GENESIS 30

30
1യാക്കോബിനു മക്കളെ നല്‌കാൻ തനിക്കു കഴിയുന്നില്ല എന്നു കണ്ട റാഹേലിനു ലേയായോട് അസൂയ തോന്നി. അവൾ യാക്കോബിനോടു പറഞ്ഞു: “എനിക്കു മക്കളെ തരിക അല്ലെങ്കിൽ ഞാൻ മരിക്കും.” 2യാക്കോബ് കുപിതനായി അവളോടു പറഞ്ഞു: “നിനക്കു ഗർഭഫലം തടഞ്ഞിരിക്കുന്ന ദൈവമാണോ ഞാൻ?” 3അപ്പോൾ അവൾ പറഞ്ഞു: “അങ്ങ് എന്റെ ദാസി ബിൽഹായെ പ്രാപിക്കുക. അവൾ എനിക്കുവേണ്ടി ഒരു സന്തതിയെ പ്രസവിക്കട്ടെ. അങ്ങനെ അവളിലൂടെ എനിക്ക് മക്കളുണ്ടാകട്ടെ.” 4അവൾ ബിൽഹായെ യാക്കോബിനു ഭാര്യയായി കൊടുത്തു. യാക്കോബ് അവളെ പ്രാപിച്ചു. 5ബിൽഹാ ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു. 6അപ്പോൾ റാഹേൽ പറഞ്ഞു: “ദൈവം എനിക്കനുകൂലമായി ന്യായം വിധിച്ചിരിക്കുന്നു; എന്റെ പ്രാർഥന കേട്ട് എനിക്ക് ഒരു പുത്രനെ നല്‌കിയിരിക്കുന്നു.” അതുകൊണ്ട് അവൾ അവനു ‘ദാൻ’ എന്നു പേരിട്ടു. 7ബിൽഹാ ഒരു മകനെക്കൂടി പ്രസവിച്ചു. 8“ഞാൻ എന്റെ സഹോദരിയുമായുള്ള കടുത്ത മത്സരത്തിൽ ജയിച്ചിരിക്കുന്നു” എന്നു പറഞ്ഞ് അവൾ അവനെ ‘നഫ്താലി’ എന്നു വിളിച്ചു. 9ഇനിയും താൻ ഗർഭവതിയാകയില്ല എന്നറിഞ്ഞ ലേയാ തന്റെ ദാസി സില്പായെ യാക്കോബിനു ഭാര്യയായി നല്‌കി. 10സില്പാ ഗർഭിണിയായി യാക്കോബിന് ഒരു മകനെ പ്രസവിച്ചു. 11“ഞാൻ ഭാഗ്യവതി ആയിരിക്കുന്നു” എന്നു പറഞ്ഞു ലേയാ അവനു ‘ഗാദ്’ എന്നു പേരിട്ടു. 12സില്പാ വീണ്ടും യാക്കോബിനു മറ്റൊരു മകനെ പ്രസവിച്ചു. 13“ഞാൻ ഭാഗ്യവതി ആയിരിക്കുന്നു; ലേയാ ഭാഗ്യവതി എന്നു സ്‍ത്രീകൾ പറയും” എന്നു പറഞ്ഞുകൊണ്ട് അവന് ‘ആശേർ’ എന്നു പേർ വിളിച്ചു. 14കോതമ്പു കൊയ്ത്തുകാലത്തു വയലിലൂടെ നടക്കുമ്പോൾ രൂബേൻ ഒരിടത്തു ദൂദായ്പഴം കണ്ടു. അവൻ അവയിൽ കുറെ പറിച്ച് അമ്മയ്‍ക്കു കൊടുത്തു. “നിന്റെ മകൻ കൊണ്ടുവന്ന ദൂദായ്പഴത്തിൽ കുറെ എനിക്കു തരൂ” എന്നു റാഹേൽ ലേയായോടു പറഞ്ഞു. 15ലേയാ പറഞ്ഞു: “എന്റെ ഭർത്താവിനെ കൈവശപ്പെടുത്തിയതു പോരേ? ഇനിയും എന്റെ മകന്റെ ദൂദായ്പഴം കൂടി തട്ടിയെടുക്കാൻ ശ്രമിക്കുന്നോ?” റാഹേൽ പറഞ്ഞു: “നിന്റെ മകന്റെ ദൂദായ്പഴം എനിക്കു തരിക. അതിനു പകരം യാക്കോബ് ഇന്നു രാത്രി നിന്റെകൂടെ ശയിക്കട്ടെ.” 16വൈകുന്നേരം യാക്കോബ് വയലിൽനിന്നു വന്നപ്പോൾ ലേയാ അദ്ദേഹത്തെ കാണുന്നതിന് ഇറങ്ങിച്ചെന്നു. അവൾ പറഞ്ഞു: “എന്റെ മകന്റെ ദൂദായ്പഴംകൊണ്ട് ഞാൻ അങ്ങയെ ഇന്നത്തേക്കു വിലയ്‍ക്കു വാങ്ങിയിരിക്കയാണ്. ഇന്ന് എന്റെകൂടെ ശയിക്ക.” അന്നു രാത്രി യാക്കോബ് അവളോടുകൂടി ശയിച്ചു. 17ദൈവം ലേയായുടെ പ്രാർഥന കേട്ടു. അവൾ യാക്കോബിന് അഞ്ചാമത് ഒരു പുത്രനെ പ്രസവിച്ചു. 18ലേയാ പറഞ്ഞു: “എന്റെ ദാസിയെ എന്റെ ഭർത്താവിനു കൊടുത്തതിനുള്ള പ്രതിഫലം ദൈവത്തിൽനിന്ന് എനിക്കു ലഭിച്ചിരിക്കുന്നു; അതുകൊണ്ട് അവൾ അവന് ‘ഇസ്സാഖാർ’ എന്നു പേരിട്ടു. 19ലേയാ പിന്നെയും ഗർഭിണിയായി ആറാമത് ഒരു മകനെ പ്രസവിച്ചു. 20“ദൈവം ഒരു നല്ല ദാനം നല്‌കി എന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഞാൻ ആറാമതും ഒരു പുത്രനെ പ്രസവിച്ചതുകൊണ്ട് എന്റെ ഭർത്താവ് എന്നെ ആദരിക്കുകയും എന്റെകൂടെ വസിക്കുകയും ചെയ്യും” എന്നു പറഞ്ഞുകൊണ്ട് അവനു ‘സെബൂലൂൻ’ എന്നു പേരിട്ടു. 21അതിനുശേഷം ലേയാ ഒരു പുത്രിയെ പ്രസവിച്ചു; അവൾക്കു ദീനാ എന്നു പേരു നല്‌കി. 22ദൈവം റാഹേലിനെ ഓർത്തു; അവളുടെ യാചനകേട്ട് അവളുടെ ഗർഭപാത്രം തുറന്നു. 23അവൾ ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു; “ഒരു പുത്രനെ നല്‌കുക മൂലം ദൈവം എന്റെ അപമാനം നീക്കിയിരിക്കുന്നു” എന്നു പറഞ്ഞു. 24“സർവേശ്വരൻ ഒരു മകനെക്കൂടി നല്‌കുമാറാകട്ടെ” എന്ന് അപേക്ഷിച്ചുകൊണ്ട് അവൾ അവനു ‘യോസേഫ്’ എന്നു പേരിട്ടു.
യാക്കോബ് ധനികനായിത്തീരുന്നു
25യോസേഫിന്റെ ജനനത്തിനുശേഷം യാക്കോബ് ലാബാനോടു: “എന്റെ വീട്ടിലേക്കു തിരിച്ചുപോകാൻ എന്നെ അനുവദിച്ചാലും. 26എന്റെ ഭാര്യമാർക്കും കുട്ടികൾക്കുംവേണ്ടി ഇത്രയും കാലം ഞാൻ അങ്ങയെ സേവിച്ചു; അവരെ എനിക്കു തരിക; ഞാൻ പോകട്ടെ. ഞാൻ എത്ര വിശ്വസ്തതയോടെ അങ്ങയെ സേവിച്ചു എന്ന് അങ്ങേക്കറിയാമല്ലോ.” 27ലാബാൻ യാക്കോബിനോട് പറഞ്ഞു: “നിനക്ക് എന്നോടു താൽപര്യമുണ്ടെങ്കിൽ പോകരുത്. നീ നിമിത്തം സർവേശ്വരൻ എന്നെ സമൃദ്ധിയായി അനുഗ്രഹിച്ചിരിക്കുന്നു എന്നു ഞാൻ അറിയുന്നു. 28നിനക്ക് എന്തു പ്രതിഫലമാണു ഞാൻ നല്‌കേണ്ടത്? അതു ഞാൻ തരാം.” 29യാക്കോബു മറുപടി പറഞ്ഞു: “ഞാൻ അങ്ങയെ ഏതുവിധം സേവിച്ചുവെന്ന് അങ്ങേക്കറിയാമല്ലോ? അങ്ങയുടെ ആട്ടിൻപറ്റം എന്റെ സംരക്ഷണയിലായപ്പോൾ എത്രമാത്രം വർധിച്ചു എന്ന് അങ്ങേക്കറിയാം. 30ഞാൻ ഇവിടെ വരുമ്പോൾ അങ്ങയുടെ സമ്പത്ത് അല്പം മാത്രം ആയിരുന്നു. ഇപ്പോൾ അതു വളരെ വർധിച്ചിരിക്കുന്നു. ഞാൻ നിമിത്തം സർവേശ്വരൻ അങ്ങയെ അനുഗ്രഹിച്ചു. ഇനി എന്റെ കുടുംബകാര്യങ്ങൾ ഞാൻ എപ്പോഴാണ് അന്വേഷിക്കുക?” 31“ഞാൻ നിനക്ക് എന്താണു നല്‌കേണ്ടത്?” എന്നു ലാബാൻ വീണ്ടും ചോദിച്ചു. യാക്കോബ് പറഞ്ഞു: “എനിക്കു പ്രതിഫലമൊന്നും വേണ്ടാ. എന്നാൽ ഒരു കാര്യം സമ്മതിച്ചാൽ ഞാൻ അങ്ങയുടെ ആടുകളെ തുടർന്നും സംരക്ഷിച്ചുകൊള്ളാം. 32ഇന്നുതന്നെ അങ്ങയുടെ ആട്ടിൻപറ്റങ്ങൾക്കിടയിൽ നടന്നുനോക്കി പുള്ളിയും മറുകുമുള്ള ചെമ്മരിയാടുകളെയും കറുത്ത ആട്ടിൻകുട്ടികളെയും പുള്ളിയും മറുകുമുള്ള കോലാടുകളെയും ഞാൻ വേർതിരിക്കാം. അവ എനിക്ക് പ്രതിഫലമായിരിക്കട്ടെ. 33എന്റെ പെരുമാറ്റം സത്യസന്ധമായിരുന്നുവോ എന്നു ഭാവിയിൽ അങ്ങേക്കു മനസ്സിലാക്കാം. പുള്ളിയോ മറുകോ ഇല്ലാത്ത കോലാടുകളും കറുപ്പുനിറമില്ലാത്ത ചെമ്മരിയാടുകളും എന്റെ ആട്ടിൻപറ്റത്തിൽ കണ്ടാൽ ഞാൻ അവയെ മോഷ്‍ടിച്ചതായി കരുതിക്കൊള്ളുക.” 34ലാബാൻ അതു സമ്മതിച്ചു. 35ലാബാൻ അന്നുതന്നെ തന്റെ ആട്ടിൻപറ്റങ്ങളിൽനിന്നു വരയും മറുകുള്ള എല്ലാ ആൺകോലാടുകളെയും പൊട്ടും പുള്ളിയുമുള്ള എല്ലാ പെൺകോലാടുകളെയും വെളുത്ത മറുകുള്ള എല്ലാ ആടുകളെയും കറുപ്പുനിറമുള്ള എല്ലാ ചെമ്മരിയാടുകളെയും വേർതിരിച്ച് സ്വന്തം പുത്രന്മാരുടെ സംരക്ഷണയിലാക്കി. 36ലാബാനും യാക്കോബും മൂന്നുദിവസത്തെ വഴിയകലത്തിൽ താമസിച്ചു. ലാബാന്റെ മറ്റ് ആടുകളെ യാക്കോബ് തുടർന്നു സംരക്ഷിച്ചു. 37യാക്കോബ് പുന്ന, ബദാം, അരിഞ്ഞിൽ എന്നീ മരങ്ങളുടെ പച്ചക്കൊമ്പുകൾ വെട്ടിയെടുത്ത് ഇടവിട്ട് വെള്ളവര കാണത്തക്കവിധം അവയുടെ തൊലിയുരിച്ചു. 38ആടുകൾ വെള്ളം കുടിക്കാൻ വന്നപ്പോൾ യാക്കോബ് തൊലിയുരിച്ച കമ്പുകൾ വെള്ളം നിറച്ച തോണികളുടെയും തൊട്ടികളുടെയും മുമ്പിൽ നാട്ടി നിർത്തി. അവിടെ വച്ചായിരുന്നു അവ ഇണചേർന്നിരുന്നത്. 39തോണികളുടെ മുമ്പിൽ നിർത്തിയിരുന്ന വരയും പുള്ളിയും മറുകും ഉള്ള കമ്പുകൾ കണ്ടുകൊണ്ട് ഇണചേർന്ന ആടുകൾ വരയും പുള്ളിയും മറുകും ഉള്ള ആട്ടിൻകുട്ടികളെ പ്രസവിച്ചു. 40ഈ ആട്ടിൻകുട്ടികളെ യാക്കോബ് വേർതിരിച്ച് ലാബാന്റെ ആട്ടിൻപറ്റത്തിൽ കറുപ്പുനിറവും വരകളുമുള്ള ആടുകൾക്ക് അഭിമുഖമായി നിർത്തി. സ്വന്തം ആടുകളെ ലാബാന്റെ ആടുകളോടു ചേർക്കാതെ വേറെ സൂക്ഷിച്ചു. 41കരുത്തുള്ള ആടുകൾ ഇണചേരുമ്പോഴെല്ലാം വെള്ളം കുടിക്കുന്ന തോണികളുടെ അടുത്ത് അവയ്‍ക്കു മുമ്പിൽ കമ്പുകൾ നാട്ടും. 42എന്നാൽ കരുത്തുകുറഞ്ഞ ആടുകളുടെ മുമ്പിൽ അവ നാട്ടിയിരുന്നില്ല; അങ്ങനെ കരുത്തുകുറഞ്ഞ ആടുകൾ ലാബാന്റെ വകയും കരുത്തുള്ളവ യാക്കോബിന്റെ വകയും ആയിത്തീർന്നു. 43ഇപ്രകാരം യാക്കോബ് വലിയ ധനികനായിത്തീർന്നു; വളരെ ആട്ടിൻപറ്റങ്ങളും അനേകം ദാസീദാസന്മാരും ഒട്ടകങ്ങളും കഴുതകളും അയാൾക്കുണ്ടായി.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

GENESIS 30: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക