പുറപ്പാട് 39:1-7

പുറപ്പാട് 39:1-7 MCV

വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കായി നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ എന്നിവകൊണ്ടു നെയ്ത വിശേഷവസ്ത്രങ്ങൾ ഉണ്ടാക്കി; കൂടാതെ, യഹോവ മോശയോടു കൽപ്പിച്ചതുപോലെ അവർ അഹരോനു വിശുദ്ധവസ്ത്രങ്ങളും ഉണ്ടാക്കി. ബെസലേൽ, തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ട് ഏഫോദ് ഉണ്ടാക്കി. നെയ്ത്തുകാരന്റെ ചിത്രപ്പണിയായി നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, മൃദുലചണനൂൽ എന്നിവയുടെ ഇടയിൽ നെയ്തുചേർക്കേണ്ടതിന് അവർ തങ്കം അടിച്ചു നേരിയ തകിടാക്കി നൂലുകളായി മുറിച്ചെടുത്തു. ഏഫോദിന്റെ രണ്ടറ്റം തമ്മിൽ പിണച്ചുചേർക്കാവുന്നവിധത്തിൽ ചുമൽക്കണ്ടങ്ങൾ ഉണ്ടാക്കി. അതിന്മേലുള്ള ചിത്രപ്പണിയായ നടുക്കെട്ട്, യഹോവ മോശയോടു കൽപ്പിച്ചതുപോലെ, ഏഫോദിൽനിന്നുതന്നെ ഉള്ളതായി തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ടുണ്ടാക്കിയിരുന്നു. ഇസ്രായേൽ പുത്രന്മാരുടെ പേരുകൾ രത്നശില്പി മുദ്ര നിർമിക്കുന്നതുപോലെ കൊത്തിയ ഗോമേദകക്കല്ലുകൾ അവർ തങ്കക്കസവുതടങ്ങളിൽ പതിച്ചു. യഹോവ മോശയോടു കൽപ്പിച്ചിരുന്നതുപോലെ, ഇസ്രായേൽ പുത്രന്മാരുടെ ഓർമക്കല്ലുകളായി അവ ഏഫോദിന്റെ ചുമൽക്കഷണങ്ങളിൽ പതിപ്പിച്ചു.

പുറപ്പാട് 39:1-7 - നുള്ള വീഡിയോ