“ആണ്ടിൽ മൂന്നു തവണ നിങ്ങൾ എനിക്ക് ഉത്സവം ആചരിക്കണം. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ നിങ്ങൾ ആചരിക്കണം. ഞാൻ കല്പിച്ചിട്ടുള്ളതുപോലെ ആബീബുമാസത്തിൽ നിശ്ചിതസമയമായ ഏഴു ദിവസത്തേക്കു നിങ്ങൾ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. അന്നായിരുന്നുവല്ലോ നിങ്ങൾ ഈജിപ്തിൽനിന്നു പുറപ്പെട്ടു പോന്നത്.” “വെറുംകൈയോടെ ആരും എന്റെ സന്നിധിയിൽ വരരുത്.” വിതച്ച നിലം കൊയ്യുമ്പോൾ വിളവെടുപ്പു പെരുന്നാളും, വർഷാവസാനം തോട്ടങ്ങളിൽനിന്ന് ആദ്യഫലം ശേഖരിക്കുമ്പോൾ ഫലശേഖരപ്പെരുന്നാളും ആഘോഷിക്കണം. “ആണ്ടിൽ മൂന്നു തവണ പുരുഷന്മാരെല്ലാം ദൈവമായ സർവേശ്വരന്റെ സന്നിധിയിൽ വന്നുചേരണം.” “പുളിപ്പുള്ള അപ്പത്തോടുകൂടി യാഗരക്തം അർപ്പിക്കരുത്; പെരുന്നാളിൽ അർപ്പിക്കുന്ന മേദസ്സ് പ്രഭാതംവരെ ശേഷിപ്പിക്കുകയും അരുത്.” “വയലിലെ വിളവിന്റെ ആദ്യഫലം നിന്റെ ദൈവമായ സർവേശ്വരന്റെ ആലയത്തിൽ കൊണ്ടുവരണം. ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.” ഇതാ ഞാൻ ഒരു ദൂതനെ അയയ്‍ക്കുന്നു. യാത്രയിൽ അവൻ നിങ്ങളെ പരിപാലിക്കും. ഞാൻ ഒരുക്കിയിട്ടുള്ള ദേശത്തേക്ക് അവൻ നിങ്ങളെ നയിക്കും. അവൻ പറയുന്നത് ആദരപൂർവം അനുസരിക്കണം; അവനോടു മത്സരിക്കരുത്. എന്റെ നാമം അവനിലുള്ളതുകൊണ്ട് നിങ്ങളുടെ അതിക്രമങ്ങൾ അവൻ ക്ഷമിക്കുകയില്ല. എന്നാൽ നിങ്ങൾ അവന്റെ വാക്ക് സൂക്ഷ്മതയോടെ ശ്രദ്ധിക്കുകയും ഞാൻ പറയുന്നതെല്ലാം അനുസരിക്കുകയും ചെയ്താൽ നിങ്ങളുടെ എതിരാളികൾക്ക് ഞാൻ എതിരാളിയും നിങ്ങളുടെ ശത്രുക്കൾക്ക് ഞാൻ ശത്രുവുമായിരിക്കും. എന്റെ ദൂതൻ നിങ്ങളുടെ മുമ്പിൽ നടന്നു നിങ്ങളെ അമോര്യർ, ഹിത്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ നാട്ടിലേക്കു നയിക്കും. ഞാൻ അവരെ അവരുടെ നാട്ടിൽനിന്ന് ഉന്മൂലനം ചെയ്യും. നിങ്ങൾ അവരുടെ ദേവന്മാരെ നമസ്കരിക്കുകയോ ആരാധിക്കുകയോ ചെയ്യരുത്; അവരുടെ ആചാരങ്ങൾ അനുകരിക്കരുത്. അവരുടെ ദേവവിഗ്രഹങ്ങളെ പൂർണമായി നശിപ്പിക്കണം. നിങ്ങൾ എന്നെ, നിങ്ങളുടെ ദൈവമായ സർവേശ്വരനെത്തന്നെ ആരാധിക്കണം; അങ്ങനെ ചെയ്താൽ ഞാൻ നിങ്ങളെ സമൃദ്ധമായ ഭക്ഷണപാനീയങ്ങളാൽ അനുഗ്രഹിക്കും. നിങ്ങളുടെ രോഗങ്ങൾ നീക്കിക്കളയും. ഗർഭനാശമോ വന്ധ്യതയോ നിങ്ങളുടെ നാട്ടിൽ ഉണ്ടാകുകയില്ല. നിങ്ങൾക്കു ഞാൻ ദീർഘായുസ്സു നല്‌കും. നിങ്ങൾക്കു നേരിടേണ്ടി വരുന്ന ജനതകളിൽ എന്നെക്കുറിച്ചുള്ള ഭീതി ഞാൻ മുൻകൂട്ടി ജനിപ്പിക്കും; അവർ സംഭ്രാന്തരാകും; അവർ പിന്തിരിഞ്ഞോടും; ഞാൻ കടന്നലുകളെ അയച്ച് ഹിവ്യരെയും കനാന്യരെയും, ഹിത്യരെയും നിങ്ങളുടെ മുമ്പിൽനിന്ന് ഓടിച്ചുകളയും. എന്നാൽ ഒറ്റ വർഷംകൊണ്ട് അവരെ ഞാൻ നീക്കിക്കളയുകയില്ല. അങ്ങനെ ചെയ്താൽ ആ പ്രദേശം നിർജനമായിത്തീർന്ന് നിങ്ങൾക്ക് ഉപദ്രവകരമാകുംവിധം കാട്ടുമൃഗങ്ങൾ പെരുകും; നിങ്ങൾ വർധിച്ച് ദേശം കൈവശമാക്കുന്നതനുസരിച്ച് അവരെ ഞാൻ ക്രമേണ നീക്കിക്കൊണ്ടിരിക്കും. നിങ്ങളുടെ ദേശം ചെങ്കടൽമുതൽ മധ്യധരണിക്കടൽവരെയും, മരുഭൂമിമുതൽ യൂഫ്രട്ടീസ്നദിവരെയും വിസ്തൃതമായിരിക്കും. ഈ ദേശത്തിലെ ജനങ്ങളെ ഞാൻ നിങ്ങളുടെ കൈയിൽ ഏല്പിക്കും; നിങ്ങളുടെ മുമ്പിൽനിന്ന് അവരെ ഓടിച്ചുകളയണം; നിങ്ങൾ അവരുമായോ അവരുടെ ദേവന്മാരുമായോ ഉടമ്പടി ഉണ്ടാക്കരുത്; അവർ നിങ്ങളുടെ നാട്ടിൽ പാർക്കരുത്; പാപം ചെയ്യാൻ അവർ നിങ്ങളെ പ്രേരിപ്പിക്കും. അവരുടെ ദേവന്മാരെ ആരാധിക്കുന്നത് നിങ്ങൾക്കു കെണിയായിത്തീരും.”
EXODUS 23 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: EXODUS 23:14-33
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ