ഉൽപത്തി 30:25-43

ഉൽപത്തി 30:25-43 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

റാഹേൽ യോസേഫിനെ പ്രസവിച്ചശേഷം യാക്കോബ് ലാബാനോട്: ഞാൻ എന്റെ സ്ഥലത്തേക്കും ദേശത്തേക്കും പോകുവാൻ എന്നെ അയയ്ക്കേണം. ഞാൻ നിന്നെ സേവിച്ചതിന്റെ പ്രതിഫലമായ എന്റെ ഭാര്യമാരെയും മക്കളെയും എനിക്കു തരേണം; ഞാൻ പോകട്ടെ; ഞാൻ നിന്നെ സേവിച്ച സേവ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. ലാബാൻ അവനോട്: നിനക്ക് എന്നോടു ദയ ഉണ്ടെങ്കിൽ പോകരുതേ; നിന്റെ നിമിത്തം യഹോവ എന്നെ അനുഗ്രഹിച്ചു എന്ന് എനിക്ക് ബോധ്യമായിരിക്കുന്നു. നിനക്ക് എന്തു പ്രതിഫലം വേണം എന്നു പറക; ഞാൻ തരാം എന്നു പറഞ്ഞു. അവൻ അവനോട്: ഞാൻ നിന്നെ എങ്ങനെ സേവിച്ചു എന്നും നിന്റെ ആട്ടിൻകൂട്ടം എന്റെ പക്കൽ എങ്ങനെ ഇരുന്നു എന്നും നീ അറിയുന്നു. ഞാൻ വരുംമുമ്പേ നിനക്ക് അല്പമേ ഉണ്ടായിരുന്നുള്ളൂ; ഇപ്പോൾ അത് അത്യന്തം വർധിച്ചിരിക്കുന്നു; ഞാൻ കാൽ വച്ചേടത്തൊക്കെയും യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഇനി എന്റെ സ്വന്തഭവനത്തിനുവേണ്ടി ഞാൻ എപ്പോൾ കരുതും എന്നും പറഞ്ഞു. ഞാൻ നിനക്ക് എന്തു തരേണം എന്ന് അവൻ ചോദിച്ചതിനു യാക്കോബ് പറഞ്ഞത്: നീ ഒന്നും തരേണ്ടാ; ഈ കാര്യം നീ ചെയ്തുതന്നാൽ ഞാൻ നിന്റെ ആട്ടിൻകൂട്ടത്തെ ഇനിയും മേയിച്ചു പാലിക്കാം. ഞാൻ ഇന്നു നിന്റെ എല്ലാ കൂട്ടങ്ങളിലുംകൂടി കടന്ന്, അവയിൽനിന്ന് പുള്ളിയും മറുവും ഉള്ള ആടുകളെയൊക്കെയും ചെമ്മരിയാടുകളിൽ കറുത്തതിനെയൊക്കെയും കോലാടുകളിൽ പുള്ളിയും മറുവുമുള്ളതിനെയും വേർതിരിക്കാം; അത് എന്റെ പ്രതിഫലമായിരിക്കട്ടെ. നാളെ ഒരിക്കൽ എന്റെ പ്രതിഫലം സംബന്ധിച്ച് നീ നോക്കുവാൻ വരുമ്പോൾ എന്റെ നീതി തെളിവായിരിക്കും; കോലാടുകളിൽ പുള്ളിയും മറുവുമില്ലാത്തതും ചെമ്മരിയാടുകളിൽ കറുത്ത നിറമില്ലാത്തതുമെല്ലാം മോഷ്‍ടിച്ചതായി എണ്ണാം. അതിനു ലാബാൻ: നീ പറഞ്ഞതുപോലെ ആകട്ടെ എന്നു പറഞ്ഞു. അന്നുതന്നെ അവൻ വരയും മറുവും ഉള്ള മുട്ടാടുകളെയും പുള്ളിയും മറുവുമുള്ള പെൺകോലാടുകളെയൊക്കെയും വെൺമയുള്ളതിനെയൊക്കെയും ചെമ്മരിയാടുകളിൽ കറുത്ത നിറമുള്ളതിനെയൊക്കെയും വേർതിരിച്ച് അവന്റെ പുത്രന്മാരുടെ കൈയിൽ ഏല്പിച്ചു. അവൻ തനിക്കും യാക്കോബിനും ഇടയിൽ മൂന്നു ദിവസത്തെ വഴി അകലം വച്ചു; ലാബാന്റെ ശേഷമുള്ള ആട്ടിൻകൂട്ടങ്ങളെ യാക്കോബ് മേയിച്ചു. എന്നാൽ യാക്കോബ് പുന്നവൃക്ഷത്തിന്റെയും ബദാംവൃക്ഷത്തിന്റെയും അരിഞ്ഞിൽവൃക്ഷത്തിന്റെയും പച്ചക്കൊമ്പുകളെ എടുത്ത് അവയിൽ വെള്ള കാണത്തക്കവണ്ണം വെള്ളവരയായി തോലുരിച്ചു. ആടുകൾ കുടിപ്പാൻ വന്നപ്പോൾ അവൻ, താൻ തോലുരിച്ച കൊമ്പുകളെ പാത്തികളിലും വെള്ളം പകരുന്ന തൊട്ടികളിലും ആടുകളുടെ മുമ്പിൽ വച്ചു; അവ വെള്ളം കുടിപ്പാൻ വന്നപ്പോൾ ചനയേറ്റു. ആടുകൾ കൊമ്പുകളെ കണ്ടുകൊണ്ട് ചനയേറ്റു വരയും പുള്ളിയും മറുവുമുള്ള കുട്ടികളെ പെറ്റു. ആ ആട്ടിൻകുട്ടികളെ യാക്കോബ് വേർതിരിച്ച് ആടുകളെ ലാബാന്റെ ആടുകളിൽ വരയും മറുവുമുള്ള എല്ലാറ്റിനും അഭിമുഖമായി നിർത്തി; തന്റെ സ്വന്തകൂട്ടങ്ങളെ ലാബാന്റെ ആടുകളോടു ചേർക്കാതെ വേറേ ആക്കി. ബലമുള്ള ആടുകൾ ചനയേൽക്കുമ്പോഴൊക്കെയും കൊമ്പുകളെ കണ്ടുകൊണ്ടു ചനയേൽക്കേണ്ടതിനു യാക്കോബ് ആ കൊമ്പുകളെ പാത്തികളിൽ ആടുകളുടെ കണ്ണിനു മുമ്പിൽ വച്ചു. ബലമില്ലാത്ത ആടുകൾ ചനയേൽക്കുമ്പോൾ അവയെ വച്ചില്ല; അങ്ങനെ ബലമില്ലാത്തവ ലാബാനും ബലമുള്ളവ യാക്കോബിനും ആയിത്തീർന്നു. അവൻ മഹാസമ്പന്നനായി അവനു വളരെ ആടുകളും ദാസീദാസന്മാരും ഒട്ടകങ്ങളും കഴുതകളും ഉണ്ടാകയും ചെയ്തു.

ഉൽപത്തി 30:25-43 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യോസേഫിന്റെ ജനനത്തിനുശേഷം യാക്കോബ് ലാബാനോടു: “എന്റെ വീട്ടിലേക്കു തിരിച്ചുപോകാൻ എന്നെ അനുവദിച്ചാലും. എന്റെ ഭാര്യമാർക്കും കുട്ടികൾക്കുംവേണ്ടി ഇത്രയും കാലം ഞാൻ അങ്ങയെ സേവിച്ചു; അവരെ എനിക്കു തരിക; ഞാൻ പോകട്ടെ. ഞാൻ എത്ര വിശ്വസ്തതയോടെ അങ്ങയെ സേവിച്ചു എന്ന് അങ്ങേക്കറിയാമല്ലോ.” ലാബാൻ യാക്കോബിനോട് പറഞ്ഞു: “നിനക്ക് എന്നോടു താൽപര്യമുണ്ടെങ്കിൽ പോകരുത്. നീ നിമിത്തം സർവേശ്വരൻ എന്നെ സമൃദ്ധിയായി അനുഗ്രഹിച്ചിരിക്കുന്നു എന്നു ഞാൻ അറിയുന്നു. നിനക്ക് എന്തു പ്രതിഫലമാണു ഞാൻ നല്‌കേണ്ടത്? അതു ഞാൻ തരാം.” യാക്കോബു മറുപടി പറഞ്ഞു: “ഞാൻ അങ്ങയെ ഏതുവിധം സേവിച്ചുവെന്ന് അങ്ങേക്കറിയാമല്ലോ? അങ്ങയുടെ ആട്ടിൻപറ്റം എന്റെ സംരക്ഷണയിലായപ്പോൾ എത്രമാത്രം വർധിച്ചു എന്ന് അങ്ങേക്കറിയാം. ഞാൻ ഇവിടെ വരുമ്പോൾ അങ്ങയുടെ സമ്പത്ത് അല്പം മാത്രം ആയിരുന്നു. ഇപ്പോൾ അതു വളരെ വർധിച്ചിരിക്കുന്നു. ഞാൻ നിമിത്തം സർവേശ്വരൻ അങ്ങയെ അനുഗ്രഹിച്ചു. ഇനി എന്റെ കുടുംബകാര്യങ്ങൾ ഞാൻ എപ്പോഴാണ് അന്വേഷിക്കുക?” “ഞാൻ നിനക്ക് എന്താണു നല്‌കേണ്ടത്?” എന്നു ലാബാൻ വീണ്ടും ചോദിച്ചു. യാക്കോബ് പറഞ്ഞു: “എനിക്കു പ്രതിഫലമൊന്നും വേണ്ടാ. എന്നാൽ ഒരു കാര്യം സമ്മതിച്ചാൽ ഞാൻ അങ്ങയുടെ ആടുകളെ തുടർന്നും സംരക്ഷിച്ചുകൊള്ളാം. ഇന്നുതന്നെ അങ്ങയുടെ ആട്ടിൻപറ്റങ്ങൾക്കിടയിൽ നടന്നുനോക്കി പുള്ളിയും മറുകുമുള്ള ചെമ്മരിയാടുകളെയും കറുത്ത ആട്ടിൻകുട്ടികളെയും പുള്ളിയും മറുകുമുള്ള കോലാടുകളെയും ഞാൻ വേർതിരിക്കാം. അവ എനിക്ക് പ്രതിഫലമായിരിക്കട്ടെ. എന്റെ പെരുമാറ്റം സത്യസന്ധമായിരുന്നുവോ എന്നു ഭാവിയിൽ അങ്ങേക്കു മനസ്സിലാക്കാം. പുള്ളിയോ മറുകോ ഇല്ലാത്ത കോലാടുകളും കറുപ്പുനിറമില്ലാത്ത ചെമ്മരിയാടുകളും എന്റെ ആട്ടിൻപറ്റത്തിൽ കണ്ടാൽ ഞാൻ അവയെ മോഷ്‍ടിച്ചതായി കരുതിക്കൊള്ളുക.” ലാബാൻ അതു സമ്മതിച്ചു. ലാബാൻ അന്നുതന്നെ തന്റെ ആട്ടിൻപറ്റങ്ങളിൽനിന്നു വരയും മറുകുള്ള എല്ലാ ആൺകോലാടുകളെയും പൊട്ടും പുള്ളിയുമുള്ള എല്ലാ പെൺകോലാടുകളെയും വെളുത്ത മറുകുള്ള എല്ലാ ആടുകളെയും കറുപ്പുനിറമുള്ള എല്ലാ ചെമ്മരിയാടുകളെയും വേർതിരിച്ച് സ്വന്തം പുത്രന്മാരുടെ സംരക്ഷണയിലാക്കി. ലാബാനും യാക്കോബും മൂന്നുദിവസത്തെ വഴിയകലത്തിൽ താമസിച്ചു. ലാബാന്റെ മറ്റ് ആടുകളെ യാക്കോബ് തുടർന്നു സംരക്ഷിച്ചു. യാക്കോബ് പുന്ന, ബദാം, അരിഞ്ഞിൽ എന്നീ മരങ്ങളുടെ പച്ചക്കൊമ്പുകൾ വെട്ടിയെടുത്ത് ഇടവിട്ട് വെള്ളവര കാണത്തക്കവിധം അവയുടെ തൊലിയുരിച്ചു. ആടുകൾ വെള്ളം കുടിക്കാൻ വന്നപ്പോൾ യാക്കോബ് തൊലിയുരിച്ച കമ്പുകൾ വെള്ളം നിറച്ച തോണികളുടെയും തൊട്ടികളുടെയും മുമ്പിൽ നാട്ടി നിർത്തി. അവിടെ വച്ചായിരുന്നു അവ ഇണചേർന്നിരുന്നത്. തോണികളുടെ മുമ്പിൽ നിർത്തിയിരുന്ന വരയും പുള്ളിയും മറുകും ഉള്ള കമ്പുകൾ കണ്ടുകൊണ്ട് ഇണചേർന്ന ആടുകൾ വരയും പുള്ളിയും മറുകും ഉള്ള ആട്ടിൻകുട്ടികളെ പ്രസവിച്ചു. ഈ ആട്ടിൻകുട്ടികളെ യാക്കോബ് വേർതിരിച്ച് ലാബാന്റെ ആട്ടിൻപറ്റത്തിൽ കറുപ്പുനിറവും വരകളുമുള്ള ആടുകൾക്ക് അഭിമുഖമായി നിർത്തി. സ്വന്തം ആടുകളെ ലാബാന്റെ ആടുകളോടു ചേർക്കാതെ വേറെ സൂക്ഷിച്ചു. കരുത്തുള്ള ആടുകൾ ഇണചേരുമ്പോഴെല്ലാം വെള്ളം കുടിക്കുന്ന തോണികളുടെ അടുത്ത് അവയ്‍ക്കു മുമ്പിൽ കമ്പുകൾ നാട്ടും. എന്നാൽ കരുത്തുകുറഞ്ഞ ആടുകളുടെ മുമ്പിൽ അവ നാട്ടിയിരുന്നില്ല; അങ്ങനെ കരുത്തുകുറഞ്ഞ ആടുകൾ ലാബാന്റെ വകയും കരുത്തുള്ളവ യാക്കോബിന്റെ വകയും ആയിത്തീർന്നു. ഇപ്രകാരം യാക്കോബ് വലിയ ധനികനായിത്തീർന്നു; വളരെ ആട്ടിൻപറ്റങ്ങളും അനേകം ദാസീദാസന്മാരും ഒട്ടകങ്ങളും കഴുതകളും അയാൾക്കുണ്ടായി.

ഉൽപത്തി 30:25-43 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

റാഹേൽ യോസേഫിനെ പ്രസവിച്ചശേഷം യാക്കോബ് ലാബാനോട്: “ഞാൻ എന്‍റെ സ്ഥലത്തേക്കും ദേശത്തേക്കും പോകുവാൻ എന്നെ അയയ്ക്കേണം. ഞാൻ നിന്നെ സേവിച്ചതിൻ്റെ പ്രതിഫലമായ എന്‍റെ ഭാര്യമാരെയും മക്കളെയും എനിക്ക് തരേണം; ഞാൻ പോകട്ടെ; ഞാൻ നിനക്കു ചെയ്ത സേവനം നീ അറിയുന്നുവല്ലോ” എന്നു പറഞ്ഞു. ലാബാൻ അവനോട്: “നിനക്കു എന്നോട് ദയ ഉണ്ടെങ്കിൽ പോകരുതേ; നിന്‍റെ നിമിത്തം യഹോവ എന്നെ അനുഗ്രഹിച്ചു എന്നു എനിക്ക് ബോദ്ധ്യമായിരിക്കുന്നു. നിനക്കു എന്ത് പ്രതിഫലം വേണം എന്നു പറയുക; ഞാൻ തരാം” എന്നു പറഞ്ഞു. യാക്കോബ് അവനോട്: “ഞാൻ നിന്നെ എങ്ങനെ സേവിച്ചു എന്നും നിന്‍റെ ആട്ടിൻകൂട്ടം എന്‍റെ പക്കൽ എങ്ങനെ ഇരുന്നു എന്നും നീ അറിയുന്നു. ഞാൻ വരുംമുമ്പെ നിനക്കു അല്പമേ ഉണ്ടായിരുന്നുള്ളു; ഇപ്പോൾ അത് അത്യന്തം വർദ്ധിച്ചിരിക്കുന്നു; ഞാൻ കാൽ വച്ചിടത്തെല്ലാം യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഇനി എന്‍റെ സ്വന്തഭവനത്തിനുവേണ്ടി ഞാൻ എപ്പോൾ കരുതും” എന്നും പറഞ്ഞു. “ഞാൻ നിനക്കു എന്ത് തരേണം?” എന്നു ലാബാൻ ചോദിച്ചതിന്, യാക്കോബ് പറഞ്ഞത്: “നീ ഒന്നും തരേണ്ടാ; ഈ കാര്യം നീ ചെയ്തുതന്നാൽ ഞാൻ നിന്‍റെ ആട്ടിൻകൂട്ടത്തെ ഇനിയും മേയിച്ചു പാലിക്കാം. ഞാൻ ഇന്ന് നിന്‍റെ എല്ലാകൂട്ടങ്ങളിലുംകൂടി കടന്ന്, അവയിൽ നിന്ന് പുള്ളിയും മറുകുമുള്ള ആടുകളെ ഒക്കെയും ചെമ്മരിയാടുകളിൽ കറുത്തതിനെയൊക്കെയും കോലാടുകളിൽ പുള്ളിയും മറുകുമുള്ളതിനെയും വേർതിരിക്കാം; അത് എന്‍റെ പ്രതിഫലമായിരിക്കട്ടെ. നാളെ ഒരിക്കൽ എന്‍റെ പ്രതിഫലം സംബന്ധിച്ച് നീ നോക്കുവാൻ വരുമ്പോൾ എന്‍റെ നീതി തെളിവായിരിക്കും; കോലാടുകളിൽ പുള്ളിയും മറുകുമില്ലാത്തതും ചെമ്മരിയാടുകളിൽ കറുത്തനിറമില്ലാത്തതും എല്ലാം എന്‍റെ പക്കൽ ഉണ്ട് എങ്കിൽ മോഷ്ടിച്ചതായി കരുതാം.” അതിന് ലാബാൻ: “ശരി, നീ പറഞ്ഞതുപോലെ ആകട്ടെ” എന്നു പറഞ്ഞു. അന്നുതന്നെ അവൻ വരയും മറുകുമുള്ള മുട്ടാടുകളെയും പുള്ളിയും മറുകുമുള്ള പെൺകോലാടുകളെ ഒക്കെയും വെണ്മയുള്ളതിനെ ഒക്കെയും ചെമ്മരിയാടുകളിൽ കറുത്തനിറമുള്ളതിനെ ഒക്കെയും വേർതിരിച്ച് അവന്‍റെ പുത്രന്മാരുടെ കയ്യിൽ ഏല്പിച്ചു. അവൻ തനിക്കും യാക്കോബിനും ഇടയിൽ മൂന്നു ദിവസത്തെ യാത്രാദൂരം വച്ചു; ലാബാൻ്റെ ബാക്കിയുള്ള ആട്ടിൻകൂട്ടങ്ങളെ യാക്കോബ് മേയിച്ചു. എന്നാൽ യാക്കോബ് പുന്നവൃക്ഷത്തിൻ്റെയും ബദാംവൃക്ഷത്തിൻ്റെയും അരിഞ്ഞിൽവൃക്ഷത്തിൻ്റെയും പച്ചക്കൊമ്പുകൾ എടുത്ത് അവയിൽ വെള്ള കാണത്തക്കവണ്ണം വെള്ളവരയായി തോലുരിച്ചു. ആടുകൾ കുടിക്കുവാൻ വന്നപ്പോൾ അവൻ, താൻ തോലുരിച്ച കൊമ്പുകളെ പാത്തികളിലും വെള്ളം പകരുന്ന തൊട്ടികളിലും ആടുകളുടെ മുമ്പിൽവച്ചു; അവ വെള്ളം കുടിക്കുവാൻ വന്നപ്പോൾ ചനയേറ്റു. ആടുകൾ കൊമ്പുകളെ കണ്ടുകൊണ്ട് ചനയേറ്റു വരയും പുള്ളിയും മറുകുമുള്ള കുട്ടികളെ പെറ്റു. ആ ആട്ടിൻകുട്ടികളെ യാക്കോബ് വേർതിരിച്ച് ആടുകളെ ലാബാൻ്റെ ആടുകളിൽ വരയും മറുകുമുള്ള എല്ലാറ്റിനും അഭിമുഖമായി നിർത്തി; തന്‍റെ സ്വന്തകൂട്ടങ്ങളെ ലാബാൻ്റെ ആടുകളോടു ചേർക്കാതെ വേറെയാക്കി. ബലമുള്ള ആടുകൾ ചനയേല്ക്കുമ്പോഴൊക്കെയും കൊമ്പുകളെ കണ്ടുകൊണ്ട് ചനയേൽക്കേണ്ടതിനു യാക്കോബ് ആ കൊമ്പുകളെ പാത്തികളിൽ ആടുകളുടെ കണ്ണിന് മുമ്പിൽവച്ചു. ബലമില്ലാത്ത ആടുകൾ ചനയേല്ക്കുമ്പോൾ കൊമ്പുകളെ വച്ചില്ല; അങ്ങനെ ബലമില്ലാത്തവ ലാബാനും ബലമുള്ളവ യാക്കോബിനും ആയിത്തീർന്നു. അവൻ മഹാസമ്പന്നനായി അവനു വളരെ ആടുകളും ദാസീദാസന്മാരും ഒട്ടകങ്ങളും കഴുതകളും ഉണ്ടാകുകയും ചെയ്തു.

ഉൽപത്തി 30:25-43 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

റാഹേൽ യോസേഫിനെ പ്രസവിച്ചശേഷം യാക്കോബ് ലാബാനോടു: ഞാൻ എന്റെ സ്ഥലത്തേക്കും ദേശത്തേക്കും പോകുവാൻ എന്നെ അയക്കേണം. ഞാൻ നിന്നെ സേവിച്ചതിന്റെ പ്രതിഫലമായ എന്റെ ഭാര്യമാരേയും മക്കളെയും എനിക്കു തരേണം; ഞാൻ പോകട്ടെ; ഞാൻ നിന്നെ സേവിച്ച സേവ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. ലാബാൻ അവനോടു: നിനക്കു എന്നോടു ദയ ഉണ്ടെങ്കിൽ പോകരുതേ; നിന്റെ നിമിത്തം യഹോവ എന്നെ അനുഗ്രഹിച്ചു എന്നു എനിക്കു ബോദ്ധ്യമായിരിക്കുന്നു. നിനക്കു എന്തു പ്രതിഫലം വേണം എന്നു പറക; ഞാൻ തരാം എന്നു പറഞ്ഞു. അവൻ അവനോടു: ഞാൻ നിന്നെ എങ്ങനെ സേവിച്ചു എന്നും നിന്റെ ആട്ടിൻകൂട്ടം എന്റെ പക്കൽ എങ്ങനെ ഇരുന്നു എന്നും നീ അറിയുന്നു. ഞാൻ വരുംമുമ്പെ നിനക്കു അല്പമേ ഉണ്ടായിരുന്നുള്ളു; ഇപ്പോൾ അതു അത്യന്തം വർദ്ധിച്ചിരിക്കുന്നു; ഞാൻ കാൽ വെച്ചേടത്തൊക്കെയും യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഇനി എന്റെ സ്വന്തഭവനത്തിന്നുവേണ്ടി ഞാൻ എപ്പോൾ കരുതും എന്നും പറഞ്ഞു. ഞാൻ നിനക്കു എന്തു തരേണം എന്നു അവൻ ചോദിച്ചതിന്നു യാക്കോബ് പറഞ്ഞതു: നീ ഒന്നും തരേണ്ടാ; ഈ കാര്യം നീ ചെയ്തുതന്നാൽ ഞാൻ നിന്റെ ആട്ടിൻ കൂട്ടത്തെ ഇനിയും മേയിച്ചു പാലിക്കാം. ഞാൻ ഇന്നു നിന്റെ എല്ലാകൂട്ടങ്ങളിലും കൂടി കടന്നു, അവയിൽനിന്നു പുള്ളിയും മറുവുമുള്ള ആടുകളെ ഒക്കെയും ചെമ്മരിയാടുകളിൽ കറുത്തതിനെയൊക്കെയും കോലാടുകളിൽ പുള്ളിയും മറുവുമുള്ളതിനെയും വേർതിരിക്കാം; അതു എന്റെ പ്രതിഫലമായിരിക്കട്ടെ. നാളെ ഒരിക്കൽ എന്റെ പ്രതിഫലം സംബന്ധിച്ചു നീ നോക്കുവാൻ വരുമ്പോൾ എന്റെ നീതി തെളിവായിരിക്കും; കോലാടുകളിൽ പുള്ളിയും മറുവുമില്ലാത്തതും ചെമ്മരിയാടുകളിൽ കറുത്തനിറമില്ലാത്തതും എല്ലാം മോഷ്ടിച്ചതായി എണ്ണാം. അതിന്നു ലാബാൻ: നീ പറഞ്ഞതുപോലെ ആകട്ടെ എന്നു പറഞ്ഞു. അന്നു തന്നേ അവൻ വരയും മറുവുമുള്ള മുട്ടാടുകളെയും പുള്ളിയും മറുവുമുള്ള പെൺകോലാടുകളെ ഒക്കെയും വെണ്മയുള്ളതിനെ ഒക്കെയും ചെമ്മരിയാടുകളിൽ കറുത്തനിറമുള്ളതിനെ ഒക്കെയും വേർതിരിച്ചു അവന്റെ പുത്രന്മാരുടെ കയ്യിൽ ഏല്പിച്ചു. അവൻ തനിക്കും യാക്കോബിന്നും ഇടയിൽ മൂന്നു ദിവസത്തെ വഴിയകലം വെച്ചു; ലാബാന്റെ ശേഷമുള്ള ആട്ടിൻകൂട്ടങ്ങളെ യാക്കോബ് മേയിച്ചു. എന്നാൽ യാക്കോബ് പുന്നവൃക്ഷത്തിന്റെയും ബദാംവൃക്ഷത്തിന്റെയും അരിഞ്ഞിൽവൃക്ഷത്തിന്റെയും പച്ചക്കൊമ്പുകളെ എടുത്തു അവയിൽ വെള്ള കാണത്തക്കവണ്ണം വെള്ളവരയായി തോലുരിച്ചു. ആടുകൾ കുടിപ്പാൻ വന്നപ്പോൾ അവൻ, താൻ തോലുരിച്ച കൊമ്പുകളെ പാത്തികളിലും വെള്ളം പകരുന്ന തൊട്ടികളിലും ആടുകളുടെ മുമ്പിൽ വെച്ചു; അവ വെള്ളം കുടിപ്പാൻ വന്നപ്പോൾ ചനയേറ്റു. ആടുകൾ കൊമ്പുകളെ കണ്ടുകൊണ്ടു ചനയേറ്റു വരയും പുള്ളിയും മറുവുമുള്ള കുട്ടികളെ പെറ്റു. ആ ആട്ടിൻകുട്ടികളെ യാക്കോബ് വേർതിരിച്ചു ആടുകളെ ലാബാന്റെ ആടുകളിൽ വരയും മറുവുമുള്ള എല്ലാറ്റിന്നും അഭിമുഖമായി നിർത്തി; തന്റെ സ്വന്തകൂട്ടങ്ങളെ ലാബാന്റെ ആടുകളോടു ചേർക്കാതെ വേറെയാക്കി. ബലമുള്ള ആടുകൾ ചനയേല്ക്കുമ്പോഴൊക്കെയും കൊമ്പുകളെ കണ്ടുകൊണ്ടു ചനയേൽക്കേണ്ടതിന്നു യാക്കോബ് ആ കൊമ്പുകളെ പാത്തികളിൽ ആടുകളുടെ കണ്ണിന്നു മുമ്പിൽ വെച്ചു. ബലമില്ലാത്ത ആടുകൾ ചനയേല്ക്കുമ്പോൾ അവയെ വെച്ചില്ല; അങ്ങനെ ബലമില്ലാത്തവ ലാബാന്നും ബലമുള്ളവ യാക്കോബിന്നും ആയിത്തീർന്നു. അവൻ മഹാസമ്പന്നനായി അവന്നു വളരെ ആടുകളും ദാസീദാസന്മാരും ഒട്ടകങ്ങളും കഴുതകളും ഉണ്ടാകയും ചെയ്തു.

ഉൽപത്തി 30:25-43 സമകാലിക മലയാളവിവർത്തനം (MCV)

റാഹേൽ യോസേഫിനെ പ്രസവിച്ചതിനുശേഷം യാക്കോബ് ലാബാനോട്, “എനിക്ക് സ്വന്തം ദേശത്തേക്കു മടങ്ങണം; അങ്ങ് എന്നെ യാത്രയാക്കിയാലും. എന്റെ ഭാര്യമാരെയും മക്കളെയും എനിക്കു തരണം; അവർക്കുവേണ്ടിയാണല്ലോ ഞാൻ അങ്ങയെ സേവിച്ചത്! ഞാൻ യാത്രയായിക്കോട്ടെ. ഞാൻ അങ്ങേക്കുവേണ്ടി എത്രമാത്രം അധ്വാനിച്ചു എന്ന് അങ്ങേക്ക് അറിയാമല്ലോ” എന്നു പറഞ്ഞു. എന്നാൽ ലാബാൻ യാക്കോബിനോട്, “നിനക്ക് എന്നോടു പ്രീതിയുണ്ടെങ്കിൽ ദയവുചെയ്ത് ഇവിടെ താമസിക്കുക. നീ നിമിത്തം യഹോവ എന്നെ അനുഗ്രഹിച്ചെന്ന് ഞാൻ പ്രശ്നംവെച്ചതിലൂടെ സ്പഷ്ടമായി അറിഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു. “നിനക്ക് എന്തു ശമ്പളം വേണമെന്നു പറയുക, ഞാൻ അതു തരാം,” എന്നും ലാബാൻ പറഞ്ഞു. അതിന് യാക്കോബ് അദ്ദേഹത്തോട് ഉത്തരം പറഞ്ഞത്, “ഞാൻ അങ്ങേക്കുവേണ്ടി എങ്ങനെ പണിയെടുത്തെന്നും എന്റെ മേൽനോട്ടത്തിൽ അങ്ങയുടെ ആടുമാടുകൾ എത്ര പെരുകിയെന്നും അങ്ങേക്ക് അറിയാമല്ലോ. ഞാൻ വരുന്നതിനുമുമ്പ് അൽപ്പംമാത്രം ഉണ്ടായിരുന്നത് ഇപ്പോൾ അത്യധികം വർധിച്ചിരിക്കുന്നു. ഞാൻ ആയിരുന്നേടത്തെല്ലാം യഹോവ അങ്ങയെ അനുഗ്രഹിച്ചിരിക്കുന്നു. എന്നാൽ, എന്റെ സ്വന്തം കുടുംബത്തിനുവേണ്ടി ഞാൻ ഇനി എപ്പോഴാണു വല്ലതും കരുതുന്നത്?” “ഞാൻ നിനക്ക് എന്തു തരണം?” ലാബാൻ ചോദിച്ചു. “എനിക്ക് ഒന്നും തരേണ്ടതില്ല,” യാക്കോബ് പറഞ്ഞു. “എന്നാൽ, എനിക്കുവേണ്ടി ഒരു കാര്യം ചെയ്യുമെങ്കിൽ ഞാൻ അങ്ങയുടെ ആട്ടിൻപറ്റങ്ങളെ മേയിക്കുകയും സൂക്ഷിക്കുകയുംചെയ്യാം. ഇന്നു ഞാൻ അങ്ങയുടെ എല്ലാ ആട്ടിൻപറ്റങ്ങളുടെയും ഇടയിലൂടെ നടന്ന് പുള്ളിയും മറുകും ഉള്ള ചെമ്മരിയാടുകളെയും കറുപ്പുനിറമുള്ള എല്ലാ ചെമ്മരിയാട്ടിൻകുട്ടികളെയും പുള്ളിയും മറുകുമുള്ള കോലാടുകളെയും വേർതിരിക്കും; അവ എനിക്കുള്ള പ്രതിഫലമായിരിക്കട്ടെ. ഭാവിയിൽ അങ്ങ് എന്റെ പ്രതിഫലം പരിശോധിക്കുമ്പോൾ എന്റെ വിശ്വസ്തത അങ്ങേക്കു ബോധ്യമാകും. എന്റെപക്കൽ പുള്ളിയോ മറുകോ ഇല്ലാത്ത കോലാടോ കറുപ്പുനിറമില്ലാത്ത ആട്ടിൻകുട്ടിയോ കണ്ടാൽ അതിനെ മോഷ്ടിച്ചതായി കണക്കാക്കാം.” അപ്പോൾ ലാബാൻ, “ഇത് എനിക്കു സമ്മതം; നീ പറഞ്ഞതുപോലെ ആകട്ടെ” എന്നു പറഞ്ഞു. ആ ദിവസംതന്നെ ലാബാൻ വരയും മറുകും ഉള്ള കോലാട്ടുകൊറ്റന്മാരെയും പുള്ളിയും മറുകും ഉള്ള പെൺകോലാടുകളെയും വെള്ളനിറമുള്ള എല്ലാറ്റിനെയും കറുപ്പുനിറമുള്ള ചെമ്മരിയാട്ടിൻകുട്ടികളെയും വേർതിരിച്ചു തന്റെ പുത്രന്മാരുടെ പക്കൽ ഏൽപ്പിച്ചു. പിന്നെ ലാബാൻ തനിക്കും യാക്കോബിനും മധ്യേ മൂന്നുദിവസത്തെ വഴിയകലം വെച്ചു. ലാബാന്റെ ആടുകളിൽ ശേഷിച്ചവയെ യാക്കോബ് തുടർന്നും മേയിച്ചുകൊണ്ടിരുന്നു. യാക്കോബ് പുന്നമരത്തിന്റെയും ബദാംമരത്തിന്റെയും അരിഞ്ഞിൽമരത്തിന്റെയും പച്ചക്കൊമ്പുകൾ എടുത്ത് അവയുടെ അകം വെള്ളവരയായി കാണത്തക്കവണ്ണം തൊലിയുരിച്ചു. പിന്നെ അദ്ദേഹം, ഇങ്ങനെ തൊലിയുരിച്ച കൊമ്പുകൾ, ആടുകൾ വെള്ളം കുടിക്കാൻ വരുമ്പോൾ അവയ്ക്ക് നേരേ കാണത്തക്കവണ്ണം, വെള്ളം നിറയ്ക്കുന്ന തൊട്ടികളിലും പാത്തികളിലും വെച്ചു. ആടുകൾ വെള്ളം കുടിക്കാൻ വന്നപ്പോൾ ആ കൊമ്പുകൾക്കു മുന്നിൽവെച്ച് ഇണചേർന്നു; അവ വരയും പുള്ളിയും മറുകും ഉള്ള കുട്ടികളെ പ്രസവിച്ചു. യാക്കോബ് ആ ആട്ടിൻകുട്ടികളെ ലാബാന്റെ ആട്ടിൻപറ്റത്തിൽനിന്ന് വേർതിരിച്ചു; ശേഷമുള്ളവ ഇണചേരുമ്പോൾ ലാബാന്റെവക വരയും കറുപ്പുമുള്ള ആടുകൾക്ക് അഭിമുഖമായി നിർത്തി. ഇങ്ങനെ യാക്കോബ് തനിക്കു സ്വന്തമായി ആട്ടിൻപറ്റങ്ങളെ ഉണ്ടാക്കി; അവയെ ലാബാന്റെ കൂട്ടങ്ങളോടു ചേർത്തില്ല. കരുത്തുള്ള ആടുകൾ ഇണചേരുമ്പോൾ അവ ആ മരക്കൊമ്പുകൾ കണ്ട് ചനയേൽക്കേണ്ടതിന് യാക്കോബ് അവ തൊട്ടികളിൽവെച്ചു. കരുത്തുകുറഞ്ഞവയുടെ മുമ്പിൽ കൊമ്പുകൾ വെച്ചിരുന്നില്ല. ഇങ്ങനെ കരുത്തില്ലാത്തവ ലാബാനും കരുത്തുള്ളവ യാക്കോബിനും ആയിത്തീർന്നു. യാക്കോബ് ഈ വിധത്തിൽ മഹാധനികനായി. വലിയ ആട്ടിൻപറ്റങ്ങളും ധാരാളം ദാസീദാസന്മാരും ഒട്ടകങ്ങളും കഴുതകളും അദ്ദേഹത്തിനു സ്വന്തമായി.