GENESIS 26

26
ഇസ്ഹാക്ക് ഗെരാറിൽ
1അബ്രഹാമിന്റെ കാലത്തുണ്ടായതുപോലെ ഒരു ക്ഷാമം വീണ്ടും ആ ദേശത്തുണ്ടായി. അപ്പോൾ ഇസ്ഹാക്ക് ഗെരാറിൽ ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്കിന്റെ അടുക്കൽ ചെന്നു. 2സർവേശ്വരൻ ഇസ്ഹാക്കിനു പ്രത്യക്ഷനായിട്ടു പറഞ്ഞു: “ഈജിപ്തിലേക്കു നീ പോകരുത്; ഞാൻ കല്പിക്കുന്ന ദേശത്തുതന്നെ നീ പാർക്കണം. 3ഈ ദേശത്തുതന്നെ നീ പാർക്കുക; ഞാൻ നിന്റെ കൂടെയുണ്ട്; നിന്നെ ഞാൻ അനുഗ്രഹിക്കും; ഈ ദേശമെല്ലാം നിനക്കും നിന്റെ സന്തതികൾക്കുമായി ഞാൻ നല്‌കും; നിന്റെ പിതാവായ അബ്രഹാമിനോടു ചെയ്തിരുന്ന വാഗ്ദാനം ഞാൻ നിറവേറ്റും. 4അബ്രഹാം എന്റെ വാക്കു കേട്ടു; എന്റെ നിയോഗവും കല്പനകളും പ്രമാണങ്ങളും നിയമങ്ങളും അനുസരിക്കുകയും ചെയ്തു. 5അതുകൊണ്ട് ആകാശത്തിലെ നക്ഷത്രങ്ങൾപോലെ അസംഖ്യം സന്തതികളെ ഞാൻ നിനക്കു നല്‌കും; ഈ ദേശമെല്ലാം നിന്റെ സന്തതികൾക്കു നല്‌കും; അവർ മുഖേന ഭൂമിയിലെ സകല ജനതകളും അനുഗ്രഹിക്കപ്പെടും.” 6ഇസ്ഹാക്ക് ഗെരാറിൽതന്നെ പാർത്തു. 7ആ ദേശത്തുള്ള ജനങ്ങൾ തന്റെ ഭാര്യയെപ്പറ്റി അന്വേഷിച്ചപ്പോൾ “അവൾ എന്റെ സഹോദരി” എന്നാണ് ഇസ്ഹാക്ക് പറഞ്ഞത്. റിബേക്കാ സുന്ദരി ആയിരുന്നതിനാൽ അവൾ നിമിത്തം അവിടെയുള്ള ജനങ്ങൾ തന്നെ കൊല്ലുമെന്ന് ഇസ്ഹാക്കു ഭയന്നു. 8അദ്ദേഹം അവിടെ പാർപ്പുറപ്പിച്ചു. ഏറെനാൾ കഴിഞ്ഞ് ഒരു ദിവസം ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്ക് കൊട്ടാരത്തിന്റെ ജാലകത്തിലൂടെ നോക്കിയപ്പോൾ ഇസ്ഹാക്ക് റിബേക്കായുമായി രമിക്കുന്നതു കണ്ടു. 9അബീമേലെക്ക് ഇസ്ഹാക്കിനെ വിളിച്ചു ചോദിച്ചു: “അവൾ നിന്റെ ഭാര്യയല്ലേ? പിന്നെ എന്തുകൊണ്ട് അവൾ നിന്റെ സഹോദരിയാണെന്ന് എന്നോടു പറഞ്ഞു?” ഇസ്ഹാക്കു പറഞ്ഞു: “അവൾ നിമിത്തം മരിക്കേണ്ടിവരുമോ എന്നു ഭയന്നാണ് ഞാൻ അങ്ങനെ പറഞ്ഞത്.” 10“നീ ഞങ്ങളോട് എന്താണ് ഈ ചെയ്തത്? ജനങ്ങളിൽ ആരെങ്കിലും അവളോടൊത്തു ശയിക്കുകയും ഞങ്ങളുടെമേൽ കുറ്റം വരുകയും ചെയ്യുമായിരുന്നല്ലോ.” 11അതിനുശേഷം, അബീമേലെക്ക് എല്ലാ ജനങ്ങൾക്കും മുന്നറിയിപ്പു നല്‌കി: “ഈ മനുഷ്യനോടോ അവന്റെ ഭാര്യയോടോ അപമര്യാദയായി പെരുമാറുന്നവൻ വധിക്കപ്പെടും.” 12ഇസ്ഹാക്ക് ആ ദേശത്തു കൃഷി തുടങ്ങുകയും ആ വർഷം തന്നെ നൂറുമേനി വിളവു നേടുകയും ചെയ്തു. സർവേശ്വരൻ ഇസ്ഹാക്കിനെ അനുഗ്രഹിച്ചു. 13സമ്പത്തു ക്രമേണ വർധിച്ച് അദ്ദേഹം വലിയ ധനികനായിത്തീർന്നു. 14അദ്ദേഹം അനവധി ആടുമാടുകളുടെയും ദാസീദാസന്മാരുടെയും ഉടമയായി. അതിനാൽ ഫെലിസ്ത്യർക്ക് ഇസ്ഹാക്കിനോട് അസൂയ തോന്നി; 15അയാളുടെ പിതാവായ അബ്രഹാമിന്റെ ദാസന്മാർ കുഴിച്ച കിണറുകളെല്ലാം അവർ മൂടിക്കളഞ്ഞു. 16“നീ ഞങ്ങളെക്കാൾ പ്രബലനായിത്തീർന്നിരിക്കുന്നതുകൊണ്ടു ഞങ്ങളുടെ നാടു വിട്ടുപോകണം” എന്നു അബീമേലെക്ക് ഇസ്ഹാക്കിനോടു കല്പിച്ചു. 17ഇസ്ഹാക്ക് അവിടംവിട്ടു ഗെരാർതാഴ്‌വരയിൽ ചെന്നു കൂടാരമടിച്ചു കുറെനാൾ അവിടെ പാർത്തു. 18തന്റെ പിതാവായ അബ്രഹാമിന്റെ കാലത്തു കുഴിപ്പിച്ചിരുന്നതും പില്‌ക്കാലത്ത് അദ്ദേഹത്തിന്റെ മരണശേഷം ഫെലിസ്ത്യർ മൂടിക്കളഞ്ഞതുമായ കിണറുകൾ ഇസ്ഹാക്ക് വീണ്ടും കുഴിപ്പിച്ചു. അവയ്‍ക്ക് അബ്രഹാം നല്‌കിയിരുന്ന പേരുകൾ തന്നെ വീണ്ടും നല്‌കി. 19ഇസ്ഹാക്കിന്റെ ഭൃത്യന്മാർ താഴ്‌വരയിൽ ഒരു കിണർ കുഴിച്ചു. അതിൽ കുതിച്ചുയരുന്ന നീരുറവ കണ്ടു. 20അതിന്റെ അവകാശത്തെപ്പറ്റി ഗെരാറിലെ ഇടയന്മാരും ഇസ്ഹാക്കിന്റെ ഇടയന്മാരും തമ്മിൽ തർക്കമുണ്ടായതുകൊണ്ട് ഇസ്ഹാക്ക് ആ കിണറിനു ‘#26:20 ഏശെക്ക് = കലഹം.ഏശെക്ക്’ എന്നു പേരിട്ടു. 21ഇസ്ഹാക്കിന്റെ ഭൃത്യന്മാർ മറ്റൊരു കിണർ കുഴിച്ചു; അതിനെപ്പറ്റിയും തർക്കമുണ്ടായതുകൊണ്ട് അതിനെ #26:21 സിത്നാ = എതിർപ്പ്. സിത്നാ എന്നു പേരു വിളിച്ചു. 22ഇസ്ഹാക്ക് അവിടെനിന്നു മാറി വേറൊരു കിണർ കുഴിപ്പിച്ചു. അതിനെക്കുറിച്ചു തർക്കമൊന്നുമുണ്ടായില്ല. “സർവേശ്വരൻ നമുക്ക് ഇടം നല്‌കിയിരിക്കുന്നു; ഇവിടെ നാം അഭിവൃദ്ധി പ്രാപിക്കും” എന്നു പറഞ്ഞ് ആ കിണറിന് #26:22 രെഹോബോത്ത് = വിശാലഭൂമിരെഹോബോത്ത് എന്നു പേരിട്ടു. 23ഇസ്ഹാക്ക് അവിടെനിന്നു ബേർ-ശേബയിലേക്കുപോയി. 24ആ രാത്രിയിൽ സർവേശ്വരൻ ഇസ്ഹാക്കിനു പ്രത്യക്ഷനായി അരുളിച്ചെയ്തു: “ഞാൻ നിന്റെ പിതാവായ അബ്രഹാമിന്റെ ദൈവമാകുന്നു; ഞാൻ നിന്റെകൂടെ ഉള്ളതുകൊണ്ട് നീ ഭയപ്പെടേണ്ടാ. അബ്രഹാം നിമിത്തം ഞാൻ നിന്നെ അനുഗ്രഹിച്ച് നിന്റെ സന്തതിയെ ഒരു വലിയ ജനതയാക്കും.” 25ഇസ്ഹാക്ക് അവിടെ ഒരു യാഗപീഠം പണിത് സർവേശ്വരന്റെ നാമത്തിൽ ആരാധിച്ചു. അവിടെ അദ്ദേഹം കൂടാരമടിച്ചു. അദ്ദേഹത്തിന്റെ ഭൃത്യന്മാർ അവിടെ ഒരു കിണർ കുഴിച്ചു. 26ഇതിനിടയ്‍ക്ക് അബീമേലെക്ക്, സ്വന്തം ഉപദേശകനായ അഹൂസത്ത്, സൈന്യാധിപനായ ഫീക്കോൽ എന്നിവരോടുകൂടി ഇസ്ഹാക്കിനെ സന്ദർശിച്ചു. 27“എന്നെ വെറുക്കുകയും നിങ്ങളുടെ നാട്ടിൽനിന്ന് ഓടിച്ചുകളയുകയും ചെയ്ത നിങ്ങൾ എന്തിന് എന്റെ അടുക്കൽ വന്നിരിക്കുന്നു” എന്ന് ഇസ്ഹാക്ക് ചോദിച്ചു. 28അവർ പറഞ്ഞു: “സർവേശ്വരൻ അങ്ങയുടെ കൂടെയുണ്ട് എന്നു ഞങ്ങൾക്കു വ്യക്തമായിരിക്കുന്നു. അതിനാൽ നാം തമ്മിൽ പ്രതിജ്ഞ ചെയ്യാം; നമുക്ക് ഒരു ഉടമ്പടി ഉണ്ടാക്കാം. 29ഞങ്ങൾ അങ്ങയെ ഉപദ്രവിച്ചില്ല; നന്മയേ ചെയ്തുള്ളൂ. അങ്ങയെ സമാധാനപൂർവം പോകാൻ അനുവദിക്കുകയും ചെയ്തു. അതുപോലെതന്നെ അങ്ങ് ഞങ്ങളോടും പെരുമാറുക. ഇപ്പോൾ അങ്ങ് സർവേശ്വരനാൽ അനുഗൃഹീതനാണ്.” 30ഇസ്ഹാക്ക് അവർക്കുവേണ്ടി ഒരു വിരുന്നൊരുക്കി, അവർ ഭക്ഷിച്ചു പാനം ചെയ്തു. 31പിറ്റേദിവസം അതിരാവിലെ അവർ എഴുന്നേറ്റ് പരസ്പരം പ്രതിജ്ഞ ചെയ്തു. അതിനുശേഷം ഇസ്ഹാക്ക് അവരെ യാത്രയാക്കി. അവർ സമാധാനത്തോടെ പോകുകയും ചെയ്തു. 32അന്നുതന്നെ ഇസ്ഹാക്കിന്റെ ഭൃത്യന്മാർ, തങ്ങൾ കുഴിച്ച കിണറ്റിൽ വെള്ളം കണ്ട വിവരം ഇസ്ഹാക്കിനെ അറിയിച്ചു. 33അദ്ദേഹം അതിനു #26:33 ശീബാ = ശപഥം.ശീബാ എന്നു പേരിട്ടു. അതുകൊണ്ട് ആ പട്ടണത്തിനു ബേർ-ശേബാ എന്നു പേരായി.
34നാല്പതാമത്തെ വയസ്സിൽ ഏശാവ് ഹിത്യനായ ബേരിയുടെ മകൾ യെഹൂദിത്തിനെയും ഹിത്യനായ ഏലോന്റെ മകൾ ബാസമത്തിനെയും ഭാര്യമാരായി സ്വീകരിച്ചു. 35അവർ ഇസ്ഹാക്കിന്റെയും റിബേക്കായുടെയും ജീവിതം ദുരിതപൂർണമാക്കി.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

GENESIS 26: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക