യാക്കോ. 4:4-12

യാക്കോ. 4:4-12 IRVMAL

വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോട് ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്‍റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവൻ ദൈവത്തിന്‍റെ ശത്രുവായി തന്നത്താൻ ആക്കുന്നു. “അവൻ നമ്മിൽ വസിക്കുമാറാക്കിയ ആത്മാവ് അസൂയയ്ക്കായി കാംക്ഷിക്കുന്നു” എന്നു തിരുവെഴുത്ത് വെറുതെ സംസാരിക്കുന്നു എന്നു തോന്നുന്നുവോ? എന്നാൽ അവൻ അധികം കൃപ നല്കുന്നു; അതുകൊണ്ട് “ദൈവം അഹങ്കാരികളോട് എതിർത്തുനില്ക്കുകയും താഴ്മയുള്ളവർക്ക് കൃപ നല്കുകയും ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ ദൈവത്തിന് കീഴടങ്ങുവിൻ; പിശാചിനോട് എതിർത്തുനിൽക്കുവിൻ; എന്നാൽ അവൻ നിങ്ങളെ വിട്ട് ഓടിപ്പോകും. ദൈവത്തോട് അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട് അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളവരേ, ഹൃദയങ്ങളെ ശുദ്ധീകരിക്കുവിൻ; വിലപിക്കുകയും ദുഃഖിക്കുകയും കരയുകയും ചെയ്യുവിൻ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ. കർത്താവിന്‍റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും. സഹോദരന്മാരേ, അന്യോന്യം കുറ്റപ്പെടുത്തരുത്; തന്‍റെ സഹോദരനെ കുറ്റപ്പെടുത്തുകയോ വിധിക്കുകയോ ചെയ്യുന്നവൻ ന്യായപ്രമാണത്തെ കുറ്റപ്പെടുത്തുകയും വിധിക്കുകയും ചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കിൽ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല, വിധിക്കുന്നവനത്രെ. ന്യായപ്രമാണകർത്താവും ന്യായാധിപതിയും ഒരുവനേയുള്ളു: രക്ഷിയ്ക്കുവാനും നശിപ്പിക്കുവാനും കഴിവുള്ളവൻ തന്നെ; എന്നാൽ അയൽക്കാരനെ വിധിക്കുവാൻ നീ ആർ?