GENESIS 31
31
യാക്കോബ് ഓടിപ്പോകുന്നു
1“ഞങ്ങളുടെ പിതാവിന്റെ സമ്പത്തു യാക്കോബ് അപഹരിച്ചു; അങ്ങനെയാണ് ഈ സമ്പത്തെല്ലാം അവൻ നേടിയത്” എന്നു ലാബാന്റെ പുത്രന്മാർ പറയുന്നതു യാക്കോബു കേട്ടു. 2ലാബാന് തന്നോടു താൽപര്യം കുറയുന്നതായി അദ്ദേഹം മനസ്സിലാക്കി. 3അപ്പോൾ സർവേശ്വരൻ യാക്കോബിനോടു പറഞ്ഞു: “നിന്റെ പിതൃദേശത്തുള്ള ബന്ധുക്കളുടെ അടുത്തേക്കു മടങ്ങിപ്പോകുക; ഞാൻ നിന്റെകൂടെ ഉണ്ടായിരിക്കും.” 4തന്റെ ആട്ടിൻപറ്റം മേഞ്ഞിരുന്ന വയലിലേക്ക് എത്താൻ യാക്കോബ് റാഹേലിനെയും ലേയായെയും വിളിപ്പിച്ചു. 5അവരോടു പറഞ്ഞു: “നിങ്ങളുടെ പിതാവിന് എന്നോടിപ്പോൾ പണ്ടത്തെപ്പോലെ താൽപര്യമില്ല. എന്നാൽ ദൈവം എന്റെകൂടെ ഉണ്ട്. 6എന്റെ സർവകഴിവുകളും ഉപയോഗിച്ച് നിങ്ങളുടെ പിതാവിനെ ഞാൻ സേവിച്ചിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമല്ലോ. 7നിങ്ങളുടെ പിതാവാകട്ടെ എന്നെ ചതിച്ചു; പത്തു പ്രാവശ്യം എന്റെ പ്രതിഫലത്തിനു മാറ്റം വരുത്തി; എങ്കിലും എന്നെ ഉപദ്രവിക്കാൻ ദൈവം അദ്ദേഹത്തെ അനുവദിച്ചില്ല. 8‘മറുകുള്ള ആടുകൾ നിനക്കു പ്രതിഫലമായിരിക്കട്ടെ’ എന്ന് അദ്ദേഹം പറഞ്ഞതിനുശേഷം ആട്ടിൻപറ്റത്തിൽ ഉണ്ടായ ആട്ടിൻകുട്ടികളെല്ലാം മറുകുള്ളവയായിത്തീർന്നു. ‘വരയുള്ള ആടുകൾ നിന്റെ പ്രതിഫലം ആയിരിക്കട്ടെ’ എന്നു പറഞ്ഞശേഷം ഉണ്ടായവയെല്ലാം വരയുള്ളവ ആയിരുന്നു. 9ഇങ്ങനെ ദൈവം നിങ്ങളുടെ പിതാവിന്റെ ആട്ടിൻകൂട്ടത്തെ എടുത്ത് എനിക്കു നല്‌കിയിരിക്കുന്നു. 10ആടുകൾ ഇണചേരുന്ന സമയത്തു ഞാൻ ഒരു സ്വപ്നം കണ്ടു; ആ സ്വപ്നത്തിൽ ഇണചേർന്നതായി കണ്ട മുട്ടാടുകളെല്ലാം വരയും പുള്ളിയും മറുകും ഉള്ളവയായിരുന്നു; 11ദൈവത്തിന്റെ ദൂതൻ സ്വപ്നത്തിൽ ‘യാക്കോബേ’ എന്നു വിളിച്ചു. ‘ഇതാ ഞാൻ’ എന്നു ഞാൻ വിളികേട്ടു. 12ദൂതൻ പറഞ്ഞു: “നോക്കൂ, ഇണചേരുന്ന മുട്ടാടുകളെല്ലാം വരയും പുള്ളിയും മറുകും ഉള്ളവയാണ്; ലാബാൻ നിന്നോടു ചെയ്യുന്നതെല്ലാം ഞാൻ കാണുന്നുണ്ട്. 13നീ തൂണു നാട്ടി എണ്ണ അഭിഷേകം ചെയ്ത് എന്നോട് പ്രതിജ്ഞചെയ്ത ബേഥേലിൽവച്ചു നിന്നെ സന്ദർശിച്ച ദൈവമാണു ഞാൻ. നീ ഇവിടം വിട്ടു നിന്റെ ജന്മസ്ഥലത്തേക്കു പോകുക.” 14റാഹേലും ലേയായും പറഞ്ഞു: “പിതാവിന്റെ ഭവനത്തിൽ ഞങ്ങൾക്ക് ഇനി എന്തെങ്കിലും അവകാശമുണ്ടോ? 15അന്യരായിട്ടല്ലേ പിതാവ് ഞങ്ങളെ കരുതുന്നത്. ഞങ്ങളെ അദ്ദേഹം വിറ്റു; വിറ്റുകിട്ടിയ പണവും ചിലവഴിച്ചു. 16പിതാവിൽനിന്ന് ദൈവം എടുത്തുകളഞ്ഞ സ്വത്തുമുഴുവൻ ഞങ്ങൾക്കും ഞങ്ങളുടെ സന്താനങ്ങൾക്കും അവകാശപ്പെട്ടതാണ്; അതുകൊണ്ട് ദൈവം അങ്ങയോടു കല്പിച്ചതുപോലെ ചെയ്യുക.” 17യാക്കോബു രാവിലെ എഴുന്നേറ്റു ഭാര്യമാരെയും കുട്ടികളെയും ഒട്ടകപ്പുറത്തു കയറ്റി. 18പദ്ദൻ-അരാമിൽവച്ചു നേടിയ ആടുമാടുകൾ, മൃഗങ്ങൾ അങ്ങനെ സർവസമ്പാദ്യങ്ങളുമായി യാക്കോബ് കനാനിൽ തന്റെ പിതാവായ ഇസ്ഹാക്കിന്റെ അടുക്കലേക്കു പുറപ്പെട്ടു. 19അപ്പോൾ ലാബാൻ ആടുകളുടെ രോമം കത്രിക്കാൻ പോയിരിക്കുകയായിരുന്നു. ആ തക്കം നോക്കി റാഹേൽ തന്റെ പിതാവിന്റെ കുലദേവവിഗ്രഹങ്ങൾ അപഹരിച്ചു. 20നാടുവിടുന്ന വിവരം യാക്കോബ് ലാബാനെ അറിയിച്ചില്ല. 21സകലസമ്പാദ്യങ്ങളുമായിട്ടാണ് യാക്കോബ് പുറപ്പെട്ടത്. യൂഫ്രട്ടീസ്നദി കടന്ന് ഗിലെയാദ് മലകൾ ലക്ഷ്യമാക്കി അവർ നീങ്ങി.
ലാബാൻ യാക്കോബിനെ പിന്തുടരുന്നു
22യാക്കോബ് ഒളിച്ചുപോയതിന്റെ മൂന്നാം ദിവസം ലാബാൻ വിവരമറിഞ്ഞു. 23അയാൾ ചാർച്ചക്കാരെയും കൂട്ടി ഏഴു ദിവസം യാക്കോബിനെ പിന്തുടർന്നു. ഗിലെയാദ് മലകൾക്കടുത്തുവച്ച് അവർ യാക്കോബിനെ കണ്ടെത്തി. 24അന്നു രാത്രി ദൈവം സ്വപ്നത്തിൽ ലാബാനു പ്രത്യക്ഷനായി പറഞ്ഞു: “നീ യാക്കോബിനെ ഭീഷണിപ്പെടുത്തരുത്.” 25ലാബാൻ യാക്കോബിന്റെ ഒപ്പമെത്തി; യാക്കോബ് മലമ്പ്രദേശത്ത് കൂടാരം അടിച്ചിരുന്നു; ലാബാനും കൂട്ടരും ഗിലെയാദ് മലമ്പ്രദേശത്തുതന്നെ കൂടാരമടിച്ചു. 26ലാബാൻ യാക്കോബിനോടു പറഞ്ഞു: “നീ എന്താണ് ഇങ്ങനെ ചെയ്തത്? എന്തിനെന്നെ ചതിച്ചു? യുദ്ധത്തടവുകാരെ കൊണ്ടുപോകുന്നതുപോലെ എന്റെ പുത്രിമാരെ കൊണ്ടുപോകുന്നത് എന്ത്? 27നീ എന്നോടു പറയാതെ ഒളിച്ചോടിയത് എന്തുകൊണ്ട്? എന്നോടു പറഞ്ഞിരുന്നെങ്കിൽ തംബുരുവും വീണയും മീട്ടി പാട്ടും മേളവുമായി സന്തോഷത്തോടെ ഞാൻ നിങ്ങളെ യാത്ര അയയ്‍ക്കുമായിരുന്നില്ലേ? 28എന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിച്ചു യാത്രയാക്കാൻ നീ എനിക്ക് അവസരം നല്‌കാഞ്ഞതെന്ത്? 29നിന്നെ ഉപദ്രവിക്കാൻ എനിക്കു കഴിയും. എന്നാൽ നിന്നെ ഭീഷണിപ്പെടുത്തരുതെന്ന നിന്റെ പിതാവിന്റെ ദൈവം കഴിഞ്ഞ രാത്രിയിൽ എന്നോടു കല്പിച്ചു. 30പിതൃഭവനത്തിലെത്താനുള്ള അതിയായ ആഗ്രഹംകൊണ്ടാണ് നീ അങ്ങനെ ചെയ്തതെന്ന് എനിക്കറിയാം. എന്നാൽ എന്തിന് എന്റെ കുലദേവവിഗ്രഹങ്ങൾ മോഷ്‍ടിച്ചു?” 31യാക്കോബ് ലാബാനോടു പറഞ്ഞു: “അങ്ങു ബലം പ്രയോഗിച്ച് അങ്ങയുടെ പുത്രിമാരെ തടഞ്ഞുവയ്‍ക്കുമെന്നു ഞാൻ ഭയപ്പെട്ടു. അതുകൊണ്ടാണ് അങ്ങനെ ചെയ്തത്. 32എന്നാൽ ആരുടെയെങ്കിലും പക്കൽ അങ്ങയുടെ കുലദേവവിഗ്രഹങ്ങൾ കണ്ടാൽ പിന്നീടയാൾ ജീവിക്കരുത്. നമ്മുടെ ബന്ധുക്കളുടെ സാന്നിധ്യത്തിൽവച്ചു പരിശോധിച്ച് അങ്ങയുടെ വക ഏതെങ്കിലും വസ്തുക്കൾ എന്റെ കൈവശം ഉണ്ടെങ്കിൽ എടുത്തുകൊള്ളുക.” റാഹേൽ അവ മോഷ്‍ടിച്ചു എന്നു യാക്കോബ് അറിഞ്ഞിരുന്നില്ല. 33യാക്കോബിന്റെയും ലേയായുടെയും ദാസിമാരുടെയും കൂടാരങ്ങളിൽ കടന്ന് അവിടെയുള്ളതെല്ലാം ലാബാൻ പരിശോധിച്ചു. എന്നാൽ വിഗ്രഹങ്ങൾ ഒന്നും കണ്ടില്ല. പിന്നീട് റാഹേലിന്റെ കൂടാരത്തിൽ പ്രവേശിച്ചു. 34റാഹേൽ കുലദേവവിഗ്രഹങ്ങളെടുത്ത് ഒട്ടകത്തിന്റെ ജീനിയിലുള്ള സഞ്ചിയിലാക്കി അതിന്മേൽ ഇരിക്കുകയായിരുന്നു. ലാബാൻ കൂടാരം മുഴുവൻ പരിശോധിച്ചിട്ടും അവ കണ്ടില്ല. 35അവൾ പറഞ്ഞു: “പിതാവേ, എന്നോടു കോപിക്കരുതേ; എനിക്കിപ്പോൾ ആർത്തവസമയമാണ്. എഴുന്നേല്‌ക്കാൻ കല്പിക്കരുതേ!” ലാബാൻ കൂടാരമെല്ലാം പരിശോധിച്ചിട്ടും വിഗ്രഹങ്ങൾ കണ്ടെത്തിയില്ല. 36യാക്കോബു രോഷത്തോടെ ലാബാനോടു ചോദിച്ചു: “ഞാൻ എന്തു കുറ്റം ചെയ്തു? ഇത്ര ആവേശത്തോടെ പിന്തുടരാൻ എന്തു തെറ്റാണ് ഞാൻ ചെയ്തത്? 37ഈ പരിശോധനയെല്ലാം നടത്തിയിട്ടും അങ്ങയുടെ ഭവനത്തിലെ ഏതെങ്കിലും വസ്തു കണ്ടുപിടിക്കാൻ കഴിഞ്ഞുവോ? കണ്ടുപിടിച്ചെങ്കിൽ അങ്ങയുടെയും എന്റെയും ചാർച്ചക്കാരുടെ മുമ്പിൽ അതു വയ്‍ക്കുക; അവർ വിധി പറയട്ടെ. 38ഞാൻ കഴിഞ്ഞ ഇരുപതു വർഷം അങ്ങയുടെ കൂടെ ഉണ്ടായിരുന്നു; അങ്ങയുടെ ചെമ്മരിയാടുകൾക്കോ കോലാടുകൾക്കോ ഗർഭനാശം ഉണ്ടായിട്ടില്ല. അങ്ങയുടെ പറ്റങ്ങളിൽനിന്നു ഭക്ഷണത്തിനായി മുട്ടാടുകളെ ഞാൻ എടുത്തിട്ടുമില്ല. 39വന്യമൃഗങ്ങൾ കടിച്ചുകീറിയ ആടുകളെ അങ്ങയുടെ അടുക്കൽ ഞാൻ കൊണ്ടുവന്നിട്ടുമില്ല; അവയുടെ നഷ്ടം ഞാൻ തന്നെയാണ് വഹിച്ചത്; രാത്രിയോ പകലോ എന്ന വ്യത്യാസം കൂടാതെ കളവുപോയ എല്ലാറ്റിനുംവേണ്ടി അങ്ങ് എന്നോടു പകരം വാങ്ങി. 40എന്റെ അനുഭവം അതായിരുന്നു. പകലത്തെ വെയിലും രാത്രിയിലെ ശൈത്യവും എന്നെ ക്ഷീണിപ്പിച്ചു; ഞാൻ നിദ്രാവിഹീനനായിത്തീർന്നു. 41“കഴിഞ്ഞ ഇരുപതു വർഷം ഞാൻ അങ്ങയുടെ ഭവനത്തിലായിരുന്നല്ലോ കഴിഞ്ഞത്. അതിൽ പതിനാലു വർഷം അങ്ങയുടെ പുത്രിമാർക്കുവേണ്ടിയും ശേഷിച്ച ആറു വർഷം ആടുകൾക്കുവേണ്ടിയും ഞാൻ വേല ചെയ്തു. ഈ കാലയളവിനുള്ളിൽ പലതവണ എന്റെ പ്രതിഫലം അങ്ങു മാറ്റിമറിച്ചു. 42എന്റെ പിതാക്കന്മാരായ അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും ദൈവം എനിക്ക് അനുകൂലമായിരുന്നില്ലെങ്കിൽ അങ്ങ് എന്നെ വെറുംകൈയോടെ അയച്ചുകളയുമായിരുന്നു. ദൈവം എന്റെ അധ്വാനവും ദുരിതങ്ങളും കണ്ടു. അതുകൊണ്ടാണ് കഴിഞ്ഞ രാത്രിയിൽ അവിടുന്ന് അങ്ങേക്കു താക്കീതു നല്‌കിയത്.”
യാക്കോബും ലാബാനും തമ്മിലുള്ള ഉടമ്പടി
43ലാബാൻ യാക്കോബിനോടു പറഞ്ഞു: “ഇവർ എന്റെ പുത്രിമാർ, ഈ കുട്ടികൾ എന്റെ കുട്ടികൾ; ആട്ടിൻപറ്റവും എൻറേതാണ്. നീ ഇപ്പോൾ കാണുന്നതെല്ലാം എന്റെ വകയാണ്. എന്നാൽ, എന്റെ പുത്രിമാരോടോ അവരുടെ മക്കളോടോ എനിക്ക് ഇപ്പോൾ എന്തു ചെയ്യാൻ കഴിയും? 44അതുകൊണ്ട് ഇപ്പോൾ നമുക്കു തമ്മിൽ ഒരു ഉടമ്പടി ചെയ്യാം; അതു നമുക്കു മധ്യേ ഒരു സാക്ഷ്യം ആയിരിക്കട്ടെ.”
45യാക്കോബ് ഒരു കല്ലെടുത്തു നാട്ടി നിർത്തി. 46അനന്തരം കുറെ കല്ലുകൾ പെറുക്കിക്കൂട്ടാൻ ബന്ധുക്കളോടു പറഞ്ഞു. അവർ കല്ലുകൾ ശേഖരിച്ച് കൂമ്പാരം കൂട്ടി. അതിനു സമീപം ഇരുന്ന് അവർ ഭക്ഷണം കഴിച്ചു. 47ലാബാൻ അതിനെ #31:47 യെഗർ-സാഹദൂഥ = എബ്രായഭാഷയിൽ സാക്ഷ്യത്തിന്റെ കൂമ്പാരം.യെഗർ-സാഹദൂഥ എന്നും യാക്കോബ് അതിനെ #31:47 ഗലേദ് = അരാമ്യഭാഷയിൽ സാക്ഷ്യത്തിന്റെ കൂമ്പാരം.ഗലേദ് എന്നും വിളിച്ചു. 48“ഈ കൂമ്പാരം ഇന്നു നമുക്കു മധ്യേ സാക്ഷിയായിരിക്കുന്നു” എന്നു പറഞ്ഞു ലാബാൻ അതിനു ഗലേദ് എന്നും, കൽത്തൂണിനു #31:48 മിസ്പാ = കാവൽമാടം.മിസ്പാ എന്നും പേരിട്ടു. 49അദ്ദേഹം പറഞ്ഞു: “നാം ഇരുവരും രണ്ടു സ്ഥലത്തായിരിക്കുമ്പോൾ സർവേശ്വരൻ നമുക്കു കാവലായിരിക്കട്ടെ. 50നീ എന്റെ പുത്രിമാരെ ഉപദ്രവിക്കുകയോ, അവർക്കു പുറമേ മറ്റു സ്‍ത്രീകളെ ഭാര്യമാരായി സ്വീകരിക്കുകയോ ചെയ്താൽ അതു കാണാൻ നമ്മുടെകൂടെ ഒരാളും ഇല്ലെങ്കിലും എനിക്കും നിനക്കും മധ്യേ ദൈവം സാക്ഷിയായിരിക്കുന്നു എന്നോർക്കുക.” 51പിന്നീട് ലാബാൻ യാക്കോബിനോടു പറഞ്ഞു: “നമ്മുടെ മധ്യത്തിൽ വച്ചിരിക്കുന്ന ഈ കൽക്കൂമ്പാരവും കൽത്തൂണും കാണുക. 52ദ്രോഹോദ്ദേശ്യത്തോടുകൂടി ഈ കൽക്കൂമ്പാരവും കൽത്തൂണും കടന്ന് ഞാൻ നിന്റെ അടുക്കലേക്കോ നീ ഇവ കടന്ന് എന്റെ അടുക്കലേക്കോ വരികയില്ലെന്നുള്ളതിന് ഇവ സാക്ഷിയാകുന്നു. 53അബ്രഹാമിന്റെയും നാഹോരിന്റെയും അവരുടെ പിതാവിന്റെയും ദൈവം നമുക്കു മധ്യേ ന്യായം വിധിക്കട്ടെ.” ഇസ്ഹാക്ക് ആരാധിച്ചിരുന്ന ദൈവത്തിന്റെ നാമത്തിൽ യാക്കോബു സത്യം ചെയ്തു. 54ആ മലയിൽവച്ചു യാക്കോബ് ഒരു യാഗം അർപ്പിച്ചു; പിന്നീട് ഭക്ഷണം കഴിക്കുന്നതിന് അദ്ദേഹം ബന്ധുക്കളെ ക്ഷണിച്ചു. അവർ ഭക്ഷണം കഴിച്ചശേഷം രാത്രിയിൽ അവിടെത്തന്നെ പാർത്തു. 55ലാബാൻ അതിരാവിലെ എഴുന്നേറ്റു കൊച്ചുമക്കളെയും പുത്രിമാരെയും ചുംബിച്ച് അനുഗ്രഹിച്ചശേഷം സ്വന്തഭവനത്തിലേക്കു മടങ്ങിപ്പോയി.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
GENESIS 31: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.