അബ്രാഹാമിന്റെ കാലത്തുണ്ടായ മുമ്പിലത്തെ ക്ഷാമം കൂടാതെ പിന്നെയും ആ ദേശത്തു ഒരു ക്ഷാമം ഉണ്ടായി. അപ്പോൾ യിസ്ഹാക്ക് ഗെരാരിൽ ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്കിന്റെ അടുക്കൽ പോയി. യഹോവ അവന്നു പ്രത്യക്ഷനായി അരുളിച്ചെയ്തതെന്തെന്നാൽ: നീ മിസ്രയീമിലേക്കു പോകരുതു; ഞാൻ നിന്നോടു കല്പിക്കുന്ന ദേശത്തു പാർക്ക. ഈ ദേശത്തു താമസിക്ക; ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്റെ സന്തതിക്കും ഈ ദേശം ഒക്കെയും തരും; നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും. അബ്രാഹാം എന്റെ വാക്കു കേട്ടു എന്റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചതുകൊണ്ടു ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടും. അങ്ങനെ യിസ്ഹാക്ക് ഗെരാരിൽ പാർത്തു. ആ സ്ഥലത്തെ ജനം അവന്റെ ഭാര്യയെക്കുറിച്ചു അവനോടു ചോദിച്ചു; അവൾ എന്റെ സഹോദരിയെന്നു അവൻ പറഞ്ഞു; റിബെക്കാ സൗന്ദര്യമുള്ളവളാകകൊണ്ടു ആ സ്ഥലത്തെ ജനം അവളുടെ നിമിത്തം തന്നേ കൊല്ലാതിരിക്കേണ്ടതിന്നു അവൾ എന്റെ ഭാര്യ എന്നു പറവാൻ അവൻ ശങ്കിച്ചു. അവൻ അവിടെ ഏറെക്കാലം പാർത്തശേഷം ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്ക് കിളിവാതിൽക്കൽ കൂടി നോക്കി യിസ്ഹാക്ക് തന്റെ ഭാര്യയായ റിബെക്കയോടുകൂടെ വിനോദിക്കുന്നതു കണ്ടു. അബീമേലെക്ക് യിസ്ഹാക്കിനെ വിളിച്ചു: അവൾ നിന്റെ ഭാര്യയാകുന്നു നിശ്ചയം; പിന്നെ എന്റെ സഹോദരിയെന്നു നീ പറഞ്ഞതു എങ്ങനെ എന്നു ചോദിച്ചതിന്നു യിസ്ഹാക്ക് അവനോടു: അവളുടെ നിമിത്തം മരിക്കാതിരിപ്പാൻ ആകുന്നു ഞാൻ അങ്ങനെ പറഞ്ഞതു എന്നു പറഞ്ഞു. അപ്പോൾ അബീമേലെക്ക്: നീ ഞങ്ങളോടു ഈ ചെയ്തതു എന്തു? ജനത്തിൽ ആരെങ്കിലും നിന്റെ ഭാര്യയോടുകൂടെ ശയിപ്പാനും നീ ഞങ്ങളുടെ മേൽ കുറ്റം വരുത്തുവാനും സംഗതി വരുമായിരുന്നുവല്ലോ എന്നു പറഞ്ഞു. പിന്നെ അബീമേലെക്ക്: ഈ പുരുഷനെയോ അവന്റെ ഭാര്യയെയോ തൊടുന്നവന്നു മരണശിക്ഷ ഉണ്ടാകും എന്നു സകലജനത്തോടും കല്പിച്ചു. യിസ്ഹാക്ക് ആ ദേശത്തു വിതെച്ചു; ആയാണ്ടിൽ നൂറുമേനി വിളവു കിട്ടി; യഹോവ അവനെ അനുഗ്രഹിച്ചു. അവൻ വർദ്ധിച്ചു വർദ്ധിച്ചു മഹാധനവാനായിത്തീർന്നു. അവന്നു ആട്ടിൻ കൂട്ടങ്ങളും മാട്ടിൻ കൂട്ടങ്ങളും വളരെ ദാസീദാസന്മാരും ഉണ്ടായിരുന്നതുകൊണ്ടു ഫെലിസ്ത്യർക്കു അവനോടു അസൂയ തോന്നി. എന്നാൽ അവന്റെ പിതാവായ അബ്രാഹാമിന്റെ കാലത്തു അവന്റെ പിതാവിന്റെ ദാസന്മാർ കുഴിച്ചിരുന്ന കിണറൊക്കെയും ഫെലിസ്ത്യർ മണ്ണിട്ടു നികത്തിക്കളഞ്ഞിരുന്നു. അബീമേലെക്ക് യിസ്ഹാക്കിനോടു: നീ ഞങ്ങളെക്കാൾ ഏറ്റവും ബലവാനാകകൊണ്ടു ഞങ്ങളെ വിട്ടു പോക എന്നു പറഞ്ഞു.
ഉല്പത്തി 26 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഉല്പത്തി 26:1-16
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ