പുറ. 23
23
നീതിയും കരുണയും
1നിങ്ങൾ വ്യാജവർത്തമാനം പ്രചരിപ്പിക്കരുത്; കള്ളസ്സാക്ഷിയായിരിക്കുവാൻ ദുഷ്ടനോടുകൂടെ ചേരരുത്. 2ഭൂരിപക്ഷത്തോട് ചേർന്ന് ദോഷം ചെയ്യരുത്; ന്യായത്തിന് എതിരായി ഭൂരിപക്ഷത്തോട് ചേർന്ന് വ്യവഹാരത്തിൽ സാക്ഷ്യം പറയരുത്. 3ദരിദ്രന്‍റെ വ്യവഹാരത്തിൽ അവനോട് പക്ഷഭേദം കാണിക്കരുത്.
4നിന്‍റെ ശത്രുവിന്‍റെ കാളയോ കഴുതയോ വഴിതെറ്റിയതായി കണ്ടാൽ അതിനെ അവന്‍റെ അടുക്കൽ തിരികെ എത്തിക്കേണം. 5നിന്നെ ദ്വേഷിക്കുന്നവൻ്റെ കഴുത ചുമടുമായി വീണുകിടക്കുന്നത് കണ്ടാൽ അവനെ വിചാരിച്ച് അതിനെ അഴിച്ചുവിടുവാൻ മടിക്കരുത്. അതിനെ അഴിച്ചുവിടുവാൻ അവനെ സഹായിക്കേണം.
6ദരിദ്രന്‍റെ വ്യവഹാരത്തിൽ അവനു നീതി നിഷേധിക്കരുത്. 7തെറ്റായ കുറ്റാരോപണം വിട്ട് അകന്നിരിക്കുക; കുറ്റമില്ലാത്തവനെയും നീതിമാനെയും കൊല്ലരുത്; ഞാൻ ദുഷ്ടനെ നീതീകരിക്കുകയില്ലല്ലോ. 8കൈക്കൂലി കാഴ്ചയുള്ളവരെ#23:8 കാഴ്ചയുള്ളവരെ അധികാരികള്‍ കുരുടരാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചുകളയുകയും ചെയ്യുന്നതുകൊണ്ടു നീ കൈക്കൂലി വാങ്ങരുത്. 9പരദേശിയെ ഉപദ്രവിക്കരുത്: നിങ്ങൾ മിസ്രയീമിൽ പരദേശികളായിരുന്നതുകൊണ്ട് പരദേശിയുടെ അനുഭവം അറിയുന്നുവല്ലോ.
10ആറു വർഷം നിന്‍റെ നിലം വിതച്ച് വിളവ് എടുത്തുകൊള്ളുക. 11ഏഴാം വർഷത്തിലോ അത് ഉഴവുചെയ്യാതെ വെറുതെ ഇടുക; നിന്‍റെ ജനത്തിലെ ദരിദ്രന്മാർ അതിൽനിന്ന് കഴിക്കട്ടെ; അവർ ശേഷിപ്പിക്കുന്നത് കാട്ടുമൃഗങ്ങൾ തിന്നട്ടെ. നിന്‍റെ മുന്തിരിത്തോട്ടവും ഒലിവുതോട്ടവും സംബന്ധിച്ചും അങ്ങനെ തന്നെ ചെയ്യുക. 12ആറു ദിവസം വേല ചെയ്യുക; ഏഴാം ദിവസം നിന്‍റെ കാളയും കഴുതയും വിശ്രമിക്കുവാനും നിന്‍റെ ദാസിയുടെ പുത്രനും പരദേശിയും ആശ്വസിപ്പിക്കുവാനും വേണ്ടി നീ സ്വസ്ഥമായിരിക്കേണം. 13ഞാൻ നിങ്ങളോട് കല്പിച്ച എല്ലാ കാര്യങ്ങളിലും ശ്രദ്ധ വയ്ക്കേണം; അന്യദൈവങ്ങളോട് പ്രാർത്ഥിക്കരുത്; അത് നിന്‍റെ വായിൽനിന്ന് കേൾക്കുകയും അരുത്.
14വർഷത്തിൽ മൂന്നു പ്രാവശ്യം എനിക്ക് ഉത്സവം ആചരിക്കേണം. 15പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവം ആചരിക്കേണം; ഞാൻ നിന്നോട് കല്പിച്ചതുപോലെ ആബീബ് മാസത്തിൽ നിശ്ചയിച്ച സമയത്ത് ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുക; അന്നല്ലോ നീ മിസ്രയീമിൽ നിന്ന് പുറപ്പെട്ടു പോന്നത്. എന്നാൽ വെറും കയ്യോടെ നിങ്ങൾ എന്‍റെ മുമ്പാകെ വരരുത്. 16വയലിൽ വിതച്ച വിതയുടെ ആദ്യഫലമെടുക്കുന്ന കൊയ്ത്തുപെരുനാളും വർഷാവസാനത്തിൽ വയലിൽനിന്ന് നിന്‍റെ വേലയുടെ ഫലം ശേഖരിക്കുമ്പോൾ കായ്കനിപ്പെരുനാളും ആചരിക്കേണം. 17വർഷത്തിൽ മൂന്നു പ്രാവശ്യം പുരുഷന്മാർ എല്ലാവരും കർത്താവായ യഹോവയുടെ മുമ്പാകെ വരേണം.
18യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടി അർപ്പിക്കരുത്; യാഗമേദസ്സ് പ്രഭാതംവരെ ഇരിക്കുകയുമരുത്. 19നിന്‍റെ നിലത്തിലെ ആദ്യവിളവിൻ്റെ ആദ്യഫലം നിന്‍റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരേണം. കോലാട്ടിൻകുട്ടിയെ അതിന്‍റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.
20ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിനും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്ക് നിന്നെ കൊണ്ടുപോകേണ്ടതിനും ഞാൻ ഒരു ദൂതനെ നിന്‍റെ മുമ്പിൽ അയക്കുന്നു. 21നീ അവനെ ശ്രദ്ധിച്ച് അവന്‍റെ വാക്ക് കേൾക്കേണം; അവനെ പ്രകോപിപ്പിക്കരുത്; എന്‍റെ നാമം അവനിൽ ഉള്ളതുകൊണ്ട്#23:21 എന്‍റെ നാമം അവനിൽ ഉള്ളതുകൊണ്ട് അവന്‍റെ നാമം അവനിൽ ഉള്ളതുകൊണ്ട്, ഞാന്‍ പൂര്‍ണ്ണ അധികാരം കൊടുക്കുമ്പോള്‍ അവൻ നിങ്ങളുടെ അതിക്രമങ്ങൾ ക്ഷമിക്കുകയില്ല;. 22എന്നാൽ നീ അവന്‍റെ വാക്ക് ശ്രദ്ധയോടെ കേട്ടു ഞാൻ കല്പിക്കുന്നതൊക്കെയും ചെയ്താൽ നിന്നെ പകയ്ക്കുന്നവരെ ഞാൻ പകയ്ക്കും; നിന്നെ ഞെരുക്കുന്നവരെ ഞാൻ ഞെരുക്കും. 23എന്‍റെ ദൂതൻ നിനക്കു മുമ്പായി നടന്ന് നിന്നെ അമോര്യർ, ഹിത്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്ക് കൊണ്ടുപോകും; അവരെ ഞാൻ നിർമ്മൂലമാക്കും. 24അവരുടെ ദേവന്മാരെ നമസ്കരിക്കരുത്; അവയെ സേവിക്കരുത്; അവരുടെ പ്രവൃത്തികൾപോലെ പ്രവർത്തിക്കരുത്; അവരെ#23:24 അവരെ ദൈവങ്ങള്‍ എന്നു വിളിക്കുന്നവരെ അശേഷം നശിപ്പിച്ച് അവരുടെ വിഗ്രഹങ്ങളെ തകർത്തുകളയേണം.
25നിങ്ങളുടെ ദൈവമായ യഹോവയെ തന്നെ സേവിക്കുവിൻ; എന്നാൽ അവൻ നിന്‍റെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കും; ഞാൻ രോഗങ്ങളെ നിന്‍റെ നടുവിൽനിന്ന് അകറ്റിക്കളയും. 26ഗർഭം അലസുന്നവളും #23:26 മച്ചി - പ്രസവിക്കാൻ കഴിയാത്ത സ്ത്രീ മച്ചിയും നിന്‍റെ ദേശത്ത് ഉണ്ടാവുകയില്ല; നിനക്കു ഞാൻ ദീർഘായുസ്സ് തരും. 27എന്നെക്കുറിച്ചുള്ള ഭയം നീ ചെല്ലുന്നിടത്തുള്ള ജനതകളുടെ മുൻമ്പിൽ അയച്ച് അവരെ അമ്പരപ്പിക്കും. അങ്ങനെ നിന്‍റെ സകലശത്രുക്കളെയും നിന്‍റെ മുമ്പിൽനിന്ന് ഓടിക്കുകയും ചെയ്യും. 28നിന്‍റെ മുമ്പിൽനിന്ന് ഹിവ്യനെയും കനാന്യനെയും ഹിത്യനെയും ഓടിച്ചുകളവാൻ ഞാൻ നിനക്കു മുമ്പായി കടന്നലിനെ അയയ്ക്കും. 29ദേശം ശൂന്യമാകാതെയും കാട്ടുമൃഗം നിനക്കു ബാധയായി പെരുകാതെയും ഇരിക്കുവാൻ ഒരു വർഷംകൊണ്ട് ഞാൻ അവരെ നിന്‍റെ മുമ്പിൽനിന്ന് ഓടിച്ചുകളയുകയില്ല. 30നീ സന്താനസമ്പന്നമായി ദേശം കൈവശമാക്കുന്നതുവരെ ഞാൻ അവരെ ക്രമേണ നിന്‍റെ മുമ്പിൽനിന്ന് ഓടിച്ചുകളയും. 31ഞാൻ നിന്‍റെ ദേശം ചെങ്കടൽ തുടങ്ങി ഫെലിസ്ത്യരുടെ കടൽ വരെയും മരുഭൂമി തുടങ്ങി നദിവരെയും വ്യാപിപ്പിക്കും; ദേശത്തിലെ നിവാസികളെ നിങ്ങളുടെ കയ്യിൽ ഏല്പിക്കും; നീ അവരെ നിന്‍റെ മുമ്പിൽനിന്ന് ഓടിച്ചുകളയേണം.
32അവരോടും അവരുടെ ദേവന്മാരോടും നീ ഉടമ്പടി ചെയ്യരുത്. 33നീ എന്നോട് പാപം ചെയ്യുവാൻ അവർ കാരണം ആകാതിരിക്കേണ്ടതിന് അവർ നിന്‍റെ ദേശത്ത് വസിക്കരുത്. നീ അവരുടെ ദേവന്മാരെ സേവിച്ചാൽ#23:33 നീ അവരുടെ ദേവന്മാരെ സേവിച്ചാൽ അവര്‍ അവരുടെ ദേവന്മാരെ സേവിച്ചാൽ അത് നിനക്കു കെണിയായി തീരും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
പുറ. 23: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.