അബ്രാഹാം തനിക്കുള്ളതെല്ലാം യിസ്ഹാക്കിനു വിട്ടുകൊടുത്തു. അദ്ദേഹം, ജീവിച്ചിരിക്കുമ്പോൾത്തന്നെ വെപ്പാട്ടികളുടെ പുത്രന്മാർക്കു ദാനങ്ങൾ നൽകി. അവരെ തന്റെ മകനായ യിസ്ഹാക്കിന്റെ അടുക്കൽനിന്ന് ദൂരെ കിഴക്കൻ പ്രദേശത്തേക്കയച്ചു. അബ്രാഹാം നൂറ്റിയെഴുപത്തഞ്ചു വർഷം ജീവിച്ചിരുന്നു. വയോധികനും കാലസമ്പൂർണനുമായിത്തീർന്ന അബ്രാഹാം തികഞ്ഞ വാർധക്യത്തിൽ മരിച്ചു തന്റെ ജനത്തോടു ചേർന്നു. അദ്ദേഹത്തിന്റെ പുത്രന്മാരായ യിസ്ഹാക്കും യിശ്മായേലുംകൂടി, ഹിത്യനായ സോഹരിന്റെ മകനായ എഫ്രോന്റെ പുരയിടത്തിൽ മമ്രേയ്ക്കു സമീപമുള്ള മക്പേലാഗുഹയിൽ അദ്ദേഹത്തെ അടക്കംചെയ്തു. ഈ ശ്മശാനഭൂമി അബ്രാഹാം ഹിത്യരോടു വിലയ്ക്കു വാങ്ങിയതായിരുന്നു. അവിടെ അബ്രാഹാം തന്റെ ഭാര്യയായ സാറയോടൊപ്പം അടക്കംചെയ്യപ്പെട്ടു. അബ്രാഹാമിന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ പുത്രനായ യിസ്ഹാക്കിനെ ദൈവം അനുഗ്രഹിച്ചു; യിസ്ഹാക്ക് ആ കാലത്ത് ബേർ-ലഹയീ-രോയീലായിരുന്നു താമസിച്ചിരുന്നത്. ഈജിപ്റ്റുകാരിയും സാറയുടെ ദാസിയുമായ ഹാഗാർ അബ്രാഹാമിനു പ്രസവിച്ച മകനായ യിശ്മായേലിനെ സംബന്ധിച്ച വിവരണം ഇതാണ്: യിശ്മായേലിന്റെ പുത്രന്മാരുടെ പേരുകൾ അവരുടെ ജനനക്രമം അനുസരിച്ച്: യിശ്മായേലിന്റെ ആദ്യജാതനായ നെബായോത്ത്, കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ, മസ്സാ, ഹദദ്, തേമാ, യെതൂർ, നാഫീശ്, കേദെമാ. ഇവരാണ് യിശ്മായേലിന്റെ പുത്രന്മാർ; തങ്ങളുടെ അധിനിവേശപ്രദേശങ്ങളും പാളയങ്ങളും അനുസരിച്ചു പന്ത്രണ്ടു ഗോത്രാധികാരികളുടെയും പേരുകൾ ഇവതന്നെ. യിശ്മായേൽ ആകെ നൂറ്റിമുപ്പത്തിയേഴു വർഷം ജീവിച്ചിരുന്നു. അദ്ദേഹം പ്രാണനെ വിട്ടു മരിച്ചു; സ്വന്തജനത്തോടു ചേർന്നു. യിശ്മായേലിന്റെ പിൻഗാമികൾ അശ്ശൂരിലേക്കുള്ള വഴിയിൽ, ഈജിപ്റ്റിന്റെ അതിരിനോടുചേർന്ന് ഹവീലാമുതൽ ശൂർവരെയുള്ള പ്രദേശത്തു സ്ഥിരതാമസമാക്കിയിരിക്കുന്നു. അവർ തങ്ങളുടെ സകലസഹോദരന്മാരോടും ശത്രുതപുലർത്തിക്കൊണ്ട് ജീവിച്ചു. അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിനെ സംബന്ധിച്ച വിവരണം: യിസ്ഹാക്ക് അബ്രാഹാമിന്റെ മകൻ. യിസ്ഹാക്കിനു നാൽപ്പതു വയസ്സായപ്പോൾ അദ്ദേഹം പദ്ദൻ-അരാമിൽ നിന്നുള്ള ബെഥൂവേലിന്റെ പുത്രിയും അരാമ്യനായ ലാബാന്റെ സഹോദരിയുമായ റിബേക്കയെ വിവാഹംചെയ്തു. യിസ്ഹാക്കിന്റെ ഭാര്യ വന്ധ്യയായിരുന്നതുകൊണ്ട് അദ്ദേഹം അവൾക്കുവേണ്ടി യഹോവയോടു പ്രാർഥിച്ചു. യഹോവ അദ്ദേഹത്തിന്റെ പ്രാർഥന കേട്ടു; യിസ്ഹാക്കിന്റെ ഭാര്യയായ റിബേക്കാ ഗർഭവതിയായി. അവളുടെ ഉള്ളിൽ കുട്ടികൾതമ്മിൽ തിക്കി. അപ്പോൾ അവൾ, “എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്?” എന്നു പറഞ്ഞുകൊണ്ട് യഹോവയോടു ചോദിക്കാൻ പോയി. യഹോവ അവളോട്: “നിന്റെ ഉദരത്തിൽ രണ്ടു ജനതകളാണുള്ളത്. നിന്റെ ഉള്ളിൽനിന്നുതന്നെ രണ്ടു ജനസമൂഹങ്ങൾ വേർതിരിക്കപ്പെടും; ഒരു ജനസമൂഹം മറ്റതിനെക്കാൾ പ്രബലമായിരിക്കും. മൂത്തവൻ ഇളയവനെ സേവിക്കും” എന്ന് അരുളിച്ചെയ്തു. അവളുടെ പ്രസവകാലം സമീപിച്ചു. അവളുടെ ഉദരത്തിൽ ഇരട്ട ആൺകുട്ടികൾ ഉണ്ടായിരുന്നു. ആദ്യം പിറന്നവൻ ചെമപ്പു നിറമുള്ളവനായിരുന്നു. അവന്റെ ദേഹം രോമക്കുപ്പായംപോലെ ആയിരുന്നു; അതുകൊണ്ട്, അവർ അവന് ഏശാവ് എന്നു പേരിട്ടു. അതിന്റെശേഷം അവന്റെ സഹോദരൻ പിറന്നു; അവൻ ഏശാവിന്റെ കുതികാലിൽ പിടിച്ചുകൊണ്ടാണു പുറത്തുവന്നത്. അതുകൊണ്ട് അവന് യാക്കോബ് എന്നു പേരിട്ടു. റിബേക്ക ഇവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന് അറുപതു വയസ്സായിരുന്നു.
ഉൽപ്പത്തി 25 വായിക്കുക
കേൾക്കുക ഉൽപ്പത്തി 25
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഉൽപ്പത്തി 25:5-26
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ