യാക്കോബ് 4:4-12

യാക്കോബ് 4:4-12 MCV

അപഥസഞ്ചാരികളേ, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാകുന്നു എന്നു നിങ്ങൾ അറിയുന്നില്ലേ? അതിനാൽ, ലോകത്തിന്റെ മിത്രമാകാൻ ആഗ്രഹിക്കുന്നവൻ ദൈവത്തിന്റെ ശത്രുവായിത്തീരുന്നു. “നമ്മിൽ വസിക്കാനായി, ദൈവം അയച്ച ആത്മാവ് തന്നോടുള്ള പ്രതിബദ്ധത മറ്റാരുമായും പങ്കുവെക്കാൻ ആഗ്രഹിക്കുന്നില്ല” എന്നു തിരുവെഴുത്തു പറയുന്നത് നിരർഥകമോ? ദൈവം നമുക്ക് കൃപ അധികം നൽകുന്നു; അതുകൊണ്ടാണ്, “ദൈവം അഹങ്കാരികളെ എതിർക്കുന്നു, എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു” എന്നു തിരുവെഴുത്തു പറയുന്നത്. അതുകൊണ്ട്, ദൈവത്തിനു സ്വയം സമർപ്പിക്കുക; പിശാചിനോട് ചെറുത്തുനിൽക്കുക, അപ്പോൾ അവൻ നിങ്ങളിൽനിന്ന് ഓടിയകലും. ദൈവത്തോട് അടുത്തുവരിക; അപ്പോൾ അവിടന്നു നിങ്ങളോട് അടുത്തുവരും. പാപികളേ, നിങ്ങളുടെ കൈകൾ നിർമലമാക്കുക; ഇരുമനസ്സുള്ളവരേ, ഹൃദയം ശുദ്ധമാക്കുക. വിലാപത്തോടെ ദുഃഖിച്ചു കണ്ണുനീരൊഴുക്കുക; നിങ്ങളുടെ ആഹ്ലാദം ദുഃഖമായും ആനന്ദം വിഷാദമായും തീരട്ടെ. കർത്തൃസന്നിധിയിൽ വിനയാന്വിതരായിരിക്കുക, അപ്പോൾ കർത്താവ് നിങ്ങളെ ഉയർത്തും. സഹോദരങ്ങളേ, പരസ്പരം അപവാദം പറയരുത്. സഹോദരങ്ങൾക്കു വിരോധമായി സംസാരിക്കുകയോ അവരെ വിധിക്കുകയോ ചെയ്യുന്ന ആൾ ന്യായപ്രമാണത്തിനു വിരുദ്ധമായി സംസാരിക്കുകയും അതിനെ വിധിക്കുകയുംചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുമ്പോൾ നീ അതിനെ പാലിക്കുകയല്ല, അതിന്റെ വിധികർത്താവായി മാറുകയാണ്. ന്യായപ്രമാണദാതാവും ന്യായകർത്താവും ഒരാൾമാത്രം; രക്ഷിക്കാനും നശിപ്പിക്കാനും ശക്തനായ ദൈവംതന്നെ. അയൽവാസിയെ ന്യായംവിധിക്കാൻ നിനക്ക് എന്ത് അധികാരം?