ഉൽപത്തി 25:5-26
ഉൽപത്തി 25:5-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ അബ്രാഹാം തനിക്കുള്ളതൊക്കെയും യിസ്ഹാക്കിന് കൊടുത്തു. അബ്രാഹാമിനുണ്ടായിരുന്ന വെപ്പാട്ടികളുടെ മക്കൾക്കോ അബ്രാഹാം ദാനങ്ങൾ കൊടുത്തു; താൻ ജീവനോടിരിക്കുമ്പോൾതന്നെ അവരെ തന്റെ മകനായ യിസ്ഹാക്കിന്റെ അടുക്കൽനിന്നു കിഴക്കോട്ട്, കിഴക്കുദേശത്തേക്ക് അയച്ചു. അബ്രാഹാമിന്റെ ആയുഷ്കാലം നൂറ്റെഴുപത്തഞ്ചു സംവത്സരം ആയിരുന്നു. അബ്രാഹാം വയോധികനും കാലസമ്പൂർണനുമായി നല്ല വാർധക്യത്തിൽ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേർന്നു. അവന്റെ പുത്രന്മാരായ യിസ്ഹാക്കും യിശ്മായേലും കൂടി മമ്രേയ്ക്കരികെ സോഹരിന്റെ മകനായ എഫ്രോനെന്ന ഹിത്യന്റെ നിലത്ത് മക്പേലാ ഗുഹയിൽ അവനെ അടക്കംചെയ്തു. അബ്രാഹാം ഹിത്യരോടു വിലയ്ക്കു വാങ്ങിയ നിലത്തുതന്നെ; അവിടെ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറായെയും അടക്കംചെയ്തു. അബ്രാഹാം മരിച്ചശേഷം ദൈവം അവന്റെ മകനായ യിസ്ഹാക്കിനെ അനുഗ്രഹിച്ചു; യിസ്ഹാക് ബേർലഹയീരോയീക്കരികെ പാർത്തു. സാറായുടെ മിസ്രയീമ്യദാസി ഹാഗാർ അബ്രാഹാമിനു പ്രസവിച്ച മകനായ യിശ്മായേലിന്റെ വംശപാരമ്പര്യം അവരുടെ വംശാവലിപ്രകാരം പേരുപേരായി യിശ്മായേലിന്റെ പുത്രന്മാരുടെ പേരുകൾ ആവിത്: യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത്, കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മ, ദൂമാ, മശ, ഹദാദ്, തേമ, യെതൂർ, നാഫീശ്, കേദെമാ. പന്ത്രണ്ടു പ്രഭുക്കന്മാരായ യിശ്മായേലിന്റെ പുത്രന്മാർ അവരുടെ ഊരുകളിലും പാളയങ്ങളിലും വംശംവംശമായി ഇവർ ആകുന്നു; അവരുടെ പേരുകൾ ഇവതന്നെ. യിശ്മായേലിന്റെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരം ആയിരുന്നു; അവൻ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേർന്നു. ഹവീലാ തുടങ്ങി അശ്ശൂരിലേക്കു പോകുന്ന വഴിയിൽ മിസ്രയീമിനു കിഴക്കുള്ള ശൂർവരെ അവർ കുടിയിരുന്നു; അവൻ തന്റെ സകല സഹോദരന്മാർക്കും എതിരേ പാർത്തു. അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിന്റെ വംശപാരമ്പര്യമാവിത്: അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. യിസ്ഹാക്കിനു നാല്പതു വയസ്സായപ്പോൾ അവൻ പദ്ദൻ-അരാമിലുള്ള അരാമ്യനായ ബെഥൂവേലിന്റെ പുത്രിയും അരാമ്യനായ ലാബാന്റെ സഹോദരിയുമായ റിബെക്കായെ ഭാര്യയായി പരിഗ്രഹിച്ചു. തന്റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ട് യിസ്ഹാക് അവൾക്കുവേണ്ടി യഹോവയോടു പ്രാർഥിച്ചു; യഹോവ അവന്റെ പ്രാർഥന കേട്ടു; അവന്റെ ഭാര്യ റിബെക്കാ ഗർഭം ധരിച്ചു. അവളുടെ ഉള്ളിൽ ശിശുക്കൾ തമ്മിൽ തിക്കിയപ്പോൾ അവൾ: ഇങ്ങനെയായാൽ ഞാൻ എന്തിനു ജീവിക്കുന്നു എന്നു പറഞ്ഞ്, യഹോവയോടു ചോദിപ്പാൻ പോയി. യഹോവ അവളോട്: രണ്ടു ജാതികൾ നിന്റെ ഗർഭത്തിൽ ഉണ്ട്. രണ്ടു വംശങ്ങൾ നിന്റെ ഉദരത്തിൽനിന്നു തന്നേ പിരിയും; ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും, മൂത്തവൻ ഇളയവനെ സേവിക്കും എന്ന് അരുളിച്ചെയ്തു. അവൾക്കു പ്രസവകാലം തികഞ്ഞപ്പോൾ ഇരട്ടപ്പിള്ളകൾ അവളുടെ ഗർഭത്തിൽ ഉണ്ടായിരുന്നു. ഒന്നാമത്തവൻ ചുവന്നവനായി പുറത്തുവന്നു, മേൽമുഴുവനും രോമംകൊണ്ടുള്ള വസ്ത്രംപോലെ ഇരുന്നു; അവന് ഏശാവ് എന്നു പേരിട്ടു. പിന്നെ അവന്റെ സഹോദരൻ പുറത്തുവന്നു; അവന്റെ കൈ ഏശാവിന്റെ കുതികാൽ പിടിച്ചിരുന്നു; അവന് യാക്കോബ് എന്നു പേരിട്ടു. അവൾ അവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന് അറുപതു വയസ്സായിരുന്നു.
ഉൽപത്തി 25:5-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അബ്രഹാം തനിക്കുണ്ടായിരുന്നതെല്ലാം ഇസ്ഹാക്കിനു കൊടുത്തു. ഉപഭാര്യമാരിൽ ജനിച്ച മക്കൾക്കും തന്റെ ജീവിതകാലത്തുതന്നെ സമ്മാനങ്ങൾ നല്കി. അബ്രഹാം ജീവിച്ചിരിക്കുമ്പോൾതന്നെ അവരെ പുത്രനായ ഇസ്ഹാക്കിന്റെ അടുക്കൽ നിന്നകറ്റി കിഴക്ക് ഒരു സ്ഥലത്ത് പറഞ്ഞയച്ചു. നൂറ്റിഎഴുപത്തിയഞ്ചാമത്തെ വയസ്സിൽ തികഞ്ഞ വാർധക്യത്തിൽ അബ്രഹാം ചരമമടഞ്ഞു, പിതാക്കന്മാരോടു ചേർന്നു. പുത്രന്മാരായ ഇസ്ഹാക്കും ഇശ്മായേലുംകൂടി മമ്രെക്കു കിഴക്കു ഹിത്യനായ സോഹരിന്റെ മകൻ എഫ്രോന്റെ നിലത്തിലുള്ള മക്പേലാ ഗുഹയിൽ അദ്ദേഹത്തെ സംസ്കരിച്ചു. അത് ഹിത്യരിൽനിന്ന് അബ്രഹാം വിലയ്ക്കു വാങ്ങിയതായിരുന്നു. അവിടെ സാറായെ സംസ്കരിച്ചിടത്തു തന്നെ അബ്രഹാമിനെയും സംസ്കരിച്ചു. അബ്രഹാമിന്റെ മരണശേഷം അദ്ദേഹത്തിന്റെ പുത്രനായ ഇസ്ഹാക്കിനെ ദൈവം അനുഗ്രഹിച്ചു. ഇസ്ഹാക്ക് ബേർ- ലഹയീ-രോയീയിലാണ് അപ്പോൾ പാർത്തിരുന്നത്. ഈജിപ്തുകാരിയും സാറായുടെ ദാസിയുമായിരുന്ന ഹാഗാറിൽ അബ്രഹാമിനു ജനിച്ച ഇശ്മായേലിന്റെ പിൻതലമുറക്കാർ ഇവരായിരുന്നു. ഇശ്മായേലിന്റെ പുത്രന്മാർ: ആദ്യജാതൻ നെബായോത്ത്, മറ്റുള്ളവർ: കേദാർ, അദ്ബയേൽ, മിബ്ശാം, മിശ്മ, ദൂമാ, മശ്ശ, ഹദാദ്, തേമ, യതൂർ, നാഫിശ്, കേദെമാ. പന്ത്രണ്ടു ഗോത്രങ്ങളുടെ നായകന്മാർ ഇവരാണ്. അവർ പാർത്തിരുന്ന സ്ഥലങ്ങളും ഗ്രാമങ്ങളും ഈ പേരുകളിൽതന്നെ അറിയപ്പെട്ടിരുന്നു. ഇശ്മായേൽ നൂറ്റിമുപ്പത്തി ഏഴാമത്തെ വയസ്സിൽ മരിച്ചു പൂർവ്വികന്മാരോടു ചേർന്നു. ഹവീലാമുതൽ ഈജിപ്തിനു കിഴക്ക് അശ്ശൂരിലേക്കുള്ള വഴിയിൽ ശൂർവരെ ഇശ്മായേലിന്റെ പുത്രന്മാർ കുടിയേറിപ്പാർത്തു. അവർ ചാർച്ചക്കാരിൽനിന്ന് അകന്നായിരുന്നു വസിച്ചത്. അബ്രഹാമിന്റെ പുത്രനായ ഇസ്ഹാക്കിന്റെ വംശപാരമ്പര്യം. പദ്ദൻ-അരാമിലെ ബെഥൂവേലിന്റെ പുത്രിയും ലാബാന്റെ സഹോദരിയുമായ റിബേക്കായെ വിവാഹം ചെയ്യുമ്പോൾ ഇസ്ഹാക്കിനു നാല്പതു വയസ്സായിരുന്നു. അവർ അരാമ്യരായിരുന്നു. തന്റെ ഭാര്യ വന്ധ്യ ആയതിനാൽ ഇസ്ഹാക്ക് അവൾക്കുവേണ്ടി സർവേശ്വരനോടു പ്രാർഥിച്ചു. അവിടുന്നു പ്രാർഥന കേട്ടു; അവൾ ഗർഭിണിയായി. പ്രസവത്തിനു മുമ്പ് ഗർഭസ്ഥശിശുക്കൾ തമ്മിൽ മല്ലിട്ടപ്പോൾ അവൾ സ്വയം പറഞ്ഞു: “ഇങ്ങനെയെങ്കിൽ ഞാൻ എന്തിനു ജീവിക്കുന്നു?” അവൾ സർവേശ്വരനോടു പ്രാർഥിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “നിന്റെ ഉദരത്തിൽ രണ്ടു ജനതകളാണ് ഉള്ളത്. അന്യോന്യം മത്സരിക്കുന്ന രണ്ടു ജനതകൾക്കു നീ ജന്മം നല്കും. ഒരു വംശം മറ്റേതിനെക്കാൾ ശക്തമായിരിക്കും; ജ്യേഷ്ഠൻ അനുജനെ സേവിക്കും.” റിബേക്കായ്ക്ക് പ്രസവകാലം തികഞ്ഞു. അവളുടെ ഗർഭപാത്രത്തിൽ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. ആദ്യജാതൻ ചുവന്ന നിറമുള്ളവനും അവന്റെ ശരീരം രോമാവൃതവും ആയിരുന്നു. അതുകൊണ്ട് അവനെ ഏശാവ് എന്നു വിളിച്ചു. പിന്നീട് അവന്റെ സഹോദരൻ പുറത്തുവന്നു; അവൻ ഏശാവിന്റെ കുതികാലിൽ പിടിച്ചിരുന്നു; അതുകൊണ്ട് യാക്കോബ് എന്നു പേരിട്ടു. അവർ ജനിച്ചപ്പോൾ ഇസ്ഹാക്കിന് അറുപതു വയസ്സായിരുന്നു.
ഉൽപത്തി 25:5-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്നാൽ അബ്രാഹാം തനിക്കുള്ളതൊക്കെയും യിസ്ഹാക്കിനു കൊടുത്തു. അബ്രാഹാമിന് ഉണ്ടായിരുന്ന വെപ്പാട്ടികളുടെ മക്കൾക്കോ അബ്രാഹാം ദാനങ്ങൾ കൊടുത്തു; താൻ ജീവനോടിരിക്കുമ്പോൾ തന്നെ അവരെ തന്റെ മകനായ യിസ്ഹാക്കിന്റെ അടുക്കൽനിന്ന് കിഴക്കോട്ടു, കിഴക്കുദേശത്തേക്ക് അയച്ചു. അബ്രാഹാമിന്റെ ആയുഷ്കാലം നൂറ്റെഴുപത്തഞ്ചു (175) വർഷം ആയിരുന്നു. അബ്രാഹാം വയോധികനും കാലസമ്പൂർണ്ണനുമായി നല്ല വാർദ്ധക്യത്തിൽ മരിച്ചു, തന്റെ ജനത്തോടു ചേർന്നു. അവന്റെ പുത്രന്മാരായ യിസ്ഹാക്കും യിശ്മായേലും കൂടി മമ്രേക്കരികെ സോഹരിൻ്റെ മകനായ എഫ്രോനെന്ന ഹിത്യൻ്റെ നിലത്ത് മക്പേലാഗുഹയിൽ അവനെ അടക്കം ചെയ്തു. അബ്രാഹാം ഹിത്യരോടു വിലയ്ക്കു വാങ്ങിയ നിലത്തു തന്നെ; അവിടെ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറായെയും അടക്കം ചെയ്തു. അബ്രാഹാം മരിച്ചശേഷം ദൈവം അവന്റെ മകനായ യിസ്ഹാക്കിനെ അനുഗ്രഹിച്ചു; യിസ്ഹാക്ക് ബേർലഹയിരോയീക്കരികെ വസിച്ചു. സാറായുടെ മിസ്രയീമ്യ ദാസി ഹാഗാർ അബ്രാഹാമിനു പ്രസവിച്ച മകനായ യിശ്മായേലിന്റെ വംശപാരമ്പര്യം: അവരുടെ ജനനക്രമം അനുസരിച്ച് പേരുപേരായി യിശ്മായേലിന്റെ പുത്രന്മാരുടെ പേരുകൾ ഇവയാണ്: യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത്, കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ, മസ്സാ, ഹദാദ്, തേമാ, യെതൂർ, നാഫീശ്, കേദമാ. പന്ത്രണ്ട് പ്രഭുക്കന്മാരായ യിശ്മായേലിന്റെ പുത്രന്മാർ അവരുടെ ഗ്രാമങ്ങളിലും പാളയങ്ങളിലും വംശംവംശമായി ഇവർ ആകുന്നു; അവരുടെ പേരുകൾ ഇവ തന്നെ. യിശ്മായേലിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു (137) വർഷം ആയിരുന്നു; അവൻ മരിച്ചു, തന്റെ ജനത്തോടു ചേർന്നു. ഹവീലായിൽ നിന്ന് അശ്ശൂരിലേക്കു പോകുന്ന വഴിയിൽ മിസ്രയീമിനു കിഴക്കുള്ള ശൂർവരെ അവർ പാർത്തിരുന്നു; അവർ ചാർച്ചക്കാരിൽ നിന്നെല്ലാം അകന്നാണു ജീവിച്ചത്. അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിന്റെ വംശപാരമ്പര്യമാണിത്: അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. യിസ്ഹാക്കിനു നാല്പതു വയസ്സായപ്പോൾ അവൻ പദ്ദൻ-അരാമിലുള്ള അരാമ്യനായ ബെഥൂവേലിൻ്റെ പുത്രിയും അരാമ്യനായ ലാബാൻ്റെ സഹോദരിയുമായ റിബെക്കായെ ഭാര്യയായി സ്വീകരിച്ചു. തന്റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ട് യിസ്ഹാക്ക് അവൾക്കുവേണ്ടി യഹോവയോടു പ്രാർത്ഥിച്ചു; യഹോവ അവന്റെ പ്രാർത്ഥന കേട്ടു; അവന്റെ ഭാര്യ റിബെക്കാ ഗർഭംധരിച്ചു. അവളുടെ ഉള്ളിൽ ശിശുക്കൾ തമ്മിൽ തിക്കിയപ്പോൾ അവൾ: “ഇങ്ങനെയായാൽ ഞാൻ എങ്ങനെ ജീവിക്കും” എന്നു പറഞ്ഞ്, യഹോവയോടു ചോദിക്കുവാൻ പോയി. യഹോവ അവളോട്: “രണ്ടു വംശങ്ങൾ നിന്റെ ഉദരത്തിൽ ഉണ്ട്. രണ്ടു വംശങ്ങൾ നിന്റെ ഉദരത്തിൽനിന്നു തന്നെ പിരിയും; ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും മൂത്തവൻ ഇളയവനെ സേവിക്കും” എന്നു അരുളിച്ചെയ്തു. അവൾക്കു പ്രസവകാലം തികഞ്ഞപ്പോൾ ഇരട്ടക്കുട്ടികൾ അവളുടെ ഗർഭത്തിൽ ഉണ്ടായിരുന്നു. ഒന്നാമത്തവൻ ചുവന്നവനായി പുറത്തു വന്നു, ശരീരം മുഴുവനും രോമംകൊണ്ടുള്ള വസ്ത്രംപോലെ ആയിരുന്നു; അവർ അവനു ഏശാവ് എന്നു പേരിട്ടു. പിന്നെ അവന്റെ സഹോദരൻ പുറത്തു വന്നു; അവന്റെ കൈ ഏശാവിന്റെ കുതികാൽ പിടിച്ചിരുന്നു; അവനു യാക്കോബ് എന്നു പേരിട്ടു. അവൾ അവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന് അറുപതു വയസ്സായിരുന്നു.
ഉൽപത്തി 25:5-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ അബ്രാഹാം തനിക്കുള്ളതൊക്കെയും യിസ്ഹാക്കിന്നു കൊടുത്തു. അബ്രാഹാമിന്നു ഉണ്ടായിരുന്ന വെപ്പാട്ടികളുടെ മക്കൾക്കോ അബ്രാഹാം ദാനങ്ങൾ കൊടുത്തു; താൻ ജീവനോടിരിക്കുമ്പോൾ തന്നേ അവരെ തന്റെ മകനായ യിസ്ഹാക്കിന്റെ അടുക്കൽനിന്നു കിഴക്കോട്ടു കിഴക്കുദേശത്തേക്കു അയച്ചു. അബ്രാഹാമിന്റെ ആയുഷ്കാലം നൂറ്റെഴുപത്തഞ്ചു സംവത്സരം ആയിരുന്നു. അബ്രാഹാം വയോധികനും കാലസമ്പൂർണ്ണനുമായി നല്ല വാർദ്ധക്യത്തിൽ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേർന്നു. അവന്റെ പുത്രന്മാരായ യിസ്ഹാക്കും യിശ്മായേലും കൂടി മമ്രേക്കരികെ സോഹരിന്റെ മകനായ എഫ്രോനെന്ന ഹിത്യന്റെ നിലത്തു മക്പേലാഗുഹയിൽ അവനെ അടക്കം ചെയ്തു. അബ്രാഹാം ഹിത്യരോടു വിലെക്കു വാങ്ങിയ നിലത്തു തന്നേ; അവിടെ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറയെയും അടക്കം ചെയ്തു. അബ്രാഹാം മരിച്ചശേഷം ദൈവം അവന്റെ മകനായ യിസ്ഹാക്കിനെ അനുഗ്രഹിച്ചു; യിസ്ഹാക്ക് ബേർലഹയിരോയീക്കരികെ പാർത്തു. സാറയുടെ മിസ്രയീമ്യദാസി ഹാഗാർ അബ്രാഹാമിന്നു പ്രസവിച്ച മകനായ യിശ്മായേലിന്റെ വംശപാരമ്പര്യം: അവരുടെ വംശാവലിപ്രകാരം പേരുപേരായി യിശ്മായേലിന്റെ പുത്രന്മാരുടെ പേരുകൾ ആവിതു: യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത്, കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ, മശ്ശാ, ഹദാദ്, തേമാ, യെതൂർ, നാഫീശ്, കേദെമാ. പന്ത്രണ്ടു പ്രഭുക്കന്മാരായ യിശ്മായേലിന്റെ പുത്രന്മാർ അവരുടെ ഊരുകളിലും പാളയങ്ങളിലും വംശംവംശമായി ഇവർ ആകുന്നു; അവരുടെ പേരുകൾ ഇവ തന്നേ. യിശ്മായേലിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു സംവത്സരം ആയിരുന്നു; അവൻ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേർന്നു. ഹവീലാ തുടങ്ങി അശ്ശൂരിലേക്കു പോകുന്ന വഴിയിൽ മിസ്രയീമിന്നു കിഴക്കുള്ള ശൂർവരെ അവർ കുടിയിരുന്നു; അവൻ തന്റെ സകലസഹോദരന്മാർക്കും എതിരെ പാർത്തു. അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിന്റെ വംശപാരമ്പര്യമാവിതു: അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. യിസ്ഹാക്കിന്നു നാല്പതു വയസ്സായപ്പോൾ അവൻ പദ്ദൻ-അരാമിലുള്ള അരാമ്യനായ ബെഥൂവേലിന്റെ പുത്രിയും അരാമ്യനായ ലാബാന്റെ സഹോദരിയുമായ റിബെക്കയെ ഭാര്യയായി പരിഗ്രഹിച്ചു. തന്റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ടു യിസ്ഹാക്ക് അവൾക്കു വേണ്ടി യഹോവയോടു പ്രാർത്ഥിച്ചു; യഹോവ അവന്റെ പ്രാർത്ഥന കേട്ടു; അവന്റെ ഭാര്യ റിബെക്കാ ഗർഭംധരിച്ചു. അവളുടെ ഉള്ളിൽ ശിശുക്കൾ തമ്മിൽ തിക്കിയപ്പോൾ അവൾ: ഇങ്ങനെയായാൽ ഞാൻ എന്തിന്നു ജീവിക്കുന്നു എന്നു പറഞ്ഞു യഹോവയോടു ചോദിപ്പാൻ പോയി. യഹോവ അവളോടു: രണ്ടുജാതികൾ നിന്റെ ഗർഭത്തിൽ ഉണ്ടു. രണ്ടു വംശങ്ങൾ നിന്റെ ഉദരത്തിൽനിന്നു തന്നേ പിരിയും; ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും മൂത്തവൻ ഇളയവനെ സേവിക്കും. എന്നു അരുളിച്ചെയ്തു. അവൾക്കു പ്രസവകാലം തികഞ്ഞപ്പോൾ ഇരട്ടപ്പിള്ളകൾ അവളുടെ ഗർഭത്തിൽ ഉണ്ടായിരുന്നു. ഒന്നാമത്തവൻ ചുവന്നവനായി പുറത്തുവന്നു, മേൽ മുഴുവനും രോമംകൊണ്ടുള്ള വസ്ത്രംപോലെ ഇരുന്നു; അവന്നു ഏശാവ് എന്നു പേരിട്ടു. പിന്നെ അവന്റെ സഹോദരൻ പുറത്തുവന്നു; അവന്റെ കൈ ഏശാവിന്റെ കുതികാൽ പിടിച്ചിരുന്നു; അവന്നു യാക്കോബ് എന്നു പേരിട്ടു. അവൾ അവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന്നു അറുപതു വയസ്സു ആയിരുന്നു.
ഉൽപത്തി 25:5-26 സമകാലിക മലയാളവിവർത്തനം (MCV)
അബ്രാഹാം തനിക്കുള്ളതെല്ലാം യിസ്ഹാക്കിനു വിട്ടുകൊടുത്തു. അദ്ദേഹം, ജീവിച്ചിരിക്കുമ്പോൾത്തന്നെ വെപ്പാട്ടികളുടെ പുത്രന്മാർക്കു ദാനങ്ങൾ നൽകി. അവരെ തന്റെ മകനായ യിസ്ഹാക്കിന്റെ അടുക്കൽനിന്ന് ദൂരെ കിഴക്കൻ പ്രദേശത്തേക്കയച്ചു. അബ്രാഹാം നൂറ്റിയെഴുപത്തഞ്ചു വർഷം ജീവിച്ചിരുന്നു. വയോധികനും കാലസമ്പൂർണനുമായിത്തീർന്ന അബ്രാഹാം തികഞ്ഞ വാർധക്യത്തിൽ മരിച്ചു തന്റെ ജനത്തോടു ചേർന്നു. അദ്ദേഹത്തിന്റെ പുത്രന്മാരായ യിസ്ഹാക്കും യിശ്മായേലുംകൂടി, ഹിത്യനായ സോഹരിന്റെ മകനായ എഫ്രോന്റെ പുരയിടത്തിൽ മമ്രേയ്ക്കു സമീപമുള്ള മക്പേലാഗുഹയിൽ അദ്ദേഹത്തെ അടക്കംചെയ്തു. ഈ ശ്മശാനഭൂമി അബ്രാഹാം ഹിത്യരോടു വിലയ്ക്കു വാങ്ങിയതായിരുന്നു. അവിടെ അബ്രാഹാം തന്റെ ഭാര്യയായ സാറയോടൊപ്പം അടക്കംചെയ്യപ്പെട്ടു. അബ്രാഹാമിന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ പുത്രനായ യിസ്ഹാക്കിനെ ദൈവം അനുഗ്രഹിച്ചു; യിസ്ഹാക്ക് ആ കാലത്ത് ബേർ-ലഹയീ-രോയീലായിരുന്നു താമസിച്ചിരുന്നത്. ഈജിപ്റ്റുകാരിയും സാറയുടെ ദാസിയുമായ ഹാഗാർ അബ്രാഹാമിനു പ്രസവിച്ച മകനായ യിശ്മായേലിനെ സംബന്ധിച്ച വിവരണം ഇതാണ്: യിശ്മായേലിന്റെ പുത്രന്മാരുടെ പേരുകൾ അവരുടെ ജനനക്രമം അനുസരിച്ച്: യിശ്മായേലിന്റെ ആദ്യജാതനായ നെബായോത്ത്, കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ, മസ്സാ, ഹദദ്, തേമാ, യെതൂർ, നാഫീശ്, കേദെമാ. ഇവരാണ് യിശ്മായേലിന്റെ പുത്രന്മാർ; തങ്ങളുടെ അധിനിവേശപ്രദേശങ്ങളും പാളയങ്ങളും അനുസരിച്ചു പന്ത്രണ്ടു ഗോത്രാധികാരികളുടെയും പേരുകൾ ഇവതന്നെ. യിശ്മായേൽ ആകെ നൂറ്റിമുപ്പത്തിയേഴു വർഷം ജീവിച്ചിരുന്നു. അദ്ദേഹം പ്രാണനെ വിട്ടു മരിച്ചു; സ്വന്തജനത്തോടു ചേർന്നു. യിശ്മായേലിന്റെ പിൻഗാമികൾ അശ്ശൂരിലേക്കുള്ള വഴിയിൽ, ഈജിപ്റ്റിന്റെ അതിരിനോടുചേർന്ന് ഹവീലാമുതൽ ശൂർവരെയുള്ള പ്രദേശത്തു സ്ഥിരതാമസമാക്കിയിരിക്കുന്നു. അവർ തങ്ങളുടെ സകലസഹോദരന്മാരോടും ശത്രുതപുലർത്തിക്കൊണ്ട് ജീവിച്ചു. അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിനെ സംബന്ധിച്ച വിവരണം: യിസ്ഹാക്ക് അബ്രാഹാമിന്റെ മകൻ. യിസ്ഹാക്കിനു നാൽപ്പതു വയസ്സായപ്പോൾ അദ്ദേഹം പദ്ദൻ-അരാമിൽ നിന്നുള്ള ബെഥൂവേലിന്റെ പുത്രിയും അരാമ്യനായ ലാബാന്റെ സഹോദരിയുമായ റിബേക്കയെ വിവാഹംചെയ്തു. യിസ്ഹാക്കിന്റെ ഭാര്യ വന്ധ്യയായിരുന്നതുകൊണ്ട് അദ്ദേഹം അവൾക്കുവേണ്ടി യഹോവയോടു പ്രാർഥിച്ചു. യഹോവ അദ്ദേഹത്തിന്റെ പ്രാർഥന കേട്ടു; യിസ്ഹാക്കിന്റെ ഭാര്യയായ റിബേക്കാ ഗർഭവതിയായി. അവളുടെ ഉള്ളിൽ കുട്ടികൾതമ്മിൽ തിക്കി. അപ്പോൾ അവൾ, “എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്?” എന്നു പറഞ്ഞുകൊണ്ട് യഹോവയോടു ചോദിക്കാൻ പോയി. യഹോവ അവളോട്: “നിന്റെ ഉദരത്തിൽ രണ്ടു ജനതകളാണുള്ളത്. നിന്റെ ഉള്ളിൽനിന്നുതന്നെ രണ്ടു ജനസമൂഹങ്ങൾ വേർതിരിക്കപ്പെടും; ഒരു ജനസമൂഹം മറ്റതിനെക്കാൾ പ്രബലമായിരിക്കും. മൂത്തവൻ ഇളയവനെ സേവിക്കും” എന്ന് അരുളിച്ചെയ്തു. അവളുടെ പ്രസവകാലം സമീപിച്ചു. അവളുടെ ഉദരത്തിൽ ഇരട്ട ആൺകുട്ടികൾ ഉണ്ടായിരുന്നു. ആദ്യം പിറന്നവൻ ചെമപ്പു നിറമുള്ളവനായിരുന്നു. അവന്റെ ദേഹം രോമക്കുപ്പായംപോലെ ആയിരുന്നു; അതുകൊണ്ട്, അവർ അവന് ഏശാവ് എന്നു പേരിട്ടു. അതിന്റെശേഷം അവന്റെ സഹോദരൻ പിറന്നു; അവൻ ഏശാവിന്റെ കുതികാലിൽ പിടിച്ചുകൊണ്ടാണു പുറത്തുവന്നത്. അതുകൊണ്ട് അവന് യാക്കോബ് എന്നു പേരിട്ടു. റിബേക്ക ഇവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന് അറുപതു വയസ്സായിരുന്നു.