GENESIS 29
29
യാക്കോബ് ലാബാന്റെ ഭവനത്തിൽ
1യാക്കോബു യാത്ര തുടർന്ന് കിഴക്കുള്ള ജനതയുടെ ദേശത്ത് എത്തി. 2അവിടെ അയാൾ വെളിമ്പ്രദേശത്ത് ഒരു കിണറു കണ്ടു; അതിനടുത്തു മൂന്നു ആട്ടിൻപറ്റങ്ങൾ കിടന്നിരുന്നു. ആടുകൾക്കു കുടിക്കാനുള്ള വെള്ളം ആ കിണറ്റിൽനിന്നായിരുന്നു കോരിയിരുന്നത്. കിണറു മൂടിയിരുന്ന കല്ല് വളരെ വലുതായിരുന്നു. 3ആട്ടിൻപറ്റങ്ങളെല്ലാം എത്തിക്കഴിയുമ്പോൾ ഇടയന്മാർ ആ കല്ല് ഉരുട്ടിമാറ്റും. ആടുകൾക്കു കുടിക്കാൻ വേണ്ട വെള്ളം കോരിക്കഴിഞ്ഞാൽ കല്ലുകൊണ്ട് കിണറിന്റെ വായ് വീണ്ടും മൂടുക പതിവായിരുന്നു. 4“സ്നേഹിതരേ, നിങ്ങൾ എവിടെനിന്നു വരുന്നു?” യാക്കോബ് അവരോടു ചോദിച്ചു. “ഹാരാനിൽനിന്ന്” എന്ന് അവർ മറുപടി പറഞ്ഞു. 5അയാൾ ചോദിച്ചു: “നാഹോരിന്റെ പുത്രനായ ലാബാനെ നിങ്ങൾ അറിയുമോ?” “ഞങ്ങൾക്കറിയാം” അവർ പറഞ്ഞു. 6“അദ്ദേഹത്തിനു സുഖം തന്നെയോ?” എന്ന് അയാൾ വീണ്ടും ചോദിച്ചു. “സുഖം തന്നെ; അദ്ദേഹത്തിന്റെ പുത്രി റാഹേൽ അതാ ആടുകളോടുകൂടി വരുന്നു” അവർ പറഞ്ഞു. 7“നേരം ഉച്ചകഴിഞ്ഞതേയുള്ളൂ; ആട്ടിൻപറ്റങ്ങളെ ആലയിൽ അടയ്ക്കേണ്ട സമയം ആയിട്ടില്ല; അതുകൊണ്ട് നിങ്ങളുടെ ആടുകൾക്ക് വെള്ളം കൊടുത്ത് അവയെ മേയാൻ വിടുക” എന്നു യാക്കോബു പറഞ്ഞു. 8അവർ പറഞ്ഞു: “എല്ലാ പറ്റങ്ങളും എത്തിയാലേ കിണറിന്റെ വായ്ക്കലുള്ള കല്ല് ഉരുട്ടിമാറ്റാൻ സാധ്യമാകൂ. കല്ലു മാറ്റിയിട്ടേ വെള്ളം കോരാൻ പറ്റുകയുള്ളല്ലോ.” 9യാക്കോബ് അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ റാഹേൽ തന്റെ പിതാവിന്റെ ആടുകളുമായി അവിടെ വന്നു. 10അവളായിരുന്നു അവയെ മേയിച്ചിരുന്നത്. യാക്കോബ് മാതൃസഹോദരനായ ലാബാന്റെ പുത്രി റാഹേലിനെയും കൂടെയുണ്ടായിരുന്ന ആട്ടിൻപറ്റത്തെയും കണ്ടപ്പോൾ എഴുന്നേറ്റു കല്ലുരുട്ടി മാറ്റി ആടുകൾക്കു വെള്ളം കൊടുത്തു. 11യാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞു. 12അവളുടെ പിതാവിന്റെ സഹോദരി റിബേക്കായുടെ പുത്രനാണ് താൻ എന്ന് അയാൾ പറഞ്ഞു. അതു കേട്ട മാത്രയിൽ അവൾ ഓടിപ്പോയി പിതാവിനെ വിവരം അറിയിച്ചു. 13സഹോദരീപുത്രനായ യാക്കോബാണെന്ന് കേട്ടപ്പോൾ ലാബാൻ ഓടിയെത്തി അയാളെ ആലിംഗനംചെയ്തു ചുംബിച്ചു. ലാബാൻ അയാളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. യാക്കോബ് ലാബാനോടു തന്റെ വിവരങ്ങളെല്ലാം പറഞ്ഞു. 14അതു കേട്ടു ലാബാൻ യാക്കോബിനോടു പറഞ്ഞു: “നീ എന്റെ അസ്ഥിയും മാംസവും തന്നെയാണ്.” ഒരു മാസം യാക്കോബ് അവിടെ താമസിച്ചു.
റാഹേലും ലേയായും
15ഒരു മാസം കഴിഞ്ഞ് ലാബാൻ യാക്കോബിനോടു ചോദിച്ചു: “നീ എന്റെ ബന്ധുവായതുകൊണ്ട് എനിക്കുവേണ്ടി വെറുതെ വേലചെയ്യണമെന്നുണ്ടോ? എന്തു പ്രതിഫലമാണു ഞാൻ നല്കേണ്ടത്. 16ലാബാന് രണ്ടു പുത്രിമാരുണ്ടായിരുന്നു. മൂത്തവൾ ലേയായും ഇളയവൾ റാഹേലും. 17ലേയായുടെ കണ്ണുകൾ അഴകു കുറഞ്ഞവ ആയിരുന്നു; എന്നാൽ റാഹേൽ സുന്ദരിയും രൂപഭംഗിയുള്ളവളും ആയിരുന്നു. 18റാഹേലിൽ അനുരക്തനായ യാക്കോബ് പറഞ്ഞു: “റാഹേലിനുവേണ്ടി ഞാൻ ഏഴു വർഷം അങ്ങയെ സേവിച്ചുകൊള്ളാം.” 19“അവളെ നിനക്കു നല്കുന്നതാണ് മറ്റാർക്കു നല്കുന്നതിലും നല്ലത്. എന്റെകൂടെ ഇവിടെ വസിക്കുക.” 20യാക്കോബ് ഏഴു വർഷം റാഹേലിനുവേണ്ടി ജോലിചെയ്തു. റാഹേലിനോടുണ്ടായിരുന്ന സ്നേഹംമൂലം ഈ ഏഴു വർഷങ്ങൾ ഏതാനും ദിവസങ്ങൾപോലെ മാത്രമേ അയാൾക്കു തോന്നിയുള്ളൂ. 21യാക്കോബു ലാബാനോടു പറഞ്ഞു: “പറഞ്ഞൊത്ത കാലാവധി കഴിഞ്ഞല്ലോ. ഇനി ഞാൻ അവളെ ഭാര്യയാക്കട്ടെ.” 22ലാബാൻ സ്ഥലവാസികളെയെല്ലാം വിളിച്ചുകൂട്ടി ഒരു വലിയ വിരുന്നു നടത്തി. 23എന്നാൽ രാത്രിയായപ്പോൾ ലാബാൻ ലേയായെ യാക്കോബിന്റെ അടുക്കൽ കൊണ്ടുവന്നു. യാക്കോബ് അവളുടെകൂടെ ശയിച്ചു. 24ലാബാൻ സില്പായെ ലേയായ്ക്കു ദാസിയായി കൊടുത്തു. 25പിറ്റേന്നു രാവിലെയാണ് തനിക്കു ലഭിച്ചത് ലേയാ ആയിരുന്നു എന്നു യാക്കോബിനു മനസ്സിലായത്. യാക്കോബ് ലാബാനോടു പറഞ്ഞു: “എന്നോട് അങ്ങു ചെയ്തത് എന്ത്? റാഹേലിനുവേണ്ടിയല്ലേ ഞാൻ അങ്ങയെ സേവിച്ചത്? അങ്ങ് എന്നെ എന്തിനു ചതിച്ചു?” 26ലാബാൻ മറുപടി പറഞ്ഞു: “ജ്യേഷ്ഠത്തിക്കു മുമ്പ് അനുജത്തിയെ വിവാഹം ചെയ്തുകൊടുക്കുന്ന പതിവ് ഈ നാട്ടിലില്ല. 27വിവാഹാഘോഷങ്ങളുടെ ഈ ആഴ്ച കഴിയട്ടെ. അതിനുശേഷം ഇളയവളെയും നിനക്കു തരാം. വീണ്ടും ഏഴു വർഷം കൂടി നീ എനിക്കു വേല ചെയ്യണം.” യാക്കോബ് അതിനു സമ്മതിച്ചു. 28-29റാഹേലിനു ദാസിയായി ബിൽഹായെ ലാബാൻ നല്കി. 30യാക്കോബ് റാഹേലിനെയും ഭാര്യയായി സ്വീകരിച്ചു. അയാൾ റാഹേലിനെ ലേയായെക്കാൾ അധികം സ്നേഹിച്ചു. അയാൾ ഏഴു വർഷംകൂടി ലാബാനുവേണ്ടി ജോലി ചെയ്തു.
യാക്കോബിന്റെ മക്കൾ
31യാക്കോബ് ലേയായെ അവഗണിക്കുന്നു എന്നു കണ്ട സർവേശ്വരൻ അവൾക്കു ഗർഭധാരണശേഷി നല്കി. റാഹേൽ വന്ധ്യയായിരുന്നു. 32ലേയാ ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു. “സർവേശ്വരൻ എന്റെ കഷ്ടത കണ്ടു; ഇനിയും എന്റെ ഭർത്താവ് എന്നെ സ്നേഹിക്കും” എന്നു പറഞ്ഞ് അവൾ അവനു ‘രൂബേൻ’ എന്നു പേരിട്ടു. 33അവൾ വീണ്ടും ഒരു മകനെക്കൂടി പ്രസവിച്ചു. “എന്നോടു പ്രിയമില്ല എന്നു കേട്ടതിനാൽ സർവേശ്വരൻ എനിക്ക് ഒരു പുത്രനെയുംകൂടി നല്കിയിരിക്കുന്നു” എന്നു പറഞ്ഞ് അവന് ‘ശിമെയോൻ’ എന്നു പേരിട്ടു. 34അവൾ പിന്നെയും ഒരു മകനെ പ്രസവിച്ചു. “ഞാൻ മൂന്നാമതൊരു പുത്രനെക്കൂടി പ്രസവിച്ചതുകൊണ്ട് എന്റെ ഭർത്താവ് എന്നോടു കൂടുതൽ ചേർന്നിരിക്കും” എന്നു പറഞ്ഞ് അവനു ‘ലേവി’ എന്നു പേരിട്ടു. 35അവൾ വീണ്ടും ഒരു മകനെക്കൂടി പ്രസവിച്ചു. “ഇപ്പോൾ ഞാൻ സർവേശ്വരനെ സ്തുതിക്കും” എന്നു പറഞ്ഞുകൊണ്ട് അവനെ ‘യെഹൂദാ’ എന്നു പേരിട്ടു. പിന്നീട് കുറെക്കാലത്തേക്ക് അവൾ പ്രസവിച്ചില്ല.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
GENESIS 29: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.