യെഹെസ്കേൽ 3:4-10

യെഹെസ്കേൽ 3:4-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പിന്നെ അവൻ എന്നോടു കല്പിച്ചത്: മനുഷ്യപുത്രാ, നീ യിസ്രായേൽഗൃഹത്തിന്റെ അടുക്കൽ ചെന്ന് എന്റെ വചനങ്ങളെ അവരോടു പ്രസ്താവിക്ക. അവ്യക്തവാക്കും കനത്തനാവും ഉള്ള ജാതികളുടെ അടുക്കൽ അല്ല, യിസ്രായേൽഗൃഹത്തിന്റെ അടുക്കലത്രേ നിന്നെ അയയ്ക്കുന്നത്; അവ്യക്തവാക്കും കനത്തനാവും ഉള്ളവരായി, നിനക്കു വാക്കു ഗ്രഹിച്ചു കൂടാത്ത അനേകം ജാതികളുടെ അടുക്കലല്ല; അവരുടെ അടുക്കൽ ഞാൻ നിന്നെ അയച്ചെങ്കിൽ അവർ നിന്റെ വാക്കു കേൾക്കുമായിരുന്നു. യിസ്രായേൽഗൃഹമോ നിന്റെ വാക്കു കേൾക്കയില്ല; എന്റെ വാക്കു കേൾപ്പാൻ അവർക്കു മനസ്സില്ലല്ലോ; യിസ്രായേൽഗൃഹമൊക്കെയും കടുത്ത നെറ്റിയും കഠിനഹൃദയവും ഉള്ളവരത്രേ. എന്നാൽ ഞാൻ നിന്റെ മുഖം അവരുടെ മുഖത്തിനു നേരേ കഠിനവും നിന്റെ നെറ്റി അവരുടെ നെറ്റിക്കു നേരേ കടുപ്പവും ആക്കിയിരിക്കുന്നു. ഞാൻ നിന്റെ നെറ്റി തീക്കല്ലിനെക്കാൾ കടുപ്പമുള്ള വജ്രംപോലെ ആക്കിയിരിക്കുന്നു; അവർ മത്സരഗൃഹമെങ്കിലും നീ അവരെ പേടിക്കരുത്; അവരുടെ നോട്ടം കണ്ടു ഭ്രമിക്കയുമരുത്. അവൻ പിന്നെയും എന്നോടു കല്പിച്ചത്: മനുഷ്യപുത്രാ, ഞാൻ നിന്നോടു സംസാരിക്കുന്ന വചനങ്ങളൊക്കെയും ചെവികൊണ്ടു കേട്ടു ഹൃദയത്തിൽ കൈക്കൊൾക.

യെഹെസ്കേൽ 3:4-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“മനുഷ്യപുത്രാ, നീ പോയി ഇസ്രായേൽ ജനത്തോട് എന്റെ വചനം അറിയിക്കുക” എന്ന് അവിടുന്ന് എന്നോടു കല്പിച്ചു. “വിദേശഭാഷ സംസാരിക്കുകയും ദുർഗ്രഹമായ ശൈലി ഉപയോഗിക്കുകയും ചെയ്യുന്നവരുടെ അടുക്കലേക്കല്ല, ഇസ്രായേൽജനത്തിന്റെ അടുക്കലേക്കാണ് ഞാൻ നിന്നെ അയയ്‍ക്കുന്നത്. നിനക്കു ഗ്രഹിക്കാൻ കഴിയാത്ത ഭാഷ സംസാരിക്കുന്നവരുടെ അടുക്കലേക്കു ഞാൻ നിന്നെ അയച്ചിരുന്നെങ്കിൽ നിശ്ചയമായും നീ പറയുന്നത് അവർ ശ്രദ്ധിക്കുമായിരുന്നു. ഇസ്രായേൽജനത നിന്റെ വാക്കു ശ്രദ്ധിക്കുകയില്ല. എന്റെ വാക്കു ശ്രദ്ധിക്കാൻ അവർക്കു മനസ്സില്ലല്ലോ. അവർ കഠിനഹൃദയരും മർക്കടമുഷ്‍ടികളും ആകുന്നു. ഞാൻ നിന്നെ അവരെപ്പോലെ വഴങ്ങാത്തവനും കഠിനഹൃദയനുമാക്കും. ഞാൻ നിന്നെ തീക്കല്ലിനെക്കാൾ കടുത്ത ശിലപോലെ കഠിനമാക്കിയിരിക്കുന്നു. നീ അവരെ പേടിക്കരുത്. അവരുടെ നോട്ടം കണ്ടു ഭയപ്പെടരുത്. അവർ ധിക്കാരികളായ ജനമാണ്.” അവിടുന്നു തുടർന്നു കല്പിച്ചു: “മനുഷ്യപുത്രാ, ഞാൻ നിന്നോടു പറയുന്ന വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുകയും ഗ്രഹിക്കുകയും ചെയ്യുക.

യെഹെസ്കേൽ 3:4-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

പിന്നെ അവിടുന്ന് എന്നോട് കല്പിച്ചത്: “മനുഷ്യപുത്രാ, നീ യിസ്രായേൽ ഗൃഹത്തിന്‍റെ അടുക്കൽ ചെന്നു എന്‍റെ വചനങ്ങൾ അവരോടു പ്രസ്താവിക്കുക. അവ്യക്തവാക്കും കടുത്ത ഭാഷയും ഉള്ള ജനതയുടെ അടുക്കൽ അല്ല, യിസ്രായേൽ ഗൃഹത്തിന്‍റെ അടുക്കലേക്കാകുന്നു നിന്നെ അയയ്ക്കുന്നത്; അവ്യക്തവാക്കും കടുത്ത ഭാഷയും ഉള്ളവരും, നിനക്കു വാക്ക് ഗ്രഹിച്ചുകൂടാത്തവരുമായ അനേകം ജനതകളുടെ അടുക്കലേക്കല്ല; അവരുടെ അടുക്കൽ ഞാൻ നിന്നെ അയച്ചെങ്കിൽ അവർ നിന്‍റെ വാക്ക് കേൾക്കുമായിരുന്നു. യിസ്രായേൽഗൃഹമോ നിന്‍റെ വാക്ക് കേൾക്കുകയില്ല; എന്‍റെ വാക്ക് കേൾക്കുവാൻ അവർക്ക് മനസ്സില്ലല്ലോ; യിസ്രായേൽഗൃഹമെല്ലാം ദുശ്ശാഠ്യവും കഠിനഹൃദയവും ഉള്ളവരാകുന്നു. എന്നാൽ ഞാൻ നിന്‍റെ മുഖം അവരുടെ മുഖത്തിനുനേരെ കഠിനവും നിന്‍റെ നെറ്റി അവരുടെ നെറ്റിക്കു നേരെ കടുപ്പവും ആക്കിയിരിക്കുന്നു. ഞാൻ നിന്‍റെ നെറ്റി തീക്കല്ലിനെക്കാൾ കടുപ്പമുള്ള വജ്രംപോലെ ആക്കിയിരിക്കുന്നു; അവർ മത്സരഗൃഹമെങ്കിലും നീ അവരെ പേടിക്കരുത്; അവരുടെ നോട്ടം കണ്ടു ഭ്രമിക്കുകയുമരുത്.” യഹോവ പിന്നെയും എന്നോട് കല്പിച്ചത്: “മനുഷ്യപുത്രാ, ഞാൻ നിന്നോട് സംസാരിക്കുന്ന വചനങ്ങളെല്ലാം ചെവികൊണ്ട് കേട്ടു ഹൃദയത്തിൽ കൈക്കൊള്ളുക.

യെഹെസ്കേൽ 3:4-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പിന്നെ അവൻ എന്നോടു കല്പിച്ചതു: മനുഷ്യപുത്രാ, നീ യിസ്രായേൽഗൃഹത്തിന്റെ അടുക്കൽ ചെന്നു എന്റെ വചനങ്ങളെ അവരോടു പ്രസ്താവിക്ക. അവ്യക്തവാക്കും കനത്ത നാവും ഉള്ള ജാതിയുടെ അടുക്കൽ അല്ല, യിസ്രായേൽഗൃഹത്തിന്റെ അടുക്കലത്രേ നിന്നെ അയക്കുന്നതു; അവ്യക്തവാക്കും കനത്ത നാവും ഉള്ളവരായി, നിനക്കു വാക്കു ഗ്രഹിച്ചുകൂടാത്ത അനേകം ജാതികളുടെ അടുക്കലല്ല; അവരുടെ അടുക്കൽ ഞാൻ നിന്നെ അയച്ചെങ്കിൽ അവർ നിന്റെ വാക്കു കേൾക്കുമായിരുന്നു. യിസ്രായേൽഗൃഹമോ നിന്റെ വാക്കു കേൾക്കയില്ല; എന്റെ വാക്കു കേൾപ്പാൻ അവർക്കു മനസ്സില്ലല്ലോ; യിസ്രായേൽഗൃഹമൊക്കെയും കടുത്ത നെറ്റിയും കഠിനഹൃദയവും ഉള്ളവരത്രെ. എന്നാൽ ഞാൻ നിന്റെ മുഖം അവരുടെ മുഖത്തിന്നു നേരെ കഠിനവും നിന്റെ നെറ്റി അവരുടെ നെറ്റിക്കു നേരെ കടുപ്പവും ആക്കിയിരിക്കുന്നു. ഞാൻ നിന്റെ നെറ്റി തീക്കല്ലിനെക്കാൾ കടുപ്പമുള്ള വജ്രംപോലെ ആക്കിയിരിക്കുന്നു; അവർ മത്സരഗൃഹമെങ്കിലും നീ അവരെ പേടിക്കരുതു; അവരുടെ നോട്ടം കണ്ടു ഭ്രമിക്കയുമരുതു. അവൻ പിന്നെയും എന്നോടു കല്പിച്ചതു: മനുഷ്യപുത്രാ, ഞാൻ നിന്നോടു സംസാരിക്കുന്ന വചനങ്ങളൊക്കെയും ചെവികൊണ്ടു കേട്ടു ഹൃദയത്തിൽ കൈക്കൊൾക.

യെഹെസ്കേൽ 3:4-10 സമകാലിക മലയാളവിവർത്തനം (MCV)

അതിനുശേഷം അവിടന്ന് എന്നോടു കൽപ്പിച്ചു: “മനുഷ്യപുത്രാ, നീ ഇസ്രായേൽജനത്തിന്റെ അടുക്കൽച്ചെന്ന് എന്റെ വചനങ്ങൾ അവരോടു സംസാരിക്കുക. അജ്ഞാതഭാഷണവും അപരിചിതഭാഷയുമുള്ള ഒരു ജനത്തിന്റെ അടുക്കലേക്കല്ല, ഇസ്രായേൽജനത്തിന്റെ അടുത്തേക്കാണ് ഞാൻ നിന്നെ അയയ്ക്കുന്നത്. അജ്ഞാതഭാഷണവും അപരിചിതഭാഷയുമുള്ള അനേകം ജനതകളുടെ അടുക്കലേക്കല്ല ഞാൻ നിന്നെ അയയ്ക്കുന്നത്. അവരുടെ അടുക്കലേക്കു നിന്നെ അയച്ചിരുന്നെങ്കിൽ അവർ തീർച്ചയായും നിന്റെ വാക്കുകൾ കേൾക്കുമായിരുന്നു. എന്നാൽ ഇസ്രായേൽജനമോ, നിന്റെ വാക്കു കേൾക്കുകയില്ല; കാരണം എന്റെ വാക്കു കേൾക്കാൻ അവർക്കു മനസ്സില്ലായിരുന്നു. തീർച്ചയായും ഇസ്രായേൽഗൃഹം മുഴുവനും ദുശ്ശാഠ്യക്കാരും കഠിനഹൃദയരുമാണല്ലോ. ഇതാ, ഞാൻ നിന്റെ മുഖത്തെ അവരുടെ മുഖത്തിനുനേരേ കഠിനവും നിന്റെ നെറ്റിയെ അവരുടെ നെറ്റിക്കുനേരേ കടുപ്പവുമാക്കും; അതേ, ഞാൻ നിന്റെ നെറ്റിയെ തീക്കല്ലിനെക്കാൾ കടുപ്പമുള്ള വജ്രംപോലെയാക്കും. അവർ മത്സരിക്കുന്ന ജനതയെങ്കിലും അവരെ ഭയപ്പെടരുത്; അവരുടെമുമ്പിൽ ഭ്രമിച്ചുപോകുകയുമരുത്.” അവിടന്ന് വീണ്ടും എന്നോടു കൽപ്പിച്ചു: “മനുഷ്യപുത്രാ, ഞാൻ നിന്നോടു കൽപ്പിക്കുന്ന സകലവചനങ്ങളും ശ്രദ്ധയോടെ കേട്ട് ഹൃദയത്തിൽ സംഗ്രഹിക്കുക.