ഉല്പ. 30:25-43

ഉല്പ. 30:25-43 IRVMAL

റാഹേൽ യോസേഫിനെ പ്രസവിച്ചശേഷം യാക്കോബ് ലാബാനോട്: “ഞാൻ എന്‍റെ സ്ഥലത്തേക്കും ദേശത്തേക്കും പോകുവാൻ എന്നെ അയയ്ക്കേണം. ഞാൻ നിന്നെ സേവിച്ചതിൻ്റെ പ്രതിഫലമായ എന്‍റെ ഭാര്യമാരെയും മക്കളെയും എനിക്ക് തരേണം; ഞാൻ പോകട്ടെ; ഞാൻ നിനക്കു ചെയ്ത സേവനം നീ അറിയുന്നുവല്ലോ” എന്നു പറഞ്ഞു. ലാബാൻ അവനോട്: “നിനക്കു എന്നോട് ദയ ഉണ്ടെങ്കിൽ പോകരുതേ; നിന്‍റെ നിമിത്തം യഹോവ എന്നെ അനുഗ്രഹിച്ചു എന്നു എനിക്ക് ബോദ്ധ്യമായിരിക്കുന്നു. നിനക്കു എന്ത് പ്രതിഫലം വേണം എന്നു പറയുക; ഞാൻ തരാം” എന്നു പറഞ്ഞു. യാക്കോബ് അവനോട്: “ഞാൻ നിന്നെ എങ്ങനെ സേവിച്ചു എന്നും നിന്‍റെ ആട്ടിൻകൂട്ടം എന്‍റെ പക്കൽ എങ്ങനെ ഇരുന്നു എന്നും നീ അറിയുന്നു. ഞാൻ വരുംമുമ്പെ നിനക്കു അല്പമേ ഉണ്ടായിരുന്നുള്ളു; ഇപ്പോൾ അത് അത്യന്തം വർദ്ധിച്ചിരിക്കുന്നു; ഞാൻ കാൽ വച്ചിടത്തെല്ലാം യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഇനി എന്‍റെ സ്വന്തഭവനത്തിനുവേണ്ടി ഞാൻ എപ്പോൾ കരുതും” എന്നും പറഞ്ഞു. “ഞാൻ നിനക്കു എന്ത് തരേണം?” എന്നു ലാബാൻ ചോദിച്ചതിന്, യാക്കോബ് പറഞ്ഞത്: “നീ ഒന്നും തരേണ്ടാ; ഈ കാര്യം നീ ചെയ്തുതന്നാൽ ഞാൻ നിന്‍റെ ആട്ടിൻകൂട്ടത്തെ ഇനിയും മേയിച്ചു പാലിക്കാം. ഞാൻ ഇന്ന് നിന്‍റെ എല്ലാകൂട്ടങ്ങളിലുംകൂടി കടന്ന്, അവയിൽ നിന്ന് പുള്ളിയും മറുകുമുള്ള ആടുകളെ ഒക്കെയും ചെമ്മരിയാടുകളിൽ കറുത്തതിനെയൊക്കെയും കോലാടുകളിൽ പുള്ളിയും മറുകുമുള്ളതിനെയും വേർതിരിക്കാം; അത് എന്‍റെ പ്രതിഫലമായിരിക്കട്ടെ. നാളെ ഒരിക്കൽ എന്‍റെ പ്രതിഫലം സംബന്ധിച്ച് നീ നോക്കുവാൻ വരുമ്പോൾ എന്‍റെ നീതി തെളിവായിരിക്കും; കോലാടുകളിൽ പുള്ളിയും മറുകുമില്ലാത്തതും ചെമ്മരിയാടുകളിൽ കറുത്തനിറമില്ലാത്തതും എല്ലാം എന്‍റെ പക്കൽ ഉണ്ട് എങ്കിൽ മോഷ്ടിച്ചതായി കരുതാം.” അതിന് ലാബാൻ: “ശരി, നീ പറഞ്ഞതുപോലെ ആകട്ടെ” എന്നു പറഞ്ഞു. അന്നുതന്നെ അവൻ വരയും മറുകുമുള്ള മുട്ടാടുകളെയും പുള്ളിയും മറുകുമുള്ള പെൺകോലാടുകളെ ഒക്കെയും വെണ്മയുള്ളതിനെ ഒക്കെയും ചെമ്മരിയാടുകളിൽ കറുത്തനിറമുള്ളതിനെ ഒക്കെയും വേർതിരിച്ച് അവന്‍റെ പുത്രന്മാരുടെ കയ്യിൽ ഏല്പിച്ചു. അവൻ തനിക്കും യാക്കോബിനും ഇടയിൽ മൂന്നു ദിവസത്തെ യാത്രാദൂരം വച്ചു; ലാബാൻ്റെ ബാക്കിയുള്ള ആട്ടിൻകൂട്ടങ്ങളെ യാക്കോബ് മേയിച്ചു. എന്നാൽ യാക്കോബ് പുന്നവൃക്ഷത്തിൻ്റെയും ബദാംവൃക്ഷത്തിൻ്റെയും അരിഞ്ഞിൽവൃക്ഷത്തിൻ്റെയും പച്ചക്കൊമ്പുകൾ എടുത്ത് അവയിൽ വെള്ള കാണത്തക്കവണ്ണം വെള്ളവരയായി തോലുരിച്ചു. ആടുകൾ കുടിക്കുവാൻ വന്നപ്പോൾ അവൻ, താൻ തോലുരിച്ച കൊമ്പുകളെ പാത്തികളിലും വെള്ളം പകരുന്ന തൊട്ടികളിലും ആടുകളുടെ മുമ്പിൽവച്ചു; അവ വെള്ളം കുടിക്കുവാൻ വന്നപ്പോൾ ചനയേറ്റു. ആടുകൾ കൊമ്പുകളെ കണ്ടുകൊണ്ട് ചനയേറ്റു വരയും പുള്ളിയും മറുകുമുള്ള കുട്ടികളെ പെറ്റു. ആ ആട്ടിൻകുട്ടികളെ യാക്കോബ് വേർതിരിച്ച് ആടുകളെ ലാബാൻ്റെ ആടുകളിൽ വരയും മറുകുമുള്ള എല്ലാറ്റിനും അഭിമുഖമായി നിർത്തി; തന്‍റെ സ്വന്തകൂട്ടങ്ങളെ ലാബാൻ്റെ ആടുകളോടു ചേർക്കാതെ വേറെയാക്കി. ബലമുള്ള ആടുകൾ ചനയേല്ക്കുമ്പോഴൊക്കെയും കൊമ്പുകളെ കണ്ടുകൊണ്ട് ചനയേൽക്കേണ്ടതിനു യാക്കോബ് ആ കൊമ്പുകളെ പാത്തികളിൽ ആടുകളുടെ കണ്ണിന് മുമ്പിൽവച്ചു. ബലമില്ലാത്ത ആടുകൾ ചനയേല്ക്കുമ്പോൾ കൊമ്പുകളെ വച്ചില്ല; അങ്ങനെ ബലമില്ലാത്തവ ലാബാനും ബലമുള്ളവ യാക്കോബിനും ആയിത്തീർന്നു. അവൻ മഹാസമ്പന്നനായി അവനു വളരെ ആടുകളും ദാസീദാസന്മാരും ഒട്ടകങ്ങളും കഴുതകളും ഉണ്ടാകുകയും ചെയ്തു.

ഉല്പ. 30:25-43 - നുള്ള വീഡിയോ