EZEKIELA 3

3
1“മനുഷ്യപുത്രാ, ഈ ചുരുൾ നീ ഭക്ഷിക്കുക. പിന്നീടു പോയി ഇസ്രായേൽജനത്തോടു സംസാരിക്കുക” എന്നു ദൈവം എന്നോട് അരുളിച്ചെയ്തു. 2ഞാൻ വായ് തുറന്നു. അവിടുന്ന് ആ ചുരുൾ എനിക്കു തിന്നാൻ തന്നു. 3“മനുഷ്യപുത്രാ, ഈ ചുരുൾ തിന്നു നിന്റെ ഉദരം നിറയ്‍ക്കുക” എന്ന് അവിടുന്നു കല്പിച്ചു. ഞാൻ തിന്നു; അത് എന്റെ നാവിൽ തേൻപോലെ മധുരിച്ചു.
4“മനുഷ്യപുത്രാ, നീ പോയി ഇസ്രായേൽ ജനത്തോട് എന്റെ വചനം അറിയിക്കുക” എന്ന് അവിടുന്ന് എന്നോടു കല്പിച്ചു. 5“വിദേശഭാഷ സംസാരിക്കുകയും ദുർഗ്രഹമായ ശൈലി ഉപയോഗിക്കുകയും ചെയ്യുന്നവരുടെ അടുക്കലേക്കല്ല, ഇസ്രായേൽജനത്തിന്റെ അടുക്കലേക്കാണ് ഞാൻ നിന്നെ അയയ്‍ക്കുന്നത്. 6നിനക്കു ഗ്രഹിക്കാൻ കഴിയാത്ത ഭാഷ സംസാരിക്കുന്നവരുടെ അടുക്കലേക്കു ഞാൻ നിന്നെ അയച്ചിരുന്നെങ്കിൽ നിശ്ചയമായും നീ പറയുന്നത് അവർ ശ്രദ്ധിക്കുമായിരുന്നു. 7ഇസ്രായേൽജനത നിന്റെ വാക്കു ശ്രദ്ധിക്കുകയില്ല. എന്റെ വാക്കു ശ്രദ്ധിക്കാൻ അവർക്കു മനസ്സില്ലല്ലോ. അവർ കഠിനഹൃദയരും മർക്കടമുഷ്‍ടികളും ആകുന്നു. 8ഞാൻ നിന്നെ അവരെപ്പോലെ വഴങ്ങാത്തവനും കഠിനഹൃദയനുമാക്കും. 9ഞാൻ നിന്നെ തീക്കല്ലിനെക്കാൾ കടുത്ത ശിലപോലെ കഠിനമാക്കിയിരിക്കുന്നു. നീ അവരെ പേടിക്കരുത്. അവരുടെ നോട്ടം കണ്ടു ഭയപ്പെടരുത്. അവർ ധിക്കാരികളായ ജനമാണ്.” 10അവിടുന്നു തുടർന്നു കല്പിച്ചു: “മനുഷ്യപുത്രാ, ഞാൻ നിന്നോടു പറയുന്ന വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുകയും ഗ്രഹിക്കുകയും ചെയ്യുക. 11നിന്റെ ജനമായ പ്രവാസികളുടെ അടുക്കൽ ചെന്ന് അവർ കേട്ടാലും ഇല്ലെങ്കിലും ദൈവമായ സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു എന്ന് അവരോടു പറയുക.”
12പിന്നീട് ദൈവത്തിന്റെ ആത്മാവ് എന്നെ ഉയർത്തി; ദൈവത്തിന്റെ മഹത്ത്വം സ്വസ്ഥാനത്തുനിന്ന് ഉയർന്നപ്പോൾ വലിയ ഭൂകമ്പത്തിന്റെ ഇരമ്പൽപോലെയുള്ള ശബ്ദം എന്റെ പിറകിൽ കേട്ടു. 13അതു ജീവികളുടെ ചിറകുകൾ തമ്മിൽ കൂട്ടിമുട്ടുന്നതിന്റെയും അവയുടെ സമീപത്തുള്ള ചക്രങ്ങളുടെയും ശബ്ദം ആയിരുന്നു. 14ആത്മാവ് എന്നെ ഉയർത്തിക്കൊണ്ടുപോയി. ഞാൻ ദുഃഖിതനും കുപിതനുമായി. എന്തെന്നാൽ സർവേശ്വരന്റെ ശക്തി എന്റെമേൽ ശക്തമായി വ്യാപരിച്ചിരുന്നു. 15അങ്ങനെ ഞാൻ തേൽ-അബീബിൽ കെബാർനദീതീരത്തു കഴിഞ്ഞിരുന്ന പ്രവാസികളുടെ അടുക്കൽ ചെന്ന് ഏഴു ദിവസം സ്തബ്ധനായി കഴിഞ്ഞു.
കാവല്‌ക്കാരനായി നിയമിക്കുന്നു
(യെഹെ. 33:1-9)
16ഏഴുദിവസം കഴിഞ്ഞപ്പോൾ എനിക്കു സർവേശ്വരന്റെ അരുളപ്പാടുണ്ടായി. 17“മനുഷ്യപുത്രാ, ഞാൻ നിന്നെ ഇസ്രായേൽജനത്തിന്റെ കാവല്‌ക്കാരനാക്കിയിരിക്കുന്നു. ഞാൻ പറയുന്ന വചനം കേട്ടു നീ അവർക്കു മുന്നറിയിപ്പു നല്‌കുക. 18ഒരു ദുഷ്ടമനുഷ്യൻ മരിച്ചുപോകും എന്നു ഞാൻ പ്രസ്താവിക്കുമ്പോൾ നീ അവനെ രക്ഷിക്കാൻവേണ്ടി അവനു മുന്നറിയിപ്പു നല്‌കുകയോ ദുർമാർഗത്തിൽനിന്നു പിന്തിരിയാൻ അവനെ ഉദ്ബോധിപ്പിക്കുകയോ ചെയ്യാതിരുന്നാൽ ആ ദുഷ്ടൻ തന്റെ അകൃത്യത്താൽ മരണമടയും; എന്നാൽ ഞാൻ നിന്നെ അവന്റെ മരണത്തിന് ഉത്തരവാദിയാക്കും. 19നീ അവനു മുന്നറിയിപ്പു നല്‌കിയിട്ടും ദുർമാർഗത്തിൽ അവൻ തുടരുകയും ദുഷ്ടത പ്രവർത്തിക്കുകയും ചെയ്താൽ അവൻ തന്റെ അകൃത്യത്താൽ മരിക്കും. എന്നാൽ നീ നിന്റെ ജീവൻ രക്ഷിക്കും. 20നീതിമാൻ തന്റെ നീതിമാർഗം വെടിഞ്ഞ് അകൃത്യത്തിൽ ഏർപ്പെടുകയും ഞാൻ അത് അവന്റെ തകർച്ചയ്‍ക്കു കാരണമാക്കുകയും ചെയ്താൽ അവൻ മരിക്കും. നീ അവനു മുന്നറിയിപ്പു നല്‌കാതിരുന്നതുകൊണ്ട് അവന്റെ പാപത്താൽ അവൻ മരിക്കും. അവന്റെ സൽകൃത്യങ്ങൾ ഞാൻ ഓർക്കുകയുമില്ല. അവന്റെ മരണത്തിനു നീ ഉത്തരവാദിയാകും. 21നിന്റെ മുന്നറിയിപ്പുകൊണ്ട് നീതിമാനായ ഒരുവൻ പാപം ചെയ്യാതിരുന്നാൽ അവൻ നിശ്ചയമായും ജീവിക്കും. അവൻ നിന്റെ മുന്നറിയിപ്പു സ്വീകരിച്ചുവല്ലോ. നീ നിന്റെ ജീവൻ രക്ഷിക്കും.
യെഹെസ്കേൽ മൂകനാകും
22സർവേശ്വരന്റെ ശക്തി വീണ്ടും എന്റെമേൽ വന്നു. അവിടുന്ന് എന്നോടു പറഞ്ഞു: “നീ എഴുന്നേറ്റു സമതലത്തിലേക്കു പോവുക. അവിടെവച്ചു ഞാൻ നിന്നോടു സംസാരിക്കും.” 23അങ്ങനെ ഞാൻ സമതലത്തിലേക്കു പോയി. അവിടെ ഞാൻ സർവേശ്വരന്റെ മഹത്ത്വം ദർശിച്ചു. കെബാർനദീതീരത്തുവച്ചു ഞാൻ കണ്ട മഹത്ത്വംപോലെ തന്നെയായിരുന്നു അത്. ഞാൻ കമിഴ്ന്നുവീണു. 24അപ്പോൾ ആത്മാവ് എന്റെ ഉള്ളിൽ പ്രവേശിച്ച്, എന്നെ എഴുന്നേല്പിച്ചു നിർത്തി എന്നോടു സംസാരിച്ചു: “നീ വീട്ടിൽ ചെന്ന് കതകടച്ച് ഇരിക്കുക. 25മനുഷ്യപുത്രാ, ജനങ്ങളുടെ ഇടയിലേക്കു ചെല്ലാൻ കഴിയാത്തവിധം അവർ നിന്നെ കയറുകൊണ്ടു ബന്ധിക്കും. 26അവരെ ശാസിക്കാൻ കഴിയാത്തവിധം നിന്റെ നാവിനെ അണ്ണാക്കിനോടു പറ്റിച്ചേർത്തു ഞാൻ നിന്നെ മൂകനാക്കും. കാരണം അവർ ധിക്കാരികളായ ജനമാണല്ലോ. 27എന്നാൽ ഞാൻ നിന്നോടു സംസാരിക്കുമ്പോൾ നിന്റെ വായ് ഞാൻ തുറക്കും. ദൈവമായ സർവേശ്വരൻ ഇങ്ങനെ അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറയണം. അവർ കേൾക്കുകയോ കേൾക്കാതിരിക്കുകയോ ചെയ്യട്ടെ. അവർ നിഷേധികളായ ജനമാണല്ലോ.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

EZEKIELA 3: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക