GENESIS 26:1-16

GENESIS 26:1-16 MALCLBSI

അബ്രഹാമിന്റെ കാലത്തുണ്ടായതുപോലെ ഒരു ക്ഷാമം വീണ്ടും ആ ദേശത്തുണ്ടായി. അപ്പോൾ ഇസ്ഹാക്ക് ഗെരാറിൽ ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്കിന്റെ അടുക്കൽ ചെന്നു. സർവേശ്വരൻ ഇസ്ഹാക്കിനു പ്രത്യക്ഷനായിട്ടു പറഞ്ഞു: “ഈജിപ്തിലേക്കു നീ പോകരുത്; ഞാൻ കല്പിക്കുന്ന ദേശത്തുതന്നെ നീ പാർക്കണം. ഈ ദേശത്തുതന്നെ നീ പാർക്കുക; ഞാൻ നിന്റെ കൂടെയുണ്ട്; നിന്നെ ഞാൻ അനുഗ്രഹിക്കും; ഈ ദേശമെല്ലാം നിനക്കും നിന്റെ സന്തതികൾക്കുമായി ഞാൻ നല്‌കും; നിന്റെ പിതാവായ അബ്രഹാമിനോടു ചെയ്തിരുന്ന വാഗ്ദാനം ഞാൻ നിറവേറ്റും. അബ്രഹാം എന്റെ വാക്കു കേട്ടു; എന്റെ നിയോഗവും കല്പനകളും പ്രമാണങ്ങളും നിയമങ്ങളും അനുസരിക്കുകയും ചെയ്തു. അതുകൊണ്ട് ആകാശത്തിലെ നക്ഷത്രങ്ങൾപോലെ അസംഖ്യം സന്തതികളെ ഞാൻ നിനക്കു നല്‌കും; ഈ ദേശമെല്ലാം നിന്റെ സന്തതികൾക്കു നല്‌കും; അവർ മുഖേന ഭൂമിയിലെ സകല ജനതകളും അനുഗ്രഹിക്കപ്പെടും.” ഇസ്ഹാക്ക് ഗെരാറിൽതന്നെ പാർത്തു. ആ ദേശത്തുള്ള ജനങ്ങൾ തന്റെ ഭാര്യയെപ്പറ്റി അന്വേഷിച്ചപ്പോൾ “അവൾ എന്റെ സഹോദരി” എന്നാണ് ഇസ്ഹാക്ക് പറഞ്ഞത്. റിബേക്കാ സുന്ദരി ആയിരുന്നതിനാൽ അവൾ നിമിത്തം അവിടെയുള്ള ജനങ്ങൾ തന്നെ കൊല്ലുമെന്ന് ഇസ്ഹാക്കു ഭയന്നു. അദ്ദേഹം അവിടെ പാർപ്പുറപ്പിച്ചു. ഏറെനാൾ കഴിഞ്ഞ് ഒരു ദിവസം ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്ക് കൊട്ടാരത്തിന്റെ ജാലകത്തിലൂടെ നോക്കിയപ്പോൾ ഇസ്ഹാക്ക് റിബേക്കായുമായി രമിക്കുന്നതു കണ്ടു. അബീമേലെക്ക് ഇസ്ഹാക്കിനെ വിളിച്ചു ചോദിച്ചു: “അവൾ നിന്റെ ഭാര്യയല്ലേ? പിന്നെ എന്തുകൊണ്ട് അവൾ നിന്റെ സഹോദരിയാണെന്ന് എന്നോടു പറഞ്ഞു?” ഇസ്ഹാക്കു പറഞ്ഞു: “അവൾ നിമിത്തം മരിക്കേണ്ടിവരുമോ എന്നു ഭയന്നാണ് ഞാൻ അങ്ങനെ പറഞ്ഞത്.” “നീ ഞങ്ങളോട് എന്താണ് ഈ ചെയ്തത്? ജനങ്ങളിൽ ആരെങ്കിലും അവളോടൊത്തു ശയിക്കുകയും ഞങ്ങളുടെമേൽ കുറ്റം വരുകയും ചെയ്യുമായിരുന്നല്ലോ.” അതിനുശേഷം, അബീമേലെക്ക് എല്ലാ ജനങ്ങൾക്കും മുന്നറിയിപ്പു നല്‌കി: “ഈ മനുഷ്യനോടോ അവന്റെ ഭാര്യയോടോ അപമര്യാദയായി പെരുമാറുന്നവൻ വധിക്കപ്പെടും.” ഇസ്ഹാക്ക് ആ ദേശത്തു കൃഷി തുടങ്ങുകയും ആ വർഷം തന്നെ നൂറുമേനി വിളവു നേടുകയും ചെയ്തു. സർവേശ്വരൻ ഇസ്ഹാക്കിനെ അനുഗ്രഹിച്ചു. സമ്പത്തു ക്രമേണ വർധിച്ച് അദ്ദേഹം വലിയ ധനികനായിത്തീർന്നു. അദ്ദേഹം അനവധി ആടുമാടുകളുടെയും ദാസീദാസന്മാരുടെയും ഉടമയായി. അതിനാൽ ഫെലിസ്ത്യർക്ക് ഇസ്ഹാക്കിനോട് അസൂയ തോന്നി; അയാളുടെ പിതാവായ അബ്രഹാമിന്റെ ദാസന്മാർ കുഴിച്ച കിണറുകളെല്ലാം അവർ മൂടിക്കളഞ്ഞു. “നീ ഞങ്ങളെക്കാൾ പ്രബലനായിത്തീർന്നിരിക്കുന്നതുകൊണ്ടു ഞങ്ങളുടെ നാടു വിട്ടുപോകണം” എന്നു അബീമേലെക്ക് ഇസ്ഹാക്കിനോടു കല്പിച്ചു.

GENESIS 26 വായിക്കുക

GENESIS 26:1-16 - നുള്ള വീഡിയോ