രേ. ന്യായപ്രമാണകർത്താവും ന്യായാധിപതിയും ഒരുവനേയുള്ളു: രക്ഷിപ്പാനും നശിപ്പിപ്പാനും ശക്തനായവൻ തന്നേ; കൂട്ടുകാരനെ വിധിപ്പാൻ നീ ആർ?