ഉല്പ. 25:5-26

ഉല്പ. 25:5-26 IRVMAL

എന്നാൽ അബ്രാഹാം തനിക്കുള്ളതൊക്കെയും യിസ്ഹാക്കിനു കൊടുത്തു. അബ്രാഹാമിന് ഉണ്ടായിരുന്ന വെപ്പാട്ടികളുടെ മക്കൾക്കോ അബ്രാഹാം ദാനങ്ങൾ കൊടുത്തു; താൻ ജീവനോടിരിക്കുമ്പോൾ തന്നെ അവരെ തന്‍റെ മകനായ യിസ്ഹാക്കിന്‍റെ അടുക്കൽനിന്ന് കിഴക്കോട്ടു, കിഴക്കുദേശത്തേക്ക് അയച്ചു. അബ്രാഹാമിന്‍റെ ആയുഷ്കാലം നൂറ്റെഴുപത്തഞ്ചു (175) വർഷം ആയിരുന്നു. അബ്രാഹാം വയോധികനും കാലസമ്പൂർണ്ണനുമായി നല്ല വാർദ്ധക്യത്തിൽ മരിച്ചു, തന്‍റെ ജനത്തോടു ചേർന്നു. അവന്‍റെ പുത്രന്മാരായ യിസ്ഹാക്കും യിശ്മായേലും കൂടി മമ്രേക്കരികെ സോഹരിൻ്റെ മകനായ എഫ്രോനെന്ന ഹിത്യൻ്റെ നിലത്ത് മക്പേലാഗുഹയിൽ അവനെ അടക്കം ചെയ്തു. അബ്രാഹാം ഹിത്യരോടു വിലയ്ക്കു വാങ്ങിയ നിലത്തു തന്നെ; അവിടെ അബ്രാഹാമിനെയും അവന്‍റെ ഭാര്യയായ സാറായെയും അടക്കം ചെയ്തു. അബ്രാഹാം മരിച്ചശേഷം ദൈവം അവന്‍റെ മകനായ യിസ്ഹാക്കിനെ അനുഗ്രഹിച്ചു; യിസ്ഹാക്ക് ബേർലഹയിരോയീക്കരികെ വസിച്ചു. സാറായുടെ മിസ്രയീമ്യ ദാസി ഹാഗാർ അബ്രാഹാമിനു പ്രസവിച്ച മകനായ യിശ്മായേലിന്‍റെ വംശപാരമ്പര്യം: അവരുടെ ജനനക്രമം അനുസരിച്ച് പേരുപേരായി യിശ്മായേലിന്‍റെ പുത്രന്മാരുടെ പേരുകൾ ഇവയാണ്: യിശ്മായേലിന്‍റെ ആദ്യജാതൻ നെബായോത്ത്, കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ, മസ്സാ, ഹദാദ്, തേമാ, യെതൂർ, നാഫീശ്, കേദമാ. പന്ത്രണ്ട് പ്രഭുക്കന്മാരായ യിശ്മായേലിന്‍റെ പുത്രന്മാർ അവരുടെ ഗ്രാമങ്ങളിലും പാളയങ്ങളിലും വംശംവംശമായി ഇവർ ആകുന്നു; അവരുടെ പേരുകൾ ഇവ തന്നെ. യിശ്മായേലിന്‍റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു (137) വർഷം ആയിരുന്നു; അവൻ മരിച്ചു, തന്‍റെ ജനത്തോടു ചേർന്നു. ഹവീലായിൽ നിന്ന് അശ്ശൂരിലേക്കു പോകുന്ന വഴിയിൽ മിസ്രയീമിനു കിഴക്കുള്ള ശൂർവരെ അവർ പാർത്തിരുന്നു; അവർ ചാർച്ചക്കാരിൽ നിന്നെല്ലാം അകന്നാണു ജീവിച്ചത്. അബ്രാഹാമിന്‍റെ മകനായ യിസ്ഹാക്കിന്‍റെ വംശപാരമ്പര്യമാണിത്: അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. യിസ്ഹാക്കിനു നാല്പതു വയസ്സായപ്പോൾ അവൻ പദ്ദൻ-അരാമിലുള്ള അരാമ്യനായ ബെഥൂവേലിൻ്റെ പുത്രിയും അരാമ്യനായ ലാബാൻ്റെ സഹോദരിയുമായ റിബെക്കായെ ഭാര്യയായി സ്വീകരിച്ചു. തന്‍റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ട് യിസ്ഹാക്ക് അവൾക്കുവേണ്ടി യഹോവയോടു പ്രാർത്ഥിച്ചു; യഹോവ അവന്‍റെ പ്രാർത്ഥന കേട്ടു; അവന്‍റെ ഭാര്യ റിബെക്കാ ഗർഭംധരിച്ചു. അവളുടെ ഉള്ളിൽ ശിശുക്കൾ തമ്മിൽ തിക്കിയപ്പോൾ അവൾ: “ഇങ്ങനെയായാൽ ഞാൻ എങ്ങനെ ജീവിക്കും” എന്നു പറഞ്ഞ്, യഹോവയോടു ചോദിക്കുവാൻ പോയി. യഹോവ അവളോട്: “രണ്ടു വംശങ്ങൾ നിന്‍റെ ഉദരത്തിൽ ഉണ്ട്. രണ്ടു വംശങ്ങൾ നിന്‍റെ ഉദരത്തിൽനിന്നു തന്നെ പിരിയും; ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും മൂത്തവൻ ഇളയവനെ സേവിക്കും” എന്നു അരുളിച്ചെയ്തു. അവൾക്കു പ്രസവകാലം തികഞ്ഞപ്പോൾ ഇരട്ടക്കുട്ടികൾ അവളുടെ ഗർഭത്തിൽ ഉണ്ടായിരുന്നു. ഒന്നാമത്തവൻ ചുവന്നവനായി പുറത്തു വന്നു, ശരീരം മുഴുവനും രോമംകൊണ്ടുള്ള വസ്ത്രംപോലെ ആയിരുന്നു; അവർ അവനു ഏശാവ് എന്നു പേരിട്ടു. പിന്നെ അവന്‍റെ സഹോദരൻ പുറത്തു വന്നു; അവന്‍റെ കൈ ഏശാവിന്‍റെ കുതികാൽ പിടിച്ചിരുന്നു; അവനു യാക്കോബ് എന്നു പേരിട്ടു. അവൾ അവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന് അറുപതു വയസ്സായിരുന്നു.

ഉല്പ. 25:5-26 - നുള്ള വീഡിയോ