EZEKIELA 4

4
ഉപരോധത്തിന്റെയും പ്രവാസത്തിന്റെയും പ്രതീകങ്ങൾ
1“മനുഷ്യപുത്രാ, ഒരു ഇഷ്‍ടിക എടുത്ത് അതിൽ യെരൂശലേമിന്റെ ചിത്രം വരയ്‍ക്കുക. 2അതിനെതിരെ ഉപരോധം ഏർപ്പെടുത്തുകയും മൺകൂനകൾ ഉയർത്തുകയും കിടങ്ങുകൾ കുഴിക്കുകയും ചെയ്യണം. അതിനു ചുറ്റും പാളയങ്ങളും കോട്ടകളും മതിലുകളും തകർക്കാനുള്ള യന്ത്രമുട്ടികൾ സ്ഥാപിക്കുക. 3ഒരു ഇരുമ്പു തകിടെടുത്ത് നിനക്കും നഗരത്തിനും മധ്യേ ഇരുമ്പു മതിലെന്നവിധം വയ്‍ക്കുക. പിന്നീട് നീ അതിന് അഭിമുഖമായി നില്‌ക്കണം. അതു പിടിക്കപ്പെടാൻ പോകുകയാണ്. നീ അതിന്റെ ഉപരോധം ബലപ്പെടുത്തുക. ഇസ്രായേൽജനത്തിന് ഇത് ഒരു അടയാളമായിരിക്കും.
4നീ ഇടത്തുവശം ചരിഞ്ഞുകിടക്കുക; ഇസ്രായേൽജനത്തിന്റെ അകൃത്യം നിന്റെമേൽ ഞാൻ ചുമത്തും. അങ്ങനെ കിടക്കുന്ന നാളുകളോളം അവരുടെ അകൃത്യഭാരം നീ ചുമക്കണം. 5അങ്ങനെ മുന്നൂറ്റി തൊണ്ണൂറു ദിവസങ്ങൾ ഇസ്രായേൽജനത്തിന്റെ പാപഭാരം നീ വഹിക്കേണ്ടിവരും. ഞാൻ നിനക്കു നിശ്ചയിച്ചിരിക്കുന്ന ഈ ദിവസങ്ങൾ ഓരോന്നും അവരുടെ ദുഷ്ടതയുടെ ഓരോ വർഷത്തിനു തുല്യമായിരിക്കും. 6ഇതു പൂർത്തിയാക്കിയശേഷം നീ വലത്തുവശം ചരിഞ്ഞു കിടന്നു യെഹൂദാജനത്തിന്റെ അകൃത്യഭാരം നാല്പതു ദിവസം വഹിക്കണം. ഒരു ദിവസത്തിന് ഒരു വർഷം എന്ന കണക്കിൽ നാല്പതു ദിവസം. അതും ഞാൻ നിനക്കു നിശ്ചയിച്ചിരിക്കുന്നു. 7നീ മുഖം തിരിച്ചു യെരൂശലേമിന്റെ ഉപരോധത്തെ നോക്കണം. മുഷ്‍ടി കാട്ടി നഗരത്തിനെതിരെ പ്രവചിക്കണം. 8ഉപരോധകാലം പൂർത്തിയാകുന്നതുവരെ ഒരു വശത്തുനിന്നു മറുവശത്തേക്കു തിരിയാതിരിക്കത്തക്കവിധം കയറുകൊണ്ടു നിന്നെ ഞാൻ ബന്ധിക്കും.
9നീ ഒരു പാത്രത്തിൽ കോതമ്പും യവവും അമരയും ചെറുപയറും തിനയും ചോളവും എടുത്ത് അവകൊണ്ട് അപ്പം ഉണ്ടാക്കുക. നീ വശം ചെരിഞ്ഞു കിടക്കുന്ന കാലം മുഴുവൻ അതായതു മുന്നൂറ്റി തൊണ്ണൂറു ദിവസവും അതു ഭക്ഷിക്കണം. 10നിനക്കൊരു ദിവസം ഇരുപതു #4:10 ശേക്കെൽ = ഇരുനൂറ്റിമുപ്പതു ഗ്രാം.ശേക്കെൽ ഭക്ഷണം മാത്രം കഴിക്കാം. 11വെള്ളവും അളവുപ്രകാരം ഒരു ദിവസം ഒരു #4:11 ഒരു ഹീൻ = രണ്ടു കപ്പ്.ഹീനിന്റെ ആറിലൊന്നു മാത്രം കുടിക്കാം. 12ഉണങ്ങിയ മനുഷ്യമലം കത്തിച്ച് അതിന്മേൽ എല്ലാവരും കാൺകെ അപ്പം ചുട്ടെടുത്ത് ബാർലി അപ്പം എന്നപോലെ നീ അതു ഭക്ഷിക്കണം. 13ജനതകളുടെ ഇടയിലേക്ക് ഞാൻ തുരത്തുന്ന ഇസ്രായേൽജനം ഇതുപോലെ മലിനമായ ആഹാരം ഭക്ഷിക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്തു.” 14അപ്പോൾ ഞാൻ പറഞ്ഞു: “സർവേശ്വരനായ കർത്താവേ, ഞാൻ ഒരിക്കലും എന്നെ മലിനപ്പെടുത്തിയിട്ടില്ല. ചെറുപ്പംമുതൽ ഇന്നുവരെ ചത്തതോ, വന്യമൃഗങ്ങൾ കടിച്ചുകീറി കൊന്നതോ ആയ ഒരു ജീവിയെയും ഭക്ഷിച്ചിട്ടില്ല. അശുദ്ധമായതൊന്നും എന്റെ വായിൽ വച്ചിട്ടുമില്ല.” 15ഉടനെ അവിടുന്ന് അരുളിച്ചെയ്തു: “അപ്പം ചുടുന്നതിനു മനുഷ്യമലത്തിനു പകരം പശുവിൻ ചാണകം ഉപയോഗിച്ചുകൊൾക.” 16-17അവിടുന്നു തുടർന്നു: “മനുഷ്യപുത്രാ, യെരൂശലേമിൽ ഞാൻ ആഹാരത്തിന്റെ അളവു കുറയ്‍ക്കും. അവർ ഉൽക്കണ്ഠയോടും നിരാശയോടും കൂടെ അളന്നു തൂക്കി അപ്പം ഭക്ഷിക്കും. വെള്ളം കുടിക്കുന്നതും അങ്ങനെതന്നെ ആയിരിക്കും. ഇങ്ങനെ അവർക്ക് അപ്പവും വെള്ളവും ഇല്ലാതെയാകും. അവർ നിരാശരായി അന്യോന്യം നോക്കും; തങ്ങളുടെ അകൃത്യം നിമിത്തം അവർ നാശമടയും.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

EZEKIELA 4: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക