യോസേഫിന്റെ ജനനത്തിനുശേഷം യാക്കോബ് ലാബാനോടു: “എന്റെ വീട്ടിലേക്കു തിരിച്ചുപോകാൻ എന്നെ അനുവദിച്ചാലും. എന്റെ ഭാര്യമാർക്കും കുട്ടികൾക്കുംവേണ്ടി ഇത്രയും കാലം ഞാൻ അങ്ങയെ സേവിച്ചു; അവരെ എനിക്കു തരിക; ഞാൻ പോകട്ടെ. ഞാൻ എത്ര വിശ്വസ്തതയോടെ അങ്ങയെ സേവിച്ചു എന്ന് അങ്ങേക്കറിയാമല്ലോ.” ലാബാൻ യാക്കോബിനോട് പറഞ്ഞു: “നിനക്ക് എന്നോടു താൽപര്യമുണ്ടെങ്കിൽ പോകരുത്. നീ നിമിത്തം സർവേശ്വരൻ എന്നെ സമൃദ്ധിയായി അനുഗ്രഹിച്ചിരിക്കുന്നു എന്നു ഞാൻ അറിയുന്നു. നിനക്ക് എന്തു പ്രതിഫലമാണു ഞാൻ നല്‌കേണ്ടത്? അതു ഞാൻ തരാം.” യാക്കോബു മറുപടി പറഞ്ഞു: “ഞാൻ അങ്ങയെ ഏതുവിധം സേവിച്ചുവെന്ന് അങ്ങേക്കറിയാമല്ലോ? അങ്ങയുടെ ആട്ടിൻപറ്റം എന്റെ സംരക്ഷണയിലായപ്പോൾ എത്രമാത്രം വർധിച്ചു എന്ന് അങ്ങേക്കറിയാം. ഞാൻ ഇവിടെ വരുമ്പോൾ അങ്ങയുടെ സമ്പത്ത് അല്പം മാത്രം ആയിരുന്നു. ഇപ്പോൾ അതു വളരെ വർധിച്ചിരിക്കുന്നു. ഞാൻ നിമിത്തം സർവേശ്വരൻ അങ്ങയെ അനുഗ്രഹിച്ചു. ഇനി എന്റെ കുടുംബകാര്യങ്ങൾ ഞാൻ എപ്പോഴാണ് അന്വേഷിക്കുക?” “ഞാൻ നിനക്ക് എന്താണു നല്‌കേണ്ടത്?” എന്നു ലാബാൻ വീണ്ടും ചോദിച്ചു. യാക്കോബ് പറഞ്ഞു: “എനിക്കു പ്രതിഫലമൊന്നും വേണ്ടാ. എന്നാൽ ഒരു കാര്യം സമ്മതിച്ചാൽ ഞാൻ അങ്ങയുടെ ആടുകളെ തുടർന്നും സംരക്ഷിച്ചുകൊള്ളാം. ഇന്നുതന്നെ അങ്ങയുടെ ആട്ടിൻപറ്റങ്ങൾക്കിടയിൽ നടന്നുനോക്കി പുള്ളിയും മറുകുമുള്ള ചെമ്മരിയാടുകളെയും കറുത്ത ആട്ടിൻകുട്ടികളെയും പുള്ളിയും മറുകുമുള്ള കോലാടുകളെയും ഞാൻ വേർതിരിക്കാം. അവ എനിക്ക് പ്രതിഫലമായിരിക്കട്ടെ. എന്റെ പെരുമാറ്റം സത്യസന്ധമായിരുന്നുവോ എന്നു ഭാവിയിൽ അങ്ങേക്കു മനസ്സിലാക്കാം. പുള്ളിയോ മറുകോ ഇല്ലാത്ത കോലാടുകളും കറുപ്പുനിറമില്ലാത്ത ചെമ്മരിയാടുകളും എന്റെ ആട്ടിൻപറ്റത്തിൽ കണ്ടാൽ ഞാൻ അവയെ മോഷ്‍ടിച്ചതായി കരുതിക്കൊള്ളുക.” ലാബാൻ അതു സമ്മതിച്ചു. ലാബാൻ അന്നുതന്നെ തന്റെ ആട്ടിൻപറ്റങ്ങളിൽനിന്നു വരയും മറുകുള്ള എല്ലാ ആൺകോലാടുകളെയും പൊട്ടും പുള്ളിയുമുള്ള എല്ലാ പെൺകോലാടുകളെയും വെളുത്ത മറുകുള്ള എല്ലാ ആടുകളെയും കറുപ്പുനിറമുള്ള എല്ലാ ചെമ്മരിയാടുകളെയും വേർതിരിച്ച് സ്വന്തം പുത്രന്മാരുടെ സംരക്ഷണയിലാക്കി. ലാബാനും യാക്കോബും മൂന്നുദിവസത്തെ വഴിയകലത്തിൽ താമസിച്ചു. ലാബാന്റെ മറ്റ് ആടുകളെ യാക്കോബ് തുടർന്നു സംരക്ഷിച്ചു. യാക്കോബ് പുന്ന, ബദാം, അരിഞ്ഞിൽ എന്നീ മരങ്ങളുടെ പച്ചക്കൊമ്പുകൾ വെട്ടിയെടുത്ത് ഇടവിട്ട് വെള്ളവര കാണത്തക്കവിധം അവയുടെ തൊലിയുരിച്ചു. ആടുകൾ വെള്ളം കുടിക്കാൻ വന്നപ്പോൾ യാക്കോബ് തൊലിയുരിച്ച കമ്പുകൾ വെള്ളം നിറച്ച തോണികളുടെയും തൊട്ടികളുടെയും മുമ്പിൽ നാട്ടി നിർത്തി. അവിടെ വച്ചായിരുന്നു അവ ഇണചേർന്നിരുന്നത്. തോണികളുടെ മുമ്പിൽ നിർത്തിയിരുന്ന വരയും പുള്ളിയും മറുകും ഉള്ള കമ്പുകൾ കണ്ടുകൊണ്ട് ഇണചേർന്ന ആടുകൾ വരയും പുള്ളിയും മറുകും ഉള്ള ആട്ടിൻകുട്ടികളെ പ്രസവിച്ചു. ഈ ആട്ടിൻകുട്ടികളെ യാക്കോബ് വേർതിരിച്ച് ലാബാന്റെ ആട്ടിൻപറ്റത്തിൽ കറുപ്പുനിറവും വരകളുമുള്ള ആടുകൾക്ക് അഭിമുഖമായി നിർത്തി. സ്വന്തം ആടുകളെ ലാബാന്റെ ആടുകളോടു ചേർക്കാതെ വേറെ സൂക്ഷിച്ചു. കരുത്തുള്ള ആടുകൾ ഇണചേരുമ്പോഴെല്ലാം വെള്ളം കുടിക്കുന്ന തോണികളുടെ അടുത്ത് അവയ്‍ക്കു മുമ്പിൽ കമ്പുകൾ നാട്ടും. എന്നാൽ കരുത്തുകുറഞ്ഞ ആടുകളുടെ മുമ്പിൽ അവ നാട്ടിയിരുന്നില്ല; അങ്ങനെ കരുത്തുകുറഞ്ഞ ആടുകൾ ലാബാന്റെ വകയും കരുത്തുള്ളവ യാക്കോബിന്റെ വകയും ആയിത്തീർന്നു. ഇപ്രകാരം യാക്കോബ് വലിയ ധനികനായിത്തീർന്നു; വളരെ ആട്ടിൻപറ്റങ്ങളും അനേകം ദാസീദാസന്മാരും ഒട്ടകങ്ങളും കഴുതകളും അയാൾക്കുണ്ടായി.
GENESIS 30 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: GENESIS 30:25-43
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ