അബ്രഹാം തനിക്കുണ്ടായിരുന്നതെല്ലാം ഇസ്ഹാക്കിനു കൊടുത്തു. ഉപഭാര്യമാരിൽ ജനിച്ച മക്കൾക്കും തന്റെ ജീവിതകാലത്തുതന്നെ സമ്മാനങ്ങൾ നല്‌കി. അബ്രഹാം ജീവിച്ചിരിക്കുമ്പോൾതന്നെ അവരെ പുത്രനായ ഇസ്ഹാക്കിന്റെ അടുക്കൽ നിന്നകറ്റി കിഴക്ക് ഒരു സ്ഥലത്ത് പറഞ്ഞയച്ചു. നൂറ്റിഎഴുപത്തിയഞ്ചാമത്തെ വയസ്സിൽ തികഞ്ഞ വാർധക്യത്തിൽ അബ്രഹാം ചരമമടഞ്ഞു, പിതാക്കന്മാരോടു ചേർന്നു. പുത്രന്മാരായ ഇസ്ഹാക്കും ഇശ്മായേലുംകൂടി മമ്രെക്കു കിഴക്കു ഹിത്യനായ സോഹരിന്റെ മകൻ എഫ്രോന്റെ നിലത്തിലുള്ള മക്പേലാ ഗുഹയിൽ അദ്ദേഹത്തെ സംസ്കരിച്ചു. അത് ഹിത്യരിൽനിന്ന് അബ്രഹാം വിലയ്‍ക്കു വാങ്ങിയതായിരുന്നു. അവിടെ സാറായെ സംസ്കരിച്ചിടത്തു തന്നെ അബ്രഹാമിനെയും സംസ്കരിച്ചു. അബ്രഹാമിന്റെ മരണശേഷം അദ്ദേഹത്തിന്റെ പുത്രനായ ഇസ്ഹാക്കിനെ ദൈവം അനുഗ്രഹിച്ചു. ഇസ്ഹാക്ക് ബേർ- ലഹയീ-രോയീയിലാണ് അപ്പോൾ പാർത്തിരുന്നത്. ഈജിപ്തുകാരിയും സാറായുടെ ദാസിയുമായിരുന്ന ഹാഗാറിൽ അബ്രഹാമിനു ജനിച്ച ഇശ്മായേലിന്റെ പിൻതലമുറക്കാർ ഇവരായിരുന്നു. ഇശ്മായേലിന്റെ പുത്രന്മാർ: ആദ്യജാതൻ നെബായോത്ത്, മറ്റുള്ളവർ: കേദാർ, അദ്ബയേൽ, മിബ്ശാം, മിശ്മ, ദൂമാ, മശ്ശ, ഹദാദ്, തേമ, യതൂർ, നാഫിശ്, കേദെമാ. പന്ത്രണ്ടു ഗോത്രങ്ങളുടെ നായകന്മാർ ഇവരാണ്. അവർ പാർത്തിരുന്ന സ്ഥലങ്ങളും ഗ്രാമങ്ങളും ഈ പേരുകളിൽതന്നെ അറിയപ്പെട്ടിരുന്നു. ഇശ്മായേൽ നൂറ്റിമുപ്പത്തി ഏഴാമത്തെ വയസ്സിൽ മരിച്ചു പൂർവ്വികന്മാരോടു ചേർന്നു. ഹവീലാമുതൽ ഈജിപ്തിനു കിഴക്ക് അശ്ശൂരിലേക്കുള്ള വഴിയിൽ ശൂർവരെ ഇശ്മായേലിന്റെ പുത്രന്മാർ കുടിയേറിപ്പാർത്തു. അവർ ചാർച്ചക്കാരിൽനിന്ന് അകന്നായിരുന്നു വസിച്ചത്. അബ്രഹാമിന്റെ പുത്രനായ ഇസ്ഹാക്കിന്റെ വംശപാരമ്പര്യം. പദ്ദൻ-അരാമിലെ ബെഥൂവേലിന്റെ പുത്രിയും ലാബാന്റെ സഹോദരിയുമായ റിബേക്കായെ വിവാഹം ചെയ്യുമ്പോൾ ഇസ്ഹാക്കിനു നാല്പതു വയസ്സായിരുന്നു. അവർ അരാമ്യരായിരുന്നു. തന്റെ ഭാര്യ വന്ധ്യ ആയതിനാൽ ഇസ്ഹാക്ക് അവൾക്കുവേണ്ടി സർവേശ്വരനോടു പ്രാർഥിച്ചു. അവിടുന്നു പ്രാർഥന കേട്ടു; അവൾ ഗർഭിണിയായി. പ്രസവത്തിനു മുമ്പ് ഗർഭസ്ഥശിശുക്കൾ തമ്മിൽ മല്ലിട്ടപ്പോൾ അവൾ സ്വയം പറഞ്ഞു: “ഇങ്ങനെയെങ്കിൽ ഞാൻ എന്തിനു ജീവിക്കുന്നു?” അവൾ സർവേശ്വരനോടു പ്രാർഥിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “നിന്റെ ഉദരത്തിൽ രണ്ടു ജനതകളാണ് ഉള്ളത്. അന്യോന്യം മത്സരിക്കുന്ന രണ്ടു ജനതകൾക്കു നീ ജന്മം നല്‌കും. ഒരു വംശം മറ്റേതിനെക്കാൾ ശക്തമായിരിക്കും; ജ്യേഷ്ഠൻ അനുജനെ സേവിക്കും.” റിബേക്കായ്‍ക്ക് പ്രസവകാലം തികഞ്ഞു. അവളുടെ ഗർഭപാത്രത്തിൽ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. ആദ്യജാതൻ ചുവന്ന നിറമുള്ളവനും അവന്റെ ശരീരം രോമാവൃതവും ആയിരുന്നു. അതുകൊണ്ട് അവനെ ഏശാവ് എന്നു വിളിച്ചു. പിന്നീട് അവന്റെ സഹോദരൻ പുറത്തുവന്നു; അവൻ ഏശാവിന്റെ കുതികാലിൽ പിടിച്ചിരുന്നു; അതുകൊണ്ട് യാക്കോബ് എന്നു പേരിട്ടു. അവർ ജനിച്ചപ്പോൾ ഇസ്ഹാക്കിന് അറുപതു വയസ്സായിരുന്നു.
GENESIS 25 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: GENESIS 25:5-26
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ