പുറപ്പാട് 39:1-7
പുറപ്പാട് 39:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടു വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കായി വിശേഷവസ്ത്രവും അഹരോനു വിശുദ്ധവസ്ത്രവും ഉണ്ടാക്കി. പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ഏഫോദ് ഉണ്ടാക്കി. നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവയുടെ ഇടയിൽ ചിത്രപ്പണിയായി നെയ്യേണ്ടതിന് അവർ പൊന്ന് അടിച്ചു നേരിയ തകിടാക്കി നൂലായി കണ്ടിച്ചു. അവർ അതിന് തമ്മിൽ ഇണച്ചിരിക്കുന്ന ചുമൽക്കണ്ടങ്ങൾ ഉണ്ടാക്കി: അത് രണ്ടറ്റത്തും ഇണച്ചിരുന്നു. അതു കെട്ടി മുറുക്കുവാൻ അതിന്മേലുള്ളതായി ചിത്രപ്പണിയായ നടുക്കെട്ട്, യഹോവ മോശെയോടു കല്പിച്ചതുപോലെ അതിൽനിന്നുതന്നെ, അതിന്റെ പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ആയിരുന്നു. മുദ്രക്കൊത്തായിട്ടു യിസ്രായേൽമക്കളുടെ പേർ കൊത്തിയ ഗോമേദകക്കല്ലുകളെ അവർ പൊൻതടങ്ങളിൽ പതിച്ചു. യഹോവ മോശെയോടു കല്പിച്ചതുപോലെ അവൻ യിസ്രായേൽമക്കൾക്കുവേണ്ടി ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിന്മേൽ ഓർമക്കല്ലുകൾ വച്ചു.
പുറപ്പാട് 39:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ വിശുദ്ധസ്ഥലത്തു പുരോഹിതശുശ്രൂഷ ചെയ്യുമ്പോൾ അഹരോൻ ധരിക്കേണ്ട വിശുദ്ധവസ്ത്രങ്ങൾ നീല, ധൂമ്രം, കടുംചുവപ്പ് വർണങ്ങളിലുള്ള നൂലുകൾകൊണ്ട് അവർ ഉണ്ടാക്കി. നീല, ധൂമ്രം, കടുംചുവപ്പു വർണങ്ങളുള്ള നൂലുകളും കസവും നേർമയായി നെയ്തെടുത്ത ലിനനുംകൊണ്ട് ഏഫോദ് നിർമ്മിച്ചു. അവർ സ്വർണം അടിച്ചുപരത്തി നേരിയ കസവുകളായി മുറിച്ചെടുത്ത് നീല, ധൂമ്രം, കടുംചുവപ്പു വർണങ്ങളുള്ള നൂലുകളും നേർത്ത ലിനൻ എന്നിവയും വിദഗ്ദ്ധമായി നെയ്തെടുത്തു. ഏഫോദിന്റെ ഇരുവശങ്ങളിലും മുകൾഭാഗത്ത് തോൾവാറുകൾ തയ്ച്ചുപിടിപ്പിച്ചു. ഏഫോദ് ഉണ്ടാക്കാൻ ഉപയോഗിച്ച കസവുനൂൽ, നീല, ധൂമ്രം, കടുംചുവപ്പു നൂലുകൾ, നേർത്ത ലിനൻ എന്നിവകൊണ്ടുതന്നെ ഏഫോദു കെട്ടിമുറുക്കുന്നതിനുള്ള അരപ്പട്ടയും സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ അവർ നിർമ്മിച്ചു. ചെത്തിയെടുത്ത ഗോമേദകക്കല്ലുകൾ സ്വർണച്ചട്ടങ്ങളിൽ ഉറപ്പിച്ച് ഈ കല്ലുകളിൽ മുദ്രകൊത്തുന്നതുപോലെ ഇസ്രായേൽഗോത്രങ്ങളുടെ പേരുകൾ കൊത്തി. സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ അവയെ ഏഫോദിന്റെ രണ്ട് തോൾവാറുകളിലുമായി ഇസ്രായേൽജനത്തിന്റെ ഓർമയ്‍ക്കായി തയ്ച്ചുചേർത്തു.
പുറപ്പാട് 39:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ മോശെയോട് കല്പിച്ചതുപോലെ അവർ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ട് വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കായി വിശേഷവസ്ത്രവും അഹരോന് വിശുദ്ധവസ്ത്രവും ഉണ്ടാക്കി. പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ഏഫോദ് ഉണ്ടാക്കി. നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവയുടെ ഇടയിൽ ചിത്രപ്പണിയായി നെയ്യേണ്ടതിന് അവർ പൊന്ന് അടിച്ചു നേരിയ തകിടാക്കി നൂലായി മുറിച്ചു. അവർ തോൾപ്പട്ട ഉണ്ടാക്കി ഏഫോദിന്‍റെ രണ്ടു അറ്റത്തും ബന്ധിപ്പിച്ചിരുന്നു. അത് കെട്ടിമുറുക്കുവാൻ ഏഫോദ് പോലെ ചിത്രപ്പണിയുള്ള നടുക്കെട്ട് വേണം. ഏഫോദിന്‍റെ പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ആയിരിക്കേണം നടുക്കെട്ട് ഉണ്ടാക്കുന്നത്. മുദ്ര കൊത്തുന്നതുപോലെ യിസ്രായേൽ മക്കളുടെ പേര് കൊത്തിയ ഗോമേദകക്കല്ലുകൾ അവർ പൊൻ തടങ്ങളിൽ പതിച്ചു. യഹോവ മോശെയോട് കല്പിച്ചതുപോലെ അവൻ യിസ്രായേൽമക്കൾക്കുവേണ്ടി ഏഫോദിന്‍റെ തോൾപ്പട്ടയുടെമേൽ ഓർമ്മക്കല്ലുകൾ വച്ചു.
പുറപ്പാട് 39:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടു വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കായി വിശേഷവസ്ത്രവും അഹരോന്നു വിശുദ്ധവസ്ത്രവും ഉണ്ടാക്കി. പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ഏഫോദ് ഉണ്ടാക്കി. നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവയുടെ ഇടയിൽ ചിത്രപ്പണിയായി നെയ്യേണ്ടതിന്നു അവർ പൊന്നു അടിച്ചു നേരിയ തകിടാക്കി നൂലായി കണ്ടിച്ചു. അവർ അതിന്നു തമ്മിൽ ഇണെച്ചിരിക്കുന്ന ചുമൽക്കണ്ടങ്ങൾ ഉണ്ടാക്കി: അതു രണ്ടു അറ്റത്തും ഇണെച്ചിരുന്നു. അതു കെട്ടി മുറുക്കുവാൻ അതിന്മേലുള്ളതായി ചിത്രപ്പണിയായ നടുക്കെട്ടു, യഹോവ മോശെയോടു കല്പിച്ചതുപോലെ അതിൽ നിന്നു തന്നേ, അതിന്റെ പണിപോലെ പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ആയിരുന്നു. മുദ്രക്കൊത്തായിട്ടു യിസ്രായേൽമക്കളുടെപേർ കൊത്തിയ ഗോമേദകക്കല്ലുകളെ അവർ പൊന്തടങ്ങളിൽ പതിച്ചു. യഹോവ മോശെയോടു കല്പിച്ചതുപോലെ അവൻ യിസ്രായേൽമക്കൾക്കുവേണ്ടി ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിന്മേൽ ഓർമ്മക്കല്ലുകൾ വെച്ചു.
പുറപ്പാട് 39:1-7 സമകാലിക മലയാളവിവർത്തനം (MCV)
വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കായി നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ എന്നിവകൊണ്ടു നെയ്ത വിശേഷവസ്ത്രങ്ങൾ ഉണ്ടാക്കി; കൂടാതെ, യഹോവ മോശയോടു കൽപ്പിച്ചതുപോലെ അവർ അഹരോനു വിശുദ്ധവസ്ത്രങ്ങളും ഉണ്ടാക്കി. ബെസലേൽ, തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ട് ഏഫോദ് ഉണ്ടാക്കി. നെയ്ത്തുകാരന്റെ ചിത്രപ്പണിയായി നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, മൃദുലചണനൂൽ എന്നിവയുടെ ഇടയിൽ നെയ്തുചേർക്കേണ്ടതിന് അവർ തങ്കം അടിച്ചു നേരിയ തകിടാക്കി നൂലുകളായി മുറിച്ചെടുത്തു. ഏഫോദിന്റെ രണ്ടറ്റം തമ്മിൽ പിണച്ചുചേർക്കാവുന്നവിധത്തിൽ ചുമൽക്കണ്ടങ്ങൾ ഉണ്ടാക്കി. അതിന്മേലുള്ള ചിത്രപ്പണിയായ നടുക്കെട്ട്, യഹോവ മോശയോടു കൽപ്പിച്ചതുപോലെ, ഏഫോദിൽനിന്നുതന്നെ ഉള്ളതായി തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ടുണ്ടാക്കിയിരുന്നു. ഇസ്രായേൽ പുത്രന്മാരുടെ പേരുകൾ രത്നശില്പി മുദ്ര നിർമിക്കുന്നതുപോലെ കൊത്തിയ ഗോമേദകക്കല്ലുകൾ അവർ തങ്കക്കസവുതടങ്ങളിൽ പതിച്ചു. യഹോവ മോശയോടു കൽപ്പിച്ചിരുന്നതുപോലെ, ഇസ്രായേൽ പുത്രന്മാരുടെ ഓർമക്കല്ലുകളായി അവ ഏഫോദിന്റെ ചുമൽക്കഷണങ്ങളിൽ പതിപ്പിച്ചു.