പുറപ്പാട് 23:14-33

പുറപ്പാട് 23:14-33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

സംവത്സരത്തിൽ മൂന്നു പ്രാവശ്യം എനിക്ക് ഉത്സവം ആചരിക്കേണം. പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിക്കേണം; ഞാൻ നിന്നോടു കല്പിച്ചതുപോലെ ആബീബ് മാസത്തിൽ നിശ്ചയിച്ച സമയത്ത് ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുക; അന്നല്ലോ നീ മിസ്രയീമിൽനിന്നു പുറപ്പെട്ടുപോന്നത്. എന്നാൽ വെറുംകൈയോടെ നിങ്ങൾ എന്റെ മുമ്പാകെ വരരുത്. വയലിൽ വിതച്ച വിതയുടെ ആദ്യഫലമെടുക്കുന്ന കൊയ്ത്തുപെരുന്നാളും ആണ്ടറുതിയിൽ വയലിൽനിന്നു നിന്റെ വേലയുടെ ഫലം കൂട്ടിത്തീരുമ്പോൾ കായ്കനിപ്പെരുന്നാളും ആചരിക്കേണം. സംവത്സരത്തിൽ മൂന്നു പ്രാവശ്യം നിന്റെ ആണുങ്ങൾ എല്ലാം കർത്താവായ യഹോവയുടെ മുമ്പാകെ വരേണം. എന്റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അർപ്പിക്കരുത്; എന്റെ യാഗമേദസ്സ് ഉഷഃകാലംവരെ ഇരിക്കയുമരുത്. നിന്റെ ഭൂമിയുടെ ആദ്യവിളവുകളിലെ പ്രഥമഫലം നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരേണം. ആട്ടിൻകുട്ടിയെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്. ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിനും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിനും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയയ്ക്കുന്നു. നീ അവനെ ശ്രദ്ധിച്ച് അവന്റെ വാക്ക് കേൾക്കേണം; അവനോടു വികടിക്കരുത്; അവൻ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്റെ നാമം അവനിൽ ഉണ്ട്. എന്നാൽ നീ അവന്റെ വാക്ക് ശ്രദ്ധയോടെ കേട്ട് ഞാൻ കല്പിക്കുന്നതൊക്കെയും ചെയ്താൽ നിന്നെ പകയ്ക്കുന്നവരെ ഞാൻ പകയ്ക്കും; നിന്നെ ഞെരുക്കുന്നവരെ ഞാൻ ഞെരുക്കും. എന്റെ ദൂതൻ നിനക്കു മുമ്പായി നടന്നു നിന്നെ അമോര്യർ, ഹിത്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്കു കൊണ്ടുപോകും; അവരെ ഞാൻ നിർമ്മൂലമാക്കും. അവരുടെ ദേവന്മാരെ നമസ്കരിക്കരുത്; അവയെ സേവിക്കരുത്; അവരുടെ പ്രവൃത്തികൾപോലെ പ്രവർത്തിക്കരുത്; അവരെ അശേഷം നശിപ്പിച്ച് അവരുടെ വിഗ്രഹങ്ങളെ തകർത്തുകളയേണം. നിങ്ങളുടെ ദൈവമായ യഹോവയെത്തന്നെ സേവിപ്പിൻ; എന്നാൽ അവൻ നിന്റെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കും; ഞാൻ രോഗങ്ങളെ നിന്റെ നടുവിൽനിന്ന് അകറ്റിക്കളയും. ഗർഭം അലസുന്നവളും മച്ചിയും നിന്റെ ദേശത്ത് ഉണ്ടാകയില്ല; നിന്റെ ആയുഷ്കാലം ഞാൻ പൂർത്തിയാക്കും. എന്റെ ഭീതിയെ ഞാൻ നിന്റെ മുമ്പിൽ അയച്ചു നീ ചെല്ലുന്നേടത്തുള്ള ജാതികളെയൊക്കെയും അമ്പരപ്പിക്കയും നിന്റെ സകല ശത്രുക്കളെയും നിന്റെ മുമ്പിൽനിന്ന് ഓടിക്കയും ചെയ്യും. നിന്റെ മുമ്പിൽനിന്നു ഹിവ്യനെയും കനാന്യനെയും ഹിത്യനെയും ഓടിച്ചുകളവാൻ ഞാൻ നിനക്കു മുമ്പായി കടുന്നലിനെ അയയ്ക്കും. ദേശം ശൂന്യമാകാതെയും കാട്ടുമൃഗം നിനക്കു ബാധയായി പെരുകാതെയും ഇരിപ്പാൻ ഞാൻ അവരെ ഒരു സംവത്സരത്തിനകത്തു നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളകയില്ല. നീ സന്താനസമ്പന്നമായി ദേശം അടക്കുന്നതുവരെ ഞാൻ അവരെ കുറേശ്ശ കുറേശ്ശ നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളയും. ഞാൻ നിന്റെ ദേശം ചെങ്കടൽതുടങ്ങി ഫെലിസ്ത്യരുടെ കടൽവരെയും മരുഭൂമിതുടങ്ങി നദിവരെയും ആക്കും; ദേശത്തിലെ നിവാസികളെ നിങ്ങളുടെ കൈയിൽ ഏല്പിക്കും; നീ അവരെ നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളയേണം. അവരോട് എങ്കിലും അവരുടെ ദേവന്മാരോട് എങ്കിലും നീ ഉടമ്പടി ചെയ്യരുത്. നീ എന്നോടു പാപം ചെയ്‍വാൻ അവർ ഹേതുവായിത്തീരാതിരിക്കേണ്ടതിന് അവർ നിന്റെ ദേശത്തു വസിക്കരുത്. നീ അവരുടെ ദേവന്മാരെ സേവിച്ചാൽ അതു നിനക്കു കെണിയായിത്തീരും.

പുറപ്പാട് 23:14-33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“ആണ്ടിൽ മൂന്നു തവണ നിങ്ങൾ എനിക്ക് ഉത്സവം ആചരിക്കണം. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ നിങ്ങൾ ആചരിക്കണം. ഞാൻ കല്പിച്ചിട്ടുള്ളതുപോലെ ആബീബുമാസത്തിൽ നിശ്ചിതസമയമായ ഏഴു ദിവസത്തേക്കു നിങ്ങൾ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. അന്നായിരുന്നുവല്ലോ നിങ്ങൾ ഈജിപ്തിൽനിന്നു പുറപ്പെട്ടു പോന്നത്.” “വെറുംകൈയോടെ ആരും എന്റെ സന്നിധിയിൽ വരരുത്.” വിതച്ച നിലം കൊയ്യുമ്പോൾ വിളവെടുപ്പു പെരുന്നാളും, വർഷാവസാനം തോട്ടങ്ങളിൽനിന്ന് ആദ്യഫലം ശേഖരിക്കുമ്പോൾ ഫലശേഖരപ്പെരുന്നാളും ആഘോഷിക്കണം. “ആണ്ടിൽ മൂന്നു തവണ പുരുഷന്മാരെല്ലാം ദൈവമായ സർവേശ്വരന്റെ സന്നിധിയിൽ വന്നുചേരണം.” “പുളിപ്പുള്ള അപ്പത്തോടുകൂടി യാഗരക്തം അർപ്പിക്കരുത്; പെരുന്നാളിൽ അർപ്പിക്കുന്ന മേദസ്സ് പ്രഭാതംവരെ ശേഷിപ്പിക്കുകയും അരുത്.” “വയലിലെ വിളവിന്റെ ആദ്യഫലം നിന്റെ ദൈവമായ സർവേശ്വരന്റെ ആലയത്തിൽ കൊണ്ടുവരണം. ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.” ഇതാ ഞാൻ ഒരു ദൂതനെ അയയ്‍ക്കുന്നു. യാത്രയിൽ അവൻ നിങ്ങളെ പരിപാലിക്കും. ഞാൻ ഒരുക്കിയിട്ടുള്ള ദേശത്തേക്ക് അവൻ നിങ്ങളെ നയിക്കും. അവൻ പറയുന്നത് ആദരപൂർവം അനുസരിക്കണം; അവനോടു മത്സരിക്കരുത്. എന്റെ നാമം അവനിലുള്ളതുകൊണ്ട് നിങ്ങളുടെ അതിക്രമങ്ങൾ അവൻ ക്ഷമിക്കുകയില്ല. എന്നാൽ നിങ്ങൾ അവന്റെ വാക്ക് സൂക്ഷ്മതയോടെ ശ്രദ്ധിക്കുകയും ഞാൻ പറയുന്നതെല്ലാം അനുസരിക്കുകയും ചെയ്താൽ നിങ്ങളുടെ എതിരാളികൾക്ക് ഞാൻ എതിരാളിയും നിങ്ങളുടെ ശത്രുക്കൾക്ക് ഞാൻ ശത്രുവുമായിരിക്കും. എന്റെ ദൂതൻ നിങ്ങളുടെ മുമ്പിൽ നടന്നു നിങ്ങളെ അമോര്യർ, ഹിത്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ നാട്ടിലേക്കു നയിക്കും. ഞാൻ അവരെ അവരുടെ നാട്ടിൽനിന്ന് ഉന്മൂലനം ചെയ്യും. നിങ്ങൾ അവരുടെ ദേവന്മാരെ നമസ്കരിക്കുകയോ ആരാധിക്കുകയോ ചെയ്യരുത്; അവരുടെ ആചാരങ്ങൾ അനുകരിക്കരുത്. അവരുടെ ദേവവിഗ്രഹങ്ങളെ പൂർണമായി നശിപ്പിക്കണം. നിങ്ങൾ എന്നെ, നിങ്ങളുടെ ദൈവമായ സർവേശ്വരനെത്തന്നെ ആരാധിക്കണം; അങ്ങനെ ചെയ്താൽ ഞാൻ നിങ്ങളെ സമൃദ്ധമായ ഭക്ഷണപാനീയങ്ങളാൽ അനുഗ്രഹിക്കും. നിങ്ങളുടെ രോഗങ്ങൾ നീക്കിക്കളയും. ഗർഭനാശമോ വന്ധ്യതയോ നിങ്ങളുടെ നാട്ടിൽ ഉണ്ടാകുകയില്ല. നിങ്ങൾക്കു ഞാൻ ദീർഘായുസ്സു നല്‌കും. നിങ്ങൾക്കു നേരിടേണ്ടി വരുന്ന ജനതകളിൽ എന്നെക്കുറിച്ചുള്ള ഭീതി ഞാൻ മുൻകൂട്ടി ജനിപ്പിക്കും; അവർ സംഭ്രാന്തരാകും; അവർ പിന്തിരിഞ്ഞോടും; ഞാൻ കടന്നലുകളെ അയച്ച് ഹിവ്യരെയും കനാന്യരെയും, ഹിത്യരെയും നിങ്ങളുടെ മുമ്പിൽനിന്ന് ഓടിച്ചുകളയും. എന്നാൽ ഒറ്റ വർഷംകൊണ്ട് അവരെ ഞാൻ നീക്കിക്കളയുകയില്ല. അങ്ങനെ ചെയ്താൽ ആ പ്രദേശം നിർജനമായിത്തീർന്ന് നിങ്ങൾക്ക് ഉപദ്രവകരമാകുംവിധം കാട്ടുമൃഗങ്ങൾ പെരുകും; നിങ്ങൾ വർധിച്ച് ദേശം കൈവശമാക്കുന്നതനുസരിച്ച് അവരെ ഞാൻ ക്രമേണ നീക്കിക്കൊണ്ടിരിക്കും. നിങ്ങളുടെ ദേശം ചെങ്കടൽമുതൽ മധ്യധരണിക്കടൽവരെയും, മരുഭൂമിമുതൽ യൂഫ്രട്ടീസ്നദിവരെയും വിസ്തൃതമായിരിക്കും. ഈ ദേശത്തിലെ ജനങ്ങളെ ഞാൻ നിങ്ങളുടെ കൈയിൽ ഏല്പിക്കും; നിങ്ങളുടെ മുമ്പിൽനിന്ന് അവരെ ഓടിച്ചുകളയണം; നിങ്ങൾ അവരുമായോ അവരുടെ ദേവന്മാരുമായോ ഉടമ്പടി ഉണ്ടാക്കരുത്; അവർ നിങ്ങളുടെ നാട്ടിൽ പാർക്കരുത്; പാപം ചെയ്യാൻ അവർ നിങ്ങളെ പ്രേരിപ്പിക്കും. അവരുടെ ദേവന്മാരെ ആരാധിക്കുന്നത് നിങ്ങൾക്കു കെണിയായിത്തീരും.”

പുറപ്പാട് 23:14-33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

വർഷത്തിൽ മൂന്നു പ്രാവശ്യം എനിക്ക് ഉത്സവം ആചരിക്കേണം. പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവം ആചരിക്കേണം; ഞാൻ നിന്നോട് കല്പിച്ചതുപോലെ ആബീബ് മാസത്തിൽ നിശ്ചയിച്ച സമയത്ത് ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുക; അന്നല്ലോ നീ മിസ്രയീമിൽ നിന്ന് പുറപ്പെട്ടു പോന്നത്. എന്നാൽ വെറും കയ്യോടെ നിങ്ങൾ എന്‍റെ മുമ്പാകെ വരരുത്. വയലിൽ വിതച്ച വിതയുടെ ആദ്യഫലമെടുക്കുന്ന കൊയ്ത്തുപെരുനാളും വർഷാവസാനത്തിൽ വയലിൽനിന്ന് നിന്‍റെ വേലയുടെ ഫലം ശേഖരിക്കുമ്പോൾ കായ്കനിപ്പെരുനാളും ആചരിക്കേണം. വർഷത്തിൽ മൂന്നു പ്രാവശ്യം പുരുഷന്മാർ എല്ലാവരും കർത്താവായ യഹോവയുടെ മുമ്പാകെ വരേണം. യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടി അർപ്പിക്കരുത്; യാഗമേദസ്സ് പ്രഭാതംവരെ ഇരിക്കുകയുമരുത്. നിന്‍റെ നിലത്തിലെ ആദ്യവിളവിൻ്റെ ആദ്യഫലം നിന്‍റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരേണം. കോലാട്ടിൻകുട്ടിയെ അതിന്‍റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്. ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിനും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്ക് നിന്നെ കൊണ്ടുപോകേണ്ടതിനും ഞാൻ ഒരു ദൂതനെ നിന്‍റെ മുമ്പിൽ അയക്കുന്നു. നീ അവനെ ശ്രദ്ധിച്ച് അവന്‍റെ വാക്ക് കേൾക്കേണം; അവനെ പ്രകോപിപ്പിക്കരുത്; എന്‍റെ നാമം അവനിൽ ഉള്ളതുകൊണ്ട് അവൻ നിങ്ങളുടെ അതിക്രമങ്ങൾ ക്ഷമിക്കുകയില്ല;. എന്നാൽ നീ അവന്‍റെ വാക്ക് ശ്രദ്ധയോടെ കേട്ടു ഞാൻ കല്പിക്കുന്നതൊക്കെയും ചെയ്താൽ നിന്നെ പകയ്ക്കുന്നവരെ ഞാൻ പകയ്ക്കും; നിന്നെ ഞെരുക്കുന്നവരെ ഞാൻ ഞെരുക്കും. എന്‍റെ ദൂതൻ നിനക്കു മുമ്പായി നടന്ന് നിന്നെ അമോര്യർ, ഹിത്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്ക് കൊണ്ടുപോകും; അവരെ ഞാൻ നിർമ്മൂലമാക്കും. അവരുടെ ദേവന്മാരെ നമസ്കരിക്കരുത്; അവയെ സേവിക്കരുത്; അവരുടെ പ്രവൃത്തികൾപോലെ പ്രവർത്തിക്കരുത്; അവരെ അശേഷം നശിപ്പിച്ച് അവരുടെ വിഗ്രഹങ്ങളെ തകർത്തുകളയേണം. നിങ്ങളുടെ ദൈവമായ യഹോവയെ തന്നെ സേവിക്കുവിൻ; എന്നാൽ അവൻ നിന്‍റെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കും; ഞാൻ രോഗങ്ങളെ നിന്‍റെ നടുവിൽനിന്ന് അകറ്റിക്കളയും. ഗർഭം അലസുന്നവളും മച്ചിയും നിന്‍റെ ദേശത്ത് ഉണ്ടാവുകയില്ല; നിനക്കു ഞാൻ ദീർഘായുസ്സ് തരും. എന്നെക്കുറിച്ചുള്ള ഭയം നീ ചെല്ലുന്നിടത്തുള്ള ജനതകളുടെ മുൻമ്പിൽ അയച്ച് അവരെ അമ്പരപ്പിക്കും. അങ്ങനെ നിന്‍റെ സകലശത്രുക്കളെയും നിന്‍റെ മുമ്പിൽനിന്ന് ഓടിക്കുകയും ചെയ്യും. നിന്‍റെ മുമ്പിൽനിന്ന് ഹിവ്യനെയും കനാന്യനെയും ഹിത്യനെയും ഓടിച്ചുകളവാൻ ഞാൻ നിനക്കു മുമ്പായി കടന്നലിനെ അയയ്ക്കും. ദേശം ശൂന്യമാകാതെയും കാട്ടുമൃഗം നിനക്കു ബാധയായി പെരുകാതെയും ഇരിക്കുവാൻ ഒരു വർഷംകൊണ്ട് ഞാൻ അവരെ നിന്‍റെ മുമ്പിൽനിന്ന് ഓടിച്ചുകളയുകയില്ല. നീ സന്താനസമ്പന്നമായി ദേശം കൈവശമാക്കുന്നതുവരെ ഞാൻ അവരെ ക്രമേണ നിന്‍റെ മുമ്പിൽനിന്ന് ഓടിച്ചുകളയും. ഞാൻ നിന്‍റെ ദേശം ചെങ്കടൽ തുടങ്ങി ഫെലിസ്ത്യരുടെ കടൽ വരെയും മരുഭൂമി തുടങ്ങി നദിവരെയും വ്യാപിപ്പിക്കും; ദേശത്തിലെ നിവാസികളെ നിങ്ങളുടെ കയ്യിൽ ഏല്പിക്കും; നീ അവരെ നിന്‍റെ മുമ്പിൽനിന്ന് ഓടിച്ചുകളയേണം. അവരോടും അവരുടെ ദേവന്മാരോടും നീ ഉടമ്പടി ചെയ്യരുത്. നീ എന്നോട് പാപം ചെയ്യുവാൻ അവർ കാരണം ആകാതിരിക്കേണ്ടതിന് അവർ നിന്‍റെ ദേശത്ത് വസിക്കരുത്. നീ അവരുടെ ദേവന്മാരെ സേവിച്ചാൽ അത് നിനക്കു കെണിയായി തീരും.

പുറപ്പാട് 23:14-33 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

സംവത്സരത്തിൽ മൂന്നു പ്രാവശ്യം എനിക്കു ഉത്സവം ആചരിക്കേണം. പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിക്കേണം; ഞാൻ നിന്നോടു കല്പിച്ചതുപോലെ ആബീബ് മാസത്തിൽ നിശ്ചയിച്ച സമയത്തു ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുക; അന്നല്ലോ നീ മിസ്രയീമിൽനിന്നു പുറപ്പെട്ടു പോന്നതു. എന്നാൽ വെറുങ്കയ്യോടെ നിങ്ങൾ എന്റെ മുമ്പാകെ വരരുതു. വയലിൽ വിതെച്ച വിതയുടെ ആദ്യഫലമെടുക്കുന്ന കൊയ്ത്തുപെരുനാളും ആണ്ടറുതിയിൽ വയലിൽ നിന്നു നിന്റെ വേലയുടെ ഫലം കൂട്ടിത്തീരുമ്പോൾ കായ്കനിപ്പെരുനാളും ആചരിക്കേണം. സംവത്സരത്തിൽ മൂന്നു പ്രാവശ്യം നിന്റെ ആണുങ്ങൾ എല്ലാം കർത്താവായ യഹോവയുടെ മുമ്പാകെ വരേണം. എന്റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അർപ്പിക്കരുതു; എന്റെ യാഗമേദസ്സ് ഉഷഃകാലംവരെ ഇരിക്കയുമരുതു. നിന്റെ ഭൂമിയുടെ ആദ്യവിളവുകളിലെ പ്രഥമഫലം നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരേണം. ആട്ടിൻകുട്ടിയെ തള്ളയുടെ പാലിൽ പാകം ചെയ്യരുതു. ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിന്നും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയക്കുന്നു. നീ അവനെ ശ്രദ്ധിച്ചു അവന്റെ വാക്കു കേൾക്കേണം; അവനോടു വികടിക്കരുതു; അവൻ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്റെ നാമം അവനിൽ ഉണ്ടു. എന്നാൽ നീ അവന്റെ വാക്കു ശ്രദ്ധയോടെ കേട്ടു ഞാൻ കല്പിക്കുന്നതൊക്കെയും ചെയ്താൽ നിന്നെ പകെക്കുന്നവരെ ഞാൻ പകെക്കും; നിന്നെ ഞെരുക്കുന്നവരെ ഞാൻ ഞെരുക്കും. എന്റെ ദൂതൻ നിനക്കു മുമ്പായി നടന്നു നിന്നെ അമോര്യർ, ഹിത്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്കു കൊണ്ടുപോകും; അവരെ ഞാൻ നിർമ്മൂലമാക്കും. അവരുടെ ദേവന്മാരെ നമസ്കരിക്കരുതു; അവയെ സേവിക്കരുതു; അവരുടെ പ്രവൃത്തികൾപോലെ പ്രവർത്തിക്കരുതു; അവരെ അശേഷം നശിപ്പിച്ചു അവരുടെ വിഗ്രഹങ്ങളെ തകർത്തുകളയേണം. നിങ്ങളുടെ ദൈവമായ യഹോവയെ തന്നേ സേവിപ്പിൻ; എന്നാൽ അവൻ നിന്റെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കും; ഞാൻ രോഗങ്ങളെ നിന്റെ നടുവിൽനിന്നു അകറ്റിക്കളയും. ഗർഭം അലസുന്നവളും മച്ചിയും നിന്റെ ദേശത്തു ഉണ്ടാകയില്ല; നിന്റെ ആയുഷ്കാലം ഞാൻ പൂർത്തിയാക്കും. എന്റെ ഭീതിയെ ഞാൻ നിന്റെ മുമ്പിൽ അയച്ചു നീ ചെല്ലുന്നേടത്തുള്ള ജാതികളെ ഒക്കെയും അമ്പരപ്പിക്കയും നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഓടിക്കയും ചെയ്യും. നിന്റെ മുമ്പിൽനിന്നു ഹിവ്യനെയും കനാന്യനെയും ഹിത്യനെയും ഓടിച്ചുകളവാൻ ഞാൻ നിനക്കു മുമ്പായി കടുന്നലിനെ അയക്കും. ദേശം ശൂന്യമാകാതെയും കാട്ടുമൃഗം നിനക്കു ബാധയായി പെരുകാതെയും ഇരിപ്പാൻ ഞാൻ അവരെ ഒരു സംവത്സരത്തിന്നകത്തു നിന്റെ മുമ്പിൽ നിന്നു ഓടിച്ചുകളകയില്ല. നീ സന്താനസമ്പന്നമായി ദേശം അടക്കുന്നതുവരെ ഞാൻ അവരെ കുറേശ്ശ, കുറേശ്ശ നിന്റെ മുമ്പിൽ നിന്നു ഓടിച്ചുകളയും. ഞാൻ നിന്റെ ദേശം ചെങ്കടൽ തുടങ്ങി ഫെലിസ്ത്യരുടെ കടൽവരെയും മരുഭൂമി തുടങ്ങി നദിവരെയും ആക്കും; ദേശത്തിലെ നിവാസികളെ നിങ്ങളുടെ കയ്യിൽ ഏല്പിക്കും; നീ അവരെ നിന്റെ മുമ്പിൽ നിന്നു ഓടിച്ചുകളയേണം. അവരോടു എങ്കിലും അവരുടെ ദേവന്മാരോടു എങ്കിലും നീ ഉടമ്പടി ചെയ്യരുതു. നീ എന്നോടു പാപം ചെയ്‌വാൻ അവർ ഹേതുവായിത്തീരാതിരിക്കേണ്ടതിന്നു അവർ നിന്റെ ദേശത്തു വസിക്കരുതു. നീ അവരുടെ ദേവന്മാരെ സേവിച്ചാൽ അതു നിനക്കു കണിയായി തീരും.

പുറപ്പാട് 23:14-33 സമകാലിക മലയാളവിവർത്തനം (MCV)

“വർഷത്തിൽ മൂന്നുപ്രാവശ്യം നിങ്ങൾ എനിക്കായി ഉത്സവം ആചരിക്കണം. “പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിക്കുക. ഞാൻ നിങ്ങളോടു കൽപ്പിച്ചതുപോലെ പുളിമാവു ചേർക്കാതെ ഉണ്ടാക്കിയ അപ്പം ഏഴുദിവസം ഭക്ഷിക്കണം. ആബീബുമാസത്തിലെ, നിശ്ചയിക്കപ്പെട്ട സമയത്തുവേണം ഇതു ഭക്ഷിക്കേണ്ടത്; ആ മാസത്തിലാണല്ലോ നിങ്ങൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടത്. “ആരും എന്റെ സന്നിധിയിൽ വെറുങ്കൈയോടെ വരരുത്. “നിങ്ങളുടെ വയലിൽനിന്നുള്ള ആദ്യഫലം ശേഖരിക്കുമ്പോൾ കൊയ്ത്തുത്സവം ആചരിക്കണം. “വർഷാവസാനം നിങ്ങൾ വയലിലെ വിളവു ശേഖരിച്ചു കഴിയുമ്പോൾ കായ്-കനിപ്പെരുന്നാൾ ആചരിക്കണം. “വർഷത്തിൽ മൂന്നുപ്രാവശ്യം സകലപുരുഷന്മാരും കർത്താവായ യഹോവയുടെ സന്നിധിയിൽ വരണം. “പുളിപ്പുള്ള യാതൊന്നിനോടുംകൂടെ എനിക്കു യാഗരക്തം അർപ്പിക്കരുത്. “എനിക്ക് അർപ്പിക്കുന്ന ഉത്സവയാഗങ്ങളുടെ മേദസ്സ് പ്രഭാതംവരെ സൂക്ഷിക്കരുത്. “നിന്റെ നിലത്തിലെ ആദ്യഫലങ്ങളിൽ ഏറ്റം മെച്ചമായവ നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരണം. “ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകംചെയ്യരുത്. “വഴിയിൽ നിന്നെ സംരക്ഷിച്ച്, ഞാൻ ഒരുക്കിയിരിക്കുന്ന സ്ഥലത്തു നിന്നെ കൊണ്ടുവരാൻ ഇതാ ഞാൻ ഒരു ദൂതനെ നിനക്കുമുമ്പായി അയയ്ക്കുന്നു. അവനെ ശ്രദ്ധിക്കുകയും അവന്റെ വാക്കു കേൾക്കുകയും വേണം. അവനെ എതിർക്കരുത്; എന്റെ നാമം അവനിൽ ഉള്ളതുകൊണ്ട് അവൻ നിന്റെ എതിർപ്പു ക്ഷമിക്കുകയില്ല. അവൻ പറയുന്നതു ശ്രദ്ധിച്ചുകേട്ട് ഞാൻ കൽപ്പിക്കുന്നതെല്ലാം പ്രവർത്തിച്ചാൽ ഞാൻ നിന്റെ ശത്രുക്കൾക്ക് ശത്രുവും നിന്റെ പ്രതിയോഗികൾക്ക് പ്രതിയോഗിയും ആയിരിക്കും. എന്റെ ദൂതൻ നിനക്കുമുമ്പായി പോകുകയും അമോര്യർ, ഹിത്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്കു നിന്നെ കൊണ്ടുവരികയും അവരെ തുടച്ചുനീക്കുകയും ചെയ്യും. അവരുടെ ദേവതകൾക്കുമുന്നിൽ വണങ്ങുകയോ ആരാധിക്കുകയോ അവരുടെ ആചാരങ്ങൾ അനുവർത്തിക്കുകയോ ചെയ്യരുത്. നീ അവരെ നശിപ്പിച്ച് അവരുടെ ആചാരസ്തൂപങ്ങൾ തകർത്തുകളയണം. നിന്റെ ദൈവമായ യഹോവയെ ആരാധിക്കണം; നിന്റെ ആഹാരത്തിന്മേലും വെള്ളത്തിന്മേലും അവിടത്തെ അനുഗ്രഹം ഉണ്ടായിരിക്കും. ഞാൻ നിങ്ങളുടെ ഇടയിൽനിന്ന് രോഗം നീക്കിക്കളയും. ഗർഭം അലസുന്നവളോ വന്ധ്യയോ നിന്റെ ദേശത്ത് ഉണ്ടായിരിക്കുകയില്ല. ഞാൻ നിനക്കു പൂർണായുഷ്കാലം തരും. “ഞാൻ നിനക്കുമുമ്പായി എന്റെ ഭീതി അയച്ച്, നീ നേരിടുന്ന ഓരോ ജനതയെയും പരിഭ്രാന്തരാക്കും. അങ്ങനെ ഞാൻ നിന്റെ സകലശത്രുക്കളെയും പിന്തിരിഞ്ഞോടിപ്പിക്കും. ഹിവ്യരെയും കനാന്യരെയും ഹിത്യരെയും നിന്റെ വഴിയിൽനിന്ന് ആട്ടിയോടിക്കാൻ ഞാൻ നിനക്കുമുമ്പായി കടന്നലിനെ അയയ്ക്കും. എന്നാൽ ദേശം വിജനമായിത്തീർന്ന്, കാട്ടുമൃഗങ്ങളുടെ ആധിക്യം നിന്നെ ബാധിക്കുമെന്നുള്ളതുകൊണ്ട് ഞാൻ ഒരു വർഷത്തിനകം അവരെ ആട്ടിയോടിക്കുകയില്ല. നീ വേണ്ടുവോളം പെരുകി ദേശം അവകാശമാക്കുമ്പോഴേക്കും ഞാൻ അവരെ കുറേശ്ശെ കുറേശ്ശെയായി നിന്റെ മുമ്പിൽനിന്ന് ആട്ടിയോടിക്കും. “ഞാൻ നിന്റെ ദേശം ചെങ്കടൽമുതൽ മെഡിറ്ററേനിയൻ കടൽവരെയും മരുഭൂമിമുതൽ യൂഫ്രട്ടീസ് നദിവരെയും ആക്കി അതിർത്തികൾ സ്ഥിരമാക്കും. ഞാൻ ദേശവാസികളെ നിനക്കു കൈമാറുകയും നീ അവരെ നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളയുകയും ചെയ്യും. അവരുമായോ അവരുടെ ദേവതമാരുമായോ ഒരു ഉടമ്പടിയും ഉണ്ടാക്കരുത്. അവരുടെ ദേവതമാരെ ആരാധിക്കുന്നതു നിനക്കു നിശ്ചയമായും കെണി ആകുമെന്നുള്ളതുകൊണ്ട് അവരെ നിന്റെ ദേശത്തു വസിക്കാൻ അനുവദിക്കരുത്; അനുവദിച്ചാൽ അവർ നിങ്ങളെക്കൊണ്ട് എനിക്കു വിരോധമായി പാപം ചെയ്യിക്കും.”