ഉൽപത്തി 26:1-16
ഉൽപത്തി 26:1-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അബ്രാഹാമിന്റെ കാലത്തുണ്ടായ മുമ്പിലത്തെ ക്ഷാമം കൂടാതെ പിന്നെയും ആ ദേശത്ത് ഒരു ക്ഷാമം ഉണ്ടായി. അപ്പോൾ യിസ്ഹാക് ഗെരാരിൽ ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്കിന്റെ അടുക്കൽ പോയി. യഹോവ അവനു പ്രത്യക്ഷനായി അരുളിച്ചെയ്തതെന്തെന്നാൽ: നീ മിസ്രയീമിലേക്കു പോകരുത്; ഞാൻ നിന്നോടു കല്പിക്കുന്ന ദേശത്തു പാർക്ക. ഈ ദേശത്ത് താമസിക്ക; ഞാൻ നിന്നോടുകൂടെയിരുന്ന് നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്റെ സന്തതിക്കും ഈ ദേശമൊക്കെയും തരും; നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും. അബ്രാഹാം എന്റെ വാക്കുകേട്ട് എന്റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചതുകൊണ്ടു ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർധിപ്പിച്ച് നിന്റെ സന്തതിക്ക് ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടും. അങ്ങനെ യിസ്ഹാക് ഗെരാരിൽ പാർത്തു. ആ സ്ഥലത്തെ ജനം അവന്റെ ഭാര്യയെക്കുറിച്ച് അവനോടു ചോദിച്ചു; അവൾ എന്റെ സഹോദരി എന്ന് അവൻ പറഞ്ഞു; റിബെക്കാ സൗന്ദര്യമുള്ളവളാകകൊണ്ട് ആ സ്ഥലത്തെ ജനം അവളുടെ നിമിത്തം തന്നെ കൊല്ലാതിരിക്കേണ്ടതിന് അവൾ എന്റെ ഭാര്യ എന്നു പറവാൻ അവൻ ശങ്കിച്ചു. അവൻ അവിടെ ഏറെക്കാലം പാർത്തശേഷം ഫെലിസ്ത്യരുടെ രാജാവായ അബീമേലെക് കിളിവാതിൽക്കൽക്കൂടി നോക്കി യിസ്ഹാക് തന്റെ ഭാര്യയായ റിബെക്കായോടുകൂടെ വിനോദിക്കുന്നതു കണ്ടു. അബീമേലെക് യിസ്ഹാക്കിനെ വിളിച്ചു: അവൾ നിന്റെ ഭാര്യയാകുന്നു നിശ്ചയം; പിന്നെ എന്റെ സഹോദരി എന്നു നീ പറഞ്ഞത് എങ്ങനെയെന്നു ചോദിച്ചതിന് യിസ്ഹാക് അവനോട്: അവളുടെ നിമിത്തം മരിക്കാതിരിപ്പാൻ ആകുന്നു ഞാൻ അങ്ങനെ പറഞ്ഞത് എന്നു പറഞ്ഞു. അപ്പോൾ അബീമേലെക്: നീ ഞങ്ങളോട് ഈ ചെയ്തത് എന്ത്? ജനത്തിൽ ആരെങ്കിലും നിന്റെ ഭാര്യയോടുകൂടെ ശയിപ്പാനും നീ ഞങ്ങളുടെമേൽ കുറ്റം വരുത്തുവാനും സംഗതി വരുമായിരുന്നുവല്ലോ എന്നു പറഞ്ഞു. പിന്നെ അബീമേലെക്: ഈ പുരുഷനെയോ അവന്റെ ഭാര്യയെയോ തൊടുന്നവനു മരണശിക്ഷ ഉണ്ടാകും എന്നു സകല ജനത്തോടും കല്പിച്ചു. യിസ്ഹാക് ആ ദേശത്തു വിതച്ചു; ആയാണ്ടിൽ നൂറു മേനി വിളവു കിട്ടി; യഹോവ അവനെ അനുഗ്രഹിച്ചു. അവൻ വർധിച്ചു വർധിച്ചു മഹാധനവാനായിത്തീർന്നു. അവന് ആട്ടിൻകൂട്ടങ്ങളും മാട്ടിൻകൂട്ടങ്ങളും വളരെ ദാസീദാസന്മാരും ഉണ്ടായിരുന്നതുകൊണ്ടു ഫെലിസ്ത്യർക്ക് അവനോട് അസൂയ തോന്നി. എന്നാൽ അവന്റെ പിതാവായ അബ്രാഹാമിന്റെ കാലത്ത് അവന്റെ പിതാവിന്റെ ദാസന്മാർ കുഴിച്ചിരുന്ന കിണറൊക്കെയും ഫെലിസ്ത്യർ മണ്ണിട്ടു നികത്തിക്കളഞ്ഞിരുന്നു. അബീമേലെക് യിസ്ഹാക്കിനോട്: നീ ഞങ്ങളെക്കാൾ ഏറ്റവും ബലവാനാകകൊണ്ട് ഞങ്ങളെ വിട്ടുപോക എന്നു പറഞ്ഞു.
ഉൽപത്തി 26:1-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അബ്രഹാമിന്റെ കാലത്തുണ്ടായതുപോലെ ഒരു ക്ഷാമം വീണ്ടും ആ ദേശത്തുണ്ടായി. അപ്പോൾ ഇസ്ഹാക്ക് ഗെരാറിൽ ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്കിന്റെ അടുക്കൽ ചെന്നു. സർവേശ്വരൻ ഇസ്ഹാക്കിനു പ്രത്യക്ഷനായിട്ടു പറഞ്ഞു: “ഈജിപ്തിലേക്കു നീ പോകരുത്; ഞാൻ കല്പിക്കുന്ന ദേശത്തുതന്നെ നീ പാർക്കണം. ഈ ദേശത്തുതന്നെ നീ പാർക്കുക; ഞാൻ നിന്റെ കൂടെയുണ്ട്; നിന്നെ ഞാൻ അനുഗ്രഹിക്കും; ഈ ദേശമെല്ലാം നിനക്കും നിന്റെ സന്തതികൾക്കുമായി ഞാൻ നല്‌കും; നിന്റെ പിതാവായ അബ്രഹാമിനോടു ചെയ്തിരുന്ന വാഗ്ദാനം ഞാൻ നിറവേറ്റും. അബ്രഹാം എന്റെ വാക്കു കേട്ടു; എന്റെ നിയോഗവും കല്പനകളും പ്രമാണങ്ങളും നിയമങ്ങളും അനുസരിക്കുകയും ചെയ്തു. അതുകൊണ്ട് ആകാശത്തിലെ നക്ഷത്രങ്ങൾപോലെ അസംഖ്യം സന്തതികളെ ഞാൻ നിനക്കു നല്‌കും; ഈ ദേശമെല്ലാം നിന്റെ സന്തതികൾക്കു നല്‌കും; അവർ മുഖേന ഭൂമിയിലെ സകല ജനതകളും അനുഗ്രഹിക്കപ്പെടും.” ഇസ്ഹാക്ക് ഗെരാറിൽതന്നെ പാർത്തു. ആ ദേശത്തുള്ള ജനങ്ങൾ തന്റെ ഭാര്യയെപ്പറ്റി അന്വേഷിച്ചപ്പോൾ “അവൾ എന്റെ സഹോദരി” എന്നാണ് ഇസ്ഹാക്ക് പറഞ്ഞത്. റിബേക്കാ സുന്ദരി ആയിരുന്നതിനാൽ അവൾ നിമിത്തം അവിടെയുള്ള ജനങ്ങൾ തന്നെ കൊല്ലുമെന്ന് ഇസ്ഹാക്കു ഭയന്നു. അദ്ദേഹം അവിടെ പാർപ്പുറപ്പിച്ചു. ഏറെനാൾ കഴിഞ്ഞ് ഒരു ദിവസം ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്ക് കൊട്ടാരത്തിന്റെ ജാലകത്തിലൂടെ നോക്കിയപ്പോൾ ഇസ്ഹാക്ക് റിബേക്കായുമായി രമിക്കുന്നതു കണ്ടു. അബീമേലെക്ക് ഇസ്ഹാക്കിനെ വിളിച്ചു ചോദിച്ചു: “അവൾ നിന്റെ ഭാര്യയല്ലേ? പിന്നെ എന്തുകൊണ്ട് അവൾ നിന്റെ സഹോദരിയാണെന്ന് എന്നോടു പറഞ്ഞു?” ഇസ്ഹാക്കു പറഞ്ഞു: “അവൾ നിമിത്തം മരിക്കേണ്ടിവരുമോ എന്നു ഭയന്നാണ് ഞാൻ അങ്ങനെ പറഞ്ഞത്.” “നീ ഞങ്ങളോട് എന്താണ് ഈ ചെയ്തത്? ജനങ്ങളിൽ ആരെങ്കിലും അവളോടൊത്തു ശയിക്കുകയും ഞങ്ങളുടെമേൽ കുറ്റം വരുകയും ചെയ്യുമായിരുന്നല്ലോ.” അതിനുശേഷം, അബീമേലെക്ക് എല്ലാ ജനങ്ങൾക്കും മുന്നറിയിപ്പു നല്‌കി: “ഈ മനുഷ്യനോടോ അവന്റെ ഭാര്യയോടോ അപമര്യാദയായി പെരുമാറുന്നവൻ വധിക്കപ്പെടും.” ഇസ്ഹാക്ക് ആ ദേശത്തു കൃഷി തുടങ്ങുകയും ആ വർഷം തന്നെ നൂറുമേനി വിളവു നേടുകയും ചെയ്തു. സർവേശ്വരൻ ഇസ്ഹാക്കിനെ അനുഗ്രഹിച്ചു. സമ്പത്തു ക്രമേണ വർധിച്ച് അദ്ദേഹം വലിയ ധനികനായിത്തീർന്നു. അദ്ദേഹം അനവധി ആടുമാടുകളുടെയും ദാസീദാസന്മാരുടെയും ഉടമയായി. അതിനാൽ ഫെലിസ്ത്യർക്ക് ഇസ്ഹാക്കിനോട് അസൂയ തോന്നി; അയാളുടെ പിതാവായ അബ്രഹാമിന്റെ ദാസന്മാർ കുഴിച്ച കിണറുകളെല്ലാം അവർ മൂടിക്കളഞ്ഞു. “നീ ഞങ്ങളെക്കാൾ പ്രബലനായിത്തീർന്നിരിക്കുന്നതുകൊണ്ടു ഞങ്ങളുടെ നാടു വിട്ടുപോകണം” എന്നു അബീമേലെക്ക് ഇസ്ഹാക്കിനോടു കല്പിച്ചു.
ഉൽപത്തി 26:1-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അബ്രാഹാമിന്‍റെ കാലത്തുണ്ടായ മുമ്പിലത്തെ ക്ഷാമം കൂടാതെ പിന്നെയും ആ ദേശത്ത് ഒരു ക്ഷാമം ഉണ്ടായി. അപ്പോൾ യിസ്ഹാക്ക് ഗെരാരിൽ ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്കിന്റെ അടുക്കൽ പോയി. യഹോവ അവനു പ്രത്യക്ഷനായി ഇപ്രകാരം അരുളിച്ചെയ്തതെന്തെന്നാൽ: “മിസ്രയീമിലേക്കു പോകരുത്; ഞാൻ നിന്നോട് കല്പിക്കുന്ന ദേശത്തു വസിക്കുക. ഈ ദേശത്ത് താമസിക്ക; ഞാൻ നിന്നോടുകൂടെ ഇരുന്ന് നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്റെ സന്തതിക്കും ഈ ദേശം മുഴുവൻ തരും; നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും. അബ്രാഹാം എന്റെ വാക്കുകേട്ട് എന്‍റെ ആജ്ഞയും കല്പനകളും ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചതുകൊണ്ട് ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ച് നിന്‍റെ സന്തതിക്ക് ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകലജനതകളും അനുഗ്രഹിക്കപ്പെടും.” അങ്ങനെ യിസ്ഹാക്ക് ഗെരാരിൽ പാർത്തു. ആ സ്ഥലത്തെ ജനം അവന്റെ ഭാര്യയെക്കുറിച്ച് അവനോട് ചോദിച്ചു; “അവൾ എന്റെ സഹോദരി” എന്നു അവൻ പറഞ്ഞു; റിബെക്കാ സൗന്ദര്യമുള്ളവളായതുകൊണ്ട് ആ സ്ഥലത്തെ ജനം അവളുടെ നിമിത്തം തന്നെ കൊല്ലാതിരിക്കേണ്ടതിന് അവൾ എന്റെ ഭാര്യ എന്നു പറയുവാൻ അവൻ ഭയപ്പെട്ടു. അവൻ അവിടെ ഏറെക്കാലം ജീവിച്ചശേഷം ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്ക് ജനാലയിൽക്കൂടി നോക്കി യിസ്ഹാക്ക് തന്റെ ഭാര്യയായ റിബെക്കായോടുകൂടെ സല്ലപിക്കുന്നതു കണ്ടു. അബീമേലെക്ക് യിസ്ഹാക്കിനെ വിളിച്ചു: “അവൾ നിന്റെ ഭാര്യയാകുന്നു നിശ്ചയം; പിന്നെ ‘അവൾ എന്റെ സഹോദരി’ എന്നു നീ പറഞ്ഞത് എന്തിന്?“ എന്നു ചോദിച്ചു. അതിന് യിസ്ഹാക്ക് അവനോട്: “അവളുടെ നിമിത്തം മരിക്കാതിരിക്കുവാൻ ആകുന്നു ഞാൻ അങ്ങനെ പറഞ്ഞത്” എന്നു പറഞ്ഞു. അപ്പോൾ അബീമേലെക്ക്: “നീ ഞങ്ങളോടു ഈ ചെയ്തത് എന്ത്? ജനത്തിൽ ആരെങ്കിലും നിന്റെ ഭാര്യയോടുകൂടെ ശയിക്കുവാനും നീ ഞങ്ങളുടെമേൽ കുറ്റം വരുത്തുവാനും ഇട വരുമായിരുന്നുവല്ലോ” എന്നു പറഞ്ഞു. പിന്നെ അബീമേലെക്ക്: “ഈ പുരുഷനെയോ അവന്റെ ഭാര്യയെയോ തൊടുന്നവനു മരണശിക്ഷ ഉണ്ടാകും” എന്നു സകലജനത്തോടും കല്പിച്ചു. യിസ്ഹാക്ക് ആ ദേശത്തു വിത്ത് വിതച്ചു; ആ വർഷംതന്നെ നൂറുമേനി വിളവു കിട്ടി; യഹോവ അവനെ അനുഗ്രഹിച്ചു. അവൻ വർദ്ധിച്ചു വർദ്ധിച്ചു മഹാധനവാനായിത്തീർന്നു. അവനു ആട്ടിൻ കൂട്ടങ്ങളും മാട്ടിൻ കൂട്ടങ്ങളും വളരെ ദാസീദാസന്മാരും ഉണ്ടായിരുന്നതുകൊണ്ട് ഫെലിസ്ത്യർക്ക് അവനോട് അസൂയ തോന്നി. എന്നാൽ അവന്റെ പിതാവായ അബ്രാഹാമിന്റെ കാലത്ത് അവന്റെ പിതാവിന്റെ ദാസന്മാർ കുഴിച്ചിരുന്ന കിണറൊക്കെയും ഫെലിസ്ത്യർ മണ്ണിട്ടു നികത്തിക്കളഞ്ഞിരുന്നു. അബീമേലെക്ക് യിസ്ഹാക്കിനോട്: “നീ ഞങ്ങളെക്കാൾ ഏറ്റവും ബലവാനായിരിക്കുന്നത് കൊണ്ടു ഞങ്ങളെ വിട്ടുപോവുക” എന്നു പറഞ്ഞു.
ഉൽപത്തി 26:1-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അബ്രാഹാമിന്റെ കാലത്തുണ്ടായ മുമ്പിലത്തെ ക്ഷാമം കൂടാതെ പിന്നെയും ആ ദേശത്തു ഒരു ക്ഷാമം ഉണ്ടായി. അപ്പോൾ യിസ്ഹാക്ക് ഗെരാരിൽ ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്കിന്റെ അടുക്കൽ പോയി. യഹോവ അവന്നു പ്രത്യക്ഷനായി അരുളിച്ചെയ്തതെന്തെന്നാൽ: നീ മിസ്രയീമിലേക്കു പോകരുതു; ഞാൻ നിന്നോടു കല്പിക്കുന്ന ദേശത്തു പാർക്ക. ഈ ദേശത്തു താമസിക്ക; ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്റെ സന്തതിക്കും ഈ ദേശം ഒക്കെയും തരും; നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും. അബ്രാഹാം എന്റെ വാക്കു കേട്ടു എന്റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചതുകൊണ്ടു ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടും. അങ്ങനെ യിസ്ഹാക്ക് ഗെരാരിൽ പാർത്തു. ആ സ്ഥലത്തെ ജനം അവന്റെ ഭാര്യയെക്കുറിച്ചു അവനോടു ചോദിച്ചു; അവൾ എന്റെ സഹോദരിയെന്നു അവൻ പറഞ്ഞു; റിബെക്കാ സൗന്ദര്യമുള്ളവളാകകൊണ്ടു ആ സ്ഥലത്തെ ജനം അവളുടെ നിമിത്തം തന്നേ കൊല്ലാതിരിക്കേണ്ടതിന്നു അവൾ എന്റെ ഭാര്യ എന്നു പറവാൻ അവൻ ശങ്കിച്ചു. അവൻ അവിടെ ഏറെക്കാലം പാർത്തശേഷം ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്ക് കിളിവാതിൽക്കൽ കൂടി നോക്കി യിസ്ഹാക്ക് തന്റെ ഭാര്യയായ റിബെക്കയോടുകൂടെ വിനോദിക്കുന്നതു കണ്ടു. അബീമേലെക്ക് യിസ്ഹാക്കിനെ വിളിച്ചു: അവൾ നിന്റെ ഭാര്യയാകുന്നു നിശ്ചയം; പിന്നെ എന്റെ സഹോദരിയെന്നു നീ പറഞ്ഞതു എങ്ങനെ എന്നു ചോദിച്ചതിന്നു യിസ്ഹാക്ക് അവനോടു: അവളുടെ നിമിത്തം മരിക്കാതിരിപ്പാൻ ആകുന്നു ഞാൻ അങ്ങനെ പറഞ്ഞതു എന്നു പറഞ്ഞു. അപ്പോൾ അബീമേലെക്ക്: നീ ഞങ്ങളോടു ഈ ചെയ്തതു എന്തു? ജനത്തിൽ ആരെങ്കിലും നിന്റെ ഭാര്യയോടുകൂടെ ശയിപ്പാനും നീ ഞങ്ങളുടെ മേൽ കുറ്റം വരുത്തുവാനും സംഗതി വരുമായിരുന്നുവല്ലോ എന്നു പറഞ്ഞു. പിന്നെ അബീമേലെക്ക്: ഈ പുരുഷനെയോ അവന്റെ ഭാര്യയെയോ തൊടുന്നവന്നു മരണശിക്ഷ ഉണ്ടാകും എന്നു സകലജനത്തോടും കല്പിച്ചു. യിസ്ഹാക്ക് ആ ദേശത്തു വിതെച്ചു; ആയാണ്ടിൽ നൂറുമേനി വിളവു കിട്ടി; യഹോവ അവനെ അനുഗ്രഹിച്ചു. അവൻ വർദ്ധിച്ചു വർദ്ധിച്ചു മഹാധനവാനായിത്തീർന്നു. അവന്നു ആട്ടിൻ കൂട്ടങ്ങളും മാട്ടിൻ കൂട്ടങ്ങളും വളരെ ദാസീദാസന്മാരും ഉണ്ടായിരുന്നതുകൊണ്ടു ഫെലിസ്ത്യർക്കു അവനോടു അസൂയ തോന്നി. എന്നാൽ അവന്റെ പിതാവായ അബ്രാഹാമിന്റെ കാലത്തു അവന്റെ പിതാവിന്റെ ദാസന്മാർ കുഴിച്ചിരുന്ന കിണറൊക്കെയും ഫെലിസ്ത്യർ മണ്ണിട്ടു നികത്തിക്കളഞ്ഞിരുന്നു. അബീമേലെക്ക് യിസ്ഹാക്കിനോടു: നീ ഞങ്ങളെക്കാൾ ഏറ്റവും ബലവാനാകകൊണ്ടു ഞങ്ങളെ വിട്ടു പോക എന്നു പറഞ്ഞു.
ഉൽപത്തി 26:1-16 സമകാലിക മലയാളവിവർത്തനം (MCV)
അബ്രാഹാമിന്റെ കാലത്തുണ്ടായ ക്ഷാമത്തിനുപുറമേ, ദേശത്തു പിന്നെയും ക്ഷാമം ഉണ്ടായി. യിസ്ഹാക്ക് ഗെരാരിൽ ഫെലിസ്ത്യരുടെ രാജാവായ അബീമെലെക്കിന്റെ അടുക്കൽ ചെന്നു. യഹോവ യിസ്ഹാക്കിനു പ്രത്യക്ഷനായി അദ്ദേഹത്തോട് “നീ ഈജിപ്റ്റിലേക്ക് പോകരുത്; ഞാൻ നിന്നോടു പാർക്കാൻ പറയുന്ന ദേശത്തുതന്നെ പാർക്കുക. കുറെ കാലത്തേക്ക് ഈ ദേശത്തുതന്നെ ഒരു പ്രവാസിയെപ്പോലെ താമസിക്കുക; ഞാൻ നിന്നോടുകൂടെയിരിക്കുകയും നിന്നെ അനുഗ്രഹിക്കുകയും ചെയ്യും. ഈ ദേശങ്ങളെല്ലാം ഞാൻ നിനക്കും നിന്റെ പിൻഗാമികൾക്കും തരും; അങ്ങനെ, നിന്റെ പിതാവായ അബ്രാഹാമിനോടു ചെയ്ത ശപഥം ഞാൻ ഉറപ്പാക്കും. അബ്രാഹാം എന്നെ അനുസരിക്കുകയും എന്റെ കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും പാലിക്കുകയും ചെയ്തതുകൊണ്ട്, ഞാൻ നിന്റെ സന്തതിപരമ്പരയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അസംഖ്യമായി വർധിപ്പിച്ച് ഈ ദേശങ്ങളെല്ലാം അവർക്കു കൊടുക്കും; നിന്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകലജനതകളും അനുഗ്രഹിക്കപ്പെടും” എന്ന് അരുളിച്ചെയ്തു. അതുകൊണ്ട് യിസ്ഹാക്ക് ഗെരാരിൽ താമസിച്ചു. ആ സ്ഥലത്തെ ആളുകൾ അദ്ദേഹത്തോട് തന്റെ ഭാര്യയെക്കുറിച്ചു ചോദിച്ചപ്പോൾ “അവൾ എന്റെ സഹോദരിയാകുന്നു” എന്ന് അദ്ദേഹം പറഞ്ഞു. “അവൾ എന്റെ ഭാര്യയാകുന്നു” എന്നു പറയാൻ അദ്ദേഹത്തിനു ഭയമായിരുന്നു. “റിബേക്ക സുന്ദരിയായതുകൊണ്ട് അവൾക്കുവേണ്ടി ഈ സ്ഥലത്തുള്ള പുരുഷന്മാർ എന്നെ കൊന്നുകളയും” എന്ന് അദ്ദേഹം ചിന്തിച്ചു. യിസ്ഹാക്ക് അവിടെ താമസം തുടങ്ങിയിട്ട് ഏറെക്കാലം ആയിരുന്നു. ഒരിക്കൽ ഫെലിസ്ത്യരാജാവായ അബീമെലെക്ക് ഒരു ജനാലയിലൂടെ താഴേക്കു നോക്കിയപ്പോൾ യിസ്ഹാക്ക് തന്റെ ഭാര്യയായ റിബേക്കയെ ലാളിക്കുന്നതു കണ്ടു. അബീമെലെക്ക് യിസ്ഹാക്കിനെ ആളയച്ചുവരുത്തി, അദ്ദേഹത്തോട്, “അവൾ വാസ്തവത്തിൽ നിന്റെ ഭാര്യതന്നെ! ‘അവൾ എന്റെ സഹോദരി’ എന്നു നീ പറഞ്ഞതെന്തിന്?” എന്നു ചോദിച്ചു. അതിനു യിസ്ഹാക്ക്, “അവൾനിമിത്തം എനിക്കു ജീവഹാനി നേരിട്ടേക്കുമെന്നു ഞാൻ ഭയപ്പെട്ടതുകൊണ്ടാണ്” എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ അബീമെലെക്ക്, “നീ ഞങ്ങളോട് ഈ ചെയ്തതെന്ത്? ജനങ്ങളിൽ ആരെങ്കിലും നിന്റെ ഭാര്യയോടൊപ്പം കിടക്കപങ്കിട്ടിരുന്നെങ്കിൽ, നീ ഞങ്ങളുടെ തലയിൽ അപരാധം വരുത്തിവെക്കുമായിരുന്നു” എന്നു പറഞ്ഞു. പിന്നെ അബീമെലെക്ക്, “ഈ മനുഷ്യനെയോ ഇദ്ദേഹത്തിന്റെ ഭാര്യയെയോ തൊടുന്നവന് മരണശിക്ഷ ലഭിക്കും” എന്ന് സകലജനത്തോടും കൽപ്പിച്ചു. യിസ്ഹാക്ക് ആ ദേശത്ത് കൃഷിയിറക്കി; യഹോവ അദ്ദേഹത്തെ അനുഗ്രഹിച്ചതുകൊണ്ട് ആ വർഷം നൂറുമടങ്ങ് വിളവുണ്ടായി. അദ്ദേഹം ധനികനായിത്തീർന്നു; മഹാധനവാനായിത്തീരത്തക്കവണ്ണം അദ്ദേഹത്തിന്റെ സമ്പത്തു വർധിച്ചുകൊണ്ടേയിരുന്നു. അദ്ദേഹത്തിന് ധാരാളം ആട്ടിൻപറ്റങ്ങളും കന്നുകാലികളും ദാസീദാസന്മാരും ഉണ്ടായിരുന്നു. അതുകൊണ്ട് ഫെലിസ്ത്യർക്ക് അദ്ദേഹത്തോട് അസൂയതോന്നി. അതുകൊണ്ട്, അദ്ദേഹത്തിന്റെ പിതാവായ അബ്രാഹാമിന്റെ കാലത്തു പിതാവിന്റെ ദാസന്മാർ കുഴിച്ചിരുന്ന കിണറുകളെല്ലാം ഫെലിസ്ത്യർ മണ്ണിട്ടു നികത്തിക്കളഞ്ഞു. പിന്നെ അബീമെലെക്ക് യിസ്ഹാക്കിനോട്, “ഞങ്ങളെ വിട്ടുപോകുക, നിങ്ങൾ ഞങ്ങളെക്കാൾ പ്രബലരായിരിക്കുന്നു” എന്നു പറഞ്ഞു.