യെഹെസ്കേൽ 3:4-10

യെഹെസ്കേൽ 3:4-10 MCV

അതിനുശേഷം അവിടന്ന് എന്നോടു കൽപ്പിച്ചു: “മനുഷ്യപുത്രാ, നീ ഇസ്രായേൽജനത്തിന്റെ അടുക്കൽച്ചെന്ന് എന്റെ വചനങ്ങൾ അവരോടു സംസാരിക്കുക. അജ്ഞാതഭാഷണവും അപരിചിതഭാഷയുമുള്ള ഒരു ജനത്തിന്റെ അടുക്കലേക്കല്ല, ഇസ്രായേൽജനത്തിന്റെ അടുത്തേക്കാണ് ഞാൻ നിന്നെ അയയ്ക്കുന്നത്. അജ്ഞാതഭാഷണവും അപരിചിതഭാഷയുമുള്ള അനേകം ജനതകളുടെ അടുക്കലേക്കല്ല ഞാൻ നിന്നെ അയയ്ക്കുന്നത്. അവരുടെ അടുക്കലേക്കു നിന്നെ അയച്ചിരുന്നെങ്കിൽ അവർ തീർച്ചയായും നിന്റെ വാക്കുകൾ കേൾക്കുമായിരുന്നു. എന്നാൽ ഇസ്രായേൽജനമോ, നിന്റെ വാക്കു കേൾക്കുകയില്ല; കാരണം എന്റെ വാക്കു കേൾക്കാൻ അവർക്കു മനസ്സില്ലായിരുന്നു. തീർച്ചയായും ഇസ്രായേൽഗൃഹം മുഴുവനും ദുശ്ശാഠ്യക്കാരും കഠിനഹൃദയരുമാണല്ലോ. ഇതാ, ഞാൻ നിന്റെ മുഖത്തെ അവരുടെ മുഖത്തിനുനേരേ കഠിനവും നിന്റെ നെറ്റിയെ അവരുടെ നെറ്റിക്കുനേരേ കടുപ്പവുമാക്കും; അതേ, ഞാൻ നിന്റെ നെറ്റിയെ തീക്കല്ലിനെക്കാൾ കടുപ്പമുള്ള വജ്രംപോലെയാക്കും. അവർ മത്സരിക്കുന്ന ജനതയെങ്കിലും അവരെ ഭയപ്പെടരുത്; അവരുടെമുമ്പിൽ ഭ്രമിച്ചുപോകുകയുമരുത്.” അവിടന്ന് വീണ്ടും എന്നോടു കൽപ്പിച്ചു: “മനുഷ്യപുത്രാ, ഞാൻ നിന്നോടു കൽപ്പിക്കുന്ന സകലവചനങ്ങളും ശ്രദ്ധയോടെ കേട്ട് ഹൃദയത്തിൽ സംഗ്രഹിക്കുക.